ഒരു ബ്രേക്കിന് ശേഷം 6.33 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി വേണു, ഇത് കേരളത്തിലെ രണ്ടാമത്തെ മോഡൽ
ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും വലിയ ആഡംബര കാറുകളും ബൈക്കുകളുമെല്ലാം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് മലയാളിയും സോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മുതലാളിയുമായ വേണു ഗോപാലകൃഷ്‌ണൻ. ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിലെ ഓരോ വ്യക്തികൾക്കും ഈ പേര് സുപരിചിതമാവാനും കാരണം ഇദ്ദേഹത്തിന്റെ വണ്ടിഭ്രാന്ത് തന്നെയാണ്. ലംബോർഗിനി ഉറൂസിനായി 45.99 ലക്ഷം രൂപ വാരിയെറിഞ്ഞ് ഫാൻസി നമ്പർ സ്വന്തമാക്കിയത് മുതലാണ് വേണുവിനെ പലരും ശ്രദ്ധിക്കാൻ തുടങ്ങുന്നത്. അവിടുന്ന റോൾസ് റോയ്‌സ്, മെർസിഡീസ് ബെൻസ് ജി-വാഗൺ പോലുള്ള അത്യാഡംബര കാറുകളും പോർച്ചിലെത്തിച്ച് ഇദ്ദേഹം പ്രസിദ്ധനായി.
ഇതോടൊപ്പം ആഡംബര ബൈക്കുകൾ വാങ്ങുന്നതും സ്ഥിരമാക്കിയ വേണു ഗോപാലകൃഷ്‌ണൻ ഇടയ്ക്കൊരു ബ്രേക്ക് എടുത്തിരുന്നു. ഇതോടെ ഇദ്ദേഹത്തിന്റെ വണ്ടിഭ്രാന്ത് എല്ലാം അവസാനിച്ചുവെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ വീണ്ടും ഞെട്ടിച്ചുകൊണ്ട് വേണു വീണ്ടും അപൂവമായൊരു കാർ സ്വന്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടതോടെയാണ് മോഡൽ ഏതാണെന്ന വിവരം ജനത്തിന് മനസിലായത്.

ഇത്തവണ കോടികൾ പൊടിച്ച് വാങ്ങിയിരിക്കുന്നത് ബ്രിട്ടീഷ് ആഡംബര വാഹന നിർമാതാക്കളായ ലാൻഡ് റോവറിന്റെ റേഞ്ച് റോവർ SV മസാര എഡിഷനാണ്. ലോകത്തിൽ തന്നെ 12 എണ്ണം മാത്രം നിർമിക്കുന്ന മോഡലിന്റെ ഒരു യൂണിറ്റ് കേരളത്തിൽ എത്തുന്ന സന്തോഷം മലയാളികൾക്കുമുണ്ട്. ഇത് സംസ്ഥാനത്തെ രണ്ടാമത്തെ മസാര എഡിഷനാണ് കേട്ടോ. 4.99 കോടി രൂപയുടെ എക്സ്ഷോറൂം വിലയാണ് വാഹനത്തിന് വരുന്നത്.
അതേസമയം ടാക്‌സും ഇൻഷുറൻസുമെല്ലാമായി ലക്ഷ്വറി എസ്‌യുവിക്ക് ഓൺ-റോഡ് വില ഏകദേശം 6.33 കോടി രൂപയ്ക്ക് മുകളിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഹിമാലയൻ മേഖലയിൽ കാണപ്പെടുന്ന നീലക്കല്ലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് റേഞ്ച് റോവർ SV മസാര എഡിഷൻ നിർമിച്ചിരിക്കുന്നത്. റേഞ്ച് റോവർ SV ലോംഗ്-വീൽബേസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് വികസിപ്പിച്ചിരിക്കുന്നതും.

കൂടുതൽ സ്പെഷ്യലാക്കാനായി സവിശേഷമായ ഡീപ്പ് സാറ്റിൻ ബ്ലൂ കളർ ഓപ്ഷനും എസ്‌യുവിക്ക് കൊടുത്തിട്ടുണ്ട്. മറ്റ് റേഞ്ച് റോവർ മോഡലുകളിൽ ഈ നിറം ഉപയോഗിക്കില്ലെന്ന കാര്യവും ബ്രിട്ടീഷ് ബ്രാൻഡ് പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ 23 ഇഞ്ച് അലോയ് വീലുകളും ബ്രോൺസ്, ക്രോം ഹൈലൈറ്റുകളും കൂടിയാവുമ്പോൾ റേഞ്ച് റോവർ SV മസാര എഡിഷൻ മൊത്തത്തിൽ അടിപൊളിയാവുന്നുണ്ട്.
ലിബർട്ടി ബ്ലൂ, പെർലിനോ ലെതർ നിറങ്ങളിൽ പൂർത്തിയാക്കിയ അകത്തളവും അത്യാഡംബര ഫീലാണ് സമ്മാനിക്കുന്നത്. സീറ്റുകൾ എംബ്രോയ്ഡറി ചെയ്തിട്ടുണ്ട്. കൂടാതെ അധിക ക്രോം ആക്സന്റുകളും പ്രീമിയം ഫീൽ വർധിപ്പിക്കുന്നതിന് സഹായകരമായിട്ടുണ്ട്. മോഡലിന്റെ പ്രത്യേകത ഊന്നിപ്പറയുന്നതിനായി ഡോർ സിൽ പ്ലേറ്റുകളിൽ 'മസാര എഡിഷൻ', '1 ഓഫ് 12' എന്നിവ ഉപയോഗിച്ച് ബ്രാൻഡ് ചെയ്തിരിക്കുന്നതും കാണാം.

പവർഡ് ടേബിൾ, റഫ്രിജറേറ്റഡ് കമ്പാർട്ട്മെന്റ്, ഇഷ്ടാനുസരണം തയാറാക്കിയ ഗ്ലാസ്‌വെയർ എന്നിവ ഉൾപ്പെടുന്ന SV സിഗ്നേച്ചർ സ്യൂട്ടും ആഡംബര എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ഒരുക്കിയിട്ടുണ്ട്. SV ട്രിമ്മിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ എയർ സസ്‌പെൻഷൻ, ADAS, പനോരമിക് റൂഫ്, ഹീറ്റിംഗ്, കൂളിംഗ്, മസാജ് ഫംഗ്ഷനുകൾ ഉള്ള പവർഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളും ഇതിലുണ്ട്.
615 bhp കരുത്തിൽ പരമാവധി 750 Nm ടോർക്ക് വികസിപ്പിക്കുന്ന 4.4 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് റേഞ്ച് റോവർ SV മസാര എഡിഷന്റെ ഹൃദയം. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് ഫോർവീൽ ഡ്രൈവ് സംവിധാനവുമുണ്ട്. കൂടാതെ ഇതിൽ ഓഫ്-റോഡ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ഉണ്ട്. ആഡംബര ശ്രദ്ധ ഉണ്ടായിരുന്നിട്ടും മസാര എഡിഷനിൽ ഹൈ, ലോ ശ്രേണിയിലുള്ള ഗിയർബോക്‌സും സജ്ജീകരിച്ചിരിച്ചിട്ടുണ്ട് ലാൻഡ് റോവർ.


Click it and Unblock the Notifications








