'പടം' ആവാതിരിക്കാനുള്ള പണി, അതാണ് കാറുകളിലെ ക്രംബിൾ സോൺ!
ഇന്ത്യയിൽ പുതുതായി കാർ വാങ്ങുന്ന ഒരാൾ ഏറ്റവും കൂടുതൽ പരിഗണന നൽകുന്നൊരു സംഗതിയായി മാറിയിരിക്കുകയാണ് സേഫ്റ്റി. പ്രിയപ്പെട്ടവരുടെ സുരക്ഷ എന്നത് ആരും വിട്ടുവീഴ്ച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു വശമായതിനാൽ ഇന്ന് ക്രാഷ് ടെസ്റ്റ് സ്കോറും മറ്റ് സജ്ജീകരണങ്ങളുമെല്ലാം എങ്ങനെയുണ്ടെന്ന് അറിഞ്ഞതിന് ശേഷം മാത്രമേ ആളുകൾ ഇപ്പോൾ ഒരു വാഹനം വാങ്ങാൻ തയാറാവൂ.
സുരക്ഷിത കാറുകളെക്കുറിച്ചുള്ള വർധിച്ചുവരുന്ന അവബോധം ഇന്ത്യയിൽ വളർത്തിയെടുത്തത് ടാറ്റ മോട്ടോർസും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമാണെന്ന് വേണമെങ്കിൽ അവകാശപ്പെടാം. ക്രാഷ് ടെസ്റ്റ് സ്കോറിലൂടെ എല്ലാ വാഹനങ്ങളെയും മാർക്കറ്റ് ചെയ്യാനാണ് ഈ രണ്ട് ബ്രാൻഡുകളും മുൻകൈയെടുക്കാറ്. എന്നാൽ മറുവശത്ത് മാരുതി സുസുക്കിയെ പരോക്ഷമായി കളിയാക്കാനും ഇക്കാര്യം ഉപയോഗപ്പെടുത്താറുണ്ട്. അതെല്ലാം വിടാം, വാഹന സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാൽ ഇന്നത്തെ ആധുനിക കാറുകളിലെല്ലാം ചില അടിസ്ഥാന സേഫ്റ്റി ഫീച്ചറുകളുണ്ടെങ്കിൽ മാത്രമേ രാജ്യത്ത് വിൽക്കാനാവൂ.

ഡ്യുവൽ എയർബാഗുകൾ, എബിഎസ്, മുന്നിലും പിന്നിലും സീറ്റ്ബെൽറ്റ് പോലുള്ളവയാണ് അവ. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച വലിയ ചർച്ചകളും വികസനങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. ഇവിടെയാണ് ക്രാഷ് ടെസ്റ്റ് സ്കോറും മറ്റ് കാര്യങ്ങളുമെല്ലാം ഉണ്ടെങ്കിൽ കാറിനകത്ത് സഞ്ചരിക്കുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണോയെന്ന ചോദ്യം ഉയർത്തുന്നത്. അതിനെകുറിച്ച് ഇന്നൊരു ചർച്ചയാവാം. ഇപ്പോൾ സുരക്ഷ ഉറപ്പാക്കാൻ വേണ്ട രീതിയിലാണ് കാറുകളുടെ പ്രാഥമിക രുപകൽപന തന്നെ. ഓരോ കമ്പനികളും ഉപയോഗിക്കുന്ന അത്തരമൊരു ആശയമാണ് ക്രംബിൾ സോണുകൾ.
ഇതിനെ പറ്റി അധികമാരും സംസാരിച്ച് നാം കേട്ടിട്ടുണ്ടാവില്ല അല്ലേ...? ഈ ലേഖനത്തിൽ ക്രംമ്പിൾ സോണുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും ഒരു കാർ സുരക്ഷിതമാക്കുന്നതിൽ അവയുടെ ഫലപ്രാപ്തി എന്താണെന്നതിനെ കുറിച്ചുമാണ് വിശദീകരിക്കാൻ പോവുന്നത്. നോൺജാമിങ് ഡോറുകൾ, സൈഡ് ഇംപാക്ട് ബീമുകൾ, ത്രീ സ്റ്റേജ് ബമ്പറുകൾ, സുരക്ഷിതമായ സീറ്റുകൾ എന്നിവക്കു പുറമെ ഇന്ത്യയിൽ 1998-ന് ശേഷം ഇറങ്ങുന്ന ഒട്ടുമിക്ക കാറുകളും ക്രംബിൾ സോണുകളുള്ളവയാണ്.

എന്താണ് ക്രംബിൾ സോൺ എന്ന് വിശദീകരിക്കാം. അപകടമുണ്ടാകുമ്പോള്‍ ആഘാതം സ്വയം ഏറ്റെടുത്ത് തകരുക എന്നാണ് വാഹനങ്ങളുടെ മുൻ-പിൻ ഭാഗങ്ങളുടെ ധർമം. അതാണ് ക്രംബിൾ സോണുകൾ എന്ന് വളരെ ലളിതമായി പറയാം. കൂട്ടിയിടിച്ചാൽ രൂപഭേദം വരുത്താനും തകരാനും രൂപകൽപ്പന ചെയ്ത വാഹനത്തിന്റെ ഭാഗങ്ങളാണിവ. ഇത് ഇടിയുടെ ആഘാതത്തെ ആഗിരണം ചെയ്യുകയും വാഹനത്തിനകത്തെ യാത്രക്കാരെ സുരക്ഷിതരാക്കുകയും ചെയ്യുന്നു.
ചെറിയ വേഗത്തിലാണെങ്കിലും അപകടത്തിന്റെ ആഘാതം ചിലപ്പോൾ വളരെ വലുതായിരിക്കും. അത് യാത്രക്കാരിലേക്ക് എത്താതിരിക്കാനാണ് ബമ്പറുകൾ അല്ലെങ്കിൽ മുൻഭാഗം തകരുന്നത്. വാഹനത്തിന്റെ വലിപ്പം, ഭാരം, ഫ്രെയിമിന്റെ കാഠിന്യം, ഒരു അപകടം സംഭവിക്കുമ്പോൾ വാഹനത്തിലെത്തുന്ന മർദ്ദം എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങൾ എഞ്ചിനീയർമാർ പരിഗണിക്കേണ്ടതിനാൽ ഒരു ക്രംബിൾ സോൺ രൂപകൽപ്പന ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഉദാഹരണത്തിന് ഒരു ഹാച്ച്ബാക്ക് അല്ലെങ്കിൽ ചെറിയ കാറുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്‌യുവി അതിന്റെ ഭാരക്കൂടുതൽ കാരണം കൂടുതൽ ശക്തിയോടെ തകരാനുള്ള സാധ്യത ഉയർന്നതാണെന്നു പറയാം. ആയതിനാൽ ഓരോ വാഹനങ്ങളുടേയും ഘടന അതിനനുസരിച്ച് മാറും. അപകടം സംഭവിക്കുമ്പോൾ പെട്ടന്നുണ്ടാവുന്ന ആഘാതം യാത്രക്കാരുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇതുതടയാനുള്ള ഏറ്റവും കാര്യക്ഷമമായ മാർഗം ആഘാതം പാസഞ്ചർ കമ്പാർട്ട്മെന്റിൽ എത്താൻ എടുക്കുന്ന സമയം വർധിപ്പിക്കുക എന്നതാണ്.
ഇതിനായാണ് ക്രംബിൾ സോണുകൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്. അപകടമുണ്ടാവുന്ന സമയത്തെ ഊർജം ആഗിരണം ചെയ്‌ത് ക്രംബിൾ സോണുകൾ തകരുകയും അതിലൂടെ സഡൺ സ്റ്റോപ്പ് അതായത് ഡീസലേറഷനെ തടയുകയും അങ്ങനെ കൂടുതൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. യാത്രക്കാരുടെ ഇരിപ്പിടം ഉൾപ്പെടുന്ന ഷെൽ പരമാവധി കടുപ്പത്തിലാക്കുകയും ക്രംബിൾ സോണുകൾ എന്നറിയപ്പെടുന്ന പെട്ടെന്നു തകരുന്ന ഭാഗങ്ങൾ ഇടിയുടെ ആഘാതം വലിച്ചെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇതുകൊണ്ടു മാത്രം യാത്രക്കാർക്ക് സുരക്ഷ ലഭിക്കുന്നില്ല.

ആഘാതം ആഗിരണം ചെയ്യുകയും റീഡയറക്‌ടുചെയ്യുകയും ചെയ്യുന്നത് വളരെ മികച്ച സംവിധാനമാണെങ്കിലും അപകടമുണ്ടാവുമ്പോൾ കാറിന്റെ പാസഞ്ചർ കമ്പാർട്ട്‌മെന്റിലേക്ക് മറ്റേതെങ്കിലും വസ്തുക്കളോ കാറിന്റെ മറ്റ് ഭാഗങ്ങളോ തുളച്ചുകയറുന്നത് ചെറുക്കേണ്ടതും ആവശ്യമാണ്. യാത്രക്കാരെ വലയം ചെയ്യുന്ന ശക്തമായ ഫ്രെയിം, മുന്നിലും പിന്നിലും ക്രാഷ് സോണുകൾ, എയർബാഗുകൾ എന്നിവയെല്ലാം വാഹന നിർമാണത്തിലെ അടിസ്ഥാന കാര്യങ്ങളായി മാറിയിട്ടുണ്ട്. പഴയ കാലത്തെ അപേക്ഷിച്ച് വാഹന നിർമാണത്തിന്റെ അടിസ്ഥാന തത്വങ്ങളും സുരക്ഷാ മാനദണ്ഡങ്ങളുമെല്ലാം ഏറെ മാറിയിട്ടുണ്ടെന്ന് ഈ സംഭവങ്ങളെല്ലാം കാട്ടിത്തരുന്നത്.
യാത്രക്കാരുടെ മാത്രമല്ല, കാൽനടയാത്രക്കാരുടേയും സേഫ്റ്റി പുതിയ വാഹനങ്ങൾ ഉറപ്പാക്കുന്നുണ്ട്. പെഡസ്ട്രിയന്‍ സേഫ്റ്റി മുൻ നിർത്തിയാണ് ഇപ്പോൾ വാഹനങ്ങൾ നിർമിക്കുന്നത്. അതുകൊണ്ടു തന്നെയാണ് മുന്നിലെ ബമ്പറുകൾക്ക് നിർമാണ നിലവാരം കുറവാണെന്നു തോന്നുന്നത്. ആയതിനാൽ ഇനി ഇവയെല്ലാം കാണുമ്പോൾ സേഫ്റ്റി കുറവാണെന്ന ചിന്തയൊന്നും വേണ്ട.


Click it and Unblock the Notifications








