പഴയ ബീറ്റിൽ നിന്നും പുതിയ സെൽറ്റോസിലേക്ക്, യാത്രകൾ ആഡംബരമാക്കാൻ പുത്തൻ കാറുമായി ആദർശും വർഷയും
കണ്ടന്റ് ക്രീയേഷനിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ ആളാണ് ആദർശ് ഷേണായി. തിരുവനന്തപുരം ശൈലിയുള്ള അവതരണവും റീലുകളുമെല്ലാം പലർക്കും ഏറെയിഷ്‌ടമാണ്. വ്ലോഗിംഗിന് പുറമെ ആർജെ, നടൻ, ഗായകൻ തുടങ്ങിയ വേഷങ്ങളിലും തകർത്തിട്ടുള്ള ആദർശും വർഷയും തമ്മിലുള്ള കല്യാണവും സമൂഹമാധ്യമങ്ങളിൽ വലിയ ട്രെൻഡായിരുന്നു. ഇപ്പോഴിതാ ഇരുവരും പുത്തനൊരു എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെയാണ് ജീവിതത്തിലേക്ക് കടന്നുവന്ന പുതിയ അതിഥിയെ ഇരുവരും പരിചയപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ അധ്വാനത്തിലൂടെ മറ്റൊരു അതിഥി എന്ന അടിക്കുറിപ്പോടെയാണ് വാഹനത്തിന്റെ ഡെലിവറി സ്വീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വണ്ടി ഏതാണന്നല്ലേ, ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ ഏറ്റവും പുതിയ ന്യൂജെൻ സെൽറ്റോസ് എസ്‌യുവിയാണ് ആദർശിന്റേയും വർഷയുടേയും ജീവിതത്തിലേക്ക് എത്തിയിരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുകൾക്കും ഒപ്പമെത്തിയാണ് വാഹനത്തിന്റെ ഡെലിവറി ഇരുവരും ആഘോഷമാക്കിയിരിക്കുന്നത്. 10.99 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.

വ്യത്യസ്‌ത വേരിയന്റുകളിൽ എത്തുന്ന സെൽറ്റോസിന്റെ ഏത് മോഡലാണ് ആദർശ് ഷേണായി സ്വന്തമാക്കിയിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. എങ്കിലും അന്യായ സ്പോർട്ടി ലുക്ക് സമ്മാനിക്കുന്ന ബ്ലാക്ക് കളർ ഓപ്ഷനാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കിയയുടെ ഓപ്പോസിറ്റ്സ് യുണൈറ്റഡ് ഡിസൈൻ തത്ത്വചിന്തയെ അടിസ്ഥാനമാക്കിയാണ് മിഡ്-സൈസ് എസ്‌യുവിയുടെ ന്യൂജെൻ പതിപ്പിനെ ഒരുക്കിയിരിക്കുന്നത്.
കിയയുടെ ഗ്ലോബൽ മോഡലായ ടെല്ലുറൈഡിനെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ ഇതിനോടകം ചർച്ചയായിട്ടുണ്ട്. വീതിയേറിയ ഗ്രിൽ, ഷാർപ്പ് ഓറിയൻ്റഡ് എൽഇഡി ഡിആർഎൽ, ഗ്ലോസ് ബ്ലാക്ക് ബോഡി ക്ലാഡിംഗ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകൾ, റിയർ എൽഇഡി ലൈറ്റ് ബാർ തുടങ്ങിയ കാര്യങ്ങളെല്ലാമാണ് പുതിയ സെൽറ്റോസിന്റെ എക്സ്റ്റീരിയറിന് കളറേകുന്നത്. മൊത്തത്തിൽ 4,460 mm നീളവും 1,830 mm വീതിയും 1,635 mm ഉയരവും 2,690 mm വീൽബേസുമാണ് പുതുമോഡലിനുള്ളത്.

മുമ്പുണ്ടായിരുന്ന ജെനറേഷനുമായി താരതമ്യപ്പെടുത്തുമ്പോൾ ന്യൂജെൻ സെൽറ്റോസിന് 95 mm നീളവും 30 mm വീതിയും 80 mm വീൽബേസും അധികമായി ലഭിച്ചുവെന്ന് സാരം. ആരും വീണുപോവുന്ന ലുക്കിലാണ് എസ്‌യുവിയുടെ ഇന്റീരിയറും പണികഴിപ്പിച്ചിരിക്കുന്നത്. 12.3 ഇഞ്ച് ഡ്യുവൽ ഡിസ്പ്ലേ, 5 ഇഞ്ച് HVAC സ്‌ക്രീൻ, പുതിയ ത്രീ-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടംഡ് സ്റ്റിയറിംഗ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ ഫീച്ചറുകളെല്ലാം അകത്തളത്തിന് ആഡംബരത്തം നൽകുന്നുണ്ട്.
ഇതോടൊപ്പം വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 64-കളർ ആംബിയൻ്റ് ലൈറ്റിംഗ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെവൽ 2 ADAS, 10-വേ പവർഡ് ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ് പാഡ്, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, കണക്റ്റഡ് കാർ ടെക്നോളജി തുടങ്ങിയ മോഡേൺ ഫീച്ചറുകളും കുത്തിനിറച്ചുകൊണ്ടാണ് ന്യൂജെൻ കിയ സെൽറ്റോസ് വിപണനത്തിന് എത്തിയിരിക്കുന്നത് കേട്ടോ.

6 എയർബാഗുകൾ, ESC, ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ, റിവേഴ്സ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നതിനാൽ സേഫ്റ്റിയുടെ പേടിയും വേണ്ട. ഈ വർഷത്തെ ഏറ്റവും പുതിയ ക്രാഷ് സേഫ്റ്റി അസസ്‌മെന്റിൽ എസ്‌യുവി 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗും നേടിയിരുന്നു. മുതിർന്നവരുടെ സേഫ്റ്റിക്ക് 32 ൽ 31.70 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49 ൽ 45 പോയിന്റുമാണ് എസ്‌യുവി സ്വന്തമാക്കിയത്.
1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ഡീസൽ എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ന്യൂജെൻ കിയ സെൽറ്റോസിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്‌യുവിയിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി വിക്ടോറിസ്, മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ പോലുള്ള വമ്പൻമാരോടാണ് സെൽറ്റോസിന്റെ മത്സരം.


Click it and Unblock the Notifications