ഇതൊരു തുടക്കം മാത്രം! രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ വാട്ടർ ടാക്‌സി യാഥാർഥ്യമായി
കാലവും സാങ്കേതികതയും കുതിച്ചുപായുമ്പോള്‍ ലോകത്തിന്റെ തന്നെ മുഖംമാറുകയാണ്. പ്രകൃതിക്ക് ദോഷകരമായ പരമ്പരാഗത ഇന്ധനങ്ങളിൽ നിന്നും മാറി ഇലക്ട്രിക്കിലേക്കും ഹൈഡ്രജനിലേക്കുമെല്ലാം (Hydrogen) വാഹന വിപണി മാറിക്കൊണ്ടിരിക്കുയാണിപ്പോൾ. വൈദ്യുത വാഹനങ്ങൾ (Electric Vehicles) നിരത്തുകൾ ഭരിച്ചുതുടങ്ങിയെങ്കിലും ഭാവിയെന്ന് ഇപ്പോൾ കരുതപ്പെടുന്നത് ഹൈഡ്രജൻ ഫ്യുവൽ (Hydrogen Fuel) മോഡലുകളാണ്.
ഇതിനോടകം ഹൈഡ്രജൻ പവർ കാറുകളും ട്രെയിനുകളുമെല്ലാം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ യാഥാർഥ്യമായിക്കഴിഞ്ഞിട്ടുണ്ട്. ഹൈഡ്രജൻ ശരിക്കും ഊർജ ശ്രോതസ് അല്ലെന്ന് നാം സ്‌കൂളുകളിൽ പഠിച്ചിട്ടുണ്ട് ഇത് ശരിക്കും ഒരു ഊർജ വാഹകനാണെന്ന് വേണം പറയാൻ. ഈ വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് ഈ വൈദ്യുതി ഇലക്ട്രിക് മോട്ടോറുകൾ പ്രവർത്തിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ഹൈഡ്രജൻ വാഹനങ്ങളിലെ രഹസ്യം.

മുകളിൽ പറഞ്ഞതുപോലെ കാറുകളിലും ട്രെയിനുകളിലുമെല്ലാം ഹൈഡ്രജൻ പ്രാവർത്തികമായെങ്കിലും ബോട്ടുകളിലേക്കും ഈ ടെക്നോളജി യാഥാർഥ്യമാവാൻ പോവുകയാണ്. അതും നമ്മുടെ ഇന്ത്യയിലാണ് ഈ സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലിമെന്റ് മണ്ഡലമായ വാരാണസിയിൽ ഹൈഡ്രജൻ ഇന്ധനത്തിൽ ഓടുന്ന രാജ്യത്തെ ആദ്യത്തെ വാട്ടർ ടാക്സി യാഥാർഥ്യമാക്കാൻ പോവുകയാണ്. ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന ഈ പുതിയ വാട്ടർ ടാക്സി സർവീസ് ബനാറസിലെ ഘാട്ടുകളിലാണ് പ്രവർത്തന സജ്ജമാക്കുക.
ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാട്ടർ ടാക്‌സി സർവീസിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഇന്ന് മുതൽ ഇത് (ജൂൺ 15) പ്രവർത്തനം ആരംഭിക്കുമെന്നുമാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. രാജ്യത്തെ ആദ്യത്തെ റിവർ ക്രൂയിസും ബനാറസിൽ നിന്നാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നത്. ഒരു പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണ് ഹൈഡ്രജൻ വാട്ടർ ടാക്‌സി സർവീസിന് തുടക്കമിട്ടിരിക്കുന്നത്. രാംനഗർ കോട്ടയിൽ നിന്ന് യാത്ര ആരംഭിച്ച് നമോ ഘട്ടിൽ എത്തുന്ന രീതിയിലാണ് ഇതിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നതും.

രാംനഗർ കോട്ടയിൽ നിന്നാരംഭിക്കുന്ന ഹൈഡ്രജൻ വാട്ടർ ടാക്‌സി ഏകദേശം 11 കിലോമീറ്റർ ദൂരം പിന്നിട്ടാണ് നമോ ഘട്ടിൽ എത്തിച്ചേരുന്നത്. ഈ രണ്ട് സ്ഥലങ്ങൾക്കിടയിലും അസി ഘട്ട്, ദശാശ്വമേധ് ഘട്ട്, രാജ് ഘട്ട് എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളാണ് ഇപ്പോൾ നിലവിലുള്ളത്. കൂടാതെ, പ്രളയകാലത്തിനുശേഷം ഗംഗാനദിയിൽ 4 വാട്ടർ ടാക്‌സികൾ കൂടി അവതരിപ്പിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
വാട്ടർ ടാക്‌സികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് റോഡുകളിലെ തിരക്ക് കുറയ്ക്കുക എന്നതാണ്. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി, രാംനഗർ കോട്ടയ്ക്കും നമോ ഘട്ടിനും ഇടയിലുള്ള 11 കിലോമീറ്റർ മുഴുവൻ യാത്രയ്ക്കും 165 രൂപ നിരക്കാണ് ഓരോ യാത്രക്കാരനും മുടക്കേണ്ടി വരിക. യാത്രാക്കൂലി നിശ്ചയിച്ചിരിക്കുന്നതും സ്റ്റോപ്പുകൾക്കനുസരിച്ച് മാറില്ല എന്നതും എടുത്തുപറയേണ്ടതാണ്.

അതായത് രാംനഗർ കോട്ടയ്ക്കും നമോ ഘട്ടിനും ഇടയിലുള്ള മൂന്ന് സ്റ്റോപ്പുകളിൽ ഏതെങ്കിലും ഒന്നിൽ ഇറങ്ങാനായാലും ഇതേ തുക തന്നെ മുടക്കേണ്ടി വരും. മേൽപറഞ്ഞതു പോലെ ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാട്ടർ ടാക്സി സർവീസ് ഒരു പൈലറ്റ് പ്രോജക്റ്റാണ്. ഈ സേവനം വിപുലീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നതും സ്വീകാര്യമായ കാര്യമാണ്. വാസ്തവത്തിൽ, കാശി വിശ്വനാഥ് ധാമിന്റെ പ്രവേശന കവാടം വരെ സർവീസ് റൂട്ട് നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ഹൈഡ്രജനിൽ പ്രവർത്തിക്കുന്ന വാട്ടർ ടാക്‌സി സർവീസിന്റെ നടത്തിപ്പിന്റെ ചുമതല റോഡ്‌വേസ് മാനേജ്‌മെന്റിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. മാത്രമല്ല ഒരേസമയം 80 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള ശേഷിയാണ് ഹൈഡ്രജൻ വാട്ടർ ടാക്‌സിയിൽ ഒരുക്കിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. രാജ്യത്തെ ആദ്യത്തെ റിവർ ക്രൂയിസ് ബംഗ്ലാദേശ് വഴി ആസാമിലെ ദിബ്രുഗഢ് വരെയാണ്. ഇത് മൊത്തംയാത്ര പൂർത്തീകരിക്കാൻ ഏകദേശം 50 ദിവസമെടുക്കും. ആഗ്ര, മഥുര തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ യമുന നദിയിൽ വാട്ടർ ടാക്‌സികൾ ഏർപ്പെടുത്താനും സർക്കാർ പദ്ധതിയിടുന്നുണ്ട്.


Click it and Unblock the Notifications








