Electronic Stability Control എന്താണെന്ന് അറിയാമോ? പ്രവർത്തനം ഇങ്ങനെ
പുതിയൊരു കാർ വാങ്ങാൻ ആഗ്രഹിക്കുന്ന ഏതൊരാളും ഇപ്പോൾ ഏറ്റവും കൂടുതൽ പരിഗണിക്കുന്നൊരു കാര്യമാണ് വണ്ടിയുടെ സുരക്ഷ അഥവാ സേഫ്റ്റി എത്രത്തോളമുണ്ടെന്നുള്ളത്. ശരിക്കും വളരെ വേഗത്തിലാണ് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സുരക്ഷയെ പറ്റിയുള്ള അവബോധം വളർന്നുവന്നത്. ഇതിന് ചുക്കാൻ പിടിച്ചത് ടാറ്റയും മഹീന്ദ്രയുമെല്ലാമാണെന്നും വേണമെങ്കിൽ അവകാശപ്പെടാനുമാവും.
ഒരു സാധാരണക്കാരൻ വണ്ടി വാങ്ങുമ്പോൾ പണ്ട് ഇന്നുള്ള തരത്തിലുള്ള ഒരു സേഫ്റ്റി ഫീച്ചറുകളും കാറുകളിലൊന്നും ഇടംപിടിച്ചിരുന്നില്ല. സാങ്കേതികവിദ്യയുടെ പുരോഗതിക്കൊപ്പം, നിർമാതാക്കൾ കാറുകളെ മുമ്പത്തേക്കാൾ സുരക്ഷിതമാക്കുന്ന പുതിയ സവിശേഷതകൾ അവതരിപ്പിക്കുകയും ചെയ്‌തു. ഇതെല്ലാം വലിയ വിപ്ലവങ്ങൾക്കാണ് തുടക്കമിട്ടത്. ആദ്യകാലത്ത് ഡ്രൈവർ സൈഡ് എയർബാഗ് മാത്രം സ്റ്റാൻഡേർഡായി കിട്ടിയിരുന്നപ്പോൾ ഇന്ന് രണ്ട് എണ്ണമെങ്കിലും നിർബന്ധമായൊരു കാലഘട്ടമാണുള്ളത്. ഇനിയും ഇതിന്റെ എണ്ണം കൂടാനിരിക്കുകയാണ്. ഇതിന്റെ ക്രെഡിറ്റ് പൂർണമായും കേന്ദ്ര സർക്കാരിനുള്ളതാണ്.

പെട്ടെന്നുള്ള തിരിവുകളും വഴുവഴുപ്പുള്ള റോഡുകളും പോലുള്ള വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹന നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫീച്ചറാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ അഥവാ ESC. എയർബാഗുകൾക്ക് ശേഷം ഇലക്ട്രോണിക് സംവിധാനമായ സ്റ്റെബിലിറ്റി കൺട്രോൾ സിസ്റ്റം (SCS) കൂടുതൽ പ്രചാരം നേടിയൊരു സവിശേഷതയാണ്. ഇന്ന് ഒട്ടുമിക്ക കാറുകളിലും ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാനും വാഹന നിർമാതാക്കൾ തയാറായിട്ടുമുണ്ട്.
ഈ സവിശേഷതയെ കുറിച്ച് അടിക്കടി കേൾക്കാറുണ്ടെങ്കിലും ഇതെന്താണ് സംഭവമെന്നും ഇതെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും പലർക്കും അറിയാത്ത കാര്യമാണ്. അവർക്കായി ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്താണെന്നും അവയുടെ പ്രവർത്തനം എങ്ങനെയാണെന്നും ഇത് സ്റ്റാൻഡേർഡായി കിട്ടുന്ന കാറുകൾ ഏതാണെന്നും ഒന്നു പരിചയപ്പെട്ടാലോ?

കാറിന്റെ ചലനങ്ങൾ നിരീക്ഷിക്കാൻ സെൻസറുകൾ ഉപയോഗിക്കുകയും നിയന്ത്രണം നഷ്ടപ്പെടുന്നത് കണ്ടെത്തിയാൽ വ്യക്തിഗത വീലുളിൽ യാന്ത്രികമായി ബ്രേക്ക് പ്രയോഗിച്ച് സ്വയം ഇടപെടുകയും ചെയ്യുന്നൊരു സവിശേഷതയാണ് ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ എന്ന് വളരെ ലളിതമായി പറയാം. ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ഇനിയും മനസിലാകാത്തവർക്കായി ഇതിലും ലളിതമായി പറഞ്ഞുതരാം. ട്രാക്ഷൻ ( സ്കിഡിംഗ് ) കണ്ടെത്തി വാഹനത്തിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്നൊരു സംവിധാനമാണ് ESC.
ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ ഫീച്ചർ ഒരു കാലത്ത് ഉയർന്ന ആഡംബര കാറുകൾക്കായി നീക്കിവച്ചിരുന്നെങ്കിൽ ഇപ്പോൾ ഇത് താങ്ങാനാവുന്ന ബജറ്റ് കാറുകളിൽ വരെ വ്യാപകമായി ലഭ്യമാണ്. ഡ്രൈവർ സ്റ്റിയറിംഗ് ചലിപ്പിക്കുന്നിടത്തേക്ക് വാഹനം പോകുന്നില്ലെങ്കിൽ സ്റ്റിയറിംഗ് കൺട്രോൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ഇത് സിസ്റ്റം കണ്ടെത്തുമ്പോൾ മാത്രമാണ് ESC ഇടപെടുന്നത്. വരണ്ട കാലസ്ഥയോ നനവുള്ള പ്രദേശങ്ങളോ എവിടെയായാലും ഈ സവിശേഷതയ്ക്ക് പ്രവർത്തിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത.

കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഓണാകും. കൂടാതെ വീൽ സ്പീഡ് സെൻസറുകളും സ്റ്റിയറിംഗ് ഇൻപുട്ടുകളും വഴി ഇത് ചക്രത്തിന്റെ വേഗത നിരന്തരം നിരീക്ഷിക്കുകയും ചെയ്യും. മറ്റേതൊരു സുരക്ഷാ ഫീച്ചറിനും സമാനമായി ഇതിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. മുകളിൽ പറഞ്ഞ കാര്യങ്ങൾക്കൊപ്പം പ്രതികൂല ഡ്രൈവിംഗ് സാഹചര്യങ്ങളിൽ ഇത് ഒരു ഡ്രൈവർ സഹായ സവിശേഷതയായി ഇത് പ്രവർത്തിക്കുന്നുവെന്നതാണ് ഗുണമായി കണക്കാക്കാവുന്നത്.
അതേസമയം വേഗതയേറിയ കോർണറിംഗിലൊന്നും ഇവ സഹായിക്കില്ലെന്ന് പ്രത്യേകം ഓർമിക്കാം. കാനഡ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിലെ പുതിയ കാറുകളിൽ യഥാക്രമം 2011, 2012, 2014 മുതൽ ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ നിർബന്ധമാണ്. ESC, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം (TCS) എന്നിവ ഒരേ സുരക്ഷാ ഫീച്ചറായി പലരും തെറ്റിധരിക്കാറുമുണ്ട്. കാരണം ഇവ രണ്ടും വാഹനത്തിന്റെ സ്റ്റൈബിലിറ്റിയുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ്.

ഇവ രണ്ടും വ്യത്യസ്‌ത ഉദ്ദേശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കാറുകളിൽ കൊണ്ടുവന്നിരിക്കുന്നത്. ഇലക്ട്രോണിക് സ്റ്റൈബിലിറ്റി കൺട്രോൾ സ്റ്റാൻഡേർഡായി ലഭിക്കുന്ന കാറുകൾ ഏതെല്ലാമെന്ന് ചോദിച്ചാൽ റെനോ ക്വിഡ്, ടാറ്റ ടിയാഗോ, റെനോ ട്രൈബർ, മാരുതി സുസുക്കി സ്വിഫ്റ്റ്, മാരുതി സുസുക്കി ഡിസയർ, മാരുതി സുസുക്കി ബനേലോ, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, ടാറ്റ നെക്സോൺ, മാരുതി ബ്രെസ, മാരുതി എർട്ടിഗ പോലുള്ളവയാണ് ഈ ഫീച്ചർ നൽകുന്ന രാജ്യത്തെ വില കുറവുള്ള കാറുകൾ.


Click it and Unblock the Notifications








