പഴയ കാറിൽ എഥനോൾ കലർന്ന പെട്രോൾ അടിച്ചാൽ എന്ത് സംഭവിക്കും? ഉത്തരം ഇതാണ്
ഇക്കഴിഞ്ഞ 2023 ഏപ്രിലിലാണ് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം രാജ്യത്തുടനീളം നടപ്പാക്കിയത്. ഇതനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും E20 റെഡി ഫ്യുവൽ അനുയോജ്യത കൈവരിക്കണമെന്നാണ് നിയമം. ഇതിനനുസൃതമായി എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ മോഡലുകളെ പരിഷ്ക്കരിച്ച് വിപണിയിൽ അവതരിപ്പിച്ചിരുന്നു. എഥനോൾ കലർന്ന പെട്രോൾ വിൽപന രാജ്യവ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ നീക്കം.
ഇതുമൂലം അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനോടൊപ്പം പെട്രോളിയം ഇറക്കുമതിക്കു വേണ്ടിവരുന്ന ഭീമമായ ചെലവുകൂടി കുറയ്ക്കാം എന്നാണു പ്രതീക്ഷ. പുതിയ മോഡലുകൾക്ക് അനുസൃതമായി രാജ്യത്തെ ആയിരക്കണക്കിന് ഇന്ധന പമ്പുകളിൽ E20 പെട്രോളും ഡീസലും പുറത്തിറക്കിയിട്ടുമുണ്ട്. പക്ഷേ എഥനോൾ കലർന്ന ഇന്ധനം നിറയ്ക്കുന്നത് പഴയ വാഹനങ്ങൾക്ക് അനുയോജ്യമാണോയെന്ന സംശയം പലരിലും ഉദിച്ചുകഴിഞ്ഞിട്ടുമുണ്ട്.

പഴയ BS4 അല്ലെങ്കിൽ BS6 വാഹനം E20 ഇന്ധനത്തിൽ പ്രവർത്തിപ്പിക്കുന്നതിൽ എന്തെങ്കിലും ദോഷം ഉണ്ടാകുമോ? ഇത് വാഹനത്തിന്റെ എഞ്ചിന്റെ ആയുസിനെയും ഇന്ധനക്ഷമതയേയും ബാധിക്കുമോ എന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാം. ഇതിനു മുമ്പ് എന്താണ് എഥനോൾ എന്ന് ചുരുക്കത്തിൽ പറഞ്ഞുതരാം. ജലരഹിതമായ ഈഥൈൽ ആൽക്കഹോളിനാണ് എഥനോൾ എന്നു പറയുന്നത്. കരിമ്പ്, ധാന്യങ്ങൾ എന്നിങ്ങനെ അന്നജം ധാരാളം അടങ്ങിയ ജൈവ വസ്തുക്കളിൽ നിന്നാണ് ഇതിന്റെ നിർമാണവും.
വാഹന മലിനീകരണം ഇന്ത്യയിൽ ഗുരുതരമായ ഒരു പ്രശ്നമായി മാറിയിട്ട് കാലങ്ങളായി. രാജ്യത്തെ പല മെട്രോപൊളിറ്റൻ നഗരങ്ങളെയും വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം സാരമായി ബാധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് മലിനീകരണം കുറയ്ക്കുക, രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സർക്കാർ E20 ഫ്യുവൽ നടപ്പിലാക്കിയത്. നേരത്തെ പെട്രോൾ പമ്പുകൾ E10 ഇന്ധനവും നൽകിയിരുന്നു.

രാജ്യത്ത് ഉപയോഗിക്കുന്ന പെട്രോളിൽ 10 ശതമാനം എഥനോൾ കലർത്തുന്ന രീതിയായിരുന്നു ഇത്. 2019 ഏപ്രിൽ ഒന്നു മുതലാണ് എല്ലാ പെട്രോളിയം കമ്പനികൾക്കും 10 ശതമാനം വരെ എഥനോൾ ചേർത്ത പെട്രോൾ വിൽക്കാൻ അനുമതി നൽകി. പിന്നീട് 2025 ഓടെ എഥനോളിന്റെ പങ്ക് 20 ശതമാനമാക്കാനും പദ്ധതി രൂപീകരിച്ചു. ഇതാണ് ഇപ്പോൾ 2023 ഏപ്രിൽ മുതൽ നടപ്പിലാക്കിയിരിക്കുന്നത്.
ഇനി എന്താണ് E20 ഫ്യുവൽ എന്നു പറയാം. ലളിതമായ ഭാഷയിൽ E20 ഇന്ധനം എന്നാൽ 1 ലിറ്റർ പെട്രോളിലോ ഡീസലിലോ 20 ശതമാനം എഥനോൾ കലർത്തുന്ന രീതിയാണിതെന്ന് പറയാംം. അതായത് 1 ലിറ്റർ പെട്രോളിൽ 200 മില്ലി എഥനോൾ കലർത്തിയാൽ അതിനെ E20 ബ്ലെൻഡഡ് പെട്രോൾ എന്ന് വിളിക്കാം. നിലവിൽ ഇന്ത്യയിൽ പ്രധാനമായും കരിമ്പിൽ നിന്നാണ് എഥനോൾ തയ്യാറാക്കുന്നത്. അഴുകൽ പ്രക്രിയയിലൂടെ കരിമ്പ് നീര് കടത്തിവിട്ടാണ് എഥനോൾ തയാറാക്കുന്നത്.

E20 ഫ്യുവൽ ഉപയോഗിക്കുന്നതു കൊണ്ടുള്ള പ്രധാന ദോഷങ്ങൾ എന്താണെന്നാണ് അടുത്തതായി പറയാൻ പോവുന്നത്. ഏതു കാര്യത്തിനായാലും ഇരുവശങ്ങളുള്ളതു പോലെ എഥനോൾ ബ്ലെൻഡഡ് ഇന്ധനത്തിനും അതിന്റെതായ (E20 പെട്രോൾ) ചില ഗുണങ്ങളും ചില ദോഷങ്ങളുമുണ്ട്. പുതിയ വാഹനങ്ങൾക്ക് E20 പെട്രോളിൽ പ്രവർത്തിക്കുന്ന എഞ്ചിനുള്ളതിനാൽ അതിൽ ആർക്കും സംശയങ്ങളും ചോദ്യങ്ങളും ഒന്നുമുണ്ടാവാൻ സാധ്യതയില്ല.
പക്ഷേ പഴയ കാറിൽ എഥനോൾ കലർന്ന പെട്രോൾ അടിച്ചാൽ എന്ത് സംഭവിക്കുമെന്ന സംശയവും ആശങ്കകളും പലർക്കുമുണ്ടാവാം. പക്ഷേ പഴയ കാറിലും E20 മിശ്രമിത ഇന്ധനം നിറയ്ക്കുന്നതിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഉത്തരം. പഴയ വാഹനങ്ങൾ പോലും E20 ഇന്ധനത്തിൽ പ്രവർത്തിപ്പിക്കാനാവും. E10 പെട്രോളിന് അനുസൃതമായി നിർമിച്ച വാഹനങ്ങൾ E20 പെട്രോളിലും ഓടിക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഇത് പഴയ വാഹനങ്ങളുടെ എഞ്ചിനെ ബാധിക്കും.

E10 ഇന്ധനത്തിൽ ഓടാൻ രൂപകൽപ്പന ചെയ്ത വാഹനങ്ങൾക്ക് E20 ഇന്ധനത്തിൽ ഓടുമ്പോൾ മൈലേജ് കുറവാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ വാഹനങ്ങളുടെ മൈലേജ് 6-7 ശതമാനം വരെ കുറയ്ക്കാനും ഇടയാക്കിയേക്കും. കാരണം പഴയ വാഹനങ്ങളുടെ എഞ്ചിനുകൾ E20 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്തിട്ടില്ല എന്നതുതന്നെയാണ്. BS-4, BS-6 ഫേസ്-1 എന്നിവയിൽ വരുന്ന വാഹനങ്ങൾ E20 ഇന്ധനത്തിന് അനുസരിച്ചല്ല രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പെട്രോളിലെ എഥനോളിന്റെ അളവ് കൂടുന്നതിനാൽ പഴയ വാഹനങ്ങളുടെ എഞ്ചിൻ ഭാഗങ്ങൾക്ക് വേഗത്തിൽ തേയ്‌മാനം സംഭവിച്ചേക്കാമെന്നും ചില വിദഗ്ധർ കരുതുന്നു. അതായത് എഥനോളിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം ചില പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാൻ ഇടയാക്കിയേക്കാം. ഇത് ഫ്യുവൽ പമ്പുകൾ, ഇഞ്ചക്ടറുകൾ, ഹോസുകൾ എന്നിവയുടെ ആയുസിനെ ബാധിക്കുമെന്ന് സാരം.

ഇനി ഗുണവശങ്ങളിലേക്ക് കടന്നാൽ വാഹനങ്ങളിൽ നിന്ന് പുറത്തുവരുന്ന മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് E20 ഫ്യുവൽ അവതരിപ്പിച്ചിരിക്കുന്നത്. E20 പെട്രോൾ കത്തുമ്പോൾ സാധാരണ പെട്രോളിനേക്കാൾ കുറവ് കാർബൺ മോണോക്സൈഡാണ് (CO) പുറത്തുവിടുന്നത്. ഇതുകൂടാതെ, അസംസ്‌കൃത ഇന്ധനത്തിന്റെ ഇറക്കുമതിയിൽ പ്രതിവർഷം കോടിക്കണക്കിന് ഡോളർ ലാഭിക്കാനുമാവും.
E20 പെട്രോൾ മലിനീകരണം കുറയ്ക്കുക മാത്രമല്ല, ഇന്ധന ഇറക്കുമതി കുറയ്ക്കുകയും ചെയ്യും. എഥനോൾ മിശ്രിതം (10 ശതമാനം) രാജ്യത്തെ 50,000 കോടി രൂപ ലാഭിക്കാൻ സഹായിച്ചതായി കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസംഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ പഴയ വാഹനങ്ങൾക്ക് ഇവയിൽ നിന്നും കാര്യമായ ഗുണങ്ങളൊന്നും ഉണ്ടാവാൻ ഇടയില്ലെന്നതു തന്നെയാണ് സത്യം.


Click it and Unblock the Notifications








