എന്താണ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും തമ്മിലുള്ള വ്യത്യാസം
ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകൾ തമ്മിലുള്ള പോരാട്ടം സ്‌മാർട്ട്‌ഫോണുകളും ടാബ്‌ലെറ്റുകളും പോലുള്ള ഗാർഹിക ഉപകരണങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. മറിച്ച് കാറുകളിൽ പോലും നിലവിലുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിലേക്കും ഇത് വ്യാപിച്ചിരിക്കുകയാണിപ്പോൾ.

ഈ കാർ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾക്ക് വെറും ഒരു എന്റർടെയ്ൻമെന്റ് യൂണിറ്റിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയുമെന്നതാണ് യാഥാർഥ്യം. ഗൂഗിളിന്റെ ഓട്ടോമൊബൈൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെ ആൻഡ്രോയിഡ് ഓട്ടോ എന്നും ആപ്പിൾ വികസിപ്പിച്ചെടുത്തതിനെ ആപ്പിൾ കാർപ്ലേ എന്നുമാണ് വിളിക്കുന്നതെന്ന് ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്.

ഈ ഇൻഫോടെയ്ൻമെന്റ് സിസ്റ്റങ്ങൾ സാധാരണയായി ഒരു കാർ വാങ്ങുന്നതിനുള്ള ഘടകമാവാറില്ലെങ്കിലും പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നായി അവ വരും നാളുകളിൽ മാറും. ആൻഡ്രോയിഡ് ഓട്ടോ സിസ്റ്റം ആപ്പിൾ കാർപ്ലേയിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും ഏതുതരം ഉപയോക്താക്കൾക്കാണ് ഇവ കൂടുതൽ ഉപയോഗപ്രദമാവുകയെന്നും ഒന്നു പരിശോധിച്ചാലോ?

ഏതാണ് സുഗമമായ ഇന്റർഫേസ്?
ആൻഡ്രോയിഡ് ഓട്ടോയിലോ കാർപ്ലേയിലോ ബൂട്ട് ചെയ്ത ശേഷം ഉപഭോക്താക്കൾ ആദ്യം സംവദിക്കുന്നത് ഉപയോക്തൃ ഇന്റർഫേസാണ്. ആപ്പിൾ കാർപ്ലേയിലെ ഹോം സ്‌ക്രീൻ ഐഫോണിന്റെയോ ഐപാഡിന്റെയോ ഡിസ്‌പ്ലേയോട് സാമ്യമുള്ളതാണ്.

സ്‌ക്രീൻ തിരശ്ചീനമായി സ്‌ക്രോൾ ചെയ്യുമ്പോൾ ഈ ഇന്റർഫേസിലെ ഐക്കണുകൾ വലുതും അമർത്താൻ എളുപ്പവുമുള്ളതാവുകയാണ് ചെയ്യുന്നത്. ആപ്പിൾ കാർപ്ലേയിലെ വിവിധ പേജുകളിലൂടെ സ്ക്രോൾ ചെയ്യുന്നത് സാധാരണഗതിയിൽ സുഗമമാണ്. കാരണം ഇവ ലാഗോ, മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാക്കുന്നില്ല എന്നതു തന്നെയാണ്. പ്രീമിയം അനുഭവം ലഭിക്കാൻ ആനിമേഷനുകളും ഏറെ സഹായിക്കുന്നുണ്ട്.

ആപ്പിൾ കാർപ്ലേയിൽ നിന്ന് വ്യത്യസ്തമായി ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ഉള്ളതിന് സമാനമായ വെർട്ടിക്കൽ സ്‌ക്രോളിംഗ് ഇന്റർഫേസുമായാണ് ആൻഡ്രോയിഡ് ഓട്ടോ വരുന്നത്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ മുകളിലെ വരിയിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.

ഇന്റർഫേസ് ആൻഡ്രോയിഡ് ഫോണുകളെ കുറിച്ച് ഉപയോക്താക്കളെ ഓർമിപ്പിക്കും. എന്നാൽ ഇതിന്റെ പ്രവർത്തനം ഹാൻഡ്‌സെറ്റുകൾ പോലെ ഉപയോക്താക്കളെ തൃപ്തിപ്പെടുത്തില്ലെന്നു വേണം പറയാൻ. ഉപയോക്തൃ അനുഭവത്തെ ബാധിക്കുന്ന ഇന്റർഫേസിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ ഇടയ്ക്കിടെയുള്ള ഫ്രെയിം ഡ്രോപ്പുകളെക്കുറിച്ച് ചില ഉപയോക്താക്കൾ പരാതിപ്പെടുന്നുണ്ട്. ആയതിനാൽ ഇക്കാര്യത്തിൽ ആപ്പിൾ കാർപ്ലേയായിരിക്കും കൂടുതൽ മികച്ചതെന്നു പറയാം.

നാവിഗേഷൻ
പണ്ട് അറിയാത്ത ഒരു സ്ഥലത്തേയ്ക്ക് പോവുമ്പോൾ നാം റോഡിൽ നിർത്തി ആളുകളോട് ചോദിച്ച് പോവുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കാലം മാറിയതോടെ ഫോണുകളിലെ മാപ്പും നാവിഗേഷനും തന്നെയാണ് ആദ്യ പരിഗണന.

കാർപ്ലേ ഡിഫോൾട്ടായി ആപ്പിൾ മാപ്‌സ് ഉപയോഗിക്കുന്നു. എന്നാൽ ഉപയോക്താക്കൾക്ക് അത് ഗൂഗിൾ മാപ്പിലേലേക്ക് മാറാനും കഴിയും. ഡയറക്ഷന്റെയും ഫ്ല്യുവിഡിറ്റിയുടെയും കാര്യത്തിൽ ഗൂഗിൾ മാപ്പ് ആപ്പിൾ കാർപ്ലേയിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില അടിസ്ഥാന സവിശേഷതകൾ ഇത് നഷ്‌ടപ്പെടുത്തുന്നുണ്ട്.

ഇത് മിക്കവാറും മുഴുവൻ ഡിസ്പ്ലേയും ഒക്കുപൈ ചെയ്യുന്നുണ്ടെങ്കിലും ആൻഡ്രോയിഡ് ഓട്ടോയുമായി താരതമ്യപ്പെടുത്തുമ്പോൾ കുറച്ച് വിവരങ്ങൾ മാത്രമാണ് പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്. മാപ്പിനുള്ളിൽ സ്ക്രോൾ/പാൻ ചെയ്യാൻ കഴിയില്ലെന്നതാണ് അതിലെ ഏറ്റവും വലിയ പോരായ്‌മ.

കോളിംഗ്
ഇൻകമിംഗ് കോൾ സ്ക്രീനിന്റെ മുകളിൽ ചെറിയൊരു ബാനറായി പ്രത്യക്ഷപ്പെടുന്നതിനാൽ ആൻഡ്രോയിഡ് ഓട്ടോയിലെ കോളുകൾ സ്‌ക്രീനിലെ ഗൂഗിൾ മാപ്പ് നാവിഗേഷനെ തടസപ്പെടുത്തില്ല. എന്നാൽ കാർപ്ലേയിയിൽ ഒരു കോൾ സ്വീകരിക്കുന്നത് ഇൻകമിംഗ് കോൾ മുഴുവൻ സ്‌ക്രീനിലുമാണ് പ്രദർശിപ്പിക്കുന്നത്. ആയതിനാൽ നാവിഗേഷൻ തടസപ്പെടും.

നോട്ടിഫിക്കേഷൻ ബാനർ
ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്‌ഡ് ഓട്ടോ എന്നിവയിൽ നോട്ടിഫിക്കേഷൻ ബാനറുകൾ വ്യത്യസ്തമായാണ് പ്രവർത്തിക്കുന്നത്. കാർപ്ലേയ്‌ക്കായി സ്‌ക്രീനിന്റെ ചുവടെയാണ് ബാനർ ദൃശ്യമാകുന്നത്. ഉപയോക്താക്കൾക്ക് സംവദിക്കാൻ അതിൽ ടാപ്പുചെയ്യാനാകും. അങ്ങനെ ചെയ്യുമ്പോൾ സിരിക്ക് നോട്ടിഫിക്കേഷൻ ഉറക്കെ വായിക്കാനും മറുപടി ആവശ്യമുണ്ടോ എന്ന് ചോദിക്കാനും കഴിയും.

അതേസമയം ആൻഡ്രോയിഡ് ഓട്ടോയിൽ ഇൻകമിംഗ് നോട്ടിഫിക്കേഷനുകൾക്കായി മുകളിൽ ഒരു ചെറിയ ബാനർ പ്രദർശിപ്പിക്കും. ഉപയോക്താക്കൾക്ക് ഇത് വായിക്കാൻ ഒന്നുകിൽ അതിൽ ടാപ്പുചെയ്യാം അല്ലെങ്കിൽ മറ്റ് രണ്ട് ഓപ്ഷനുകൾ ഉപയോഗിക്കാം. ഈ നോട്ടിഫിക്കേഷനുകൾ വായിക്കാനോ മറുപടി നൽകാനോ അസിസ്‌റ്റന്റ് ഉപയോഗിക്കുന്നതിനുള്ള ഓപ്‌ഷൻ ആൻഡ്രോയിഡ് ഓട്ടോയിലും ലഭ്യമാണ്.

വോയ്‌സ് അസിസ്റ്റൻസ്
യഥാക്രമം 'ഹേയ് ഗൂഗിൾ' അല്ലെങ്കിൽ 'ഹേയ് സിരി' എന്ന വാക്ക് ഉപയോഗിച്ച് രണ്ട് സിസ്റ്റങ്ങളിലെയും വോയ്‌സ് അസിസ്റ്റൻസ് പ്രവർത്തനക്ഷമമാക്കാം. മാത്രമല്ല കാർപ്ലേയിൽ ഇല്ലാത്ത ഗൂഗിൾ അസിസ്റ്റന്റിനെ വിളിക്കാൻ ആൻഡ്രോയിഡ് ഓട്ടോ ഒരു സമർപ്പിത ബട്ടണും വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








