ഇലക്‌ട്രിക് കാറുകൾക്ക് ഫ്രണ്ട് ഗ്രിൽ ഇല്ലാത്തത് എന്തുകൊണ്ടെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഇലക്‌ട്രിക് കാറുകൾ നമ്മുടെ നിരത്തിലെ സ്ഥിരം കാഴ്ച്ചയായി മാറികൊണ്ടിരിക്കുകയാണ്. എന്നാൽ പരമ്പരാഗത പെട്രോൾ, ഡീസൽ കാറുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കാഴ്ച്ചയിലെല്ലാം സമാനമാണെങ്കിലും ഗ്രില്ലിന്റെ ഭാഗം വരുമ്പോൾ പലർക്കും പല സംശയങ്ങളും ഉണ്ടാവാറുണ്ട്.

പരമ്പരാഗത കാറുകളേ അപേക്ഷിച്ച് ക്ലോസ്‌ഡ് ഗ്രില്ലാണ് ഇവ സ്വീകരിച്ചിരിക്കുന്നത് എന്നതു തന്നെയാണ് ഇതിനുപിന്നിലുള്ള കാരണം. എന്തുകൊണ്ടാണ് ഇലക്ട്രിക് കാറുകളുടെ ഫ്രണ്ട് ഗ്രില്ലുകൾ അങ്ങനെയുള്ളതെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അടുത്തിടെ ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂറും പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ്മയും ഇലക്ട്രിക് കാറുകളുടെ ഫ്രണ്ട് ഗ്രില്ലുകൾ ഇഷ്ടപ്പെടുന്നില്ലെന്ന അഭിപ്രായം പങ്കുവെച്ചിരുന്നു. അടഞ്ഞ രീതിയിലുള്ള ഈ ഡിസൈൻ ഇവികളെ കളിപ്പാട്ടങ്ങളാക്കുന്നുവെന്നായിരുന്നു സഞ്ജീവ് കപൂറിന്റെ ട്വീറ്റ്.

ഇത് പൂർണമായും അംഗീകരിക്കുന്നുവെന്ന് വിജയ് ശേഖർ ശർമ്മയും റീട്വീറ്റ് ചെയ്യുകയും ചെയ്‌തതോടെ സംഭവം പല ചർച്ചകൾക്കും വഴിവെക്കുകയും ചെയ്‌തു. പലർക്കും ഇതിനുള്ള ഉത്തരങ്ങൾ അറിയാമെങ്കിലും അറിയാത്ത ആളുകൾക്കായി എന്തുകൊണ്ടാണ് ഇലക്ട്രിക് കാറുകൾ ക്ലോസ്‌ഡ് ഗ്രില്ലുകളുമായി വരുന്നതെന്ന് ഒന്നു പറഞ്ഞുതരാം.

എയറോഡൈനാമിക്സ്
ബാറ്ററി റേഞ്ച് വർധിപ്പിക്കാൻ ഇലക്ട്രിക് കാർ നിർമാതാക്കൾ വളരെയധികം ശ്രമകരമായ നീക്കങ്ങളാണ് നടത്തുന്നത്. നല്ല എയറോഡൈനാമിക്‌സ് ഉറപ്പാക്കുന്നത് അതിനുള്ള ഒരു മാർഗമായി കമ്പനികൾ കണക്കാക്കുന്നു. മോശം എയറോഡൈനാമിക്സ് എന്നാൽ ക്രൂയിസിംഗ് വേഗതയിൽ ഇഴച്ചിൽ അനുഭവപ്പെടുമെന്നാണ് അർഥമാക്കുന്നത്.

ഉയർന്ന ഡ്രാഗ് എന്നാൽ ഇലക്ട്രിക് മോട്ടോറിന് പ്വർത്തന ഭാരം കുറയുന്നതിനൊപ്പം ബാറ്ററിയുടെ ചാർജും സംരക്ഷിക്കാൻ കഴിയുമെന്നാണ്. അതിനാൽ, ഒരു ഇലക്ട്രിക് കാറിന്റെ രൂപകൽപ്പന വളരെ എയറോഡൈനാമിക് ആയിരിക്കേണ്ടത് പ്രധാനമാണ്. മുൻവശത്തെ ഗ്രിൽ പൂർണമായും ക്ലോസ് ചെയ്യുന്നത് ഇലക്ട്രിക് കാറുകളെ കൂടുതൽ എയറോഡൈനാമിക് ആക്കാൻ സഹായിക്കുന്നു.

ചെലവ് കുറയ്ക്കൽ
ഡീസൽ, പെട്രോൾ, സിഎൻജി, എൽപിജി തുടങ്ങിയ ഇന്ധനങ്ങളാൽ പ്രവർത്തിക്കുന്ന പരമ്പരാഗത കാറുകളിൽ നിന്ന് വ്യത്യസ്തമായി, ഇലക്ട്രിക് കാറുകൾക്ക് എഞ്ചിനുകളില്ല. ഇതിനർഥം മുന്നിൽ റേഡിയേറ്റർ ഇല്ലെന്നാണ്. അതിനാൽ റേഡിയേറ്റർ തണുപ്പിക്കേണ്ടതായ ആവശ്യം ഇവിടെ ഇല്ലാതാവുന്നു.

അതിനാൽ, ഇന്റേണൽ കംബസ്‌ഷൻ എഞ്ചിൻ (ICE) കാറുകളിൽ റേഡിയേറ്ററിലേക്ക് വായു എത്തിക്കുന്ന ഫ്രണ്ട് ഗ്രില്ലിനെ ഒഴിവാക്കാൻ ഇലക്ട്രിക് കാറുകൾക്ക് കഴിയും. വാഹന വ്യവസായത്തിൽ ലാഭിക്കുന്ന ഓരോ രൂപയും നിർണായകമാണ്. അതിനാൽ വാഹന നിർമാണ കമ്പനികൾ എപ്പോഴും ചെലവ് കുറയ്ക്കുന്നതിനുള്ള നൂതന മാർഗങ്ങൾ തേടുകയും ചെയ്യും. ഫ്രണ്ട് ഗ്രില്ല് ഒഴിവാക്കുന്നത് അത്തരത്തിലുള്ള ഒരു നടപടിയാണ്.

വിപുലമായ ഫ്രണ്ട് ഗ്രില്ലിന്റെ സ്ഥാനത്ത് ഒരു അടഞ്ഞ ഭാഗം നൽകുന്നത് ചെലവ് കുറയ്ക്കാൻ സഹായകരമാവുന്ന കാര്യമാണ്. മിക്ക ഇലക്ട്രിക് കാറുകളിലും പരമ്പരാഗത ഗ്രില്ലുകൾക്ക് പകരം ഗ്ലോസ്ഡ് ബ്ലാങ്കിംഗ് പ്ലേറ്റുകളാണ് ഉപയോഗിക്കുന്നത്. അതിനാൽ ഇവികളുടെ മുൻഭാഗത്തെ രൂപകൽപ്പനയെ അത്ര ആകർഷകമാക്കിയേക്കില്ലെന്ന് സാരം.

ഇന്ത്യയിൽ ടാറ്റ നെക്‌സോൺ ഇവി, ടിഗോർ ഇവി, ഹ്യുണ്ടായി കോന ഇലക്ട്രിക്, എംജി ZS ഇവി തുടങ്ങിയ കാറുകൾക്കെല്ലാം ഫ്രണ്ട് ഗ്രില്ലുകളും അവരുടെ ഇന്റേണൽ കമ്പഷൻ വേരിയന്റുകളെ അപേക്ഷിച്ച് ക്ലോസ്‌ഡ് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഫ്രണ്ട് ഗ്രിൽ മിക്കവാറും എല്ലാ പരമ്പരാഗത കാറുകളുടെയും പ്രധാന ഡിസൈൻ ഘടകമാണ്. മാത്രമല്ല പലപ്പോഴും റോഡിലെ കാറിന്റെ ഐഡന്റിറ്റിയും ഇവയാണ് നിർണയിക്കുകയും ചെയ്യുന്നത്. ഒരു ബിഎംഡബ്ല്യു അതിന്റെ സിഗ്നേച്ചർ കിഡ്നി ഫ്രണ്ട് ഗ്രിൽ ഇല്ലാതെ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലുമാവില്ലല്ലോ... അതാണ് ഗ്രില്ലിന്റെ പ്രാധാന്യം.

എയറോഡൈനാമിക്സിൽ വിട്ടുവീഴ്ച്ച ചെയ്യാതെ തന്നെ രസകരമായ ഒരു ഗ്രിൽ ഡിസൈൻ തീർച്ചയായും ഇലക്ട്രിക് കാറുകളിലും ചെയ്യാൻ കഴിയും. അതിനാൽ വരാനിരിക്കുന്ന ഭാവി ഇവികളിൽ ഇത്തരം മാറ്റങ്ങളെല്ലാം ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications