തിരുവിതാംകൂർ രാജകുടുംബത്തിന്റെ പുതിയ കാർ അങ്ങ് ജർമനിയിൽ നിന്നും, വില 66 ലക്ഷം രൂപ
കേരളത്തിന്റെ ചരിത്രത്തിൽ തന്നെ വലിയ പ്രാധാന്യമുള്ള രാജകുടുംബമാണ് തിരുവിതാംകൂർ. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും മധ്യ കേരളത്തിലെ ചെറിയ ഒരു ഭാഗവും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു തിരുവിതാംകൂർ രാജ്യത്തിന്റെ പ്രദേശം. തിരുവനന്തപുരത്തെ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രാധാന്യമർഹിക്കുന്ന കുടംബത്തിന്റെ വിശേഷങ്ങളും ശ്രദ്ധനേടാറുണ്ട്.
തിരുവിതാംകൂർ രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ പ്രിൻസ് ആദിത്യ വർമ്മ അടുത്തിടെ ഒരു ഔഡി A4 ആഡംബര സെഡാൻ വാങ്ങിയ വാർത്തയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായിരുന്നു. രാജകുടുംബം സ്വന്തമാക്കുന്ന ആദ്യ ഔഡി കാറാണിത് എന്നതാണ് പ്രത്യേകത. പുതുതായി സ്വന്തമാക്കിയ വാഹനത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിടുന്ന വീഡിയോ വരെ ഒരു യൂട്യൂബ് ചാനലിന് അദ്ദേഹം നൽകിയിരുന്നു.

വൈറ്റ് കളറിലുള്ള ലക്ഷ്വറി ഡെസാനാണ് രാജകുടുംബത്തിലെ പുതിയ അംഗം. എന്നാൽ പുതുതായി വാങ്ങിയ കാർ തന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനല്ല വാങ്ങിയതെന്നും ആദിത്യ വർമ്മ വ്യക്തമാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ പ്ലേറ്റിന് താഴെ രാജകുടുംബത്തിന്റെ ലോഗോയും കാറിൽ ഇടംപിടിച്ചിട്ടുണ്ട്. ഇത് തിരുവതാംകൂർ രാജകുടുംബത്തിന്റെ വാഹനങ്ങളിൽ ഉപയോഗിക്കാൻ പ്രത്യേക അനുമതിയുള്ളതാണ്.
പുതിയ ഔഡിക്ക് മുമ്പ് രാജകുടുംബം മെർസിഡീസ് ബെൻസിന്റെ കാറുകൾ മാത്രമായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇത് ആദ്യമായാണ് മറ്റൊരു ജർമൻ ബ്രാൻഡ് വാഹനം തിരുവതാംകൂർ ഗരാജിലേക്ക് എത്തുന്നത്. വ്യക്തിഗത ആവശ്യങ്ങൾക്കല്ലാത്തതിനാൽ കമ്പനിയുടെ ഡയറക്ടർമാരാണ് ഔഡി A4 സെഡാൻ വാങ്ങാൻ തീരുമാനിച്ചത്. കമ്പനി ആവശ്യങ്ങൾക്ക് ഉതകുന്നതും മുടക്കുന്ന പണത്തിന് മൂല്യം നൽകുന്നതുമായ വാഹനം തേടി ഒടുവിൽ ഔഡി കാർ തെരഞ്ഞെടുക്കുകയായിരുന്നു.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 41 ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയാണ് ഔഡി A4 സെഡാന് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. കമ്പനി പരിഗണിച്ച പല കാറുകളും അവരുടെ ബജറ്റിന് മുകളിലായിരുന്നു. അങ്ങനെ തങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരേയൊരു ലക്ഷ്വറി കാറായി A4 എത്തുകയും സ്വന്തമാക്കുകയുമായിരുന്നു. മെർസിഡീസ് ബെൻസ് C-ക്ലാസ്, ബിഎംഡബ്ല്യു 3 സീരീസ്, വോൾവോ S60 എന്നീ മോഡലുകളെ മറികടന്നാണ് A4 മതിയെന്ന തീരുമാനത്തിലെത്തിയത്.
ഒരു വെർച്വൽ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ഇലക്ട്രിക് സൺറൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകൾ, ലെതറെറ്റ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഒരു പിൻ പാർക്കിംഗ് ക്യാമറ, മൾട്ടി-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്.

2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്. ഡീസൽ എഞ്ചിന്റെ ഓപ്ഷൻ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച് കമ്പനി നിർത്തലാക്കിയിരുന്നു. ഈ പെട്രോൾ എഞ്ചിൻ 190 bhp പവറിൽ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാൻഡേർഡായി 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. അതേസമയം പരമാവധി വേഗത 241 കി.മീ. ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മിക്ക വാഹനങ്ങളും സൂക്ഷിക്കുന്നതും കൃത്യമായി മെയിന്റനെൻസ് ചെയ്യുന്നതും വണ്ടിപ്രേമിയായ ആദിത്യ വർമ്മയാണ്.

തന്റെ ദൈനംദിന യാത്രകൾക്കായി മാരുതി സെലേറിയോയാണ് ഇദ്ദേഹം ഉപയോഗിക്കുന്നത്. കൂടാതെ ഐക്കോണിക് കാറുകളിലെ രാജാവായ ഒരു ഫോക്‌സ്‌വാഗൺ ബീറ്റിലും ആദിത്യ വർമ്മയ്ക്ക് സ്വന്തമായുണ്ട്. ഓഫ്-റോഡിംഗിനോടും പ്രത്യേക താത്പര്യമുള്ള വ്യക്തിയാണ് ഇദ്ദേഹം. ഇത്തരം ഉപയോഗങ്ങൾക്കായി ജാപ്പനീസ് വാഹന നിർമാതാക്കളായ മിത്സുബിഷിയുടെ പജേറോയാണ് പ്രിൻസ് ഗരാജിൽ ഇട്ടിരിക്കുന്നത്.


Click it and Unblock the Notifications








