ഇന്ധനച്ചെലവ് കുറയ്ക്കാം, മൈലേജ് കൂട്ടാം... ഈ ട്രിക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ
ഇന്ധന വില കുതിച്ചുയരുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും ഫ്യുവൽ ബില്ലുകൾ കുറയ്ക്കുന്നതിനോ ഉപയോഗം കുറയ്ക്കുന്നതിനോയുള്ള വഴികൾ തേടുകയാണ്. പലരും ഇവിയിലേക്കെല്ലാം ചേക്കേറാൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഉടൻ പുതിയൊരു ടൂവീലറോ കാറോ വാങ്ങാൻ പണമില്ലാത്തവർ ആകെ കുടുങ്ങിയിരിക്കുകയാണ്. ഇത്തരക്കാരുടെ പോക്കറ്റാണ് വേഗം കാലിയാവുന്നത്.
ഇതിനുള്ള പ്രധാന പരിഹാരം ഉപഭോഗം നിയന്ത്രിക്കുക എന്നതു മാത്രമാണ്. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങൾ കൂടാതെ, ഇന്ധനം ലാഭിക്കുന്നത് മലിനീകരണം തടയാനും പാരിസ്ഥിതിക നേട്ടങ്ങൾക്കും വരെ കാരണമാവുന്നുണ്ട്. പക്ഷേ ഇതിനായി നമുക്ക് യാത്രകൾ വേണ്ടെന്നു വെക്കാനാവില്ലല്ലോ. അതിനാൽ വാഹനത്തിന്റെ ഇന്ധനക്ഷമത നിലനിർത്തുന്നത് നിർണായകമാണ്. ഇതിന് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരത്തിൽ ഫ്യുവൽ ലാഭിക്കാനുള്ള ചില നുറുങ്ങുവിദ്യകളും തന്ത്രങ്ങളും നമുക്ക് ഒന്നു പരിചയപ്പെട്ടാലോ?

രാവിലെയോ രാത്രിയോ വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതാണ് ഉത്തമം. താപനില ഉയരുമ്പോൾ ഓയിൽ വികസിക്കുന്നുണ്ട്. മിക്ക ആളുകളും തിരിച്ചറിയാത്ത ഒരു സ്വാഭാവിക പ്രതിഭാസമാണിത്. പൊതുവെ ചൂട് കൂടുതലുള്ള പകൽ സമയത്ത് ആളുകൾ അവരുടെ വാഹനത്തിൽ ഇന്ധനം നിറയ്ക്കാറുണ്ട്. അതിനാൽ എണ്ണയുടെ വികാസം കുറഞ്ഞ ഊർജ്ജോൽപാദനത്തിന് കാരണമാകുന്നു. ഇന്ധനം വേഗത്തിൽ കത്തുകയും ചെയ്യും. അതിനാൽ വാഹനത്തിന്റെ ടാങ്കിൽ ഇന്ധനം നിറയ്ക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെയോ രാത്രിയോ ആണ്.
വാഹനത്തിൽ നിന്നും അനാവശ്യ ഭാരം ഒഴിവാക്കാൻ ശ്രമിച്ചാലും മികച്ച മൈലേജ് കൈവരിക്കാനും പൈസ ലാഭിക്കാനും സാധിക്കും. സാധാരണയായി ആളുകൾ തങ്ങളുടെ വാഹനത്തിന്റെ ബൂട്ടിൽ നിന്ന് ആവശ്യമില്ലാത്ത കാര്യങ്ങൾ സൂക്ഷിക്കാറുണ്ട്. ഇത് വാഹനത്തിന്റെ എഞ്ചിനിൽ കൂടുതൽ സമ്മർദം ചെലുത്തും. ആയതിനാൽ ഓരോ അധിക ഭാരവും അധിക ഇന്ധനം ഉപയോഗിക്കുകയും വാഹനത്തിന്റെ മൈലേജ് കുറയ്ക്കുകയും ചെയ്യുമെന്ന് ഓർമിക്കണം. അതിനാൽ ഫ്യുവൽ ബില്ലുകൾ കുറയ്ക്കുന്നതിന് കാറിൽ കഴിയുന്നത്ര ഭാരം ഒഴിവാക്കാൻ ശ്രമിച്ചു നോക്കുക.

കൃത്യമായ ഇടവേളകളിൽ കാർ സർവീസ് ചെയ്യുക എന്നത് നല്ല മൈലേജ് കൈവരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. കാർ സർവീസ് ചെയ്യുമ്പോൾ ഓയിൽ, ഓയിൽ ഫിൽട്ടർ, എയർ ഫിൽറ്റർ എന്നിങ്ങനെ മൂന്ന് കാര്യങ്ങൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി വിശ്വസനീയമായ ഒരു മെക്കാനിക്കിനെ കണ്ടെത്തുകയും വേണം. പുതിയ കാറോ ബൈക്കോ ആണെങ്കിൽ കമ്പനിയുടെ അംഗീകൃത സർവീസ് സെന്ററുകളിൽ തന്നെ നൽകുന്നതാണ് ഉത്തമം. ഇനി പഴയകാറുകളാണെങ്കിൽ പ്രാദേശിക തലത്തിൽ നല്ലൊരു വർക്ക്ക്ഷോപ്പിൽ ഇതെല്ലാം ചെയ്യാം.
റൂട്ടുകൾ മുൻകൂട്ടി ആസൂത്രണം ചെയ്‌താലും നമുക്ക് കൂടുതൽ ഇന്ധനം ലാഭിക്കാൻ സാധിക്കും. ജിപിഎസും മാപ്പുകളും പ്രയോജനപ്പെടുത്തി ഡ്രൈവ് റൂട്ടുകൾ മുൻകൂട്ടി തീരുമാനിക്കുന്നതിലൂടെ കുറഞ്ഞ ട്രാഫിക്കുള്ള ഹ്രസ്വവും വേഗതയേറിയതുമായ റൂട്ടുകൾ കണ്ടെത്താൻ നമുക്ക് സാധിക്കും. അങ്ങനെ കൂടുതൽ ഇന്ധനം ലാഭിക്കാനും ഇന്ധനച്ചെലവ് കുറയ്ക്കാനും നിങ്ങളെ ഈ തീരുമാനം സഹായിക്കും.

ടയർ പ്രഷർ പരിശോധിച്ച് കൃത്യമായ അളവിൽ സൂക്ഷിക്കേണ്ടത് മൈലേജ് വർധിപ്പിക്കാൻ മാത്രമല്ല, സുരക്ഷിതമായ യാത്രയും അനുവദിക്കുന്ന കാര്യമാണ്. കുറഞ്ഞ ടയർ പ്രഷർ ഡ്രൈവ് ചെയ്യുമ്പോൾ ഒരു ഇഴച്ചിൽ സൃഷ്ടിക്കും. ഇത് കുറഞ്ഞ മൈലേജിലേക്ക് നയിക്കുന്നു. അതിനാൽ, ഓരോ ആഴ്ച്ചയിലും നിങ്ങളുടെ വാഹനത്തിന്റെ ടയർ പ്രഷർ പരിശോധിക്കേണ്ടത് പ്രധാനമാണ്. നഗര പരിധിക്കുള്ളിൽ വാഹനമോടിക്കുമ്പോൾ ശുപാർശ ചെയ്യപ്പെടുന്ന ടയർ പ്രഷർ 32 psi മുതൽ 35 psi വരെയാണെന്നാണ് വിദഗ്ധൻമാർ പറയുന്നത്.
ഇത്തരത്തിൽ ടയർ പ്രഷർ നിലനിർത്തുന്നത് നല്ല മൈലേജ് ലഭിക്കുന്നതിന് പ്രധാനമാണ്. അങ്ങനെ അനാവശ്യ ഇന്ധനച്ചെലവ് കുറയ്ക്കാനും നമുക്ക് സാധിക്കും. മണിക്കൂറില്‍ 60-80 വേഗതയിൽ സഞ്ചരിച്ചാലാവും മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത നല്‍കുന്നത്. ഇതിനെക്കാള്‍ വളരെ കൂടുതലോ വളരെ കുറവോ വേഗതയില്‍ കാറോടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നാണ്. ഈ പൊടികൈകളൊക്കെ പരീക്ഷിച്ച് ഇനി മുതൽ വാഹനമോടിച്ച് നോക്കേണേ...


Click it and Unblock the Notifications








