അപകടത്തിൽ പെട്ടോ...? ഇക്കാര്യങ്ങൾ ചെയ്യാൻ മറക്കരുത്
ഇന്ത്യയിൽ ഓരോ മണിക്കൂറിലും 53 റോഡപകടങ്ങൾ സംഭവിക്കുന്നുവെന്നും ഓരോ മിനിറ്റിലും മരണം സംഭവിക്കുന്നുവെന്നും ലോകബാങ്കിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. റോഡിന്റെ മോശം അവസ്ഥയോ, ട്രാഫിക് മാനദണ്ഡങ്ങളിലുള്ള അവബോധമോ, അടിസ്ഥാനപരമായ റോഡ് ബോധത്തിന്റെ അഭാവമോ ആകട്ടെ, ഇന്ത്യയിൽ വാഹനാപകടങ്ങൾ വളരെ സാധാരണമായൊരു കാര്യം തന്നെയാണ്.

വാഹനം ആകുമ്പോൾ തട്ടീം മുട്ടീന്നുമൊക്കെയിരിക്കുമെന്ന് നാം പൊതുവേ പറയാറുള്ളതിന്റെ കാരണവും ഇതുതന്നെയാണ്. ആരും മനപൂർവം അപകടം വിളിച്ചുവരുത്താൻ ആഗ്രഹിക്കാറുമില്ലല്ലോ. എങ്കിലും നമ്മുടെ ചില തെറ്റായ തീരുമാനങ്ങൾ അപകടത്തിലെത്താറുണ്ട്. ഒരു ചെറിയ അശ്രദ്ധ പോലും ഡ്രൈവിംഗിൽ വലിയ പാളിച്ചകൾ ഉണ്ടാക്കാം. ആയതിനാൽ നിർഭാഗ്യകരമായ ഒരു അപകടത്തിൽ പെട്ടാൽ എന്തുചെയ്യണമെന്ന് ഏവരും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവിശ്യമായ കാര്യമാണ്.

ഒരു അപകടം സംഭവിച്ചുവെന്ന് മനസിലായാൽ ആദ്യം ചെയ്യേണ്ടത് വാഹനം നിർത്തുക എന്നതാണ്. വണ്ടി നിർത്തി കാര്യങ്ങൾ പരിഹരിക്കാൻ അനുവദിക്കുക എന്നതാണ് ആദ്യത്തെ ഘട്ടം. ഇത് നിങ്ങളുടെ നിയമപരമായ ബാധ്യത മാത്രമല്ല ധാർമികവും കൂടിയാണെന്ന് എപ്പോഴും ഓർമിക്കണം. അപകടം വലുതല്ലെങ്കിൽ പോലും, സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കരുത്.

ഇത്തരത്തിലുള്ള സംഭവങ്ങൾ നാം പലപ്പോഴും കേട്ടിട്ടുള്ള ഒന്നുകൂടിയാണല്ലേ. നിർഭാഗ്യവശാൽ അപകടം സംഭവിച്ചാൽ നിങ്ങൾക്ക് കഴിയുമെങ്കിൽ കാറിൽ നിന്ന് ഇറങ്ങുക. ഇതിനു ശേഷം ദീർഘമായി ശ്വാസം എടുക്കുക. കഴിയുന്നത്ര ശാന്തമായിരിക്കാൻ ശ്രമിക്കാനും ഓർക്കണം. തുടർന്ന് എതിർ കക്ഷിയുമായി തർക്കം ഒഴിവാക്കുക.

രണ്ടാം ഘട്ടമായി അപകടം ചെറുതാണെങ്കിലും വലുതാണെങ്കിലും പരിക്കുകൾ പറ്റിയിട്ടുണ്ടോയെന്ന് സ്വയമേ ഒന്നു പരിശോധിക്കണം. നിങ്ങൾക്കോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ പരിക്കേറ്റിട്ടുണ്ടോയെന്നും നോക്കണം. ഇനി പരിക്കേറ്റെന്ന് കണ്ടെത്തിയാൽ വൈദ്യസഹായം ആവശ്യമുണ്ടോ എന്ന് നിർണയിക്കാൻ പരിക്കുകളുടെ വ്യാപ്‌തി മനസിലാക്കണം.

എന്തപടകമാണെങ്കിലും ആദ്യം തന്നെ മെഡിക്കൽ സഹായം തേടുന്നതാവും ഉചിതം. പരിക്കേറ്റിരിക്കുന്ന ആളുകൾ അധികം സഞ്ചരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും അനിവാര്യമായ ഘടകമാണ്. പരിഭ്രാന്തരാവാതെ സഹായം എത്തുന്നതുവരെ ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്.

വൈദ്യ സഹായത്തിനായി വിളിക്കുക എന്നതാണ് അപകടം പറ്റിയാൽ അടുത്തതായി ചെയ്യേണ്ട കാര്യം. നിങ്ങൾക്കോ മറ്റാർക്കെങ്കിലുമോ നിസാര പരിക്ക് പറ്റിയിട്ടുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പ്രഥമശുശ്രൂഷ നൽകുക എന്നതാണ്. ഇത്തരം ദൗർഭാഗ്യകരമായ സാഹചര്യങ്ങളെ നേരിടാൻ നിങ്ങളുടെ വാഹനത്തിന്റെ ഗ്ലൗസ് ബോക്സിൽ ഒരു ഫസ്റ്റ് എയ്ഡ് കിറ്റ് സൂക്ഷിക്കാനും മറക്കേണ്ട.

നിങ്ങളോ മറ്റാരെങ്കിലുമോ ഗുരുതരമായി പരിക്കേൽക്കുകയോ അബോധാവസ്ഥയിലാവുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്താൽ ഉടൻ ആംബുലൻസ് സർവീസ് നമ്പരായ 102 അല്ലെങ്കിൽ കേന്ദ്രീകൃത എമർജൻസി നമ്പർ 112 ഡയൽ ചെയ്ത് ആംബുലൻസിനെ വിളിക്കുക.

അപകട രംഗത്തിന്റെ ചിത്രങ്ങൾ എടുക്കുക എന്നതും അത്യാവിശ്യമായി ചെയ്യേണ്ട ഒരു കാര്യമാണ്. പരിക്കേറ്റവരെ പരിചരിച്ചതിന് ശേഷം, അല്ലെങ്കിൽ വൈദ്യസഹായം ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ ഈ ഘട്ടത്തിലേക്ക് കടക്കാവുള്ളൂ. വാഹനത്തിന് സംഭവിച്ച കേടുപാടുകളുടെയും ഏതെങ്കിലും മൂന്നാം കക്ഷിക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെയും ചിത്രങ്ങൾ ക്ലിക്ക് ചെയ്ത് സൂക്ഷിക്കുന്നത് വളരെ സഹായകരമാവുന്ന കാര്യമാണ്.

ചിത്രങ്ങൾ വ്യക്തമാണെന്നും എല്ലാ കോണുകളിൽ നിന്നും എടുത്തതാണെന്നും ഉറപ്പാക്കുക. ഇൻഷുറൻസ് ക്ലെയിം പ്രക്രിയയിൽ തടസമില്ലാതെ സേവനം ഉറപ്പാക്കാൻ ഇത് നിങ്ങളെ സഹായിക്കും.

നിങ്ങളുടെ ഇൻഷുറൻസ് സേവന ദാതാവിനെ വിളിച്ച് അപകടത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും എത്രയും വേഗം ക്ലെയിം നൽകാനുള്ള നടപടികൾ ആരംഭിക്കാനും നിർദേശം നൽകാമെന്നതാണ് ഇനി ചെയ്യേണ്ടത്. നിങ്ങളുടെ കാറിനും മൂന്നാം കക്ഷിക്കും സംഭവിച്ച നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ഇൻഷുറൻസ് ദാതാവിനെ അറിയിച്ചുവെന്ന് ഉറപ്പാക്കുക. നിങ്ങൾ എന്തെങ്കിലും തെറ്റായ വിവരങ്ങൾ നൽകുകയാണെങ്കിൽ ക്ലെയിം നിരസിക്കപ്പെട്ടേക്കാം. അതിനാൽ ഇക്കാര്യത്തിൽ സത്യസന്ധത പുലർത്തേണ്ടതും അനിവാര്യമാണേ.

എഫ്ഐആർ രേഖപ്പെടുത്തുക എന്നതും അപകടത്തിൽ പെട്ടതിനു ശേഷം ചെയ്യേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്. സങ്കീർണമായ നിയമപ്രശ്നങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് പൊലീസിനെ എത്രയും വേഗം അറിയിക്കുക. ഒരു മൂന്നാം കക്ഷി ഇൻഷുറൻസ് ക്ലെയിമിന്റെ കാര്യത്തിൽ ഒരു എഫ്ഐആർ റിപ്പോർട്ട് ഫയൽ ചെയ്യുക. ക്ലെയിം പ്രക്രിയയിൽ ഉപയോഗപ്രദമാകുന്ന എഫ്‌ഐആറിന്റെ ഒരു പകർപ്പ് കൈയിൽ സൂക്ഷിക്കാനും മറക്കേണ്ട.

അപകടത്തെക്കുറിച്ച് നിങ്ങളുടെ ഇൻഷുറൻസ് ദാതാവിനെ അറിയിച്ചുകഴിഞ്ഞാൽ ഇനിപ്പറയുന്നതുപോലുള്ള പ്രസക്തമായ എല്ലാ രേഖകളും സമർപ്പിച്ചുകൊണ്ട് ക്ലെയിം പ്രക്രിയ പൂർത്തിയാക്കുക എന്നതാണ് അപകടം സംഭവിച്ചു കഴിഞ്ഞാൽ ചെയ്തിരിക്കേണ്ട ഏറ്റവും അവസാനത്തെ കാര്യം. സാധുവായ ഡ്രൈവിംഗ് ലൈസൻസിന്റെ ഒരു പകർപ്പ്, പൊലീസ് എഫ്‌ഐആറിന്റെ കോപ്പി, കാർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ (RC) പകർപ്പ്, കാർ ഇൻഷുറൻസ് പേപ്പറുകളുടെ പകർപ്പ്, റിപ്പയർ എസ്റ്റിമേറ്റ് എന്നിവയാണ് ഇൻഷുറൻസ് ലഭിക്കാൻ സമർപ്പിക്കേണ്ട കാര്യങ്ങൾ.

എല്ലാ രേഖകളും സമർപ്പിച്ചുകഴിഞ്ഞാൽ, ഇൻഷുറൻസ് ദാതാവ് ആവശ്യമായ അറ്റകുറ്റപ്പണിയുടെ അളവ് കണക്കാക്കുന്ന ഒരു സർവേയറെ അയച്ചേക്കാം. സർവേയ്‌ക്ക് ശേഷം, ഇൻഷുറൻസ് ദാതാവ് നിങ്ങളുടെ വാഹനം റിപ്പയർ ചെയ്യാൻ സമ്മതം അറിയിക്കും. അറ്റകുറ്റപ്പണികൾ ചെയ്തുകഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി ഇൻഷുറൻസ് ക്ലെയിം തീർപ്പാക്കും.

ഒരു നോൺ-പാർട്ട്ണർ ഗാരേജിലാണ് അറ്റകുറ്റപ്പണി നടക്കുന്നതെങ്കിൽ കമ്പനി റിപ്പയർ തുക തിരികെ നൽകും. എന്നിരുന്നാലും അത്തരമൊരു സാഹചര്യത്തിൽ എളുപ്പമുള്ള റീഇംബേഴ്സ്മെന്റ് പ്രക്രിയയ്ക്കായി എല്ലാ ബില്ലുകളും പേയ്മെന്റ് രസീതുകളും കൈവശം വയ്ക്കുന്നത് ഉറപ്പാക്കുക.


Click it and Unblock the Notifications








