ഇരുചക്ര വാഹനങ്ങൾക്കും ഇനി ടോൾ കൊടുക്കണോ? വാർത്തകളോട് പ്രതികരിച്ച് നിതിൻ ഗഡ്‌കരി
ഫാസ്‌ടാഗും (Fastag) ടോൾ പിരിവും എല്ലാം അടുത്തിടെയായി വാർത്തകളിൽ നിറയുന്നൊരു സംഭവമാണല്ലോ. ഇതുവരെ കാർ മുതൽ അങ്ങോട്ട് വലിപ്പമുള്ള വാഹനങ്ങൾക്ക് മാത്രമായിരുന്നു ഇന്ത്യയിൽ ടോളുകളിൽ പണം അടയ്ക്കേണ്ട അവസ്ഥയുണ്ടായിരുന്നുള്ളൂ. വലിയ ക്യൂവിലൊക്കെ പെട്ട് കിടക്കുമ്പോൾ ബൈക്കുകാർ അനായാസം പോവുന്നത് കണ്ട് കാറിലുള്ളവരെല്ലാം കൊതിച്ചിട്ടുണ്ടാവും. ഇന്നാൽ ഇനി ടോൾബൂത്തുകൾ ഇരുചക്ര വാഹനങ്ങളുടേയും പേടിസ്വപ്നമാവാൻ പോവുകയാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇനി മുതൽ ടൂവീലറുകളിൽ നിന്നും ടോൾ പിരിക്കാനുള്ള സുപ്രധാനമായ തീരുമാനവുമായി കേന്ദ്ര സർക്കാർ മുമ്പോട്ട് പോവുകയാണെന്നായിരുന്നു അഭ്യൂഹം.
ഹൈവേകളിൽ സൗജന്യ യാത്ര ആസ്വദിച്ചിരുന്ന ഇരുചക്ര വാഹന യാത്രക്കാരിൽ നിന്നും സർക്കാർ ടോൾ പിരിക്കാൻ ഒരുങ്ങുന്നുവെന്നതായിരുന്നു കുപ്രചരണം. നിരവധി ദേശീയ മാധ്യമങ്ങൾ ഇത് ശരിയാണെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവിട്ടു. സംഭവം തീപടരുന്നത് പോലെ സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രചരിക്കുകയും ചെയ്‌തു. ജൂലൈ 15 മുതൽ, ഇരുചക്ര വാഹന യാത്രക്കാർക്കും ഹൈവേകളിൽ ടോൾ നിർബന്ധമാക്കുന്നുവെന്നായിരുന്നു വാർത്ത.

ടൂവീലറുകൾക്കുണ്ടായിരുന്ന യാത്രാ ഇളവ് ഒഴിവാക്കുന്നതോടെ ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോൾ നികുതി അടയ്ക്കേണ്ടതായി വരുമെന്നും ഇക്കൂടെയുണ്ടായിരുന്നു. ജൂലൈ 15 മുതൽ സ്വകാര്യ, വാണിജ്യ വാഹന ഉടമകളെ പോലെ ഇരുചക്ര വാഹന യാത്രികരും അവരുടെ വാഹനങ്ങൾ വാങ്ങേണ്ടി വരുമോയെന്ന ആശങ്ക ഒരുനിമിഷത്തേക്ക് എങ്കിലും ഇരുചക്ര വാഹനയുടമകൾക്കുണ്ടായിട്ടുണ്ടാവാം.
ഫാസ്ടാഗ് ഇല്ലെങ്കിൽ കാറുകളെ പോലെ തന്നെ ഇരുചക്ര വാഹന ഉടമകൾ ഇരട്ടി പണം ടോളിനായി നൽകേണ്ടിവരും. ഹൈവേയിൽ മാത്രമാവും ഈയൊരു നിബന്ധന ബാധകമാവുകയെന്നായിരുന്നു വാർത്ത. എന്നാൽ ഇക്കാര്യം നിഷേധിച്ച് മുമ്പോട്ട് വന്നിരിക്കുകയാണ് റോഡ്, ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

"ചില മാധ്യമ സ്ഥാപനങ്ങൾ ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു. അത്തരമൊരു തീരുമാനം നിർദ്ദേശിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങൾക്ക് ടോളിൽ നിന്ന് പൂർണമായ ഇളവ് തുടരും. സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിച്ച് സംവേദനം സൃഷ്ടിക്കുന്നത് ആരോഗ്യകരമായ പത്രപ്രവർത്തനത്തിന്റെ ലക്ഷണമല്ല. ഇതിനെ ഞാൻ അപലപിക്കുന്നു." എന്നായിരുന്നു ഗഡ്‌കരിയുടെ പോസ്റ്റ്.
3,000 രൂപയുടെ പുതിയ ഫാസ്റ്റ് ടാഗ് അധിഷ്ഠിത വാർഷിക പാസ് കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ക്രോസ് ടോളുകൾ കൂടുതൽ സുഗമമാക്കുക എന്നതാണ് ഈ വാർഷിക പാസിന്റെ ലക്ഷ്യം. ഫാസ്ടാഗ് അധിഷ്ഠിത വാർഷിക പാസ് 2025 ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്. കൂടാതെ ആക്ടിവേഷൻ തീയതി മുതൽ ഒരു വർഷത്തേക്ക് അല്ലെങ്കിൽ 200 യാത്രകൾ വരെ, ഏതാണ് ആദ്യം വരുന്നത് എന്നതിന് ആശ്രയിച്ചായിരിക്കും വാർഷിക പാസ് ബാധകമാവുക.

ഫാസ്ടാഗ് വാർഷിക പാസ് വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമേ ലഭ്യമാകൂവെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. പ്രധാനമായും സ്വകാര്യ വാഹന ഉടമകൾക്കാവും ഇതുകൊണ്ടുള്ള പ്രയോജനം നേടാനാവുക. ആക്ടിവേഷനും പുതുക്കലിനുമുള്ള ഒരു സമർപ്പിത ലിങ്ക് രാജ്മാർഗ് യാത്ര ആപ്പിലും NHAI, MoRTH ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമാക്കുമെന്ന് ഗഡ്കരി വെളിപ്പെടുത്തി.
വാർഷിക പാസ് സ്വകാര്യ വാഹന ഉടമകൾക്ക് ഒരു വർഷത്തേക്ക് അധിക ടോൾ ചാർജുകൾ നൽകാതെ ദേശീയ പാതകളിലൂടെയും സംസ്ഥാന എക്സ്പ്രസ് വേകളിലൂടെയും സഞ്ചരിക്കാൻ കഴിയുക എന്നത് വലിയൊരു അനുഗ്രഹം തന്നെയാവും. തുടരെ തുടരെ യാത്രകൾ ചെയ്യുന്നവർക്ക് ടോൾ ചെലവുകൾ നന്നേ കുറയ്ക്കാനും ഈ സേവനം സഹായകരമാവും. നിലവിലുള്ള ഫാസ്ടാഗ് ഇൻഫ്രാസ്ട്രക്ചറിനെ അടിസ്ഥാനമാക്കി തന്നെയാണ് ആനുവൽ പാസ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതും.


Click it and Unblock the Notifications








