ഓടുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടാൽ എന്തുചെയ്യണം? വഴിയുണ്ട്!
ഡ്രൈവിംഗ് (Driving) എന്നു പറഞ്ഞാൽ ശരിക്കും ഒരു റിസ്ക്കുള്ള ഏർപ്പാടാണ്. വളരെ ശ്രദ്ധയോടെയും നിയമങ്ങൾ പാലിച്ചും ചെയ്യേണ്ട കാര്യമാണിത്. പക്ഷേ ജീവിതത്തിൽ ഒരു തവണയെങ്കിലും അപ്രതീക്ഷിതമായ തകരാറുകളും തടസങ്ങളും നേരിടാത്ത ഡ്രൈവർമാരുണ്ടാവില്ല അല്ലേ. വാഹനം കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യുക എന്നതാണ് ഇത്തരം സംഗതികളെ മറികടക്കാനുള്ള ഏകമാർഗം.
എങ്കിലും ഒരുതവണയെങ്കിലും ഡ്രൈവിംഗിനിടെ പണികിട്ടാത്തവരായി ആരും തന്നെയുണ്ടാവില്ല. പക്ഷേ വാഹനം ഓടിക്കുന്നതിനയിൽ ബ്രേക്ക് നഷ്‌ടപ്പെടുക എന്നത് ഡ്രൈവർമാരുടെ പേടിസ്വപ്‌നമാണ്. നിനച്ചിരിക്കാത്ത നേരത്തെത്തുന്ന പ്രതിസന്ധികളിൽ ഒന്നാണിത്. ഇങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ എന്തു ചെയ്യണമെന്നും പലർക്കും അറിയില്ല. ഹാൻഡ് ബ്രേക്ക് വലിച്ചും മറ്റും വാഹനം നിർത്താനുള്ള നീക്കമാകും പലരുടേയും മനസിലുദിക്കുന്ന കാര്യം. വാഹനത്തിന്റെ ബ്രേക്ക് അവിചാരിതമായി നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണമെന്നുള്ള കാര്യം പറഞ്ഞുതരാം.

പുതുതലമുറ വാഹനങ്ങളില്‍ ബ്രേക്ക് നഷ്ടപ്പെടുകയെന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിച്ചേക്കാവുന്ന ഒന്നാണെന്നതാണ് ശ്രദ്ധേയം. വളരെ കാര്യക്ഷമമായ ബ്രേക്ക് സംവിധാനം തന്നെയാണ് ഇതിന്റെ പിന്നിലെ കാരണം. ഓടുന്ന വാഹനത്തിൽ ബ്രേക്ക് തകരാറിലായാൽ എന്തുചെയ്യണമെന്ന് ചോദിച്ചാൽ മനസാന്നിധ്യം വീണ്ടെടുക്കുകയെന്നതാണ് പ്രധാനമായും ചെയ്യേണ്ടത്. പെട്ടെന്ന് വെപ്രാളപ്പെട്ട് അപകടമൊന്നും വരുത്തിവെക്കരുത്. ഇത്തരമൊരു സാഹചര്യത്തിൽ പരിഭ്രാന്തിയേക്കാൾ മനസിലാക്കുകയാണ് വേണ്ടത്.
പെട്ടെന്ന് ബ്രേക്ക് തകരാറിലായാൽ പരിഭ്രാന്തരാകുന്നതിനു പകരം സ്റ്റിയറിംഗിൽ നിയന്ത്രണം നിലനിർത്തുക. പെട്ടന്നുണ്ടാകുന്ന ഭയത്തില്‍ ആക്‌സിലറേറ്ററില്‍ അമര്‍ത്താതിരിക്കാനും ഓർമിക്കാം. ആക്‌സിലറേറ്റർ പെഡൽ സ്വതന്ത്രമാക്കിയതിനു ശേഷം ബ്രേക്ക് പെഡലില്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിലായിരിക്കും പ്രശ്‌നമെന്ന് ഉറപ്പിക്കാം. ബ്രേക്ക് പെഡൽ ആവർത്തിച്ചു ചവിട്ടിയാൽ ബ്രേക്കിംങ് സമ്മർദ്ദം താൽകാലികമായി വീണ്ടെടുക്കാൻ സാധിക്കുകയുമാവും.

ശക്തമായി ബ്രേക്ക് പെഡൽ ചവിട്ടി പമ്പ് ചെയ്യുക. ആവശ്യത്തിന് മർദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാൽ ബ്രേക്ക് പൂർണമായും ചവിട്ടുക. എന്നിട്ടും ശരിയായില്ലെങ്കിൽ വാഹനം താഴ്ന്ന ഗിയറുകളിലേക്കു മാറ്റി സ്പീഡ് കുറച്ചുകൊണ്ടുവരികയാണ് ചെയ്യേണ്ടത്. മുകളിൽ നിന്ന് നാലാമത്തെ ഗിയറിലേക്കും പിന്നീട് പതുക്കെ മൂന്നാമത്തെയും രണ്ടാമത്തെയും ഗിയറിലേക്ക് കൊണ്ടുവരിക. അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ വേരെ വേഗത കുറയ്ക്കാന്‍ എഞ്ചിൻ ബ്രേക്കിംഗിലൂടെ സാധിക്കും.
എന്നാൽ ചറപറ ഗിയർ ഡൗൺ ചെയ്യുകയുമരുത്. ഈ സാഹചര്യത്തില്‍ ആദ്യം ഒന്നോ രണ്ടോ ഗിയര്‍ മാത്രം ഡൗണ്‍ ചെയ്യുക. പെട്ടെന്നുള്ള ഗിയർഷിഫ്റ്റിംഗും ഫസ്റ്റിലേക്കോ സെക്കൻഡിലേക്കോ ഉള്ള മാറ്റം വാഹനത്തിന്റെ നിയന്ത്രണം വരെ നഷ്‌ടപ്പെടാവും കാരണമാവുക. ബ്രേക്കിംഗ് നഷ്‌ടപ്പെട്ടാൽ ഹാൻഡ് ബ്രേക്കിലൂടെ വണ്ടി നിർത്താമെന്നുള്ള തെറ്റിധാരണകളും ചിലരിലെങ്കിലുമുണ്ടാവും. എന്നാൽ അമിത വേഗത്തിൽ ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കരുതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മേൽപറഞ്ഞ കാര്യങ്ങൾ ചെയ്‌തതിനു ശേഷം വാഹനത്തിന്റെ വേഗത 20 കിലോമീറ്ററിൽ താഴെ ആയതിനു ശേഷം മാത്രം ഹാൻഡ്‌ബ്രേക്ക് വലിക്കുക. കാർ ഫസ്റ്റ് ഗിയറിൽ ഇടുകയും ക്ലച്ച് വേഗത്തിൽ വിടുകയും ചെയ്‌താൽ എഞ്ചിൻ ഇടിച്ച് വണ്ടി നിന്നുകൊള്ളും. ഓടുന്നതിനിടെ എഞ്ചിൻ ഓഫാക്കുകയോ ഗിയർ ന്യൂട്രലിലേക്ക് ഇടുകയോ ചെയ്യരുത്. ഇതോടൊപ്പം ഹോണ്‍ മുഴക്കിയും ലൈറ്റിട്ടും റോഡിലെ മറ്റ് ഡ്രൈവര്‍മാര്‍ക്ക് അപകട സൂചന നല്‍കണം. നമ്മുടെ സുരക്ഷയ്ക്കൊപ്പം അവരുടെ സുരക്ഷക്കും നാം മുൻഗണകൊടുക്കേണ്ടതുണ്ട്.
വാഹനം നിർത്താൻ കഴിഞ്ഞാൽ നിങ്ങളുടെ കാർ ഇൻഷുറൻസിൽ ആഡ്-ഓൺ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ റോഡ് സൈഡ് അസിസ്റ്റൻസിനായി വിളിക്കാനുമാവും. ഇത് ടോവിംഗ് സേവനവും നൽകുകയും അറ്റകുറ്റപ്പണികൾ ഇൻഷുറൻസ് ചെലവിൽ പൂർത്തിയാക്കുകയുമാവും. ബ്രേക്ക് മർദ്ദം നഷ്ടപ്പെടുന്നത് കാരണമാണ് അധികവും ബ്രേക്ക് തകരാറുകൾ സംഭവിക്കുന്നത്. ബ്രേക്ക് പാഡുകൾക്ക് തേയ്മാനം സംഭവിച്ചതാവാം ഇതിനു കാരണം.
എല്ലായ്പ്പോഴും ബ്രേക്ക് പാഡുകൾ സമയബന്ധിതമായി മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഇത് പറഞ്ഞുവെക്കുന്നു. മാസ്റ്റർ സിലിണ്ടർ പരിശോധിക്കുക, ബ്രേക്ക് ദ്രാവകങ്ങളും ഓയിൽ സീലുകളും പരിശോധിക്കുക. തുടങ്ങിയ കാര്യങ്ങളിലൂടെ ബ്രേക്ക് തകരാറുകളെ മറികടക്കാനാവും. ഓടുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യുമെന്ന മാര്‍ഗനിര്‍ദേശങ്ങൾ കേരള പൊലീസ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications








