Lower Berth Seat മുൻഗണന ഇനി ഇത്തരം യാത്രക്കാർക്ക്, സംവരണവുമായി റെയിൽവേ
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് നമ്മുടെ ഇന്ത്യൻ റെയിൽവേ (Indian Railway). ദിവസേന ലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്ത് ട്രെയിനിൽ യാത്ര ചെയ്യുന്നത്. വന്ദേ ഭാരത് (Vande Bharat) ഉൾപ്പടെയുള്ള ന്യൂ ജെൻ തീവണ്ടികളുമായി മുഖംമിനുക്കാൻ അനുദിനം റെയിൽവേ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
തീവണ്ടി യാത്രയെ എപ്പോഴും മനോഹരമാക്കുന്നത് വിൻഡോ സീറ്റിലെ യാത്രകളായിരിക്കാം. എന്നാൽ നാം ബുക്ക് ചെയ്യുമ്പോൾ നമുക്കിഷ്‌ടപ്പെട്ട സീറ്റുകൾ കിട്ടണമെന്നില്ല. യാത്ര ചെയ്യുമ്പോൾ പലർക്കും ലോവർ ബെർത്തിൽ സഞ്ചരിക്കാനുമാവും താത്പര്യം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ലോവർ ബെർത്തിന്റെ നിയമത്തിൽ റെയിൽവേ ചില മാറ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഭിന്നശേഷിക്കാരുടെ ട്രെയിൻ യാത്രകൾ കൂടുതൽ സൗകര്യപ്രദവും എളുപ്പവുമാക്കാനായി ലോവർ ബെർത്ത് സീറ്റുകൾ ഇത്തരക്കാർക്കായി മാറ്റിവെച്ചിരിക്കുകയാണ് റെയിൽവേ.

ലോവർ ബർത്ത് അല്ലെങ്കിൽ സൈഡ് ലോവർ ബെർത്ത് ആണ് മിക്ക ആളുകളുടെയും ഇഷ്ടപ്പെട്ട സീറ്റ്. എന്നാൽ ഉത്തരവനുസരിച്ച് ഇനി മുതൽ ട്രെയിനിന്റെ ലോവർ ബർത്ത് ഭിന്നശേഷി വിഭാഗക്കാർക്കായി നീക്കിവെക്കും. വികലാംഗർക്കും ശാരീരിക വൈകല്യമുള്ളവർക്കും ട്രെയിനിന്റെ ലോവർ ബർത്ത് റെയിൽവേ മാറ്റിവെച്ചിരിക്കുന്നത് ശരിക്കും സ്വീകാര്യമായ നടപടിയാണ്. അവരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് ഇന്ത്യൻ റെയിൽവേ ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ എല്ലാത്തരം ട്രെയിനുകളിലും ഈ സംവരണം ലഭിക്കില്ലെന്നതും ശ്രദ്ധിക്കാം.
മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലാണ് റെയിൽവേ അംഗപരിമിതർക്ക് ബെർത്ത് സംവരണം നടപ്പിലാക്കിയിരിക്കുന്നത്. ഒറ്റക്കോ കുഞ്ഞുങ്ങളുമായോ യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പ്രായമായവർക്കും ഈ സൗകര്യം നേരത്തെ ഏർപ്പെടുത്തിയിരുന്നു. ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരിക്കുന്ന ലോവർ ബെർത്ത് സീറ്റുകളെ സംബന്ധിച്ചുള്ള ഉത്തരവ് റെയിൽവേ മാർച്ച് 31-ന് പുറത്തിറക്കിയിരുന്നു. സീറ്റുകളിൽ ഇരിക്കുവായും കയറുവാനും ഇറങ്ങുവാനും ഇത്തരക്കാർക്ക് വളരെ സൗകര്യപ്രദമായിരിക്കും.

റെയിൽവേ ബോർഡിന്റെ ഉത്തരവ് പ്രകാരം സ്ലീപ്പർ ക്ലാസിലെ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ), 3 എസിയിൽ രണ്ട് ബെർത്തുകൾ (ഒന്ന് ലോവർ, ഒരു മിഡിൽ), 3 ഇ ക്ലാസിൽ രണ്ട് ബെർത്ത് (ഒന്ന് ലോവർ , 1 മിഡിൽ ബെർത്ത് ) ഭിന്നശേഷിക്കാർക്കും അവരുടെ ഒപ്പം യാത്ര ചെയ്യുന്നവർക്കുമായി മാറ്റിവെക്കും. ഇതുകൂടാതെ എസി ചെയർ കാർ ട്രെയിനുകളിൽ ഭിന്നശേഷി യാത്രക്കാർക്കായി 2 സീറ്റുകൾ റിസർവ് ചെയ്തിട്ടുണ്ട്.
ഇതിനു പുറമെ ഗരീബ് രഥ് ട്രെയിനുകളിൽ ഭിന്നശേഷിക്കാർക്ക് രണ്ട് ലോവർ ബർത്തും രണ്ട് അപ്പർ ബർത്തും റിസർവ് ചെയ്യാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പ്രയോജനപ്പെടുത്തണമെങ്കിൽ അവർ മുഴുവൻ യാത്രാക്കൂലിയും നൽകേണ്ടിവരും. നേരത്തെ ഇന്ത്യൻ റെയിൽവേ മുതിർന്ന പൗരന്മാർക്കാണ് കൂടുതലായും ലോവർ ബെർത്ത് അനുവദിച്ചു വന്നിരുന്നത്.

സ്ലീപ്പർ ക്ലാസിൽ 6 മുതൽ 7 വരെ ലോവർ ബർത്തുകൾ, ഓരോ തേർഡ് എസി കോച്ചിലും 4-5 ലോവർ ബർത്തുകൾ, ഓരോ സെക്കൻഡ് എസി കോച്ചിലും 3-4 ലോവർ ബെർത്തുകൾ 45 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർക്കും ഗർഭിണികൾക്കുമായി ട്രെയിനിൽ റിസർവ് ചെയ്തിരിക്കുന്നു. ഇതിനാലാണ് നാം യാത്ര ചെയ്യുമ്പോൾ ലോവർ ബെർത്ത് കിട്ടാൻ പ്രയാസമായി വരുന്നത്.
മുകളിലെ സീറ്റിൽ മുതിർന്ന പൗരൻമാർക്കോ, ഭിന്നശേഷിക്കാർക്കോ, ഗർഭിണിക്കോ ടിക്കറ്റ് ബുക്കിംഗ് നൽകിയാൽ ഓൺബോർഡ് ടിക്കറ്റ് പരിശോധനയിൽ ടിടി അവർക്ക് ലോവർ സീറ്റ് നൽകാനുള്ള വ്യവസ്ഥയുമുണ്ട്. ആയതിനാൽ ഇനി ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇക്കാര്യങ്ങളൊക്കെ മനസിൽ ഓർമിക്കണേ. യാത്രക്കാരുടെ തീവണ്ടി യാത്രകൾ കൂടുതൽ മികവുറ്റതാക്കാനുള്ള പരിശ്രമങ്ങൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) നടത്തിവരികയാണിപ്പോൾ.


Click it and Unblock the Notifications








