എസ്‌യുവി വാങ്ങാൻ പ്ലാനോ? Creta-യെ വെല്ലാൻ 2023-ൽ എത്തുന്നവരെ പരിചയപ്പെടാം
അടുത്ത വർഷം ഒരു എസ്‌യുവി വാങ്ങാൻ പ്ലാനിടുന്നവരാണോ നിങ്ങൾ? അതും രാജ്യത്തെ ഏറ്റവും കൂടുതൽ മത്സരാധിഷ്ഠിതമായ മിഡ്-സൈസ് സെഗ്മെന്റിൽ അരങ്ങുവാഴുന്ന ഏതെങ്കിലും മോഡലുകളാണ് നോക്കിവെച്ചിരിക്കുന്നതെങ്കിൽ ഉടനെ ഒരു തീരുമാനം എടുക്കേണ്ട കേട്ടോ... കാരണം 2023-ൽ ചില കൊമ്പൻമാർ വിപണിയിലേക്ക് എത്തുന്നുണ്ട് എന്നതു തന്നെ!
ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികൾ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്നത് തുടരുമ്പോൾ ഇവരുടെ കുത്തക തകർക്കാനായി എത്തിയവരാണ് ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ്, ടൊയോട്ട ഹൈറൈഡർ, മാരുതി ഗ്രാൻഡ് വിറ്റാര എന്നീ മോഡലുകൾ. ഇവരെല്ലാം തനതായ ശൈലിയിൽ വ്യത്യസ്‌തരാവുന്നുണ്ടെങ്കിലും കൊറിയൻ ശക്തികളെ തകർക്കാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ടാറ്റ, മഹീന്ദ്ര, ഹോണ്ട എന്നിവയുൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ ക്രെറ്റയെ വെല്ലുവിളിക്കാൻ ചില മോഡലുകൾ അണിയറയിൽ മെനയുന്നുമുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ രാജ്യത്ത് ഉടൻ പുറത്തിറക്കുന്ന വരാനിരിക്കുന്ന മികച്ച മിഡ്-സൈസ് എസ്‌യുവികളെ ഒന്നു പരിചയപ്പെട്ടാലോ?

പുത്തൻ മഹീന്ദ്ര XUV500
നിലവിൽ XUV700 മോഡലിന്റെ 5-സീറ്റർ പതിപ്പ് വിപണിയിൽ ലഭ്യമാണെങ്കിലും താഴേക്കിറങ്ങി ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, സ്‌കോഡ കുഷാഖ് തുടങ്ങിയ വമ്പൻമാരെ വെല്ലുവിളിക്കാൻ ഒരു മിഡ്-സൈസ് എസ്‌യുവിയെ പുറത്തിറക്കാനാണ് മഹീന്ദ്ര പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി മുമ്പുണ്ടായിരുന്ന XUV500 എന്ന ചീറ്റപ്പുലിയുടെ പുതുതലമുറ മോഡലിനെ പുനരവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.
മഹീന്ദ്ര XUV500-യുടെ പുതുതലമുറ മോഡലിനെ ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ തയാറെടുക്കുകയാണെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രാൻഡ് എസ്‌യുവിയുടെ ഒരു ടീസർ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാൽ രാജ്യത്ത് വരാനിരിക്കുന്ന ഈ മഹീന്ദ്ര എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ കമ്പനി പങ്കിട്ടിട്ടില്ല. അടിസ്ഥാന സവിശേഷതകൾക്ക് പുറമേ പുതിയ XUV500 ADAS സുരക്ഷാ സ്യൂട്ടിനൊപ്പം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഥാറും XUV700 ഉം സ്കോർപിയോ N പതിപ്പും എല്ലാം വിപണിയിൽ തീർത്ത വിസ്‌മയം വരാനിരിക്കുന്ന XUV500-യ്ക്കും തീർക്കാനാവും.

ഹോണ്ടയുടെ പുത്തൻ എസ്‌യുവി
ഏറെക്കാലമായി സെഡാനുകളിൽ പ്രതീക്ഷയർപ്പിച്ച് മുന്നോട്ടു പോവുന്ന ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട 2023-ൽ ഇന്ത്യയിൽ പുതിയ എസ്‌യുവി മോഡലുകൾ പുറത്തിറക്കിയേക്കും. അഞ്ചാംതലമുറ ആവർത്തനത്തിലുള്ള സിറ്റിയുടെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ ഇടത്തരം സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം വരുന്നതാണ് അതിൽ ഏറ്റവും വലിയ ആകർഷണം. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ e:HEV ഹൈബ്രിഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെ ഈ പുതിയ വാഹനം വാഗ്ദാനം ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
ജനപ്രിയമായ സിറ്റി സെഡാനെപ്പോലെ ഈ പുതിയ മിഡ്-സൈസ് എസ്‌യുവിയും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, വലിയ പനോരമിക് സൺറൂഫ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നീ കിടിലിൻ ഫീച്ചറുകളാലും സമ്പന്നമായിരിക്കും. ഇതുകൂടാതെ കാലത്തിനൊപ്പമുള്ള മാറ്റങ്ങളും വാഹനത്തിൽ പ്രകടമായിരിക്കുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇടത്തരം എസ്‌യുവിക്കൊപ്പം കമ്പനി സബ്-4 മീറ്റർ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനവും ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യത.
ടാറ്റ കർവ് എസ്‌യുവി കൂപ്പെ
വിപണിയിൽ ഇന്ന് ഏത് വാഹനം ടാറ്റ പുറത്തിറക്കിയാലും ഹിറ്റാവുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. അത്രയേറെ ജനപ്രീതിയാണ് കമ്പനി നേടിയെടുത്തിരിക്കുന്നത്. ടാറ്റ ഈ വർഷം പുതിയ കർവ് കൺസെപ്റ്റ് എസ്‌യുവി പ്രദർശിപ്പിച്ചിരുന്നു. അത് 2024 ന്റെ തുടക്കത്തിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പുതിയ കർവ് എസ്‌യുവി കൂപ്പെ മോഡലിന് പെട്രോൾ, ഡീസൽ, കൂടാതെ ഓൾ-ഇലക്‌ട്രിക് എന്നിവയുൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.
ആൽഫ മോഡുലാർ പ്ലാറ്റ്‌ഫോമിന് അടിവരയിടുന്ന എസ്‌യുവിക്ക് വലിയ സൺറൂഫ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്‌റ്റഡ് കാർ ടെക്, മൾട്ടി-സ്‌ക്രീൻ ഡാഷ്‌ബോർഡ്, പുഷ് ബട്ടൺ സ്റ്റാർട്ട് തുടങ്ങിയ സവിശേഷതകളും ടാറ്റ മോട്ടോർസ് പരിചയപ്പെടുത്തും. നിലവിൽ തങ്ങളുടെ നിരയിലെ എല്ലാ മോഡലുകളും വിപണിയിൽ സൂപ്പർ ഹിറ്റാണ്. ഇലക്ട്രിക് വാഹന നിരയിലും ഇതേ ട്രെൻസ് പിന്തുടരുന്ന ടാറ്റ ടിയാഗോ പോലുള്ള താങ്ങാനാവുന്ന ബദലുകളിലും നിക്ഷേപം നടത്തുന്നുണ്ട്.


Click it and Unblock the Notifications








