ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളെ പരിചയപ്പെട്ടാലോ?
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലുള്ളത്.രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും മെട്രോ നഗരങ്ങളെയും പ്രധാന പട്ടണങ്ങളെയും എല്ലാം ബന്ധിപ്പിക്കുന്ന ഗതാഗത സംവിധാനത്തിലെ ഏറ്റവും സുപ്രധാനമായ യാത്രാ മാർഗങ്ങളിൽ ഒന്നാണ് കൂകിപായുന്ന ട്രെയിനുകൾ.

നമ്മുടെ രാജ്യത്തിന്റെ ഗതാഗത സംവിധാനത്തിന്റെ ജീവനാഡി എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന റെയിൽവേ സാധാരണക്കാർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗതാഗത മാർഗങ്ങളിലൊന്നാണ്. കാരണം ഏറ്റവും ചെലവു കുറഞ്ഞതും സൗകര്യപ്രദവുമായ ഗതാഗത മാർഗമാണെന്നതു തന്നെ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ റെയിൽവേ സംവിധാനമാണ് ഇന്ത്യയിലേത്. ആയതിനാൽ ഇന്ത്യൻ റെയിൽവേ വകുപ്പ് അതിന്റെ വികസനത്തിനും മെച്ചപ്പെടുത്തലിനും വേണ്ടി നിരന്തരം പ്രവർത്തിച്ചുവരികയാണ്. ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഗതാഗതം സുഗമവും സൗകര്യപ്രദവുമാക്കുന്നതിനുമായി പുതിയ മോഡലുകളും ഡിസൈനും സാങ്കേതികവിദ്യയും നിരന്തരം നടപ്പിലാക്കുന്നുമുണ്ട്.

ട്രെയിനുകളുടെ ഗുണനിലവാരം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് വേഗത. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ദൂരത്തിൽ എത്താൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാവരും എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്താൻ ആഗ്രഹിക്കുന്നവരാണെന്ന് സാരം. അതിനാൽ അതിവേഗ ട്രെയിനുകൾക്ക് വലിയ ഡിമാൻഡാണുള്ളത്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ ദൂരം പിന്നിടാൻ കഴിയുന്ന ഫാസ്റ്റ് ട്രെയിനുകൾ ഇന്ത്യയിൽ കുറവാണെന്നതാണ് മറ്റൊരു യാഥാർഥ്യം.

നേരത്തെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രസിദ്ധമായ 'ഭോപ്പാൽ ശതാബ്ദി' ആയിരുന്നു. 'ഗതിമാൻ' എക്‌സ്‌പ്രസ് നിലവിൽ വന്നതോടെ ഈ ഖ്യാതി ഗതിമാൻ സ്വന്തമാക്കിയെങ്കിലും നിലവിൽ വന്ദേ ഭാരത് എക്‌സ്പ്രസാണ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ.

ടെസ്റ്റ് ഡ്രൈവുകളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത കൈവരിക്കുകയും വാണിജ്യാടിസ്ഥാനത്തിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുകയും ചെയ്‌താണ് വന്ദേ ഭാരത് എക്‌സ്പ്രസ് ഈ നേട്ടം കൈവരിച്ചത്. ന്യൂഡൽഹിൽ നിന്ന് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലേക്കാണ് വന്ദേ ഭാരത് സർവീസ് നടത്തുന്നത്.

പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന ട്രെയിനുകളിൽ ആദ്യത്തേത് കൂടിയാണിത് എന്നതും ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഇനി ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 10 ട്രെയിൻ സർവീസുകൾ ഏതെല്ലാമാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഗതിമാൻ എക്‌സ്‌പ്രസ്
ഡൽഹിക്കും ഝാൻസിക്കും ഇടയിൽ ഓടുന്ന ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിനാണ് ഗതിമാൻ എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ തീവണ്ടിയാണിത്. മണിക്കൂറിൽ പരമാവധി 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഗതിമാന് ഹസ്രത്ത് നിസാമുദ്ദീൻ മുതൽ വിരംഗന ലക്ഷ്മിഭായി ജംഗ്ഷൻ റെയിൽവേ സ്റ്റേഷനുകൾ വരെയുള്ള 403 കിലോമീറ്റർ യാത്രയ്ക്ക് വെറും 265 മിനിറ് മാത്രമാണ് എടുക്കുക.

ഭോപ്പാൽ ശതാബ്‌ദി
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പത്ത് ട്രെയിനുകളിൽ മൂന്നാം സ്ഥാനത്ത് ഭോപ്പാൽ ശതാബ്‌ദിയാണ്. ഈ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 155 കിലോമീറ്ററാണ്.ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിക്കും ഭോപ്പാൽ സിറ്റിയിലെ സബ്-അർബൻ റെയിൽവേ സ്റ്റേഷനായ റാണി കമലപതി റെയിൽവേ സ്റ്റേഷനും ഇടയിൽ ഓടുന്ന നോർത്തേൺ റെയിൽവേയുടെ കീഴിലുള്ള ട്രെയിനാണ് ഭോപ്പാൽ ശതാബ്ദി.

രാജധാനി എക്‌സ്‌പ്രസ്
ഇന്ത്യയിലെ ഏറ്റവും മികച്ച സൂപ്പർ ഫാസ്റ്റ് ട്രെയിനുകളിൽ ഒന്നാമനാണ് രാജധാനി എക്‌സ്‌പ്രസ്. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണിത്. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും രാജധാനി-ഡൽഹി എക്‌സ്‌പ്രസ് ബന്ധിപ്പിക്കുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗതയിലാണ് രാജധാനിയുടെ സഞ്ചാരം.

സീൽദാ തുരന്തോ
പ്രശസ്തമായ തുരന്തോ എക്‌സ്‌പ്രസ് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മറ്റൊരു തീവണ്ടിയാണ്. സീൽദയിൽ നിന്നും ന്യൂഡൽഹിക്കുള്ള സീൽദാ എക്‌സ്‌പ്രസ് മണിക്കൂറിൽ 135 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. WAP-4, WAP-7 എന്നീ ലോക്കോമോട്ടീവ് എഞ്ചിനുകളാണ് ട്രെയിനിന് കരുത്ത് പകരുന്നത്.

ഡൽഹി എയർപോർട്ട് മെട്രോ എക്‌സ്‌പ്രസ്
മണിക്കൂറിൽ 132 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനാണ് ഡൽഹി എയർപോർട്ട് മെട്രോ എക്‌സ്പ്രസ്. ഇന്ത്യൻ ട്രെയിനുകളിൽ ഏറ്റവും മികച്ച റേറ്റിംഗ് ഉള്ള ഒന്നാണിത്. ട്രെയിനിന്റെ സൗകര്യങ്ങൾ ആഡംബര മെട്രോ പോലെയാണ് എന്നതാണ് ഹൈലൈറ്റ്. അതിനാൽ ആളുകൾ യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന സർവീസാണിതെന്നും പറയാം.

കാൺപൂർ റിവേഴ്‌സ് ശതാബ്‌ദി
ലഖ്‌നൗ സ്വർണയ്ക്ക് ശേഷം കാൺപൂർ സെൻട്രലിലേക്കുള്ള രണ്ടാമത്തെ ശതാബ്ദി എക്‌സ്‌പ്രസ് ട്രെയിനാണ് കാൺപൂർ റിവേഴ്‌സ്. കാൺപൂർ സെൻട്രലിനെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന ശതാബ്ദി ട്രെയിനാണിത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന മറ്റൊരു സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ ഒന്നാണിത്. ഞായറാഴ്ച്ച ഒഴികെ ആഴ്ച്ചയിലെ എല്ലാ ദിവസവും ഇത് സർവീസ് നടത്തുകയും ചെയ്യുന്നുണ്ട്.
Image Courtesy: Indian Railways-भारतीय रेल

ഹൗറ രാജധാനി എക്‌സ്‌പ്രസ്
ന്യൂഡൽഹിയെയും കൊൽക്കത്തയിലെ ഫേമസ്-ഹൗറ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ട്രെയിനുകളിലൊന്നാണ് ഹൗറ രാജധാനി എക്‌സ്‌പ്രസ്. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാനുള്ള കഴിവുള്ള ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രശസ്തമായ 'രാജധാനി ക്ലാസ്' ട്രെയിനുകളിലൊന്നാണ്.
Image Courtesy: Indian Railways-भारतीय रेल

ഹൗറ റാഞ്ചി ശതാബ്ദി എക്‌സ്‌പ്രസ്
WAP 4, WAP 7 ലോക്കോമോട്ടീവ് എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൗറ റാഞ്ചി ശതാബ്ദി എക്സ്പ്രസ്, മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയുള്ള ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നുകൂടിയാണ്. പശ്ചിമ ബംഗാളിലെ ഹൗറയ്ക്കും ജാർഖണ്ഡിലെ റാഞ്ചിയിലേക്കുമാണ് ഇതിന്റെ സർവീസ്. ഈ രണ്ട് നഗരങ്ങൾക്കിടയിലുള്ള ദൂരം ഏകദേശം 425 കിലോമീറ്ററാണ്. ട്രെയിൻ ഈ ദൂരം 7 മണിക്കൂറിനുള്ളിലാണ് പൂർത്തീകരിക്കുന്നത്.
Image Courtesy: Indian Rail Info

ബാന്ദ്ര നിസാമുദ്ദീൻ ഗരീബ് രഥ് എക്‌സ്‌പ്രസ്
'ഗരീബ് രഥ്' വിഭാഗത്തിന്റെ ഭാഗമായ ബാന്ദ്ര നിസാമുദ്ദീൻ ഗരീബ് രഥ് എക്‌സ്‌പ്രസ് രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിൽ ഒന്നാണ്. WAP 5/ WAP 7 ലോക്കോമോട്ടീവ് എഞ്ചിനുകളാണ് ട്രെയിനിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 130 കിലോമീറ്ററാണ്. എയർ കണ്ടീഷനുകൾ, വൃത്തിയുള്ള ടോയ്‌ലറ്റുകൾ, വൃത്തിയുള്ള സീറ്റുകൾ തുടങ്ങി നിരവധി മികച്ച സൗകര്യങ്ങളാണ് ട്രെയിനിൽ സജ്ജീകരിച്ചിരിക്കുന്നത്.
Image Courtesy: Indian Railways - The PRIDE of INDIA

ഇവ കൂടാതെ ഇന്ത്യൻ റെയിൽവേയ്‌ക്ക് മുംബൈ-അഹമ്മദാബാദ് ഡബിൾ ഡെക്കർ എക്‌സ്‌പ്രസ്, ലോകമാന്യ തിലക് നിസാമുദ്ദീൻ എസി എക്‌സ്‌പ്രസ് എന്നിങ്ങനെ വേഗതയേറിയ കുറച്ച് സൂപ്പർഫാസ്റ്റ് ട്രെയിനുകൾ കൂടിയുണ്ട്. ഇത് ഇന്ത്യൻ റെയിൽവേയിലെ ഏറ്റവും വേഗതയേറിയ എസി എക്‌സ്പ്രസ് ട്രെയിനുകളിലൊന്നാണ്.

ഈ ട്രെയിൻ മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് പ്രവർത്തിക്കുന്നത്. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് കൂടുതൽ വേഗതയുള്ള ട്രെയിനുകളും ബുള്ളറ്റ് ട്രെയിനുകളും കൊണ്ടുവരാനും ഇന്ത്യൻ റെയിൽവേ ശ്രമിക്കുന്നുണ്ട്. ഇവയെല്ലാം യാഥാർഥ്യമായാൽ ഇന്ത്യയിലെ ട്രെയിൻ ഗതാതഗം കൂടുതൽ മെച്ചപ്പെടുകയും ചെയ്യും.


Click it and Unblock the Notifications








