ഒറ്റ സെഞ്ചുറിയിലൂടെ ലോകക്രിക്കറ്റിനെ ഞെട്ടിച്ച 14കാരൻ, വൈഭവിന് കോടികൾ വിലയുള്ള ബെൻസ് സമ്മാനിച്ച് രാജസ്ഥാൻ ഉടമ
ഐപിഎൽ കാണുന്ന ക്രിക്കറ്റ് ഭ്രാന്തൻമാർക്ക് ഇപ്പോൾ പ്രത്യേകിച്ച് ആമുഖമൊന്നും ആവശ്യമില്ലാത്ത പേരാണ് വൈഭവ് സൂര്യവംശി. വെറും പതിനാലാമത്തെ വയസിൽ കാണിച്ച മാസ് തന്നെയാണ് വൈഭവിനെ രാജ്യം കൊണ്ടാടാൻ കാരണം. മുന്‍ ചാമ്പ്യന്മാര്‍രായ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബോളർമാരെ അടിച്ചോടിച്ച് സെഞ്ചുറി നേടിയ കുട്ടിത്താരം സോഷ്യൽ മീഡിയയിലെല്ലാം തരംഗമായി മാറിക്കഴിഞ്ഞു. ടൈറ്റൻസിനെതിരെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത വൈഭവ് ഒരുകൂട്ടം റെക്കോർഡുകളുമായാണ് ഇന്നലെ മൈതാനത്തുനിന്ന് നടന്നിറങ്ങിയത്. ടി20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി എന്നിങ്ങനെയാണ് വൈഭവ് അടിച്ചിട്ട റെക്കോർഡുകൾ.
വെറും 38 പന്തിൽ 101 റൺസെടുത്ത് വൈഭവ് പുറത്താകുമ്പോഴേക്കും രാജസ്ഥാൻ വിജയമുറപ്പിച്ചിരുന്നു. ഈ സീസണിൽ ഏറെ പഴികേട്ട ടീമായിരുന്നു രാജസ്ഥാൻ റോയൽസ്. പരിശീലകൻ രാഹുൽ ദ്രാവിഡ് ടീമിനെ കുളംതോണ്ടിയെന്ന് ഫാൻസ് വരെ പറഞ്ഞുനടക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ വിമർശനങ്ങളെയെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു പതിനാലുകാരന്റെ പ്രകടനം. വീൽചെയറിലായിരുന്ന സാക്ഷാൽ വൻമതിൽ പോലും കുട്ടിത്താരത്തിന്റെ സെഞ്ചുറിയിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചു.

സെഞ്ചുറിക്ക് പിന്നാലെ ക്രിക്കറ്റ് ലോകമൊന്നടങ്കം വൈഭവിനെ പ്രശംസ കൊണ്ട് മൂടുകയാണ്. 1990-ൽ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടിയ ഒരു 17കാരനെ കണ്ടാണ് ഇന്ത്യക്കാൻ ഇതിന് മുമ്പ് ഇതുപോലെ അമ്പരന്ന് നിന്നതെന്ന് വരെ പറയാം. എന്തായാലും അതിനൊപ്പം നിൽക്കുന്നതായിരുന്നു പതിനാലുകാരന്റെ ഇന്നലെത്തെ പ്രകടനം. ഒട്ടും കൂസലില്ലാതെ ഫുൾ എനർജിയിൽ ബാറ്റ് ചെയ്യുന്ന കാഴ്ച്ചയും കണ്ടിരിക്കാൻ രസമായിരുന്നു.
ഇന്നലെ ഇൻസ്റ്റഗ്രാമും വാട്ട്സാപ്പ് സ്റ്റാറ്റസുകളുമെല്ലാം കൊണ്ടാടിയ ചെക്കന് രാജസ്ഥാൻ റോയൽസിന്റെ ഉടമ പുത്തനൊരു മെർസിഡീസ് ബെൻസ് ആഡംബര കാർ സമ്മാനമായി നൽകിയെന്നതാണ് രസകരമായ മറ്റൊരു സംഗതി. മത്സരത്തിന് ശേഷം, രാജസ്ഥാൻ റോയൽസ് ക്രിക്കറ്റ് ടീമിന്റെ ഉടമയിൽ നിന്ന് വൈഭവിന് ഒരു പുതിയ ബെൻസ് കാറിന്റെ താക്കോൽ സമ്മാനമായി ലഭിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുമുണ്ട്.

ചിത്രങ്ങളിൽ കാറിന്റെ താക്കോൽ മാത്രമേ നമുക്ക് കാണാൻ കഴിയൂ. വൈഭവിന് ലഭിച്ച കാറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ കണ്ടെത്താൻ ഇനിയും സമയം വേണ്ടിവന്നേക്കും. നിലവിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണ് രാജ്യത്തെ ട്രെൻഡ് എന്നതിനാൽ മിക്കവാറും എസ്‌യുവി തന്നെയാവും പതിനാലുകാരന്റെ ഗരാജിലേക്ക് എത്തിയിരിക്കുകയെന്നാണ് അനുമാനം. ഇത് പുതിയ കാറാണോ അതോ രാജസ്ഥാൻ റോയലിന്റെ ഉടമ ഇതിനകം ഉപയോഗിച്ചിരുന്നതാണോയെന്നതും വ്യക്തമല്ല.
കാരണം ആരേയും വിസ്‌മയിപ്പിക്കുന്ന തരത്തിലുള്ള ഇന്നിംഗ്‌സായിരുന്നല്ലോ വൈഭവ് സൂര്യവംശിയുടേത്. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാൽ വൈഭവ് സൂര്യവംശി രഞ്ജിത് ബർത്തകൂറിന്റെ അരികിൽ നിൽക്കുന്നത് കാണാം. അസമിലെ ജോർഹട്ടിൽ നിന്നുള്ള ഇന്ത്യൻ വ്യവസായിയാണ് ഇദ്ദേഹം. ഇന്ത്യൻ പ്രീമിയർ ലീഗ് ടീമായ രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥതയിലുള്ള റോയൽ മൾട്ടിസ്‌പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ് രഞ്ജിത്.

ഇപ്പോഴിതാ തന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ മാതാപിതാക്കളുടെ കഠിനപരിശ്രമമുണ്ടെന്ന തുറന്നുപറച്ചിലും വൈഭവ് നടത്തിയിരിക്കുകയാണ്. ഐപിഎല്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വഴിയാണ് രാജസ്ഥാൻ താരത്തിന്റെ തുറന്നുപറച്ചില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബിഹാറിന് വേണ്ടി 12 വർഷവും 284 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറ്റം കുറിച്ചതോടെയാണ് കുട്ടിത്താരം ശ്രദ്ധനേടുന്നത്.
ഇക്കഴിഞ്ഞ വിജയ്ഹസാരെ ട്രോഫിയിൽ മധ്യപ്രദേശിനെതിരേ കളിച്ചതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ കളിക്കുന്ന പ്രായംകുറഞ്ഞ ഇന്ത്യൻ താരമായി വൈഭവ് സൂര്യവംശി മാറുന്നത്. അങ്ങനെ ഇത്തവണത്തെ ലേലത്തിൽ രാഹുൽ ദ്രാവിഡ് നോട്ടമിട്ട് വെച്ച താരംകൂടിയായിരുന്നു വൈഭവ്. എന്തായാലും വൻമതിലിന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനം പുറത്തെടുക്കാനും മിടുക്കനായിട്ടുണ്ട്. ഐപിഎൽ ടീമുമായി കരാറിലെത്തുന്ന പ്രായംകുറഞ്ഞ താരമായ സൂര്യവംശിയെ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചത്.


Click it and Unblock the Notifications








