ഡ്രൈവിംഗിൽ പുലിയായിട്ട് കാര്യമില്ല, ഈ നിയമങ്ങൾ പാലിച്ചില്ലേൽ ഒരുമാസത്തെ ശമ്പളം വരെ ഗോവിന്ദ
ഇന്ത്യയിൽ എന്നല്ല ലോകത്തെ ഏത് രാജ്യത്തായാലും വാഹനം ഓടിക്കുമ്പോൾ ആദ്യം വേണ്ടത് അവിടുത്തെ റോഡ് നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ്. ഡ്രൈവിംഗിന്റെ അടിസ്ഥാന കാര്യമാണിത് എങ്കിലും പലരും ഇതൊന്നും പാലിക്കാറോ ശ്രദ്ധിക്കാറോയില്ല.
പൊലീസോ എംവിഡിയോ പിടിച്ചാൽ വീഴുന്ന ഫൈൻ ഓർത്താണ് പലരും ഇന്ത്യയിൽ നിയമം പാലിക്കുന്നതു തന്നെ. 2022-ൽ ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് വാഹന ഉടമകൾക്ക് അധികൃതർ 4.73 കോടി രൂപയുടെ ചലാൻ നൽകിയതായാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചത്. ഈ ചലാനുകളുടെ കുടിശിക തുക 4,654.26 കോടി രൂപയോളം വരികയും ചെയ്യും. സർക്കാരുകൾക്ക് ഇതൊരു പ്രധാന വരുമാന മാർഗമാണെങ്കിലും, രാജ്യത്തുടനീളം നടക്കുന്ന ഉയർന്ന ട്രാഫിക് നിയമലംഘനങ്ങളിലേക്കാണ് ഈ കണക്കുകൾ വെളിച്ചം വീശുന്നത്.

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴയുടെ തുക സർക്കാർ അടുത്തിടെ വർധിപ്പിച്ചതും വലിയ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. നിയമം തെറ്റിക്കുന്നവരെ കണ്ടുപിടിക്കാനും അവരെ നിരുത്സാഹപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്നാണ് സർക്കാരിന്റെ വശം. എങ്കിലും നിയലംഘനം അനുദിനം വർധിച്ചുവരികയാണെന്നതാണ് രസകരമായ കാര്യം. 100 രൂപ മുടക്കിയാൽ കിട്ടുന്ന പൊല്യൂഷൻ സർട്ടിഫിക്കറ്റ് പോലും പല വാഹനങ്ങൾക്കുമില്ലെന്നതും നമ്മുടെ അനാസ്ഥയെ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യൻ റോഡുകൾ സുരക്ഷിതമാക്കാനുള്ള ശ്രമത്തിൽ സർക്കാർ കടംപിടിത്തുത്തതിലാണിപ്പോൾ. ആയതിനാൽ എന്തെങ്കിലും നിയമലഘനം നിങ്ങൾ നടത്തിയാൽ പോക്കറ്റിൽ നിന്നും കാശിറങ്ങുന്ന വഴി അറിയൂല്ല മക്കളേ. ഇന്ത്യയിൽ ഡ്രൈവ് ചെയ്യുമ്പോൾ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴയൊടുക്കാനായി ചിലപ്പോൾ വീടിന്റെ ആധാരം വരെ പണയം വെക്കേണ്ടി വന്നേക്കാം. രാജ്യത്ത് ഏറ്റവും കൂടുതൽ പിഴ ഈടാക്കാനാവുന്ന ട്രാഫിക് നിയമലംഘനങ്ങൾ ഏതെല്ലാമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഇന്ത്യൻ നിരത്തുകളിൽ ഓടുന്ന എല്ലാത്തരം വാഹനങ്ങൾക്കും പിയുസി (PUC) അഥവാ പൊലൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നമ്മുടെ പെട്രോൾ, ഡീസൽ കാറുകൾ വൃത്തിയുള്ളതും നിശ്ചിത എമിഷൻ പരിധിക്കുള്ളിൽ ഓടിക്കുന്നുവെന്നത് ഉറപ്പുവരുത്താനാണ് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നത്. 2023 ഒക്ടോബർ 15 വരെ പൊല്യൂഷനില്ലാത്ത 1.50 ലക്ഷം കേസുകളാണ് ഡൽഹിയിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 1989 സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരം 10,000 രൂപ വരെ പിഴ ഈടാക്കാനാവുന്നതാണ്.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (RC) പറയുന്ന കാലാവധി കഴിഞ്ഞിട്ടും നിരത്തിലിറക്കുന്ന വാഹനങ്ങൾക്കും ഉയർന്ന പിഴയാണ് ഈടാക്കാറുള്ളത്. റീടെസ്റ്റിന് വിധേയമാക്കി ഫിറ്റ്നെസ് തെളിയിക്കാത്ത വാഹനങ്ങൾ നിരത്തിലോടി പിടി വീണാൽ 10,000 രൂപ പിഴ ചുമത്താൻ നിയമമുണ്ട്. കാലഹരണപ്പെട്ട രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉള്ളതോ ഫിറ്റ്നസ് പരിശോധനയിൽ ആർടിഒ അയോഗ്യമെന്ന് കരുതുന്നതോ ആയ വാഹനം ഓടിക്കുന്ന പലർ കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുക എന്നത് കുറ്റകരമാണെന്ന് ഏത് കൊച്ചുകുട്ടിക്കുപോലും അറിയാവുന്ന കാര്യമാണ്. ഡ്രൈവിംഗ് അണ്ടർ ദി ഇൻഫ്ലുവൻസ് (DUI) ആണ് രാജ്യത്ത് റോഡപകടങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്. ഇത്തരത്തിൽ ഡ്രിങ്ക് ആൻഡ് ഡ്രൈവിന് ട്രാഫിക് പൊലീസ് പിടികൂടിയാൽ, നിയമം ലംഘിക്കുന്നയാൾക്ക് ആദ്യ കുറ്റത്തിന് 10,000 രൂപയും നിയമലംഘനം ആവർത്തിക്കുന്നവർക്ക് 25,000 രൂപ വരെയും പിഴയും ലഭിക്കും. ഇതിൽ ജയിൽവാസവും ഉൾപ്പെടാം.
അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാതിരിക്കുക എന്നതും കുറ്റകരമാണ്. ആംബുലൻസ്, ഫയർ ട്രക്ക് തുടങ്ങിയ അടിയന്തര വാഹനങ്ങൾക്ക് വഴി നൽകാത്തതാണ് ഗൗരവമുള്ള പ്രധാന കുറ്റമാണ്. മറ്റ് ഡ്രൈവർമാർ എമർജൻസി വാഹനത്തിന് വഴിയൊരുക്കാൻ തയാറാകാത്ത തിരക്കേറിയ സ്ഥലങ്ങളിൽ ഇത്തരം എമർജൻസി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് നാം പലതവണ കണ്ടിട്ടുള്ളതാണ്. ആരെങ്കിലും അത്യാഹിത വാഹനത്തിന്റെ വഴിയിൽ വരുന്നത് പിടിക്കപ്പെട്ടാൽ 25,000 രൂപ പിഴയും 3 വർഷം തടവും വരെ ലഭിക്കാം.

ജുവനൈൽ കുറ്റം എന്തെന്ന് പലരും കേട്ടിട്ടുണ്ടാവില്ല അല്ലേ. പ്രായപൂർത്തിയാകാത്ത ഒരാൾ വാഹനം ഓടിക്കുന്ന കുറ്റകൃത്യമാണിത്. പൊതുവേ ഇത്തരത്തിൽ പല സംഭവങ്ങളും മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് താനും. ഇത്തരം സാഹചര്യത്തിൽ, അനധികൃത ജുവനൈൽ ട്രാഫിക് നിയമലംഘനം നടത്തിയാൽ വാഹന ഉടമയ്ക്കെതിരെയാവും ഇവിടെ ഓഫൻസ് ചാർജ് ചെയ്യുക. RC ഉടമ കുറ്റക്കാരനാണെന്ന് കണക്കാക്കുകയും 25,000 രൂപ പിഴയും 3 വർഷം വരെ തടവും ലഭിക്കുകയും ചെയ്യാവുന്ന കുറ്റമാണിത്.


Click it and Unblock the Notifications








