എല്ലാത്തിനും കാരണം യൂട്യുബ്, വീട് വാങ്ങിയതിന് പിന്നാലെ 32.30 ലക്ഷത്തിന്റെ എസ്‌യുവിയും വാങ്ങി ലോറി ഡ്രൈവർ
ഇക്കാലത്ത് പണമുണ്ടാക്കും പ്രശസ്‌തി നേടാനുമായി പലരും തെരഞ്ഞെടുക്കുന്ന വഴിയാണ് വ്ലോഗിംഗ്. യൂട്യൂബിൽ രാശി തെളിയാൻ ഒരൊറ്റ വീഡിയോ മതിയാവും. പിന്നീട് സബ്സ്ക്രൈബർമാരുടെ അഭിരുചിക്ക് അനുസരിച്ച് നല്ല കണ്ടന്റുകൾ നൽകിയാൽ നല്ലൊരു യൂട്യൂബറായി മാറുകയും ചെയ്യാം. ഇതിനെല്ലാം നിസാരശ്രമങ്ങൾ മതിയാവുമെന്ന് കരുതുന്നവരാവും നമുക്കിടയിൽ അധികവും. പക്ഷേ വിജയഫോർമുലയ്ക്ക് കൃത്യമായ തന്ത്രങ്ങളും പരിശ്രമവും വേണമെന്നതാണ് സത്യം. അത്തരത്തിൽ വിജയങ്ങളിലെത്തിയ ഒരുപാട് യൂട്യൂബർമാരെയും സമൂഹത്തിൽ കാണാനാവും. അത്തരത്തിലൊരാളാണ് രാജേഷ് റവാനി. ലോറി ഡ്രൈവറായി ജോലി ചെയ്യുന്ന രാജേഷിന്റെ ജീവിതം മാറ്റിമറിച്ചത് സോഷ്യൽ മീഡിയയാണ്.
വ്ലോഗിംഗിനോട് പാഷൻ തോന്നിയാണ് രണ്ട് പതിറ്റാണ്ടായി ലോറി ഡ്രൈവറായി ജോലി നോക്കുന്ന രാജേഷ് യൂട്യൂബ് ചാനൽ തുടങ്ങുന്നത്. ഫുഡ് വ്ലോഗിലൂടെ തുടങ്ങിയ യൂട്യൂബിംഗിലൂടെ പിന്നീട് വന്നത് അമ്പരപ്പിക്കുന്ന വരുമാനമായിരുന്നു. തുടക്കത്തിൽ തൻ്റെ പാചക പരീക്ഷണങ്ങളായിരുന്നു വീഡിയോയിലൂടെ ആളുകളിലേക്ക് എത്തിച്ചിരുന്നത്. പാചക കുറിപ്പുകൾ ഓൺലൈനിൽ പങ്കുവെക്കാൻ തുടങ്ങിയതോടെ റവാനിയുടെ ജീവിതവും മാറി.

വ്ലോഗിംഗിലൂടെ വലിയ പണക്കാരനായെങ്കിലും രാജേഷ് റവാനി ഇപ്പോഴും ട്രക്ക് ഓടിക്കുന്നുണ്ട്. സാക്ഷാൽ ആനന്ദ് മഹീന്ദ്രയെ വരെ പ്രചോദിപ്പിച്ച ഈ ട്രക്ക് ഡ്രൈവർ ഇപ്പോഴിതാ മഹീന്ദ്ര സ്കോർപിയോ എസ്‌യുവി സ്വന്തമാക്കിയ വിവരമാണ് ഫോളോഴ്സിനോട് പങ്കുവെച്ചിരിക്കുന്നത്. പുത്തൻ എസ്‌യുവിയുടെ ഡെലിവറിയെടുക്കുന്ന വീഡിയോയും രാജേഷ് സോഷ്യൽ മീഡിയിലൂടെ പങ്കുവെച്ചിട്ടുണ്ട്. യൂട്യൂബിലെ വരുമാനം കൊണ്ട് പുതിയ വീട് വാങ്ങിയ രാജേഷിന്റെ മറ്റൊരു സ്വപ്നമായിരുന്നു ഈ വാഹനം.
രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്‌ത വീഡിയോ ഇതിനോടകം 2 മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 32.33 ലക്ഷം രൂപയോളം ഓൺ-റോഡ് വില വരുന്ന മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിയുടെ ഏറ്റവും പുതിയ കാർബൺ എഡിഷനാണ് ഇദ്ദേഹത്തിന്റെ ഗരാജിലേക്ക് എത്തിയിരിക്കുന്നത്. തന്റെ സ്വപ്‌ന വാഹനത്തിന് JH 01 GD 7777 എന്ന വിഐപി രജിസ്ട്രേഷൻ നമ്പരും രാജേഷ് റവാനി സ്വന്തമാക്കിയിട്ടുണ്ടെന്നതാണ് രസകരമായ കാര്യം.

ഈ വർഷം ഫെബ്രുവരിയിലാണ് മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷൻ പുറത്തിറക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ പൂർണമായും ബ്ലാക്ക് കളർ ഓപ്ഷനിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്ന എസ്‌യുവി ടോപ്പ് എൻഡ് Z8, Z8L വേരിയന്റുകളിൽ മാത്രമേ ലഭ്യമാകൂ. സ്പെഷ്യൽ എഡിഷന്റെ വില സാധാരണ വേരിയന്റുകളേക്കാൾ 20,000 രൂപയാണ് കൂടുതലായി വരുന്നത്.
സ്റ്റാൻഡേർഡ് വേരിയന്റുകളിൽ കാണുന്ന ക്രോമിന്റെ ഉപയോഗം നന്നേ കുറച്ചാണ് സ്കോർപിയോ കാർബൺ എഡിഷൻ ഒരുങ്ങിയിരിക്കുന്നത്. ക്രോം ഡോർ ഹാൻഡിലുകളും വിൻഡോ സൈഡ് മോൾഡിംഗിനുമെല്ലാം കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതോടൊപ്പം 18 ഇഞ്ച് അലോയ് വീലുകൾക്കും റൂഫ് റെയിലുകൾക്കും സമാനമായ ഡാർക്ക് തീമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കൊടുത്തിരിക്കുന്നത്.

എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പൂർണമായും കറുപ്പിലാണ് പണികഴിപ്പിച്ചിരിക്കുന്നത് കേട്ടോ. ഡാഷ്‌ബോർഡ്, ലെതറെറ്റ് സീറ്റുകൾ എന്നിവയെല്ലാം കറുപ്പിൽ ഒരുങ്ങിയിരിക്കുന്നത് കാണാൻ വല്ലാത്തൊരു ചേലാണെന്ന് നിസംശയം പറയാനാവും. റൂഫ് ലൈനറും ഡോർ ട്രിമ്മുകളും വരെ കറുപ്പിച്ചുകൊണ്ടാണ് വരുന്നത്. 7-സീറ്റർ ഓപ്ഷനിലാണ് സ്കോർപിയോ N കാർബൺ എഡിഷൻ വിപണിയിലെത്തുന്നത്.
8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 7 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, സിംഗിൾ-പാനൽ സൺറൂഫ്, വയർലെസ് ഫോൺ ചാർജർ, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോമാറ്റിക് എസി, ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ, 12-സ്പീക്കർ സോണി സൗണ്ട് സിസ്റ്റം എന്നിവ പോലുള്ള അത്യാധുനിക ഫീച്ചറുകളെല്ലാം ഏറ്റവും പുതിയ മഹീന്ദ്ര സ്കോർപിയോ N കാർബൺ എഡിഷനിൽ ലഭ്യമാണ്.

6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ്, ഡ്രൈവർ ഡ്രൌസിനെസ് ഡിറ്റക്ഷൻ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറേജുകൾ, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയും അതിലേറെയും പോലുള്ള സേഫ്റ്റി ഫീച്ചറുകളും സ്കോർപിയോയുടെ കറുമ്പന് ലഭിക്കും.
2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 2.2 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N കാർബൺ എഡിഷൻ സ്വന്തമാക്കാനാവുക. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ഓപ്ഷനുകളും എസ്‌യുവിയിലുണ്ട്. ഡീസൽ എഞ്ചിനിൽ മാത്രമേ 4x4 ഹാർഡ്‌വെയർ വാഗ്ദാനം ചെയ്യുന്നുള്ളൂ. 4WD, റിയർ വീൽ ഡ്രൈവ് (RWD) ഫോർമാറ്റുകളിലും മഹീന്ദ്രയുടെ ഈ മോഡൽ സ്വന്തമാക്കാനാവും.


Click it and Unblock the Notifications








