സംഭവം കൊള്ളാം പക്ഷേ! ഇലക്‌ട്രിക് കാർ ഇപ്പോൾ വാങ്ങാതിരിക്കാനുള്ള പ്രധാന കാരണങ്ങൾ
ഇന്ധന വില ഇപ്പോഴും എക്കാലത്തെയും ഉയർന്ന രീതിയിൽ തന്നെ നിൽക്കുമ്പോൾ ഇലക്‌ട്രിക് സ്‌കൂട്ടറുകൾക്ക് എന്ന പോലെ തന്നെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറുകൾക്കും ഡിമാന്റ് വർധിച്ചു വരികയാണ്. ബജറ്റ് സെഗ്മെന്റിൽ ഒരു മോഡൽ ലഭ്യമല്ല എന്നൊരു കാരണം മാത്രമാണ് വിൽപ്പന കുതിച്ചുയരാത്തത് എന്നു മാത്രം.

എന്നാൽ വാഹനം വാങ്ങാൻ 30 ലക്ഷം രൂപയോളം മുടക്കാൻ തയാറുള്ള പലരും ഇന്ന് ഇലക്‌ട്രിക് കാറുകളിലേക്ക് മുഖംതിരിച്ചു കഴിഞ്ഞുവെന്നു വേണം പറയാൻ. ഉയർന്ന് ഇന്ധന വിലയും അതിന്റെ ഫലമായുണ്ടാകുന്ന ജീവിതച്ചെലവും ഇ-വാഹനങ്ങളിലേക്ക് മാറിച്ചിന്തിക്കാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കുകയാണ്.

കൈകാര്യം ചെയ്യാൻ എളുപ്പമാണെന്നതിലുപരി ഇന്ധന ചെലവ് ലാഭിക്കാനും മെയിന്റനെൻസ് കോസ്റ്റ് ലാഭിക്കാനും ഇലക്‌ട്രിക്കിലൂടെ സാധിക്കും. പരിസ്ഥിതി സൗഹാർദപരമാണെന്നതും ഇവയുടെ മെച്ചമാണ്. എന്നാൽ ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള ചാർജിംഗ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും വികസന ഘട്ടത്തിലാണെന്നത് തിരിച്ചടിയാണ്.

ഇപ്പോൾ ഇ-വാഹനങ്ങൾ വാങ്ങാൻ പറ്റിയ സമയമല്ലെന്ന് കരുതുന്ന നിരവധി ആളുകളുണ്ട് നമുക്കിടയിൽ. ഈ വർഷം ഒരു ഇലക്ട്രിക് കാർ വാങ്ങാതിരിക്കാനും ചില കാരണങ്ങൾ ചൂണ്ടിക്കാട്ടാനാവും. അത്തരത്തിൽ ചിന്തിക്കാനുള്ള ചില കാരണങ്ങൾ ഒന്നു പരിചയപ്പെടുത്തി തരട്ടെ?

ഉയർന്ന മുടക്കുമുതൽ
ഉയർന്ന മുടക്കുമുതൽ നൽകുന്നത് ഇലക്ട്രിക് കാറുകൾ വാങ്ങുന്നതിന് വലിയ തടസമാണ്. അതായത് വിലയുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്. കുറഞ്ഞ ഇന്ധനം, ഓട്ടം, മെയിന്റനൻസ് ചെലവുകൾ, നികുതി ആനുകൂല്യങ്ങൾ എന്നിവയാൽ ഇത് നികത്താൻ കഴിയുമെങ്കിലും ഇതേ വിലയ്ക്ക് ഒരു വലിയ പെട്രോൾ കാർ വാങ്ങാൻ കഴിയുമെന്നതിനാൽ ഇത് ഇപ്പോഴും പലരെയും പിന്നോട്ടു വലിക്കുന്ന കാര്യമാണ്.

അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മ
വീട്ടിലിരുന്ന് ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ കഴിയുമെങ്കിലും പൊതു ചാർജിംഗ് സ്റ്റേഷനിൽ ഇത് ചെയ്യുന്നത് ചെലവു കുറഞ്ഞ കാര്യമാണ്. സ്വകാര്യ, പൊതുമേഖലാ കമ്പനികൾ ഇതിനകം സ്റ്റേഷൻ ശൃംഖലകൾ നമ്മുടെ കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചുവരുന്നുണ്ട്. വരും നാളുകളിൽ ഇവ കൂടുതൽ വിപുലീകരിക്കാൻ പദ്ധതിയുണ്ട്.

എന്നാൽ രാജ്യത്ത് ഒരു വലിയ നെറ്റ്‌വർക്ക് സ്ഥാപിക്കാൻ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും എടുക്കും എന്നാണ് പഠനങ്ങൾ. FAME II പദ്ധതിക്കു കീഴിൽ 350 സ്റ്റേഷനുകളാണ് ഇന്ത്യയിൽ അടുത്തിടെ അവതരിപ്പിച്ചത്. ടാറ്റ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 1,000 സ്റ്റേഷനുകൾ നിർമിക്കുകയും ചെയ്യും.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന് 448 EV ചാർജിംഗ് സ്റ്റേഷനുകളും 30 ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകളും നിലവിൽ ഉണ്ട്. മൂന്ന് വർഷത്തിനുള്ളിൽ നിലവിലുള്ള ഇന്ധന സ്റ്റേഷനുകളിൽ 10,000 സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. കൂടാതെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഭാരത് പെട്രോളിയം 7,000 ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്യും.

അതായത് ഇവയെല്ലാം പറഞ്ഞുവരുന്നത് ഇവികൾക്കായുള്ള പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ എണ്ണത്തിൽ വളരെ കുറവാണെന്നു തന്നെയാണ്. ഇതിനായി ഇനിയും ധാരാളം സമയം വേണ്ടി വരുമെന്നതിനാൽ നിലവിലെ ചാർജിംഗ് സ്റ്റേഷനുകളുടെ എണ്ണം നമ്മുടെ ആവശ്യങ്ങളെ നിറവേറ്റിയെന്നു വരില്ല.

ഉയർന്ന ചാർജിംഗ് സമയം
ഒരു പെട്രോൾ, ഡീസൽ കാർ മിനിറ്റുകൾക്കുള്ളിൽ മൈലുകൾ താണ്ടാനുള്ള ഇന്ധനം കണ്ടെത്തുമ്പോൾ ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ 6-8 മണിക്കൂർ സമയം വേണ്ടിവരും. ഫാസ്റ്റ് ചാർജറുകളും വലിയ ബാറ്ററികളും ഉപയോഗിച്ചാൽ പോലും 80 ശതമാനം ചാർജ് ലഭിക്കാൻ 35 മുതൽ 60 മിനിറ്റ് വരെ എടുക്കും.

ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ല
ഒറ്റ ചാർജിൽ 200 മുതൽ 400 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിക്കുന്നതിനാൽ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകളുടെ കുറവ് അർഥമാക്കുന്നത് ഇലക്ട്രിക് കാറുകൾ ഇൻട്രാ-സിറ്റി ഡ്രൈവിന് മാത്രമാണ് ഇവികൾ നല്ലതെന്നാണ്.

അതായത് ദീർഘദൂര യാത്രകൾക്ക് ഇവ അനുയോജ്യമല്ലെന്ന് വ്യക്തം. വിശ്വസിച്ച് ഒരു യാത്ര പോവുക എന്നത് ഏറെക്കുറെ ഇന്ന് അസാധ്യമാണ്. ചാർജെങ്ങാനും തീർന്നാൽ വഴിയിൽ കിടക്കുകയേ നിർവാഹമുള്ളൂവെന്ന് ചുരുക്കം.

മോഡലുകളുടെ കുറവ്
നിലവിൽ ഇന്ത്യയിൽ 4-5 മാസ് മാർക്കറ്റ് ഇലക്ട്രിക് കാറുകളും ആഡംബര വിഭാഗത്തിൽ 5-6 മോഡലുകൾ മാത്രമാണുള്ളത്. അടുത്ത വർഷം 5-6 എണ്ണം കൂടി സമാരംഭിക്കുമെങ്കിലും കാത്തിരിക്കണം.

കമ്പനികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ കൂടുതൽ കമ്പനികളെ ഇവി നിർമാണത്തിലേക്ക് കടന്നുവരാൻ സഹായിക്കുമെങ്കിലും ഇപ്പോൾ ഉപഭോക്താക്കൾക്ക് പരിമിതമായ മോഡലുകളിൽ നിന്നും മാത്രമേ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ.

ഉയർന്ന ഇൻഷുറൻസ് ചെലവ്
അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന ശേഷിയുള്ള ബാറ്ററികളും കാരണം ഇലക്ട്രിക് കാറുകൾ ചെലവേറിയതിനാൽ ഉയർന്ന ഇൻഷുറൻസ് ചെലവാണ് ഇത് വഹിക്കുന്നത്. ഇ-കാറുകൾക്ക് പാർട്‌സുകൾ കുറവാണെങ്കിലും ബാറ്ററികൾ പോലെയുള്ള ഘകങ്ങൾ ചെലവേറിയതായതിനാലാണ് ഇതിന്റെ പ്രധാന കാരണം.

ആയതിനാൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ മാറ്റിസ്ഥാപിക്കുന്നതിനോ വളരെ ചെലവേറിയതാണ്. തേർഡ് പാർട്ടി ഇൻഷുറൻസ് നിരക്കുകൾ 15 ശതമാനം കിഴിവിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുണ്ടെങ്കിലും സമഗ്രമായ പോളിസി നിരക്കുകൾ വളരെ കൂടുതലാണ്.

ഇപ്പോൾ വാങ്ങണോ?
ഇപ്പോൾ വാങ്ങിയാൽ പ്രാരംഭ ചെലവ് അധികമായിരിക്കും. എന്നാൽ ഇവി വാങ്ങിയെ മതിയാവൂ എന്ന് വിചാരിച്ചിരിക്കുന്നവർക്ക് നെക്സോൺ അല്ലെങ്കിൽ ZS ഇലക്‌ട്രിക് പോലുള്ള മോഡലുകളെ പരിഗണിക്കാം. ഇലക്‌ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനുള്ള പ്രാരംഭ ചെലവ് കുറച്ച് വർഷങ്ങൾക്കുള്ളിൽ ഗണ്യമായി കുറയും.

പൊതു ചാർജിംഗ് സ്റ്റേഷനുകളുള്ള ഒരു സ്ഥലത്താണ് താമസിക്കുന്നതെങ്കിലും ഇപ്പോൾ ഒരെണ്ണം വാങ്ങുന്നത് പരിഗണിക്കാം. എന്നിരുന്നാലും, 2-3 വർഷം കാത്തിരിക്കുന്നത് കൂടുതൽ യുക്തിസഹമാണെന്ന് പറയാം. അതുവഴി നിങ്ങൾക്ക് കൂടുതൽ കാറുകളും മികച്ച ചാർജിംഗ് സ്റ്റേഷൻ നെറ്റ്‌വർക്കും ലഭിക്കും.


Click it and Unblock the Notifications








