ഡിഎൻഎ ഒന്നാണെങ്കിലും മാറ്റങ്ങൾ പലതുണ്ട്! Royal Enfield Himalayan Vs Scram 411
ഹിമാലയന്റെ ഡിഎൻഎയിൽ ഒരുക്കിയ സ്ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിളാണ് അടുത്തിടെ റോയൽ എൻഫീൽഡ് പുറത്തിറക്കിയ സ്ക്രാം 411. ഇതാദ്യമായാണ് റോയൽ എൻഫീൽഡ് ഹിമാലയൻ പ്ലാറ്റ്‌ഫോമിൽ ഒരു പുതിയ മോഡലിനെ അവതരിപ്പിക്കുന്നതു തന്നെ.

കാഴ്ച്ചയിൽ ഏകദേശം സമാനമാണെങ്കിലും രണ്ട് മോഡലുകളും തമ്മിൽ അങ്ങിങ്ങായി പല വ്യത്യാസങ്ങളും നമുക്ക് കാണാനാവും. അവ എന്തെല്ലാമാണെന്ന് ഒന്നു പരിശോധിച്ചാലോ?

ഡിസൈനും നിറങ്ങളും
റോയൽ എൻഫീൽഡ് സ്‌ക്രാം 411 മോഡലും ഹിമാലയനും തമ്മിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസം അവ രൂപകൽപ്പന ചെയ്‌തിരിക്കുന്ന രീതിയിലാണ്. ഹിമാലയൻ തികച്ചും അഡ്വഞ്ചർ ടൂറർ ശൈലിയാണ് മുന്നോട്ടുകൊണ്ടുപോവുന്നത്. മുൻവശത്തു നിന്നു തന്നെ തുടങ്ങാം. എഡിവി പതിപ്പിന് ഹെഡ്‌ലൈറ്റിന് മുകളിൽ ഒരു വിൻഡ്‌സ്‌ക്രീൻ കാണാം. എന്നാൽ സ്‌ക്രാം 411 ബൈക്കിന് ഈ സവിശേഷതയില്ല.

പകരം ഹെഡ്‌ലൈറ്റിന് ചുറ്റും വൃത്തിയുള്ള ഒരു മാസ്ക്കാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. അതും ഒരു താഴ്ന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നതും. ഇനി വശങ്ങളിലേക്ക് നോക്കിയാൽ ഫ്യുവൽ ടാങ്കിന് ചുറ്റുമുണ്ടായിരുന്ന ട്യൂബുലാർ മെറ്റലും സ്ക്രാം 411-ൽ നിന്നും റോയൽ എൻഫീൽഡ് നീക്കം ചെയ്‌തിട്ടുണ്ട്. അതിനു പകരമായി ടാങ്ക് എക്സ്റ്റൻഷനുകളാണ് കമ്പനി സ്ക്രാംബ്ലർ മോട്ടോർസൈക്കിളിന് സമ്മാനിച്ചിരിക്കുന്നത്.

ഹിമാലയനിലെ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണത്തിന് പകരം സ്റ്റെപ്പ്, സിംഗിൾ പീസ് സീറ്റാണ് സ്ക്രാം 411 പരിചയപ്പെടുത്തിയിരിക്കുന്നത്. അവസാനമായി സ്‌ക്രാമിലെ ടെയിൽ സെക്ഷനും റോയൽ എൻഫീൽഡ് ചെറുതായൊന്ന് പരിഷ്ക്കരിച്ചിട്ടുണ്ട്. ഹിമാലയൻ അഡ്വഞ്ചർ മോട്ടോർസൈക്കിളിൽ കാണുന്നതിൽ നിന്നും വിഭിന്നമായൊരു ഗ്രാബ് റെയിലാണ് പുതിയ മോഡലിൽ നൽകിയിരിക്കുന്നത്.

സ്ക്രാം 411 മേഡലിന്റെ എഡിവി ക്രോസ്ഓവർ പൊസിഷനിംഗിന് അനുസൃതമായി റോയൽ എൻഫീൽഡ് പുതിയ നിറങ്ങളിൽ ബൈക്ക് വാഗ്ദാനം ചെയ്യുന്നു. ബ്ലേസിംഗ് ബ്ലാക്ക്, സ്കൈലൈൻ ബ്ലൂ, ഗ്രാഫൈറ്റ് യെല്ലോ, ഗ്രാഫൈറ്റ് ബ്ലൂ, ഗ്രാഫൈറ്റ് റെഡ്, വൈറ്റ് ഫ്ലേം, സിൽവർ സ്പിരിറ്റ് എന്നിങ്ങനെ നിരവധി ഓപ്ഷനുകളാണ് എൻഫീൽഡ് പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് ബൈക്കിനെ വേറിട്ടുനിർത്താൻ സഹായിക്കുമെന്ന് ഉറപ്പാണ്.

ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
റോയൽ എൻഫീൽഡ് ഹിമാലയൻ അതിന്റെ അഡ്വഞ്ചർ ടൂറിംഗ് ഉദ്ദേശ്യത്തിന് അനുസൃതമായി കൂടുതൽ സമഗ്രമായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് അവതരിപ്പിക്കുന്നത്. സ്പീഡോയും മറ്റ് ലൈറ്റുകളും കൂടാതെ നിങ്ങൾക്ക് ഒരു ടാക്കോമീറ്റർ, കോമ്പസ്, ട്രിപ്പർ നാവിഗേഷൻ പോഡ് എന്നിവയെല്ലാം എഡിവിയിൽ ലഭിക്കും

അതേസമയം സ്‌ക്രാമിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മീറ്റിയോറിൽ നിന്നും കടമെടുത്തതാണ്. എന്നിരുന്നാലും ഫോണ്ടുകൾക്ക് വ്യത്യസ്തമായ നിറങ്ങളാണ് പുതുമക്കായി നൽകിയിരിക്കുന്നത്. അനലോഗ് സ്പീഡോ മീറ്റർ, ഫ്യുവൽ ഗേജ്, ഓഡോമീറ്റർ, ട്രിപ്പ്മീറ്റർ എന്നിവയ്‌ക്കും അതിലേറെ കാര്യങ്ങൾക്കുമായി ഒരു ഡിജിറ്റൽ ഡിസ്‌പ്ലേയാണ് ഇതിൽ ഉൾക്കൊള്ളുന്നത്. ഇതു കൂടാതെ റോയൽ എൻഫീൽഡ് ട്രിപ്പർ നാവിഗേഷൻ ഒരു ഓപ്ഷനായി സ്‌ക്രാം 411-ൽ വാഗ്ദാനം ചെയ്യുന്നുമുണ്ട്.

സസ്പെൻഷനും ഫ്രണ്ട് വീലും
ഹിമാലയൻ, സ്‌ക്രാം 411 എന്നിവയ്‌ക്ക് ടെലിസ്‌കോപ്പിക് ഫോർക്കും മോണോഷോക്കും സജ്ജീകരണമുണ്ടെങ്കിലും ഇവ രണ്ടും തമ്മിലുള്ള വലിയ വ്യത്യാസം ഫ്രണ്ട് വീലിന്റെ വലിപ്പത്തിലും സസ്പെൻഷൻ ട്രാവലിലുമാണ്.

ഹിമാലയന്റെ ഗോ എനിവയെർ സ്വഭാവത്തിന് അനുസൃതമായി ബൈക്കിന് 21 ഇഞ്ച് ഫ്രണ്ട് വീൽ ലഭിക്കുന്നു. അത് ഓഫ് റോഡിംഗും ഓൺ റോഡും ഒരേ പോലെ കൈകാര്യം ചെയ്യാൻ മികച്ചതാണ്. സ്‌ക്രാമിന്റെ ചെറുതും 19 ഇഞ്ച് ഫ്രണ്ട് വീൽ ട്രെയിലുകൾ കൈകാര്യം ചെയ്യാൻ പ്രാപ്‌തമായ രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസും സീറ്റ് ഹൈറ്റും
ഹിമാലയനുമായി താരതമ്യപ്പെടുത്തുമ്പോൾ സ്‌ക്രാം 411-ന്റെ ചെറിയ വീലും സസ്‌പെൻഷൻ ട്രാവലും കുറഞ്ഞ ഗ്രൗണ്ട് ക്ലിയറൻസിലേക്കാണ് നയിച്ചിരിക്കുന്നത്. ഗ്രൗണ്ട് ക്ലിയറൻസ് 20 മില്ലീമീറ്റർ കുറഞ്ഞ് 200 മില്ലീമീറ്റർ ആയിട്ടുണ്ട്. വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി സ്‌ക്രാമില്‍ നിന്ന് സെന്റര്‍ സ്റ്റാന്റ് ഒഴിവാക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ കസ്റ്റമൈസേഷന്‍ പദ്ധതിയായ മെയ്ക്ക് ഇറ്റ് യുവേഴ്‌സിലൂടെ (MiY) ഇത് ആക്‌സസറിയായി സെന്റര്‍ സ്റ്റാന്റ് വാങ്ങാൻ കഴിയും. ഹിമാലയനെക്കാൾ 5 മില്ലീമീറ്റർ സീറ്റ് ഹൈറ്റും സ്‌ക്രാം 411ന് കുറവാണ്. ഹിമാലയന്റെ 800 mm സീറ്റ് ഉയരവുമായി താരതമ്യപ്പെടുത്തുമ്പോൾ സീറ്റ് ഉയരം 795 മില്ലീമീറ്ററായി കുറഞ്ഞു. ഇത് ഉയരം കുറഞ്ഞ റൈഡർമാർക്ക് ഉപയോഗിക്കാൻ കൂടുതൽ എളുപ്പമാകും.

വില
രണ്ട് ബൈക്കുകളും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണ് വില. സ്‌ക്രാമിന്റെ വില 2.03 ലക്ഷം രൂപയിൽ തുടങ്ങി 2.08 ലക്ഷം രൂപ വരെയാണ്. അതേസമയം ഹിമാലയന്റെ എക്സ്ഷോറൂം വില 2.15 ലക്ഷം മുതൽ 2.22 ലക്ഷം രൂപ വരെയാണ്.


Click it and Unblock the Notifications








