കളിയാക്കിവർക്കും പുച്ഛിച്ചവർക്കുമുള്ള മറുപടി, വീട്ടിലേക്ക് പുത്തൻ കാറുമായി കടൽ കൊമ്പന്റെ വരവ്
മീൻകൂട്ടി ചോറുണ്ണാത്തവരായി അധികമാരുമുണ്ടാവില്ല. പ്രത്യേകിച്ച് മലയാളികൾക്കാണ് മീനിനോട് ഇത്രയും കൊതിയുള്ളതെന്ന് അവകാശപ്പെട്ടാലും തെറ്റുപറയാനാവില്ല. ചിലരൊന്നും മീനില്ലെങ്കിൽ ചോറുണ്ണില്ലെന്ന സ്ഥിതി വരെയുണ്ട്. എന്തായാലും കടലിൽ പോയി മീൻ പിടിച്ചുകൊണ്ടുവരുന്ന പഴങ്കഥകളെല്ലാം നാം ഏറെ കേട്ടിട്ടുണ്ടെങ്കിലും അത് അനുഭവിച്ചറിഞ്ഞാൽ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസിലാക്കാനാവൂ. പണ്ടൊക്കെ സിനിമയിലൂടെ മാത്രമാണ് നാം പുറംകടൽ കണ്ടിട്ടുള്ളതെങ്കിൽ സോഷ്യൽ മീഡിയയുടെ കടന്നുവരവോടെ ഇത്തരം വ്ലോഗർമാരെ തട്ടിയിട്ട് നടക്കാൻ വയ്യാത്ത അവസ്ഥയാണ് ഇന്ന് കേരളത്തിലുള്ളത്. കടൽ മച്ചാൻ, ഫിഷിംഗ് ഫ്രീക്ക്‌സ് അങ്ങനെ നിരവധി യൂട്യൂബർമാർ ഇത്തരം വീഡിയോകൾ പങ്കുവെക്കാറുണ്ട്.
പക്ഷേ ഇക്കൂട്ടത്തിലെ കൊമ്പനാര് എന്ന് ചോദിച്ചാൽ കടൽ കൊമ്പൻ എന്ന ശ്രീരാജിന്റെ പേര് പറയേണ്ടി വരും. ആഴ്ച്ചകളോളം ആഴകടലിൽ പോയി മീൻ പിടിച്ച് കാഴ്ച്ചകാരിൽ എത്തിക്കുന്ന റിയൽ കടൽ വ്ലോഗർ എന്നാണ് ഇദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. എറണാകുളം ജില്ലയിലെ പറവൂർ കുഞ്ഞിതൈ സ്വദേശിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വലിയ ആരാധകവൃന്ദം തന്നെയുണ്ടെന്ന് വേണം പറയാൻ.

ഇൻസ്റ്റഗ്രാമിൽ 4 ലക്ഷം ഫോളോവേഴ്‌സുള്ള കടൽ കൊമ്പന് ഫെയ്‌സ്‌ബുക്കിൽ 5 ലക്ഷവും യൂട്യൂബിൽ 8 ലക്ഷം സബ്സ്ക്രൈബേഴ്‌സുമാണുള്ളത്. വ്ലോഗിങ്ങിൽ ഏറ്റവും കൂടുതൽ കാഴ്ച്ചക്കാരുള്ള കടൽ കൊമ്പൻ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ വരവേറ്റിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി പയ്യൻ പുത്തനൊരു കാർ വാങ്ങിയതാണ് സംഭവം. കോടികൾ മുടക്കിയുള്ള ആഡംബര കാർ ഒന്നുമല്ല കേട്ടോ.
നമ്മുടെ സാധാരണക്കാരുടെ വാഹനമായ മാരുതി സുസുക്കി ആൾട്ടോയാണ് കടൽ കൊമ്പന്റെ റോഡിലെ യാത്രകൾക്ക് കൂട്ടായി എത്തിയിരിക്കുന്നത്. അതും സെക്കൻഡ് ഹാൻഡ് മോഡലാണ് വ്ലോഗർ വാങ്ങിയിരിക്കുന്നതും. ലക്‌സ് മോട്ടോ മിനിയെന്ന യൂസ്‌ഡ് കാർ ഷോറൂമിൽ നിന്നുമാണ് ശ്രീരാജ് തന്റെ പുത്തൻ രഥത്തെ വരവേറ്റിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്‌സ് ഏറ്റെടുത്തു കഴിഞ്ഞു.

സ്നേഹിച്ചിട്ട് ചതിച്ചവർക്കും നീയൊക്കെ മുക്കാ ചക്രത്തിന് പണിയെടുക്കുന്ന മുക്കുവനല്ലേടാ നീയൊക്കെ സൈക്കിളും മീൻകുട്ടയുമായി ജീവിതം കഴിക്കെടാ എന്ന് പറഞ്ഞു പുച്ഛിച്ചവർക്കുമുള്ള മറുപടിയാണിതെന്നുമുള്ള അടിക്കുറിപ്പോടെയാണ് കടൽ കൊമ്പൻ പുതിയ കാറിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ സ്നേഹം കൊണ്ട് ഞാൻ നേടുന്ന ഓരോ വിജയവും അവരോടുള്ള നന്ദിയും എന്റെ സ്നേഹവും ആകുന്നുവെന്നും കൂട്ടിച്ചേർത്തിട്ടുണ്ട്.
ഒരുലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്‌തിരിക്കുന്നത്. രണ്ട് പതിറ്റാണ്ട് മുമ്പ് വിപണിയിൽ വിപണിയിലെത്തിയതിനുശേഷം 40 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി ആൾട്ടോ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹനങ്ങളിലൊന്നാണ്. മൈലേജ്, പ്രായോഗികത, താങ്ങാനാവുന്ന വില എന്നിവ കാരണം വിപണിയിൽ ഒരു തരംഗം തന്നെയാണ് ആൾട്ടോ സൃഷ്‌ടിച്ചത്.

തുടർച്ചയായി 16 വർഷവും ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറായും ഇവൻ പേരെടുത്തു. 800 സിസി 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി ആൾട്ടോയ്ക്ക് തുടിപ്പേകുന്നത്. ഇത് 48 bhp കരുത്തിൽ പരമാവധി 96 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റിനൊപ്പം വരുന്ന എസ്-സിഎൻജി വേരിയന്റും മാരുതി വാഗ്ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ്.
5 സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് മാരുതി സുസുക്കി ആൾട്ടോ 800 ഹാച്ച്ബാക്കിൽ ലഭ്യമാവുക. കീലെസ് എൻട്രി, പവർ വിൻഡോകൾ (ഫ്രണ്ട്), ഡ്യുവൽ എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഹൈ സ്പീഡ് അലേർട്ട്, സെൻട്രൽ ലോക്കിംഗ്, പിൻ ഡോറുകൾക്കുള്ള ചൈൽഡ് സുരക്ഷാ ലോക്കുകൾ എന്നിവയും ആൾട്ടോ വാഗ്ദാനം ചെയ്യുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








