അരലക്ഷത്തിന്റെ ബൈക്കിന് 3 ലക്ഷത്തിന്റെ വിഐപി നമ്പർ, ഞെട്ടിത്തരിച്ച് സൂപ്പർബൈക്ക് ഉടമകൾ
ഇഷ്‌ടപ്പെട്ട്, കഷ്‌ടപ്പെട്ട് വാങ്ങുന്ന വണ്ടികൾക്കെല്ലാം ഒരുപാട് കാശ് മുടക്കി ഫാൻസി നമ്പരെല്ലാം വാങ്ങുന്നത് നമ്മുടെ നാട്ടിൽ സർവ സാധാരണമായൊരു കാര്യമാണ്. ഒരു പുത്തൻ വണ്ടി വാങ്ങിയാൽ അതിനൊരു ഒരു ഫാൻസി നമ്പർ വേണമെന്ന് ആഗ്രഹിക്കാത്തവരെല്ലാം വളരെ ചുരുക്കമാണ്. ഒരു വാഹനത്തിന്റെ ഐഡിന്റിറ്റിയായതിനാൽ കാശ് മുടക്കാനും പലരും തയാറാവാറുമുണ്ട്.
എന്നാൽ ഫാൻസി നമ്പരിനായി മുടക്കാൻ പണമില്ലാത്തതുകൊണ്ട് കിട്ടുന്ന നമ്പരുമായി നിരത്തിലിറങ്ങുകയാണ് പലരും. സിനിമാ നടൻ മമ്മൂട്ടിയും മോഹൻലാലുമെല്ലാം വാഹനം വാങ്ങിയാൽ തങ്ങളുടെ പ്രിയ നമ്പർ തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രമിക്കാറുള്ളതും നാട്ടിൽ പാട്ടാണ്. എന്തായാലും കോടികൾ വരെ മുടക്കി നമ്പർ സ്വന്തമാക്കുന്ന വാർത്തകളെല്ലാം പല തവണ കേട്ട് തഴമ്പിച്ചതാണെങ്കിലും ഒരു വെറൈറ്റി സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

എന്താണന്നല്ലേ, ടിവിഎസ് XL100 എന്ന സാധാരണക്കാരിൽ സാധാരണക്കാർ ഉപയോഗിക്കുന്ന മോഡൽ ഒരു വിഐപി നമ്പരുമായി നിരത്തിലെത്തിയ വീഡിയോ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലുമൊക്കെ വൈറൽ ആയിരുന്നു. ഇതാദ്യമായാണ് വിഐപി നമ്പർപ്ലേറ്റുമായി XL100 പ്രത്യക്ഷപ്പെടുന്നത് എന്നകാര്യം സാക്ഷാൽ ടിവിഎസിനെ വരെ ഞെട്ടിച്ചു. വെറും 53,000 രൂപ വിലയുള്ള ഈ എൻട്രി ലെവൽ വാഹനത്തിന്റെ നമ്പരിനായി ഏതാണ്ട് 3 ലക്ഷം രൂപയോളമാണ് മുടക്കിയിരിക്കുന്നത്.
0001 നും 0010 നും ഇടയിലുള്ള സംഖ്യകൾ മറ്റ് പ്രത്യേക ക്രമങ്ങൾ കൂടാതെ വന്നാൽ വിഐപി നമ്പറുകളാണെന്ന് പലർക്കുമറിയാം. വീഡിയോ പകർത്തിയയാളും ഇക്കാരണത്താലാണ് കൗതുകം തോന്നി ശ്രദ്ധിച്ചത്. ഒരു ബജറ്റ് മോട്ടോർസൈക്കിളിൽ ഒരിക്കലും വിഐപി നമ്പർ പ്ലേറ്റ് അങ്ങനെ കാണാനാവില്ല. എന്തായാലും 0009 എന്ന വിഐപി നമ്പർ പ്ലേറ്റിന്റെ വില മൂന്ന് ലക്ഷം രൂപയാണെന്നും കണ്ടെത്തി.

ബൈക്കിന്റെ ഏതാണ്ട് 6 ഇരട്ടി വിലയുള്ള നമ്പർ പ്ലേറ്റ് വാങ്ങുമെന്നത് തികച്ചും വിചിത്രമായ സംഭവമാണെന്നതിനാൽ നെറ്റിസൺസ് ഇത് വൈറലാക്കുകയും ചെയ്‌തു. ഈ സംഭവം പഞ്ചാബിലാണെന്നതും ശ്രദ്ധേയമാണ്. മോഡിഫൈ ചെയ്യുന്നതിനും ഇത്തരത്തിലുള്ള വിചിത്രമായ സംഭവങ്ങൾ വാഹനത്തിലേക്ക് കൊണ്ടുവരുന്നതിനും സംസ്ഥാനം പേരുകേട്ടതാണ്. രാജ്യത്തിന്റെ ഏത് കോണിലും ജനപ്രിയമായ ഇരുചക്ര വാഹനമാണ് ടിവിഎസിന്റെ XL100.
മോപ്പഡ് ശൈലിയിൽ ഒരുങ്ങിയിരിക്കുന്ന ഇതിന്റെ താങ്ങാനാവുന്ന വിലയും ഉയർന്ന മൈലേജും പ്രായോഗികതയുമാണ് ആളുകൾ വാങ്ങാൻ കാരണം. എന്തായാലും ഫാൻസി നമ്പർ പ്ലേറ്റിന്റെ കാര്യത്തോടെ വാഹനത്തിന് കൂടുതൽ മൈലേജാവും. ഇത്തരത്തിൽ ഇഷ്ടപ്പെട്ട് വാങ്ങുന്ന വാഹനത്തേക്കാൾ കൂടുതൽ മുടക്കി നമ്പർ വാങ്ങുന്ന നിരവധി സംഭവങ്ങൾ മുമ്പും കേട്ടിട്ടുണ്ട്. കേരളത്തിൽ ഫാൻസി നമ്പരിനായി ഇത്രയും ഉയർന്ന തുക നൽകുന്നത്. ഇതിനു മുമ്പ് ഇഷ്‌ട നമ്പരിനായി 31 ലക്ഷം രൂപയോളം ചെലവഴിച്ചതാണ് സംസ്ഥാനത്തെ റെക്കോർഡ്.

പക്ഷേ അതെല്ലാം ലക്ഷ്വറി കാറുകൾക്ക് വേണ്ടിയാണെന്ന് ഓർക്കുമ്പോൾ സംഭവം നിസാരവത്ക്കരിച്ചേക്കാം. തിരുവന്തപുരത്തെ ഒരു വ്യവസായിയാണ് തന്റെ പോർഷ 718 ബോക്‌സ്റ്റർ ആഡംബര കാറിനായി ഇത്രയും ഉയർന്ന തുക മുടക്കിയത്. ഫാൻസി നമ്പരുകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചതിന് ശേഷം ലേലത്തിലൂടെ വിൽക്കുന്ന സംവിധാനമാണ് കേരളത്തിൽ പിന്തുടർന്നു പോവുന്നത്. ഇത്തരത്തിൽ അധിക ഫണ്ട് സ്വരൂപിക്കാൻ സർക്കാരിനെ ഇത് സഹായിക്കുകയും ചെയ്യുന്നു.
പക്ഷേ ഇത്തരം വിഐപി നമ്പരുകളും മറ്റും വാങ്ങുന്നത് അൽപം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു ഫാൻസി വാഹന രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതിന് ഉടമകൾ ഒരു ഇ-ലേലത്തിലൂടെ പങ്കെടുക്കുകയും ഉയർന്ന തുക സമർപ്പിച്ച് നമ്പർ സ്വന്തമാക്കുകയും വേണം. ഇ-ലേലമായതിനാൽ, ഫാൻസി രജിസ്ട്രേഷൻ നമ്പർ വാഹന ഡീലർഷിപ്പുകളിൽ ഓൺലൈനിൽ ലഭ്യമാണ്. റീജണൽ ആടി ഓഫീസുകൾ സന്ദർശിക്കാതെ തന്നെ പൂർണമായും ഇവ ഇപ്പോൾ ഓൺലൈനാണ്.
ഓരോ വിഐപി അല്ലെങ്കിൽ ഫാൻസി നമ്പറുകൾക്കും അടിസ്ഥാന വില നിശ്ചയിച്ചിട്ടുണ്ട്. ഈ അടിസ്ഥാന വിലയിൽ നിന്നാണ് ലേലം ആരംഭിക്കുന്നത്. പിന്നീട് നിശ്ചിത നമ്പരിനായി ഉയർന്ന തുക സമർപ്പിക്കുന്ന വ്യക്തിക്ക് ഇത് സ്വന്തമാക്കാം. ഇനി എങ്ങനെയാണ് ഇതിന്റെ കൃത്യമായ നടപടി ക്രമങ്ങളെന്ന് നോക്കിയാൽ ഇതിനായി റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ (MoRTH) ഔദ്യോഗിക വെബ്‌സൈറ്റിൽ ഒരു പൊതു ഉപയോക്താവായി രജിസ്റ്റർ ചെയ്യുകയാണ് ആദ്യത്തെ നടപടി.
ഇതിനു ശേഷം ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് നിങ്ങൾക്ക് ആവശ്യമുള്ള നമ്പർ തെരഞ്ഞെടുക്കാം. തുടർന്ന് നമ്പറിനുള്ള രജിസ്ട്രേഷൻ ഫീസും ബുക്കിംഗ് ഫീസും അടയ്ക്കേണ്ടതുണ്ട്. ചാർജുകൾ ശ്രദ്ധാപൂർവം നോക്കി വേണം സമർപ്പിക്കാൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ നിങ്ങൾക്ക് ആവശ്യമുള്ള നമ്പറിൽ ഔദ്യോഗിക ബിഡ് നൽകാം. പിന്നീട് ഫലങ്ങൾ കാണിക്കുന്നതിനായി കാത്തിരിക്കുക. ഈ ലേലത്തിൽ വിജയിച്ചാൽ, ബാക്കി തുക ഓൺലൈനായി അടയ്ക്കാം. ലേലം അനുകൂലമായില്ലെങ്കിൽ കുടിശിക ശേഖരിച്ച് വീണ്ടും ശ്രമിക്കാനും സാധിക്കുമെന്നതും ഓർമിക്കണം.
Image Courtesy: mazak_hi_mazak


Click it and Unblock the Notifications








