ഒരു കാർ ഷോക്ക് അബ്സോർബറിന്റെ ലൈഫ് എത്രയാണെന്ന് അറിയാമോ?
ഒരു വാഹനത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഷോക്ക് അബ്സോർബറുകൾ. അസമമായ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ഷാസിയിലെ സമ്മർദ്ദം നികത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ള സജ്ജീകരണമാണിവ. ഏതുതരം വാഹനത്തിനായാലും ഷോക്ക് അബ്സോർബറുകളുടെ ആവശ്യവും പ്രവർത്തനവും ഒഴിവാക്കാനാവാത്ത കാര്യമാണ്.

ഡ്രൈവ് ചെയ്യുമ്പോൾ റോഡിലെ ബമ്പുകൾ സൃഷ്ടിക്കുന്ന ഊർജ്ജം ആഗിരണം ചെയ്യുന്ന ഹൈഡ്രോളിക് ഡാംപറുകൾ, വീലുകളുടെ ചലനം സുരക്ഷിതമായി നിയന്ത്രിക്കുകയും അസമമായ പ്രതലങ്ങളിൽ സഞ്ചരിക്കുമ്പോൾ കാർ ബൗൺസ് ചെയ്യുന്നത് തടയുകയും ചെയ്യുന്ന പ്രവർത്തനമാണ് ഷോക്കുകൾ നിർവഹിക്കുന്നത്.

വാഹനം സന്തുലിതമാക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം റോഡിലെ കുണ്ടും കുഴികളും ഉണ്ടാകുന്ന അസ്വസ്ഥതകളിൽ നിന്ന് യാത്രക്കാരെയും സംരക്ഷിക്കാനും ഇവ സഹായിക്കുന്നു. മോശം റോഡുകളിൽ വേഗത്തിൽ വാഹനമോടിക്കുമ്പോൾ ഷോക്ക് അബ്സോർബറുകൾ തകരാറിലായേക്കാം. അല്ലെങ്കിൽ ഷോക്ക് മൗണ്ടിംഗുകൾ അയഞ്ഞിട്ടുണ്ടാകാം.

ടയറുകളെ പോലെ അല്ലെങ്കിൽ ബ്രേക്ക് പാഡുകളെ പോലെ തന്നെ കാറുകളുടെ ഷോക്ക് അബ്സോർബറുകൾക്കും ഒരു നിശ്ചിത ലൈഫുണ്ട്. ഇവയെ കുറിച്ച് കൂടുതൽ അറിഞ്ഞാലോ?

കാർ ഷോക്ക് അബ്സോർബറുകളുടെ ലൈഫ് എത്രയാണ്
ഒരു നല്ല നിലവാരമുള്ള ഷോക്ക് അബ്സോർബറിന് ഏകദേശം അഞ്ച് വർഷം വരെ നിലനിൽക്കും. എന്നാൽ ഒരു ഷോക്ക് അബ്സോർബറിന്റെ ലൈഫ് നമ്മുടെ ഡ്രൈവിംഗ് ശൈലി, റോഡുകളുടെ അവസ്ഥ, വാഹനം താണ്ടിയ കിലോമീറ്റർ തുടങ്ങിയ വിവിധ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

ഷോക്കുകൾ മാറ്റാറായി എന്ന് എങ്ങനെ അറിയാം
ആദ്യത്തെ കാര്യം തന്നെ യാത്രകളിൽ ചെറിയ കുണ്ടുകളിലോ കുഴികളിലോ ചാടുമ്പോൾ തന്നെ വാഹനത്തിന് ഭയങ്കരമായ ചാട്ടം അനുഭവപ്പെട്ടാൽ മനസിലാക്കാം ഷോക്ക് അബ്സോർബറുകൾ മാറ്റാറായി എന്ന്. കൂടാതെ കാറിന്റെ കുഷ്യനിംഗിൽ കാര്യമായ കുറവുണ്ടാവുകയും ചെയ്യും.

അസമമായ റോഡുകളിൽ വാഹനമോടിക്കുന്നതിന്റെ വൈബ്രേഷനുകൾ നിങ്ങൾക്ക് അനുഭവപ്പെട്ടാലും മനസിലാക്കുക ഷോക്കിന്റെ ആയുസ് തീർന്നുവെന്ന്. അതോടൊപ്പം തന്നെ ഷോക്കുകളിൽ നിന്നും കേൾക്കുന്ന ചില ശബ്‌ദങ്ങളിലൂടെയും ഷോക്കുകൾ മാറ്റാറായി എന്ന് അറിയാൻ കഴിയും.

വ്യത്യസ്‌ത തരം ഷോക്ക് അബ്സോർബറുകൾ
ഹൈഡ്രോളിക് ടൈപ്പ് ഷോക്ക് അബ്സോർബറുകൾ, ഡബിൾ ആക്ടിംഗ് ഷോക്ക് അബ്സോർബറുകൾ, സിംഗിൾ ആക്ടിംഗ് ഷോക്ക് അബ്സോർബർ, ഫ്രിക്ഷൻ ടൈപ്പ് ഷോക്ക് അബ്സോർബറുകൾ, ലിവർ ടൈപ്പ് ഷോക്ക് അബ്സോർബർ, ടെലിസ്കോപ്പിക് ടൈപ്പ് ഷോക്ക് അബ്സോർബർ എന്നിവയാണ് പ്രമുഖ വ്യത്യസ്‌ത തരം ഷോക്ക് അബ്സോർബറുകൾ.

ഹൈഡ്രോളിക് ടൈപ്പ് ഷോക്ക് അബ്സോർബറുകൾ
മിക്ക പാസഞ്ചർ കാറുകളിലും ഇപ്പോൾ ഹൈഡ്രോളിക് ടൈപ്പ് ഷോക്ക് അബ്സോർബറുകളാണ് ഉപയോഗിക്കുന്നത്. ചെക്ക് വാൽവുകളിലൂടെയും ചെറിയ ഹോളുകളിലൂടെയും ഒരു ഫ്ലൂയിഡ് ഫോഴ്‌സ് നൽകി സ്പ്രിംഗ് ആക്ഷന് പ്രതിരോധം വർധിപ്പിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.
MOST READ: കാർ ക്ലച്ചിന്റെ ലൈഫ് എത്രയാണ്? അവ റീപ്ലേസ് ചെയ്യേണ്ട കൃത്യ സമയം എപ്പോൾ?

ഡബിൾ ആക്ടിംഗ് ഷോക്ക് അബ്സോർബറുകൾ
ഡബിൾ ആക്ടിംഗ് ഷോക്ക് അബ്സോർബറുകൾ കംപ്രഷൻ സമയത്തും സ്പ്രിംഗുകളുടെ റീബൗണ്ട് സമയത്തും പ്രതിരോധം നൽകുന്നു.

സിംഗിൾ ആക്ടിംഗ് ഷോക്ക് അബ്സോർബർ
സിംഗിൾ ആക്ടിംഗ് ഷോക്ക് അബ്സോർബർ റീബൗണ്ടിൽ മാത്രം പ്രതിരോധം നൽകുന്ന രീതിയാണ് പിന്തുടരുന്നത്.

ഫ്രിക്ഷൻ ടൈപ്പ് ഷോക്ക് അബ്സോർബറുകൾ
പ്രവചനാതീതമായ ഡാംപിംഗ് സ്വഭാവസവിശേഷതകൾ കാരണം ഫ്രിക്ഷൻ ടൈപ്പ് ഷോക്ക് അബ്സോർബറുകൾ ഏതാണ്ട് കാലഹരണപ്പെട്ടു. നിലവിൽ ഈ ടൈപ്പ് ഉപയോഗിക്കുന്ന വാഹനങ്ങൾ കുറവാണെന്നു തന്നെ പറയാം.

ലിവർ ടൈപ്പ് ഷോക്ക് അബ്സോർബർ
ലിവർ-ടൈപ്പ് ഷോക്ക് അബ്സോർബർ ഇൻഡയറക്‌ട് പ്രവർത്തന തരമാണ്. ഇത് ഒരു ലിവറും ലിങ്കും വഴി ഷാസിയിലേക്ക് ബോൾട്ട് ചെയ്തിരിക്കുന്നു. ആക്‌സിൽ മുകളിലേക്കും താഴേക്കും നീങ്ങുമ്പോൾ ഒരു ട്വിൻ പിസ്റ്റൺ ക്രമീകരണം ഒരു വാൽവിലൂടെ ഓയിൽ നൽകുന്നു.

ടെലിസ്കോപ്പിക് ടൈപ്പ് ഷോക്ക് അബ്സോർബർ
ടെലിസ്‌കോപ്പിക് തരം ഷോക്ക് അബ്‌സോർബർ ഡയറക്ട് ആക്ടിംഗ് തരത്തിലാണ് പ്രവർത്തിക്കുന്നതും. ആക്സിലിനും ഫ്രെയിമിനും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.


Click it and Unblock the Notifications








