സ്ത്രീധനം ചോദിച്ചത് 20 ലക്ഷത്തിന്റെ എസ്‌യുവി, കിട്ടിയത് 6 ലക്ഷത്തിന്റെ മാരുതി കാർ; കല്യാണം വേണ്ടന്ന് വരൻ
കല്യാണം ഒരു കച്ചവടമായി കാണുന്നവരാണ് പലരും. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന ഉറച്ച ബോധ്യമുണ്ടെങ്കിലും ഇന്നും സജീവമായി നിലനിൽക്കുന്നൊരു സമ്പ്രദായമാണിതെന്ന് പറയാതെ വയ്യ. കേരളത്തിൽ ഉൾപ്പടെ സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങളും വഴക്കുകളും മരണങ്ങളും വൻതോതിൽ നടക്കുന്നുണ്ടെന്നതും വാർത്തകളിലൂടെ നാം അറിയാറുണ്ട്.
സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യകള്‍ വാര്‍ത്തകളിൽ നിറഞ്ഞതോടെ ഈ വിഷയം വീണ്ടും ചര്‍ച്ചയായിരുന്നു. ഇപ്പോൾ പൊടിക്കൊന്ന് അടങ്ങിയിട്ടുണ്ടെങ്കിലും നമ്മുടെ ശ്രദ്ധയിലേക്ക് വരാത്ത പല സംഭവങ്ങളും നടക്കുന്നുണ്ടെന്നതാണ് സത്യം. സ്ത്രീധനം എന്ന പേരിന് പകരം വിവാഹ സമ്മാനമെന്ന് അറിയപ്പെടുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. വിവാഹദിവസം മകൾക്ക് വിലകൂടിയ സമ്മാനങ്ങളാണ് പല മാതാപിതാക്കളും നൽകാറുള്ളത്.

കേരളത്തിൽ ഉൾപ്പടെ പലയിടങ്ങളിലും കാറുകൾ സ്ത്രീധനം നൽകുന്നത് പതിവാണ്. വിലക്കൂടിയ കാർ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിൽ കല്യാണം മുടങ്ങിയൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിവാഹത്തിന് സ്ത്രീധനമായി ഹ്യുണ്ടായി ക്രെറ്റ എസ്‌യുവി ചോദിച്ചെങ്കിലും വധുവിന്റെ വീട്ടുകാർ മാരുതി വാഗൺആർ വാങ്ങിയതോടെയാണ് കല്യാണം വേണ്ടന്ന് വെച്ച് വരൻ പിൻവാങ്ങിയത്. സംഭവം ഇന്റർനെറ്റിൽ വലിയ ശ്രദ്ധനേടിക്കഴിഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. വധുവിൻ്റെ വീട്ടുകാർ വരന് മാരുതി വാഗൺആർ സമ്മാനമായി നൽകാൻ വാങ്ങിയെങ്കിലും കല്യാണ ചെറുക്കൻ ആവശ്യപ്പെട്ട വില കൂടിയ കാർ കിട്ടാതിരുന്നതോടെയാണ് കല്യാണത്തിൽ നിന്നും പിൻവാങ്ങിയത്. തൻ്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നറിഞ്ഞതോടെ വധുവിൻ്റെ വീട്ടിലേക്കുള്ള വിവാഹഘോഷയാത്രയും ചെറുക്കൻ ഉപേക്ഷിച്ചു.

അമീർ ആലം എന്ന വരൻ കല്യാണം വേണ്ടന്നുവെച്ച തീരുമാനം വധുവിൻ്റെ കുടുംബാംഗങ്ങൾ അവസാന നിമിഷം മാത്രമാണ് അറിയുന്നത്. എല്ലാ സജ്ജീകരണങ്ങളും നടത്തി വരനെ ആനയിക്കാൻ തയാറെടുത്ത് നിൽക്കുന്ന കുടുംബത്തിന്റെ മുന്നിലേക്ക് ഈയൊരു വാർത്തയെത്തിയത് വളരെ വൈകി മാത്രമായിരുന്നു. പെൺ വീട്ടുകാർ വാങ്ങിയ കാർ കാരണമാണ് വരൻ വിവാഹം വേണ്ടെന്ന് വെച്ചത് എന്നറിഞ്ഞപ്പോൾ ഞെട്ടൽ ഇരട്ടിയായി.
കഴിഞ്ഞ രണ്ടു ദിവസമായി ഓൺലൈനിൽ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഈ വീഡിയോയിൽ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്നത് കേൾക്കാം. കണ്ണുനീർ അടക്കി പിടിച്ച് അവൾ എല്ലാം വിശദീകരിക്കുന്നത് സങ്കടകരമായ കാഴ്ച്ചയാണ്. ഒരു കാരണവുമില്ലാതെ തൻ്റെ കുടുംബത്തെ ദുരിതത്തിലാക്കിയെന്നും വിവാഹം വേണ്ടെന്നുവെച്ച പ്രവൃത്തിയുടെ അനന്തരഫലങ്ങൾ അയാൾ നേരിടേണ്ടിവരുമെന്നും പെൺകുട്ടി വ്യക്തമാക്കിയിട്ടുണ്ട്.

താൻ ചോദിച്ച സമ്മാനം ലഭിക്കാത്തതിൻ്റെ പേരിൽ കല്യാണം മുടക്കിയ ഇയാൾക്കെതിരെ ഗ്രാമവാസികൾ കേസ് കൊടുത്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് ഇടപെട്ടുവെന്നറിഞ്ഞതോടെ വരൻ ഒളിവിലാണെന്നാണ് സൂചന. ഉത്തർപ്രദേശിലെ പല പ്രദേശങ്ങളിലും ഇതൊരു സാധാരണ കാഴ്ച്ചയായി മാറിയിട്ടുണ്ടെന്ന് പലരും വീഡിയോയ്ക്ക് താഴെ വന്ന് കമന്റ് ചെയ്യുന്നുമുണ്ട്. 1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം കൈക്കൂലി ആവശ്യപ്പെടുന്നതും കൊടുക്കുന്നതും ഗുരുതരമായ കുറ്റമാണ്.
സ്ത്രീധന നിരോധന ബിൽ പണ്ടേ പാർലമെൻ്റിൻ്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പാസാക്കുകയും അത് ഒരു നിയമമായി മാറുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനം വാഗ്ദാനം ചെയ്ത് കൊണ്ടുള്ള പരസ്യങ്ങള്‍ നിരോധിക്കുകയും ലംഘിക്കുന്നവര്‍ക്ക് 6 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള തടവ് നല്‍കാനുമാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ നിയമം എത്ര തന്നെ കണിശമായാലും സമൂഹം ഒരു കുറ്റകൃത്യത്തെ സാധുവാക്കിയാൽ അത്തരം കാര്യങ്ങൾ അനുസ്യൂതം നടക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് സ്ത്രീധനം.

വിവാഹവേളയിൽ സ്‌ത്രീ കൊണ്ടുവരുന്ന സ്വത്തിലും സ്വർണത്തിലും പൂർണ അവകാശം ഭർതൃവീട്ടുകാർക്കാണെന്ന തെറ്റായ ധാരണയും പലർക്കുമിടയിലുണ്ട്. ആ തെറ്റിദ്ധാരണ അടുത്തിടെ സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിലൂടെ തിരുത്തപ്പെടുകയും ചെയ്‌തിരുന്നു. വിവാഹസമയം സ്‌ത്രീ കൊണ്ടുവരുന്ന സ്വത്തിൽ ഭർത്താവിനോ ഭർതൃവീട്ടുകാർക്കോ യാതൊരു അധികാരവും ഇല്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








