ഇതിന്റെ ഉപയോഗം ഇതായിരുന്നോ? കാറിലെ എസി റീസർക്കുലേഷൻ മോഡ് എന്താണെന്ന് അറിയാം
നിരത്തിലെ കാറുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. ആഡംബര വസ്‌തുവിൽ നിന്നും ആവശ്യ വസ്‌തുവായി കാറുകൾ മാറിയിട്ട് വളരെ ചുരുക്കം നാളുകൾ മാത്രമാണായിരിക്കുന്നത്. കാറിൽ കയറി എസിയിട്ട് യാത്ര ചെയ്യാൻ ഇഷ്‌ടപ്പെടാത്തവരായി നമുക്കിടയിൽ അധികം ആളുകൾ ഉണ്ടാവില്ല.
എസി ഇല്ലാതെ കാറുകളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് പലരും എത്തിക്കഴിഞ്ഞുവെന്നും വേണമെങ്കിൽ പറയാം. അധിക നേരം എസിയിട്ട് യാത്ര ചെയ്‌താൽ തലവേദനയെടുക്കുന്ന ആളുകളുമുണ്ട്. പക്ഷേ എസിയില്ലാത്ത വണ്ടികൾ ഇന്ന് പുറത്തിറങ്ങുന്നില്ലെന്ന് വേണം പറയാൻ. ഈ ഫീച്ചർ ഇന്ന് കാറുകളിലെ അടിസ്ഥാന സവിശേഷതകളിൽ ഒന്നായി മാറിയിരിക്കുകയാണ്. പലപ്പോഴും നമ്മൾ ഒരു കാർ വാങ്ങുമ്പോൾ, അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമായ സവിശേഷതകളെ കുറിച്ച് മാത്രമേ ബോധവാന്മാരാകൂ.

എന്നാൽ വാഹനം വാങ്ങുന്നയാൾക്ക് അറിയാത്ത മറ്റ് നിരവധി പ്രവർത്തനങ്ങൾ ഉണ്ടെന്നതാണ് യാഥാർഥ്യം. അത്തരമൊരു ഉദാഹരണമാണ് കാർ എയർ റീസർക്കുലേഷൻ ബട്ടൻ. കാറിൽ വൃത്താകൃതിയിലുള്ള ആരോ അടയാളമുള്ള ഒരു നിർദ്ദിഷ്ട ബട്ടൺ പലരും കണ്ടിട്ടുണ്ടാവാം. മനസിലായില്ലെങ്കിൽ മുകളിൽ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുന്ന ബട്ടണിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. എയർ സർക്കുലേഷൻ ബട്ടൺ എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ഈ ബട്ടൺ വാഹനത്തിന്റെ പുറത്തുനിന്ന് വരുന്ന വായുവിനെ തടയുന്നതിനായാണ് നൽകിയിരിക്കുന്നത്.
തൽഫലമായി, വായു റീസർക്കുലേറ്റ് ചെയ്യുകയും ചെയ്യുന്നു. സ്ഥിരമായി വാഹനത്തിലെ എസി നാം ഉപയോഗിക്കുന്നുണ്ടെങ്കിലും കൂടുതൽ മികവോടെ പ്രവർത്തിക്കാൻ എസി റീസർക്കുലേഷൻ മോഡിലിടണോ അതോ ഫ്രഷ് എയർ മോഡലിടണോ ഇടേണ്ടത് എന്ന കാര്യത്തിൽ ഭൂരിപക്ഷം പേർക്കും സംശയമാണ്. വേനൽക്കാലത്തും ശൈത്യകാലത്തും എയർ സർക്കുലേഷൻ ബട്ടൺ ഉപയോഗിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

പക്ഷേ പലരും ഉപയോഗിക്കാത്തതോ എന്താണന്നറിയാതെ പ്രവർത്തിപ്പിക്കാനോ മുതിരാത്ത ഈ ബട്ടണിന് കുറെയേറെ കാര്യങ്ങൾ ചെയ്യാനാവുമെന്നതാണ് യാഥാർഥ്യം. ഉള്ളിലെ വായു തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതാണ് റീസർക്കുലേഷൻ മോഡ്. കാറിനകത്തെ എസിയുമായി ബന്ധപ്പെട്ട കാർ എയർ റീസർക്കുലേഷൻ ബട്ടന്റെ വിശദമായ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് ഒന്നു പരിചയപ്പെട്ടാലോ?
വേനൽക്കാലത്ത് സൂര്യന്റെ ചുട്ടുപൊള്ളുന്ന ചൂടിൽ ദീർഘനേരം വാഹനം പാർക്ക് ചെയ്താൽ തിരിച്ച് വണ്ടിയിൽ കയറുന്ന കാര്യം അൽപം ബുദ്ധിമുട്ടേറിയതാണ്. സീറ്റും സ്റ്റിയറിംഗുമെല്ലാം ചുട്ടുപഴുത്തിരിക്കുന്നതിന് പുറമെ വാഹനത്തിന്റെ അകത്ത് നിലനിൽക്കുന്ന ചൂട് തന്നെയാണ് നമ്മളെ ഭയപ്പെടുത്തുന്ന കാര്യം. കാർ പാർക്ക് ചെയ്‌തിരിക്കുമ്പോൾ ഏതായാലും കാറിനുള്ളിലെ എയർകണ്ടീഷണർ ഓണാക്കിയിട്ട് പോവാനാവില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തിൽ എയർ റീസർക്കുലേഷൻ ബട്ടൺ സഹായകരമാവും.

വെയിലത്ത് പാർക്ക് ചെയ്‌തിട്ട് തിരികെയെത്തുമ്പോൾ കാറിന്റെ ഗ്ലാസുകൾ താഴെയിട്ടാലും എസി ഓണാക്കിയാലും വാഹനം തണുക്കാൻ കുറച്ച് സമയമെടുക്കും. എന്നാൽ എയർ റീസർക്കുലേഷൻ ബട്ടൺ ഉപയോഗിച്ച്, വാഹനത്തെ വേഗത്തിൽ തണുപ്പിക്കാനാവും. എങ്ങനെയെന്നല്ലേ...? പറഞ്ഞുതരാം. കണ്ണിമവെട്ടുന്ന സമയത്തിനുള്ളിലാണ് ഈ പ്രശ്നം റീസർക്കുലേഷൻ ബട്ടൺ പരിഹരിക്കപ്പെടുന്നത്.
നിങ്ങൾ ചെയ്യേണ്ടത് ബട്ടൺ അമർത്തി അതിന്റെ പ്രവർത്തനം ചെയ്യാൻ അനുവദിക്കുക എന്നതു മാത്രമാണ്. എന്നാൽ പുറത്തെ ചൂടിനെക്കാൾ വളരെ അധികമായിരിക്കും വാഹനത്തിന് അകത്തെ ചൂടെന്നറിയാമല്ലോ. അതുകൊണ്ടു തന്നെ പുറത്തു നിന്നുള്ള വായു എടുക്കുന്ന മോഡ് ഓൺചെയ്ത് കുറച്ചു നേരത്തിന് ശേഷം മാത്രമേ റീസർക്കുലേഷൻ മോഡ് ഇടാവൂ എന്ന കാര്യവും ഓർമിക്കേണ്ടതാണ്.
ഇത്തരം ഭയാനകമായ വേനൽക്കാല സാഹചര്യങ്ങളിൽ എയർ റീസർക്കുലേഷൻ ബട്ടൺ വളരെ ഉപയോഗപ്രദമാണ്. ഇത് പുറത്തെ ചൂടുള്ള വായു ഉപയോഗിക്കുന്നതിന് പകരം താരതമ്യേന ചൂട് കുറവുള്ള കാറിനുള്ളിലെ വായുവാണ് ഉപയോഗിക്കുന്നത്. സ്വിച്ച് ഓൺ ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ, കത്തുന്ന വേനൽ വെയിലിനെ വകവെക്കാതെ വാഹനം ഈ മോഡിൽ എത്ര വേഗത്തിൽ തണുക്കുന്നു എന്നത് കണ്ടാൽ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം.

റീ സർക്കുലേറ്റിംഗ് മോഡിൽ വാഹനത്തിനുള്ളിലുള്ള വായുവാണ് തണുപ്പിക്കുക അതുകൊണ്ടു തന്നെ എസിക്ക് പണി എളുപ്പമാണ്. എന്നാൽ എപ്പോഴും അതു തന്നെ ഉപയോഗിച്ചാൽ കാറിലെ ദുഷിച്ച വായു പുറത്തേയ്ക്ക് പോകുകയില്ല. ആയതിനാൽ ഇടയ്ക്ക് ഫ്രഷ് എയർ മോഡ് ഉപയോഗിക്കുകയും വേണം. അങ്ങനെയെങ്കിൽ എസിയിട്ട് യാത്ര ചെയ്യുമ്പോഴുണ്ടാവുന്ന തലവേദനയെ എല്ലാം ഒരു പരിധി വരെ ഒഴിവാക്കാനുമാവും.
ശൈത്യകാലത്ത് എയർ റീസർക്കുലേഷൻ ബട്ടൺ പൊതുവേ അധികം ഉപയോഗിക്കാറില്ല. ഗ്ലാസിൽ നിന്നും വിൻഡോകളിൽ നിന്നും അധിക ഫോഗ് നീക്കം ചെയ്യാനും ഇത് ഓണാക്കാം, അതുവഴി ഡ്രൈവർക്ക് മുന്നിലുള്ള റോഡിന്റെ മികച്ചതും വ്യക്തവുമായ കാഴ്ച്ച ലഭിക്കും. മലിനീകരണം, ക്യാബിനിനുള്ളിൽ നിന്നും വരുന്ന അനാവശ്യ ഗന്ധം എന്നിവയിൽ നിന്ന് മുക്തി നേടാനും എയർ റീസർക്കുലേഷൻ പ്രയോജനകരമാണ്.


Click it and Unblock the Notifications








