ജീവനക്കാർക്ക് സമ്മാനിച്ചത് ലക്ഷങ്ങൾ വില വരുന്ന പുത്തൻ ടാറ്റ കാറുകൾ, ഞെട്ടിച്ച് സിജെ റോയിയുടെ സഹോദര സ്ഥാപനം
ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും അർഹതയ്ക്കുള്ള അംഗീകാരം ലഭിക്കുന്നത് ഏതൊരു തൊഴിലാളിയുടേയും സ്വപ്‌നമായിരിക്കും. അവന്റെ കഠിനാദ്ധ്വനം തിരിച്ചറിഞ്ഞ് ഒരു നല്ല വാക്ക് ലഭിച്ചാൽ പോലും അത് വല്ലാത്തൊരു ആനന്ദമായിരിക്കും നൽകുക. അടുത്തിടെ ചില സ്ഥാപനങ്ങൾ തങ്ങളുടെ വിശ്വസ്‌തരായ ജീവനക്കാർക്ക് വില കൂടിയ കാറുകളും ബൈക്കുകളുമെല്ലാം സമ്മാനം നൽകുന്ന വാർത്തകൾ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. ഇപ്പോഴിതാ ബെംഗളൂരു ആസ്ഥാനമായുള്ള വൈറ്റ് ഗോൾഡ് മണി തങ്ങളുടെ തൊഴിലാളികൾക്ക് ഇത്തരത്തിലൊരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ്. ദക്ഷിണേന്ത്യയിലെ, പ്രത്യേകിച്ച് കർണാടകയിലും കേരളത്തിലും വേരുകളുള്ള ഏറ്റവും വലിയ മുൻകാല സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാണിത്.
ഉപഭോക്താക്കളിൽ നിന്ന് സ്വർണം വാങ്ങി ഉടൻ പണം നൽകുന്നതാണ് കമ്പനിയുടെ പ്രധാന ബിസിനസ് മാതൃക. ഉപഭോക്താക്കളുടെ പഴയ സ്വർണം ന്യായമായ വിലയ്ക്ക്, സുതാര്യവും സുരക്ഷിതവുമായ രീതിയിൽ തൽക്ഷണം പണം ആയി മാറ്റാൻ വൈറ്റ് ഗോൾഡ് മണി സഹായിക്കുന്നു. ISO സർട്ടിഫിക്കേഷനോടു കൂടി പ്രവർത്തിക്കുന്ന ഈ സ്ഥാപനം അറുപതിലധികം ശാഖകളിലൂടെ സ്വർണ വായ്പകൾ തീർക്കുന്നതിനും സേവനം നൽകുന്നുണ്ട്.

കോൺഫിഡൻസ് ഗ്രൂപ്പിന്റെ എംഡിയായിരുന്ന അടുത്തിടെ ആത്മഹത്യ ചെയ്‌ത സിജെ റോയിയുടെ സഹോദരനായ ബാബു സിജെയാണ് വൈറ്റ് ഗോൾഡ് മണിയുടെ ഉടമ. പ്രധാനമായും ബെംഗളൂരു ആസ്ഥാനമായാണ് ഇവർ പ്രവർത്തിക്കുന്നത്. എന്തായാലും ജീവനക്കാർക്ക് ടാറ്റയുടെ ഉരുക്കിന്റെ ബലമുള്ള സിയറയും ആൾട്രോസുമാണ് ഗ്രൂപ്പ് സമ്മാനമായി നൽകിയിരിക്കുന്നത്. കാറുകൾ അവരുടെ ജീവനക്കാർക്ക് കൈമാറുന്ന ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്.
ടാറ്റ ആൾട്രോസ് ഹാച്ച്ബാക്കുകളും സിയറസ് എസ്‌യുവികളും ജീവനക്കാർക്ക് കൈമാറുന്ന ചടങ്ങിന്റെ ചിത്രങ്ങൾ വൈറ്റ് ഗോൾഡ് മണി അവരുടെ ഔദ്യോഗിക പേജിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. വൈറ്റ് ഗോൾഡിന്റെ സ്ഥാപകനും സിഇഒയുമായ ബാബു സിജെ, ഭാര്യ ബീന ബാബുവിനെയും ചടങ്ങിൽ കാണാം. നിലവിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള നൂറിലധികം ഔട്ട്‌ലെറ്റുകളിലായി കമ്പനിക്ക് 100-250-ലധികം ജീവനക്കാരുണ്ട്.

നിലവിൽ ടാറ്റ പുതുതായി പുറത്തിറക്കിയ മിഡ്-സൈസ് എസ്‌യുവിയാണ് സിയറ. 11.49 ലക്ഷം രൂപ മുതൽ 21.29 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലഷ്ഡ് പ്ലസ് എന്നീ വ്യത്യസ്‌ത വേരിയൻ്റുകളിലും എസ്‌യുവി തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ജീവനക്കാർക്ക് കമ്പനി ഇതിൽ ഏത് വേരിയന്റാണ് സമ്മാനിച്ചിരിക്കുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല.
1.5 ലിറ്റർ NA പെട്രോൾ, പുതിയ 1.5 ലിറ്റർ GDi ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ-പോട്ട് ഡീസൽ എന്നിങ്ങനെ 3 എഞ്ചിൻ ഓപ്ഷനുകളിലാണ് ടാറ്റ സിയറ തിരികെയെത്തിയിരിക്കുന്നത്. ടാറ്റയുടെ പുതിയ ARGOS ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ മോഡൽ പണികഴിപ്പിച്ചിരിക്കുന്നത്. 1991 മോഡൽ ഐക്കണിക് സിയറയുടെ രൂപഭംഗി ആവാഹിച്ച് എത്തിയിരിക്കുന്നതും ആളുകളിൽ മതിപ്പുളവാക്കിയിട്ടുണ്ട്. മോഡേൺ സവിശേഷതകളെല്ലാം കുത്തിനിറച്ചാണ് ഇതിഹാസത്തിനെ കമ്പനി തിരികെ കൊണ്ടുവന്നിരിക്കുന്നത് എന്നതും പ്ലസ് പോയിന്റായിട്ടുണ്ട്.

ഇനി ജീവനക്കാർക്ക് കൊടുത്ത രണ്ടാമത്തെ കാർ ടാറ്റ മോട്ടോർസിന്റെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസാണ്. സ്മാർട്ട്, പ്യുവർ, പ്യുവർ എസ്, ക്രിയേറ്റീവ്, ക്രിയേറ്റീവ് എസ്, അക്കംപ്ലിഷ്ഡ് S, അക്കംപ്ലഷ്ഡ് പ്ലസ് S എന്നിങ്ങനെ 7 വേരിയന്റുകളിലാൽ വിപണിയിലെത്തുന്ന മാരുതി സുസുക്കി ബലേനോയുടെ എതിരാളിക്ക് 6.30 ലക്ഷം മുതൽ 10.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ എക്സ്ഷോറൂം വില മുടക്കേണ്ടതായി വരുന്നത്.
ഇന്ത്യയിൽ ഡീസൽ എഞ്ചിൻ വാഗ്‌ദാനം ചെയ്യുന്ന ഏക ഹാച്ച്ബാക്കാണ് ആൾട്രോസ്. 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.5 ലിറ്റർ 4-സിലിണ്ടർ ടർബോ ഡീസൽ, പെട്രോളിനൊപ്പം ഡ്യുവൽ-സിലിണ്ടർ സാങ്കേതികവിദ്യയുള്ള സിഎൻജി എന്നിവയാണ് ടാറ്റ ആൾട്രോസിലെ എഞ്ചിൻ ഓപ്ഷനുകൾ. മാനുവൽ, എഎംടി,ഡിസിടി എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ചോയ്‌സുകളും ആൾട്രോസിനൊപ്പം ലഭിക്കുന്നതാണ്.


Click it and Unblock the Notifications








