നമ്മുടെ നിരത്തുകളിൽ റൈഡിംഗ് ഗിയറുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്?
റൈഡിംഗ് ഗിയറുകൾ അല്ലെങ്കിൽ സേഫ്റ്റി ഗിയറുകൾ നമ്മുടെ മോട്ടോർസൈക്കിൾ സംസ്ക്കാരത്തിലേക്ക് അടുത്തിടെ മാത്രം ട്രെൻഡായി കയറികൂടിയ ഒരു കാര്യമാണ്. ഇരുചക്ര വാഹനമോടിക്കുമ്പോൾ അപകട സാധ്യത കൂടുതലാണെന്നുള്ളതിനാൽ ഇത്തരം കാര്യങ്ങൾ കൂടുതലായും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും വളരെ ചുരുക്കം ചിലർക്ക് മാത്രമേ അറിയുകയുമുള്ളൂ.

ഇത്തരം റൈഡിംഗ് ഗിയറുകളിട്ട് നിരത്തുകളിലേക്ക് ഇറങ്ങിയാൽ നാം കേട്ടേക്കാവുന്ന പരിഹാസങ്ങളിൽ ഒന്നാണ് ഇവൻ ചന്ദ്രനിൽ നിന്നു വന്നതാണോ എന്നതൊക്കെ. എന്നാൽ സേഫ്റ്റി ഗിയറുകൾ ധരിച്ച് ഇരുചക്ര വാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകത അറിയാത്ത അല്ലെങ്കിൽ അറിയില്ലെന്ന് നടിക്കുന്നവരുടെ ഭാഷ മാത്രമായി ഇവയെ നാം കണ്ടാൽ മതി.

ഇനി കാര്യത്തിലേക്ക് വരാം, ഇന്ത്യൻ നിരത്തുകളിൽ ടൂവീലറുകളിൽ യാത്ര ചെയ്യുമ്പോൾ റൈഡിംഗ് ഗിയറുകൾ അല്ലെങ്കിൽ സേഫ്റ്റി ഗിയറുകൾ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയെയാണ് ഇവിടെ ചർച്ച ചെയ്യാൻ പോവുന്നത്. ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ സുരക്ഷ വളരെ പ്രധാനമാണ്.

പൊടുന്നനെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ വെല്ലുവിളികൾ, അപകടം എന്നിവയിൽ നിന്നും സുരക്ഷിതരാവാൻ അനുയോജ്യമായ റൈഡിംഗ് ഗിയർ ധരിക്കണം. ഹെൽമെറ്റിനൊപ്പം ഗിയറിൽ കുറഞ്ഞത് CE ലെവൽ 1 പരിരക്ഷയുള്ള ഒരു ജാക്കറ്റ് ഉൾപ്പെടുത്തണം എന്നതാണ് അടിസ്ഥാന കാര്യം തന്നെ.

എന്താണ് സേഫ്റ്റി ഗിയറുകൾ?
സേഫ്റ്റി ഗിയറുകൾ അഥവാ റൈഡിംഗ് ഗിയർ എന്നു നാം വിളിക്കുന്ന ഈ കാര്യങ്ങൾ വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ അല്ലെങ്കിൽ "PPE" എന്നും അറിയപ്പെടുന്നുണ്ട്. അപകടമുണ്ടാവുമ്പോൾ നമ്മുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടാവാൻ സാധ്യതയുള്ള ആഘാതങ്ങളെ തടയാൻ ഇവ ഒരു പരിധി വരെ സഹായിക്കും.

സേഫ്റ്റി ഗിയറുകളുടെ ചില ഉദാഹരണങ്ങൾ ഇതാ:
• ഹാൻഡ് ഗ്ലവ്സുകൾ
• പ്രൊട്ടക്ടീവ് ഐവെയർ
• ഹിയറിംഗ് പ്രൊട്ടക്ഷൻ ഉപകരണങ്ങൾ
• ഹാർഡ് ഹെൽമെറ്റുകൾ
• ബ്രീത്തിംഗ് ഉപകരണം
• റൈഡിംഗ് ജാക്കറ്റുകൾ
• റൈഡിംഗ് പാന്റുകൾ

സേഫ്റ്റി ഗിയറുകളുടെ പ്രധാന്യം
അപകടമുണ്ടാവുമ്പോൾ റൈഡറിനെ സംരക്ഷിക്കുന്നതിനും പരിക്ക് ഏൽക്കാതിരിക്കുന്നതിനുമാണ് സുരക്ഷാ ഉപകരണങ്ങൾ നിർമിച്ചിരിക്കുന്നത്. ഒരു അപകട സമയത്ത് ജീവന് അപകടമുണ്ടാക്കുന്ന ഏതെങ്കിലും സംഭവത്തിന്റെ ശാരീരിക പ്രത്യാഘാതങ്ങൾ അതായത് പരിക്കുകൾ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് ചുരുക്കി പറയാം.

അപകട സമയത്ത് സംരക്ഷണം നൽകുന്നതിനാണ് സേഫ്റ്റി ഗിയറുകൾ നിർമിച്ചിരിക്കുന്നത്. എന്തെങ്കിലും അപകടം സംഭവിക്കുമ്പോഴെല്ലാം ഒരു ജീവൻ രക്ഷിക്കുന്ന പങ്കുവഹിക്കുകയാണ് ഇവയുടെ ദൌത്യമെന്നും പറയാം. അതിനാൽ ശരിയായ റൈഡിംഗ് ഗിയറുകൾ തെരഞ്ഞെടുക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്. വിവിധ തരത്തിലുള്ള സുരക്ഷാ ഗിയർ ഏതൊക്കെയാണെന്ന് ഒന്നു പരിചയപ്പെട്ടാലോ?

ഗവൺമെന്റ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഹൈവേകളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത്. ഓരോ മണിക്കൂറിലും നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപ്പെടുന്നത്. കൂടാതെ ജീർണിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും റോഡുകളിൽ തിങ്ങിനിറഞ്ഞ വാഹനങ്ങളും എല്ലാം ഇതിന്റെ പ്രധാന കാരണങ്ങളാണ്.

സ്കൂട്ടറുകൾ, മോട്ടോർ ബൈക്കുകൾ എന്നിവ ഉൾപ്പെടുന്ന ഇരുചക്ര വാഹനങ്ങൾ ഇന്ത്യയിലെ ഏറ്റവും സാധാരണമായ വാഹന വിഭാഗമായി തുടരുന്നു. എല്ലാ അപകടങ്ങളിലും വലിയ തോതിലുള്ള മരണങ്ങൾക്കും പരിക്കുകൾക്കും ഉത്തരവാദികൾ ഇരുചക്ര വാഹനങ്ങളാണെന്നതിൽ അതിശയിക്കാനില്ല.

ശരിക്കും പറഞ്ഞാൽ വികസനമില്ലാത്ത നമ്മുടെ റോഡ് സംസ്ക്കാരം തന്നെയാണ് പല അപകടങ്ങൾക്കും കാരണമാവുന്നത്. റൈഡിംഗ് ബൂട്ടുകൾ, ഗ്ലൗസുകൾ എന്നിവയും നല്ല നിലവാരമുള്ള, സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റ് തീർച്ചയായും ധരിക്കണം.

വ്യത്യസ്ത സേഫ്റ്റി ഗിയറുകൾ?
ഹെൽമറ്റ്
ഹെൽമെറ്റുകൾ ഏറ്റവും നിർണായകമായ സുരക്ഷാ സവാരി ഉപകരണങ്ങളാണ്. അത് നമ്മുടെ തലയെ സംരക്ഷിക്കാനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എന്നാൽ നമ്മുടെ തലയുടെ വലിപ്പത്തിന് അനുയോജ്യമായ ശരിയായ വലിപ്പത്തിലുള്ള ഹെൽമെറ്റുകൾ വേണം എല്ലായ്പ്പോഴും തെരഞ്ഞെടുക്കാൻ. മാത്രമല്ല ISI അല്ലെങ്കിൽ ഇതിന് തുല്യമായ മറ്റ് സർട്ടിഫൈഡ് ഹെൽമെറ്റുകൾ വേണം ഉപയോഗിക്കാൻ.

ജാക്കറ്റുകൾ
റൈഡിംഗ് ജാക്കറ്റുകൾ റൈഡറിന്റെ ശരീരത്തിന്റെ മുകൾഭാഗത്തെ സംരക്ഷിക്കുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതായത് തോളുകൾ, കൈകൾ, പിൻഭാഗം, മുൻഭാഗം എന്നിവ സംരക്ഷിക്കുന്നതാണ് ഇവയുടെ ദൗത്യം.എന്നാൽ CE ലെവൽ 1-ന് മുകളിലുള്ളത് തെരഞ്ഞെടുക്കുകയാണ് നല്ലത്.

റൈഡിംഗ് പാന്റുകൾ
റൈഡിംഗ് ഉപകരണങ്ങളിൽ നാം ഒട്ടും ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഭാഗങ്ങളിൽ ഒന്നാണ് റൈഡിംഗ് പാന്റുകൾ. മോട്ടോർസൈക്കിൾ ഓടിക്കുന്നവരിൽ ഭൂരിഭാഗവും ജീൻസ് ധരിച്ചാൽ മതിയെന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ കാലുകളുടെയും മുട്ടിന്റെയും സുരക്ഷയ്ക്ക് ഇവയുടെ ഉപയോഗം അത്രമേൽ പ്രാധാന്യമർഹിക്കുന്നുവെന്ന് പ്രത്യേകം ഓർമിക്കേണ്ടതുണ്ട്.

റൈഡിംഗ് ബൂട്ടുകൾ
ഒരു സംരക്ഷണ ഇനമെന്ന നിലയിൽ ബൂട്ടുകളും റൈഡിംഗ് ഗിയറുകൾ അല്ലെങ്കിൽ സേഫ്റ്റി ഗിയറുകളുടെ കാര്യത്തിൽ വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

ഹാൻഡ് ഗ്ലൗസ്
ഈ ലിസ്റ്റിലെ ഏറ്റവും അത്യാവശ്യമായ ജോഡി ഇനങ്ങളാണ് ഹാൻഡ് ഗ്ലൗസുകൾ.

ഫുൾ ബോഡി സ്യൂട്ടുകൾ
ഫുൾ ബോഡി സ്യൂട്ടുകൾ റൈഡർക്ക് അധിക പരിരക്ഷ നൽകുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നതു തന്നെ. ഇനിയെങ്കിലും ഇവയുടെ പ്രാധാന്യമറിഞ്ഞ് മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുമ്പോൾ ഈ സേഫ്റ്റി ഗിയറുകളെ കൂടെകൂട്ടാൻ മറക്കല്ലേ..


Click it and Unblock the Notifications








