10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഡീസൽ കാറുകളിതാ
പെട്രോളിൽ ഓടുന്ന കാർ എത്ര മികവുള്ളതാണെങ്കിലും ഡീസൽ കാറുകളുടെ മൈലേജ് കണക്കുകൾ സമാനതകളില്ലാത്തതാണ്. ഹരിത ഇന്ധനങ്ങളിലേക്കും വൈദ്യുതീകരണത്തിലേക്കുമുള്ള ഇപ്പോഴത്തെ വിപണിയുടെ മാറ്റം ഡീസൽ എഞ്ചിനുകളെ പയ്യെ ഇല്ലാതാക്കികൊണ്ടിരിക്കുകയുമാണ്.

നേരത്തെ ചെറുകാർ സെഗ്മെന്റിൽ മാരുതി വരെ ഡീസൽ കാറുകൾ വിപണിയിൽ എത്തിച്ചിരുന്നതിനാൽ പോക്കറ്റ് കീറാതെ ഒരു ഓയിൽ ബർണർ കാർ സ്വന്തമാക്കാനും കൊണ്ടുനടക്കാനും എളുപ്പമായിരുന്നു. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ ഡീസൽ എഞ്ചിനുകൾ ഉപേക്ഷിച്ച് പോയപ്പോൾ സാധാരണക്കാർക്ക് അതൊരു തിരിച്ചടിയായെന്നും വേണം പറയാൻ.

എന്നാൽ പോക്കറ്റിന് ഇണങ്ങിയ ഡീസൽ എഞ്ചിൻ കാറാണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ 10 ലക്ഷം രൂപയിൽ താഴെ എക്സ്ഷോറൂം വിലയുള്ള കുറച്ചു ഡീസൽ കാറുകളെ ഒന്നു പരിചയപ്പെട്ടിരിക്കേണ്ടത് അത്യാവിശ്യമാണ്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്
വിലയുടെ കാര്യം നോക്കിയാൽ ഗ്രാൻഡ് i10 നിയോസ് ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ ഡീസൽ കാറാണ്. 74 bhp കരുത്തിൽ 190 Nm torque വികസിപ്പിക്കാൻ ശേഷിയുള്ള 1.2 ലിറ്റർ ടർബോചാർജ്ഡ് U2 CRDi ഡീസൽ എഞ്ചിനാണ് ഹാച്ച്ബാക്കിന് തുടിപ്പേകുന്നത്.

5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 25 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാൻ പ്രാപ്‌തമാണ്. വിലയുടെ കാര്യത്തിൽ ഗ്രാൻഡ് i10 നിയോസിന്റെ ഡീസൽ ശ്രേണി ആരംഭിക്കുന്നത് മാഗ്ന വേരിയന്റിന് 7.22 ലക്ഷം രൂപയും സ്പോർട്സ് വേരിയന്റിന് 7.76 ലക്ഷം രൂപയും സ്‌പോർട്‌സ് എഎംടി വേരിയന്റിന് 8.37 ലക്ഷം രൂപയും ആസ്റ്റ വേരിയന്റിന് 8.51 ലക്ഷം രൂപയുമാണ്.

ടാറ്റ ആൾട്രോസ്
പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിൽ എത്തുന്ന ആൾട്രോസും ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്ന തികച്ചും പ്രായോഗികമായ ഒരു മോഡാണ്. 89 bhp പവറിൽ 200 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 23.03 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ കഴിയും.

വിലയുടെ കാര്യം നോക്കിയാൽ ആൾട്രോസിന്റെ ഡീസൽ ശ്രേണി ആരംഭിക്കുന്നത് XE വേരിയന്റിന് 7.42 ലക്ഷം രൂപ, XE പ്ലസ് വേരിയന്റിന് 7.75 ലക്ഷം രൂപ, XM പ്ലസ് വേരിയന്റിന് 8.35 ലക്ഷം രൂപ, XT വേരിയന്റിന് 8.84 ലക്ഷം രൂപ, XZ വേരിയന്റിന് 9.34 ലക്ഷം രൂപ, XZ (O) വേരിയന്റിന് 9.46 ലക്ഷം രൂപ, XZ പ്ലസ് വേരിയന്റിന് 9.85 രൂപ എന്നിങ്ങനെയാണ്.

ഹ്യുണ്ടായി ഓറ
ഗ്രാൻഡ് ഐ10 നിയോസ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കോംപാക്‌ട് സെഡാനാണ് ഹ്യുണ്ടായി ഓറ. ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വിലകുറഞ്ഞ ഡീസൽ കോംപാക്റ്റ് സെഡാനാണിത്. 74 bhp കരുത്തിൽ 190 Nm torque വികസിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് U2 CRDi ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ 25 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. വിലയുടെ കാര്യത്തിൽ ഓറയുടെ ഡീസൽ ശ്രേണി ആരംഭിക്കുന്നത് S വേരിയന്റിന് 7.97 ലക്ഷം രൂപ, S എഎംടി വേരിയന്റിന് 8.42 ലക്ഷം രൂപ, SX (O) വേരിയന്റിന് 9.18 ലക്ഷം രൂപ, SX പ്ലസ് എഎംടി വേരിയന്റിന് 9.42 ലക്ഷം രൂപ എന്നിങ്ങനെയാണ്.

ഹ്യുണ്ടായി i20
ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന ഏറ്റവും ജനപ്രിയമായ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് i20. 99 bhp പവറിൽ 240 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് U2 ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 25.2 കിലോമീറ്റർ മൈലേജ് നൽകാൻ കഴിയും. i20 ഹാച്ചിന്റെ 10 ലക്ഷത്തിൽ താഴെയുള്ള രണ്ട് വേരിയന്റുകൾ മാത്രമാണ് വിപണിയിലുള്ളത്. ഡീസൽ ശ്രേണി ആരംഭിക്കുന്ന മാഗ്ന വേരിയന്റിന് 8.29 ലക്ഷം രൂപയും സ്പോർട്സ് വേരിയന്റിന് 9.15 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

ടാറ്റ നെക്സോൺ
നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും വില കുറഞ്ഞ ഡീസൽ സബ് 4 മീറ്റർ കോംപാക്ട് എസ്‌യുവിയാണ് ടാറ്റ നെക്‌സോൺ. 108 bhp കരുത്തും 260 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് റെവോടോർക്ക് ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന ഈ എഞ്ചിൻ പരമാവധി 21.19 കിലോമീറ്റർ മൈലേജ് വരെയാണ് നൽകുന്നത്. നെക്‌സോണിനും 10 ലക്ഷത്തിൽ താഴെയുള്ള രണ്ട് വേരിയന്റുകളാണ് ടാറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഡീസൽ ശ്രേണി XE വേരിയന്റിന് 8.60 ലക്ഷം രൂപയിലും XM വേരിയന്റിന് 9.84 ലക്ഷം രൂപയിലുമാണ് ആരംഭിക്കുന്നത്.

ഹോണ്ട അമേസ്
എഎംടിക്ക് പകരം ഡീസൽ എഞ്ചിനിൽ സിവിടി ഓട്ടോമാറ്റിക് വാഗ്ദാനം ചെയ്യുന്ന ഒരെയൊരു കാറാണ് ഹോണ്ട അമേസ്. 99 bhp, 200 Nm torque എന്നിവ വികസിപ്പിക്കുന്ന കോംപാക്‌ട് സെഡാന് 1.5 ലിറ്റർ ടർബോചാർജ്ഡ് i-DTEC ഡീസൽ എഞ്ചിനാണ് ലഭ്യമാവുന്നത്.

5-സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന എഞ്ചിന് 24.7 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാൻ കഴിയും. 10 ലക്ഷത്തിൽ താഴെയുള്ള രണ്ട് വകഭേദങ്ങൾ മാത്രമാണ് അമേസിനുള്ളത്. ഡീസൽ ശ്രേണിയിലെ E വേരിയന്റിന് 8.81 ലക്ഷം രൂപയും S വേരിയന്റിന് 9.40 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

കിയ സോനെറ്റ്
ടോപ്പ് വേരിയന്റുകളിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളോടെ വരുന്ന ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറാണ് കിയ സോനെറ്റ്. അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചറുകളാൽ സമ്പന്നമായ എസ്‌യുവിക്ക് 99 bhp കരുത്തിൽ 240 Nm torque വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് CRDi ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്.

ഇത് 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തെരഞ്ഞെടുക്കാവുന്ന എഞ്ചിൻ 24.1 കിലോമീറ്റർ ഇന്ധനക്ഷമത വരെ നൽകാൻ പ്രാപ്‌തമാണ്. സോനെറ്റിന്റെ ഡീസൽ HTE വേരിയന്റിന് 8.89 ലക്ഷം രൂപയും HTK വേരിയന്റിന് 9.69 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

മഹീന്ദ്ര ബൊലേറോ നിയോ
ലാഡർ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും വിലകുറഞ്ഞ ഡീസൽ എസ്‌യുവിയാണ് മഹീന്ദ്ര ബൊലേറോ നിയോ. TUV300 എന്നാണ് ബൊലേറോ നിയോ മുമ്പ് അറിയപ്പെട്ടിരുന്നത്. ഫെയ്‌സ്‌ലിഫ്റ്റിൽ പേരുമാറി വിപണിയിൽ എത്തിയപ്പോൾ ധാരാളം മാറ്റങ്ങളാണ് വാഹനത്തിന് കമ്പനി സമ്മാനിച്ചത്. 100 bhp പവറിൽ 260 Nm torque നിർമിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് mHawk 100 ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

5 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 17.29 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ബൊലേറോ നിയോയ്ക്ക് 10 ലക്ഷത്തിൽ താഴെയുള്ള രണ്ട് വേരിയന്റുകൾ മാത്രമാണുള്ളത്. N4 വേരിയന്റിന് 9.29 ലക്ഷം രൂപയും N8 വേരിയന്റിന് 10.00 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

മഹീന്ദ്ര ബൊലേറോ
ഒട്ടും മുഖവുര വേണ്ടാത്ത മറ്റൊരു താരമാണ് മഹീന്ദ്ര ബൊലേറോ. പരുക്കൻ സ്വഭാവവും പ്രവർത്തനക്ഷമതയും കാരണം ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കൾക്കിടയിൽ എംയുവി വളരെ ജനപ്രിയമാണ്. 75 bhp കരുത്തിൽ 210 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് mHawk 75 ഡീസൽ എഞ്ചിനാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിന് 16.7 കിലോമീറ്റർ മൈലേജ് വരെ പുറത്തെടുക്കാൻ കഴിയും. ഡീസൽ മഹീന്ദ്ര ബൊലേറോയുടെ B4 വേരിയന്റിന് 9.31 ലക്ഷം രൂപയിൽ നിന്നും B6 വേരിയന്റിന് 9.97 ലക്ഷം രൂപയിൽ നിന്നുമാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

മഹീന്ദ്ര XUV300
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നാണ് മഹീന്ദ്ര XUV300. 115 bhp, 300 Nm torque എന്നിവ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് ഈ കോംപാക്‌ട് എസ്‌യുവിയിൽ ലഭിക്കുന്ന ഡീസൽ യൂണിറ്റ്.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഗിയർബോക്സ് ഓപ്ഷനിൽ നൽകുന്ന മോഡൽ 20 കിലോമീറ്റർ മൈലേജ് വരെ വാഗ്ദാനം ചെയ്യും. XUV300 ഡീസലിന് 10 ലക്ഷത്തിൽ താഴെയുള്ള ഒരു വേരിയന്റ് മാത്രമേ ഇന്ത്യയിൽ ലഭ്യമാവൂ. W4 പതിപ്പിന് 9.60 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.

ഹ്യുണ്ടായി വെന്യു
ഹ്യുണ്ടായിയുടെ കോംപാക്ട് എസ്‌യുവി മോഡലാണ് വെന്യു. 99 bhp കരുത്തിൽ 240 Nm torque വികസിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് U2 CRDi ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്.

6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി എന്നിവയുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 23.4 കിലോമീറ്റർ ഇന്ധനക്ഷമതയാണ് നൽകുക. ഏകദേശം 10 ലക്ഷം രൂപയോളം വിലയുള്ള SX വേരിയന്റാണ് വെന്യുവിന് ഈ വില ശ്രേണിയിൽ ലഭ്യമാവുന്നത്.


Click it and Unblock the Notifications