ഡീസൽ കാറുകൾക്ക് സ്പാർക്ക് പ്ലഗ് ഇല്ലാത്തതിന്റെ കാരണം ഇതായിരുന്നോ?
ഡീസൽ എഞ്ചിനുകൾ ലോകത്തു നിന്നു തന്നെ പതിയെ വിടപറയുകയാണ്. മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള വിപണികളിൽ നിന്നും ഡീസൽ വാഹനങ്ങളെ ഒഴിവാക്കാനുള്ള തീരുമാനവും അതത് സർക്കാരുകൾ കൈക്കൊണ്ടിട്ടുണ്ട്. ബദലായി ഹൈബ്രിഡും ഇലക്ട്രിക്കുമെല്ലാമാണ് കൊണ്ടുവരുന്നതെങ്കിലും ആളുകൾക്ക് ഇന്നും പ്രിയം ഡീസൽ വണ്ടികളാണ്.
അതിന്റെ പ്രധാന കാരണമാവട്ടെ മറ്റ് എഞ്ചിനുകളെ അപേക്ഷിച്ച് കിട്ടുമ്പോഴുള്ള ഉയര്‍ന്ന മൈലേജ് തന്നെയാണ്. പെട്രോൾ മോഡലുകളെയെല്ലാം അപേക്ഷിച്ച് നോക്കുമ്പോൾ ഏകദേശം 33 ശതമാനം ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഇവ നൽതുന്നത്. വാഹന നിർമാതാക്കൾ ചെറു ഡീസൽ കാറുകളുടെ ഉത്പാദനം നിർത്തുകയാണെങ്കിലും എസ്‌യുവി സെഗ്മെന്റിലെല്ലാം ഓയിൽ ബർണറുകൾ തന്നെയാണ് ഇപ്പോഴും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്.

മികച്ച മൈലേജിനൊപ്പം പെർഫോമൻസും നൽകുന്നതാണ് ഇവയുടെ ഹൈലൈറ്റ്. പെട്രോൾ മോഡലുകൾ ഓടിക്കുന്നതുപോലെയല്ല ഡീസൽ കാറുകൾ ഓടിക്കേണ്ടത്. മാത്രമല്ല ഇവയുടെ പ്രവർത്തനവും വ്യത്യസ്‌തമാണ് കേട്ടോ. പെട്രോൾ എഞ്ചിനുകൾ സ്പാർക്ക് പ്ലഗിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. അതേസമയം ഡീസൽ എഞ്ചിൻ വാഹനങ്ങളിൽ ഈ സംഗതിയുടെ ആവശ്യവുമില്ല. ഇതുപലർക്കും പുതിയൊരു അറിവായിരിക്കും അല്ലേ.
ഡീസൽ എഞ്ചിൻ വാഹനങ്ങൾക്ക് സ്പാർക്ക് പ്ലഗ് വേണ്ടത്തതിന്റെ കാരണം എന്താണെന്നറിയാമോ? പറഞ്ഞുതരാം, പെട്രോൾ എഞ്ചിനായാലും ഡീസൽ എഞ്ചിനായാലും രണ്ടിനേയും ആന്തരിക ജ്വലന എഞ്ചിൻ (ICE) എന്നാണ് വിളിക്കുന്നത്. ഇവയിൽ ഇന്ധനത്തിന്റെയും വായുവിന്റെയും മിശ്രിതം കത്തിക്കുന്നു. ഇതിലൂടെ രാസ ഊർജം താപ ഊർജ്ജമായി പരിവർത്തനം ചെയ്യപ്പെടുന്നു. തുടർന്ന് മെക്കാനിക്കൽ ഊർജവും ഉത്പാദിപ്പിക്കപ്പെടുന്നു.

ഇതാണ് വാഹനം ഓടിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ രണ്ട് എഞ്ചിനുകളുടെയും പ്രവർത്തനത്തിൽ നേരിയ വ്യത്യാസമുണ്ട്. പെട്രോൾ എഞ്ചിനിൽ ജ്വലനത്തിനായി സ്പാർക്ക് പ്ലഗ് ഉപയോഗിക്കുന്നു. എന്നാൽ ഡീസൽ എഞ്ചിനിൽ സ്പാർക്ക് പ്ലഗ് ഇല്ല. ഡീസൽ എഞ്ചിനുകളിൽ സ്പാർക്ക് പ്ലഗ് ഇല്ലാതെയാണ് ജ്വലന പ്രക്രിയ നടക്കുന്നത്. പക്ഷേ ഇത് എങ്ങനെ സംഭവിക്കുന്നുവെന്നായിരിക്കും അല്ലേ.
ഒരു പെട്രോൾ എഞ്ചിനിലെ സ്പാർക്ക് പ്ലഗിന്റെ ദൌത്യം എന്താണെന്ന് വെച്ചാൽ ഇന്ധനത്തിന്റെയും വായുവിന്റെയും മിശ്രിതം കത്തിക്കാൻ വൈദ്യുത ചാർജ് സൃഷ്ടിക്കുക എന്നതാണ്. ഡീസൽ എഞ്ചിനിൽ ഇന്ധനവും വായുവും മാത്രമേ ജ്വലനത്തിന് ഉപയോഗിക്കുന്നുള്ളൂ. ഇതിനായി സിലിണ്ടറിൽ വളരെ ഉയർന്ന മർദ്ദവും താപനിലയും ആവശ്യവുമാണ്. ഒരു ഡീസൽ എഞ്ചിന്റെ സിലിണ്ടറിലെ വായു വളരെയധികം കംപ്രസ് ചെയ്യപ്പെടുകയും ഇതുമൂലം വായു വളരെയധികം ചൂടാവുകയും ചെയ്യും.

അങ്ങനെ ബാഹ്യ സഹായമില്ലാതെ അതായത് സ്പാർക്ക് പ്ലഗിന്റെ ആവശ്യമില്ലാതെ ഡീസൽ കത്തിക്കുന്നു. ഈ പ്രക്രിയയെ "സെൽഫ് ഇഗ്നിഷൻ" എന്ന് വിളിക്കുന്നു. ഡീസല്‍ എഞ്ചിനുകളുടെ കംപ്രഷന്‍ അനുപാതം 14:1മുതല്‍ 25:1 വരെയാണ്. മറ്റ് ഇന്ധന എഞ്ചിനുകള്‍ക്ക് സാധാരണയായി 8:1 മുതല്‍ 12 വരെയാണ് ലഭിക്കുക. അതുകൊണ്ട് തന്നെ ഓട്ടോ ഇഗ്നിഷന് മുമ്പ് ഡീസല്‍ കംപ്രഷന്‍ ഇരട്ടിയോളം ലഭിക്കുമെന്ന് ഇതിലൂടെ വ്യക്തമാണ്.
ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ പെട്രോൾ ഒരു ഭാരം കുറഞ്ഞ ഇന്ധനമാണ്. അത് വായുവിൽ കൂടുതൽ എളുപ്പത്തിൽ ബാഷ്പീകരിക്കപ്പെടുകയും പെട്ടെന്ന് തീ പിടിക്കുകയും ചെയ്യുന്നു. അതേസമയം ഡീസൽ ഒരു സാന്ദ്രമായ ഇന്ധനമാണ്. ആയതിനാൽ എളുപ്പത്തിൽ തീ പിടിക്കില്ല. കത്തിക്കാൻ ഉയർന്ന താപനില ആവശ്യമാണ്. എപ്പോഴെങ്കിലും പെട്രോളോ ഡീസലോ ഉപയോഗിച്ച് മറ്റ് വസ്തുക്കളോ വേസ്റ്റോ കത്തിക്കാൻ ശ്രമിച്ചിട്ടുള്ളവർക്ക് ഇക്കാര്യം പെട്ടെന്ന് മനസിലാക്കാനാവും.

പെട്രോൾ എഞ്ചിന് ഇന്ധനം കത്തിക്കാൻ സ്പാർക്ക് പ്ലഗ് ആവശ്യമായി വരുമ്പോൾ ഡീസൽ എഞ്ചിൻ കംപ്രഷനെ ആശ്രയിക്കേണ്ടതിന്റെ കാരണം ഇതാണ്.ഗ്യാസോലിന്‍ എഞ്ചിനുകള്‍ സ്പാര്‍ക്ക്-ഫയര്‍ കമ്പസ്റ്റണിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. അതേസമയം ഡീസല്‍ എഞ്ചിനുകള്‍ ഓട്ടോ ഇഗ്നിഷന്‍ സംഭവിക്കുന്നത് വരെ കംപ്രഷന്‍ വഴി ഇന്ധന കമ്പസ്റ്റണ്‍ ആരംഭിക്കുന്നുവെന്നാണ് ഇതിന്റെയെല്ലാം ചുരുക്കം.
പിന്നെ പെട്രോള്‍ എഞ്ചിന്‍ ഡീസലിനെക്കാള്‍ കുറവ് മലീനീകരണമാണ് ഉണ്ടാക്കുന്നത് എന്ന പൊതുധാരണയും പലർക്കുമിടയിലുണ്ട്. എന്നാല്‍ ഈ ധാരണ തെറ്റാണ്. പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് മലീനികരണം കുറവ് ഉണ്ടാക്കുന്നവ ഡീസല്‍ എഞ്ചിനുകള്‍ ആണെന്ന് വിദഗ്ധര്‍ പറയുന്നുണ്ട്. പക്ഷേ ഡീസൽ എഞ്ചിനുകളുടെ ഉയർന്ന കംപ്രഷൻ അനുപാതം അർഥമാക്കുന്നത് നൈട്രജന്റെ (NOx) ഓക്സൈഡുകളുടെ വർധിച്ച ഉദ്‌വമനം എന്നാണ്. ഇത് ഡീസൽ എഞ്ചിനുകൾക്കും പെട്രോളിനും എതിരായ പ്രധാന പോരായ്മകളിൽ ഒന്നാണ്.


Click it and Unblock the Notifications








