ഇനി ഇവരുടെ കാലമല്ലേ... ഫ്ലെക്‌സ് ഫ്യുവൽ കരുത്തിൽ എത്തിയ കാറുകളും ബൈക്കുകളും
ഡീസൽ, പെട്രോൾ പോലുള്ള ഇന്ധനങ്ങളുടെ കാലം കഴിയാറായെന്ന ചർച്ചകൾ കൊടുംപിരികൊള്ളുമ്പോൾ ഇന്ധനത്തിന്റെ അടുത്ത സ്രോതസായി എഥനോളിനെ പരിഗണിക്കപ്പെടുന്ന കാലമാണ് ഇനി വരാനിരിക്കുന്നത് എന്ന യാഥാർഥ്യത്തിലേക്ക് പതിയെ ഇന്ത്യൻ വാഹന വിപണിയും കടക്കുകയാണ്. അതിനുള്ള തെളിവാണ് 2023 ഓട്ടോ എക്സ്പോയിൽ പരിചയപ്പെടുത്തിയ ഫ്ലെക്‌സ് ഫ്യുവൽ കാറുകളും ബൈക്കുകളും
കൂടുതൽ കൂടുതൽ വാഹനങ്ങളിൽ എഥനോൾ കടന്നുവരുന്നതിനാലും വിപണി സാക്ഷ്യംവഹിക്കാൻ പോവുന്നത്. ഇതിന്റെ ഭാഗമായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (SIAM) നടന്നുകൊണ്ടിരിക്കുന്ന 2023 ഓട്ടോ എക്‌സ്‌പോയിലെ ഇന്ത്യ എക്‌സ്‌പോ മാർട്ടിൽ മൊബിലിറ്റിയിലെ ഇക്കോ എനർജി (ISTEM) വർധിപ്പിക്കുന്നതിനുള്ള ഒരു ഇന്റർനാഷണൽ സിമ്പോസിയം സംഘടിപ്പിച്ചു. എഥനോൾ ഒരു സുസ്ഥിര ഇന്ധനമായി പ്രോത്സാഹിപ്പിക്കുന്നതിലാണ് ഈ കോൺഫറൻസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും.

വാഹന മേളയിൽ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി മോഡലുകളാണ് അവതരിപ്പിക്കപ്പെട്ടതും. ടൊയോട്ടയും മാരുതി സുസുക്കിയും എഥനോൾ കലർന്ന പെട്രോളിൽ ഓടാൻ കഴിയുന്ന അവരുടെ നാലുചക്ര വാഹനങ്ങൾ പ്രദർശിപ്പിച്ചപ്പോൾ ഹീറോ മോട്ടോകോർപ്, ബജാജ്, യമഹ, ടിവിഎസ് തുടങ്ങിയ നിർമാതാക്കൾ തങ്ങളുടെ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുചക്ര വാഹനങ്ങളെയും പ്രദർശിപ്പിച്ചു. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ വാഹന മാമാങ്കത്തിൽ പരിചയപ്പെടുത്തിയ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കാറുകളേയും മോട്ടോർസൈക്കിളുകളേയും നമുക്ക് ഒന്നു പരിചയപ്പെട്ടാലോ..?
മാരുതി സുസുക്കി വാഗൺആർ
2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതിയുടെ പവലിയനിൽ ശ്രദ്ധയാകർഷിച്ച മോഡുകളിൽ ഒന്നാണ് വാഗൺആർ ഫ്ലെക്‌സ് ഫ്യുവൽ. ഇത് രണ്ടാം തവണയാണ് മാരുതി സുസുക്കി വാഗൺആറിന്റെ ഈ മോഡൽ പ്രദർശിപ്പിക്കുന്നത്. പ്രോട്ടോടൈപ്പിന് 20 ശതമാനത്തിനും 85 ശതമാനത്തിനും ഇടയിൽ പെട്രോൾ-എഥനോൾ മിശ്രിതത്തിൽ പ്രവർത്തിക്കാനാകും. പെട്രോളിൽ എഥനോൾ കൂടുന്തോറും ഇന്ധന വില കുറയുമെന്നതാണ് സ്വീകാര്യമാവുന്നത്. എഥനോൾ കലർന്ന പെട്രോളിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിൽ വാഹനത്തിന്റെ എഞ്ചിൻ കമ്പനി പുനർനിർമിച്ചിട്ടുണ്ട്.

ടൊയോട്ട കൊറോള ആൾട്ടിസ്
ടൊയോട്ട കൊറോള ആൾട്ടിസ് ഫ്ലെക്സ് ഫ്യുവൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് മോഡലാണ് 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച എഥനോളിൽ പ്രവർത്തിക്കുന്ന മറ്റൊരു വാഹനം. ഇത് ആദ്യമായല്ല അവർ വാഹനം പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും കൊറോള ആൾട്ടിസ് ഫ്ലെക്സ് ഫ്യുവൽ മോഡലിനെ ബ്രാൻഡ് പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയിലേക്ക് കൊണ്ടുവന്നിരിക്കുന്ന യൂണിറ്റ് ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് വാഹനമാണ്. എന്നാൽ വിപണിയിൽ ഇറക്കാൻ തീരുമാനിച്ചു കഴിഞ്ഞാൽ അത് റൈറ്റ് ഹാൻഡ് ഡ്രൈവായി മാറും.
യമഹ ഫേസർ FZ-15
ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന FZ-Fi മോഡലിന്റെ ബ്രസീലിയൻ പതിപ്പാണ് യമഹ ഫേസർ FZ-15. എന്നിരുന്നാലും പ്രദർശിപ്പിച്ച ഈ മോട്ടോർസൈക്കിളിന് എഥനോൾ കലർന്ന പെട്രോളിലും പ്രവർത്തിക്കാൻ കഴിയും. ഇത് ആദ്യമായാണ് ഇതര ഇന്ധന ഓപ്ഷനിലുള്ള ഒരു ബൈക്കിനെ ജാപ്പനീസ് ടൂവീലർ ബ്രാൻഡായ യമഹ നമ്മുടെ രാജ്യത്ത് പരിചയപ്പെടുത്തുന്നത്. എങ്കിലും ഇത് ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായൊരു മോഡലാണെന്നും പറയാം.
ബജാജ് പൾസർ NS160
ഇന്ത്യയിലെ ഇരുചക്ര വാഹന വ്യവസായത്തിൽ ഏറ്റവും അറിയപ്പെടുന്ന ഐക്കണിക് പേരുകളിലൊന്നാണ് ബജാജ് പൾസറിന്റേത്. ബ്രാൻഡ് ഇപ്പോൾ തങ്ങളുടെ ആദ്യത്തെ എഥനോൾ പവർ മോട്ടോർസൈക്കിളായ NS160 ആണ് സിയാം സംഘടിപ്പിച്ച ഓട്ടോ എക്സ്പോ സിമ്പോസിയത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. എഥനോളിൽ പ്രവർത്തിക്കുന്നതിനായി ബൈക്കിലെ എഞ്ചിന്റെ ആന്തരിക ഭാഗങ്ങൾ കമ്പനിക്ക് പുനർനിർമിക്കേണ്ടിവന്നിട്ടുണ്ട്. 160.3 സിസി യൂണിറ്റ് ഇപ്പോൾ 16.6 bhp കരുത്തിൽ പരമാവധി 14.6 Nm torque വരെ ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
ഹീറോ ഗ്ലാമർ Xtec
ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളിൽ ഒരാളായ ഹീറോ മോട്ടോകോർപ് 2023 ഓട്ടോ എക്‌സ്‌പോയിൽ നിന്നും വിട്ടുനിന്നെങ്കിലും സിയാം സംഘടിപ്പിച്ച പരിപാടിയിൽ ഹീറോ ഗ്ലാമർ Xtec വേരിയന്റിന്റെ ഫ്ലെക്‌സ് ഫ്യുവൽ മോഡൽ അവതരിപ്പിച്ചാണ് സാന്നിധ്യം അറിയിച്ചത്. ബ്രാൻഡ് വിൽക്കുന്ന ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകളിലേക്ക് ഇതര ഇന്ധന മാർഗങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഗ്ലാമർ Xtec ഫ്ലെക്‌സ് പ്രദർശിപ്പിച്ചിരിക്കുന്നത്.
ഹീറോ ഗ്ലാമർ Xtec മോഡലിന്റെ 125 സിസി എഞ്ചിനിൽ എഥനോൾ മിശ്രിതത്തിൽ പ്രവർത്തിപ്പിക്കാൻ ആവശ്യമായ പരിഷ്ക്കാരങ്ങൾ കമ്പനി നടപ്പിലാക്കിയിട്ടുണ്ട്. ആയതിനാൽ ബൈക്കിന് അതിന്റെ സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ ഒരു കിലോഗ്രാം ഭാരം അധികമായുണ്ട്. എഥനോൾ മിശ്രിതം 20 മുതൽ 85 ശതമാനം വരെ വ്യത്യാസപ്പെടാമെന്നാണ് ബ്രാൻഡ് പറയുന്നത്.
ടിവിഎസ് അപ്പാച്ചെ RTR 160 4V
എഥനോൾ പവലിയനിൽ പ്രദർശിപ്പിച്ച ടിവിഎസ് അപ്പാച്ചെ RTR 160 4V ബൈക്കും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. എത്തനോൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന മോട്ടോർസൈക്കിൾ ആദ്യമായി അവതരിപ്പിച്ച നിർമാതാക്കളിൽ ഒരാളാണ് ടിവിഎസ്. 2019-ലാണ് കമ്പനി അപ്പാച്ചെ RTR 200 Fi E100 പരിചയപ്പെടുത്തുന്നത്. എന്നിരുന്നാലും 2023 ഓട്ടോ എക്‌സ്‌പോയിൽ അപ്പാച്ചെ RTR 160 4V ഫ്ലെക്‌സ് ഫ്യുവൽ പ്രദർശിപ്പിച്ചത് തങ്ങളുടെ വാഹന നിരയിലേക്ക് എഥനോളിനെ സ്വീകരിക്കാൻ തയാറാണെന്ന സൂചനയാണ് ഹൊസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നൽകുന്നത്.
സുസുക്കി ജിക്സെര്‍
2023 ഓട്ടോ എക്സ്പോയില്‍ ജിക്സെര്‍ 250 FFV ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് സുസുക്കി മോട്ടോര്‍സൈക്കിൾസും ഇതര ഇന്ധന മാർഗങ്ങളിലേക്കുള്ള ചുവടുവെപ്പിലാണ്. സുസുക്കിയുടെ ക്വാർട്ടർ ലിറ്റർ ഫ്ലെക്സ് ഫ്യുവല്‍ മോട്ടോര്‍സൈക്കിളിന് എഥനോള്‍ അധിഷ്ഠിത ഇന്ധനങ്ങളുടെ E20 മുതല്‍ E85 വരെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനി പറയുന്നത്.


Click it and Unblock the Notifications








