എന്നാ ഒരു കംഫർട്ടാ; ലോങ് ഡ്രൈവിന് പറ്റിയ വണ്ടികൾ
യാത്രകൾ മലയാളിക്ക് എന്നുമൊരു ഹരമാണ്. ജോലിയിൽ നിന്നും മറ്റ് കമ്മിറ്റ്മെന്റുകളിൽ നിന്നുമെല്ലാം ഒരു ചെറിയ ഇടവേളയെടുക്കുന്നവരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചോദ്യമാണ് ഒരു നീണ്ട യാത്ര പോയാലോ എന്നത്. അതും ഒരു റോഡ് ട്രിപ്പായാൽ പൊളിയായിരിക്കും. സ്വന്തമായി കാർ വാങ്ങുന്നവർ പലരും ഈ ലക്ഷ്യം പണ്ടേ മനസിൽ കണ്ടിട്ടുള്ള കാര്യവുമായിരിക്കും.
വാഹനങ്ങളിൽ ദീർഘദൂര യാത്രകൾ ചെയ്യുന്ന ആളുകളുടെ എണ്ണം കൂടിത്തുടങ്ങിയതും ഈ അടുത്തകാലത്താണ്. അതിനു പിന്നിൽ ധാരാളം കാര്യങ്ങളുമുണ്ട്. പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് ഏതു സ്ഥലത്തും ചെന്നെത്തി പെടുന്നത് വളരെ എളുപ്പമാണ്. വഴികാട്ടിത്തരാൻ ഗൂഗിൾ മാപ്പും താമസ സൗകര്യം ഒരുക്കാൻ മറ്റ് പല ആപ്പുകളും ഉള്ളിടത്തോളം കാലം യാത്ര ചെയ്യുന്നവരുടെ എണ്ണവും കൂടും. അതുമാത്രമല്ല കാറുകളുടെ ലഭ്യതയും പണ്ടത്തെ അപേക്ഷിച്ച് കൂടുതലാണ്. കേരളത്തിലൊക്കെ സ്വന്തമായി കാറില്ലാത്ത വീടുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്.

ഇതെല്ലാം യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവിന് കാരണമായിട്ടുണ്ട്. നീണ്ടയാത്രകൾക്ക് എല്ലാ കാറുകളും അനുയോജ്യമല്ലെങ്കിലും ഏത് വണ്ടിയിലും എവിടെയും പോവാനുള്ള മൈൻഡുള്ളവർക്ക് ഏത് വാഹനമായാലും കുഴപ്പമുണ്ടാവില്ല. എന്നാൽ കുടുംബമൊത്ത് ഒന്നിച്ച് യാത്ര ചെയ്യാനാണെങ്കിൽ അൽപം കംഫർട്ടബിളായ വാഹനങ്ങൾ തെരഞ്ഞെടുക്കുന്നത് തന്നെയാവും ഉത്തമം. ദീർഘദൂര യാത്രയ്‌ക്ക് അനുയോജ്യമായ കാർ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്ന് സമ്മതിക്കാതെ തരമില്ല.
ലോംഗ് ഡ്രൈവുകളുടെ കാര്യത്തിൽ സുഖസൗകര്യങ്ങൾ പ്രധാനമാണ്. ശരിയായ കാർ ഉണ്ടായിരിക്കുന്നത് യാത്രയിൽ വലിയ മാറ്റങ്ങളാണ് വരുത്തുക. അതായത് യാത്ര ആസ്വദിക്കണമെങ്കിൽ മടുപ്പുണ്ടാവരുത്. അതിന് ഏറ്റവും പ്രധാനമായി ചെയ്യേണ്ട കാര്യമാണ് ലോംഗ് ഡ്രൈവിന് പറ്റിയ വണ്ടി തെരഞ്ഞെടുക്കുക എന്നത്. പക്ഷേ അത് ഏതെല്ലാം വാഹനങ്ങളാണെന്ന് അറിയില്ലാത്തവർക്കായി ചില കിടിലൻ മോഡലുകൾ പറഞ്ഞുതരാം. സ്വന്തമായി വാങ്ങാനായില്ലെങ്കിലും റെൻ്റൊക്കെയെടുത്ത് കുടുംബമായി അടിച്ച്പൊളിച്ച് വരാം...

ടാറ്റ ഹാരിയർ: ദീർഘദൂര യാത്രകൾക്ക് ആത്യന്തികമായ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന വാഹനങ്ങളിൽ ഒന്നാണ് ടാറ്റ ഹാരിയർ. വിശാലമായ ക്യാബിൻ, ഒന്നിലധികം അഡ്ജസ്റ്റ്മെന്റ് ഓപ്ഷനുകളുള്ള സുഖപ്രദമായ സീറ്റുകൾ, സുഗമമായ റൈഡ് ക്വാളിറ്റി എന്നിവയോടെയാണ് ഈ കിടിലൻ എസ്‌യുവിയെ ടാറ്റ നിർമിച്ചെടുത്തിരിക്കുന്നത്. വിനോദത്തിനായി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ ഫീച്ചറുകളും ഹാരിയറിലുണ്ട്. നൂതന സുരക്ഷാ ഫീച്ചറുകൾ കൂടി ചേരുന്നതോടെ വളരെ സുഖമായ ലോംഗ് ഡ്രൈവ് നൽകാൻ ഹാരിയറിനാവും.
മഹീന്ദ്ര XUV700: ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ മറ്റൊരു സ്പോർട്ട് യൂട്ടിലിറ്റി വാഹനമാണ് XUV700. വിശാലമായ ക്യാബിൻ, സുഖപ്രദമായ സീറ്റുകൾ, പനോരമിക് സൺറൂഫ്, ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നൂതന സുരക്ഷാ ഫീച്ചറുകൾ എന്നിങ്ങനെയുള്ള നിരവധി സംവിധാനങ്ങളോടെയാണ് ഈ മിഡ്-സൈസ് എസ്‌യുവിയുടെ വരവ്. XUV700 സുഗമവും പരിഷ്കൃതവുമായ റൈഡ് നിലവാരവും വാഗ്ദാനം ചെയ്യുന്നുവെന്നതും എടുത്തു പറയേണ്ട കാര്യം തന്നെയാണ്. ഇത് റോഡ് യാത്രകൾക്കുള്ള ഒരു ജനപ്രിയ വാഹനമായി പേരെടുത്തുകൊണ്ടിരിക്കുകയാണ്.

ടൊയോട്ട ഇന്നോവ ക്രിസ്റ്റ: യാത്രാ സുഖത്തിന്റെ കാര്യം പറയുമ്പോൾ ഇന്നോവയുടെ പേര് പറയാതെ എങ്ങനെയാ... എംപിവിയുടെ മൂന്ന് തലമുറ ആവർത്തനങ്ങളും കിടിലൻ യാത്രാ അനുഭവമാണ് സമ്മാനിക്കുന്നത്. വിശാലമായ ഇന്റീരിയറും, സുഖപ്രദമായ സീറ്റുകളും സുഗമമായ യാത്രയാണ് അനുവദിക്കുന്നത്. പ്രത്യേകിച്ച് രണ്ടാംനിര സീറ്റുകൾ. ഏറെ ആളുകൾ ട്രിപ്പ് പ്ലാൻ ചെയ്യുമ്പോഴെ ഇന്നോവ എടുക്കാം എന്നായിരിക്കും പറയുക. ശക്തമായ ഡീസൽ എഞ്ചിൻ ഓപ്ഷൻ ഡ്രൈവിംഗിനെ വേറെ ലെവലാക്കുകയും ചെയ്യുന്നുണ്ട്.
ഏത് മോശം റോഡിലും അധികം ഉലച്ചിലൊന്നുമില്ലാതെ യാത്രക്കാരെ സംരക്ഷിക്കാനും ടൊയോട്ട ഇന്നോവ ക്രിസ്റ്റക്കാവും. മികച്ച എയർ കണ്ടീഷനിംഗ്, പവർ വിൻഡോകൾ, നൂതന സുരക്ഷാ ഫീച്ചറുകൾ തുടങ്ങി നിരവധി സംവിധാനങ്ങളുമായാണ് മൾട്ടി പർപ്പസ് വാഹനങ്ങളുടെ തമ്പുരാനായ ഇന്നോവ വരുന്നത്. ആയതിനാൽ ഫാമിലി റോഡ് ട്രിപ്പുകൾക്ക് അനുയോജ്യമായ കാറുകളിൽ ഒന്നായി ഈ ജാപ്പനീസ് വാഹനത്തെ തെരഞ്ഞെടുക്കാം.

കിയ കാർണിവൽ: ദീർഘദൂര യാത്രകൾക്ക് ഇത്രയും അനുയോജ്യമായൊരു വാഹനം പറഞ്ഞുതരാനാവില്ലെങ്കിലും എല്ലാവർക്കും ഈ വണ്ടിയിൽ യാത്ര ചെയ്യാനുള്ള ഭാഗ്യമുണ്ടാവുമോ എന്നതാണ് സംശയം. സ്വന്തമായി വാങ്ങി ലോങ് ട്രിപ്പ് പോവാൻ അൽപം എക്സ്പെൻസീവാണ്. എന്നാൽ റെന്റ് വാഹനം കിട്ടിയാൽ ജീവിതത്തിൽ ഒരുതവണയെങ്കിലും കിയ കാർണിവലിൽ ഒരു യാത്ര പോയാൽ അതൊരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും നിങ്ങൾക്ക് നൽകുക.
ആത്യന്തിക സുഖം പ്രദാനം ചെയ്യുന്ന ഒരു ആഡംബര എംപിവിയാണ് കിയ കാർണിവൽ. വിശാലമായ ക്യാബിൻ, ഒന്നിലധികം അഡ്ജസ്റ്റ്മെന്റ് ഓപ്ഷനുകളുള്ള സുഖപ്രദമായ സീറ്റുകൾ, സുഗമമായ യാത്രാ നിലവാരം എന്നിവയോടെയാണ് ഇത് വരുന്നത്. വിനോദത്തിനായി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പ്രീമിയം ഓഡിയോ സിസ്റ്റം, നൂതന സുരക്ഷാ ഫീച്ചറുകൾ തുടങ്ങി നിരവധി സവിശേഷതകൾ കാർണിവലിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.


Click it and Unblock the Notifications








