സ്‌കൂട്ടറുകളിൽ നിന്നും സ്റ്റെപ്പിനി ഒഴിവാക്കാൻ കാരണം ഇതായിരുന്നല്ലേ, നമ്മൾ ഇതൊന്നും അറിയാതെ പോയല്ലോ
സ്കൂട്ടറുകളില്ലാത്ത വീടുകൾ ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ രാജ്യത്തുള്ളത്. പ്രായോഗികതയുടെ കാര്യത്തിൽ ഒരു ബൈക്കിനും കിടപിടിക്കാനാവില്ലെന്നതാണ് ഇവയുടെ വിജയമന്ത്രം. സാധാനങ്ങൾ കയറ്റാനായാലും ഏത് പ്രായത്തിലുള്ളവർക്ക് ഉപയോഗിക്കാനായാലും ഇത്രയും സൌകര്യമുള്ള മറ്റൊരു ഇരുചക്ര വാഹനം ഇല്ലെന്നതാണ് സത്യം. പണ്ടുകാലത്ത് സ്‌കൂട്ടർ എന്നുപറഞ്ഞാൽ അൽപം തടിച്ച് പിന്നിലൊരു സ്റ്റെപ്പിനി ടയറൊക്കെ വെച്ചുള്ള രസികൻ വാഹനമായിരുന്നു. ഓട്ടോറിക്ഷയുടേതിന് സമാനമായി കൈയിലെ ഗിയറും സ്‌കൂട്ടറുകളുടെ ഗമ ഇരട്ടിയാക്കിയിരുന്നു. എന്നാൽ കാലം മാറിയതോടെ കോലവും മാറി സ്‌കൂട്ടറുകൾ രംഗത്തിറങ്ങി. ഗിയർ ഒഴിവാക്കിയതോടൊപ്പം സ്റ്റെപ്പിനി ടയറും പിന്നിൽ നിന്നും പതിയെ കമ്പനികൾ ഒഴിവാക്കി തുടങ്ങി.
ഇതുചുമ്മാ അങ്ങ് എടുത്തുകളഞ്ഞതല്ല കേട്ടോ. അതിന് പിന്നിലും രസകരമായ ചില കാര്യങ്ങളുണ്ടായിരുന്നുവെന്നതാണ് സത്യം. അതിനെ കുറിച്ചൊന്നും നമ്മളിൽ പലരും ഇതുവരെ ചിന്തിച്ചിട്ടേയുണ്ടാവില്ല അല്ലേ. കാലത്തിനനുസരിച്ച് വാഹനങ്ങളുടെ സാങ്കേതിക വിദ്യയും ഏറെ മാറിയിട്ടുണ്ട്. പഴയകാല ബൈക്കുകളേക്കാളും സ്കൂട്ടറുകളേക്കാളും കാര്യക്ഷമതയുള്ളതാണ് ഇന്നത്തെ ബൈക്കുകളും സ്കൂട്ടറുകളും എന്നതിൽ തർക്കമൊന്നുമില്ല.

പണ്ടത്തെ സ്കൂട്ടറുകളിൽ പഞ്ചറായാൽ മാറ്റി ഉപയോഗിക്കാനാണ് സ്റ്റെപ്നി ടയർ പിന്നിൽ ഘടിപ്പിച്ചിരുന്നത്. അതും നമുക്ക് സ്വയം മാറ്റിയിടാനുമാവും. അക്കാലത്ത് ഇന്നത്തേതു പോലെ പഞ്ചർ വർക്ക്ക്ഷോപ്പുകളോ ടയർ കടകളോ ഉണ്ടായിരുന്നില്ലല്ലോ. ആക്‌ടിവ വരെ തുടക്കകാലത്ത് പിന്നിൽ സ്റ്റെപ്പിനി ഘടിപ്പിച്ചാണ് വിപണിയിൽ എത്തിയിരുന്നത്. പിന്നീട് അത് ഒഴിവാക്കുകയും ചെയ്‌തു. ഇതിന്റെയെല്ലാം കാരണം അന്വേഷിച്ച് ഒന്നിറങ്ങിയാലോ? സംഭവം രസകരമായ എന്തെങ്കിലുമാണെങ്കിലോ...
ട്യൂബ്‌ലെസ് ടയറുകളുടെ ഉപയോഗം: ഇന്ന് മിക്ക സ്‌കൂട്ടറുകളിലും ട്യൂബ് ലെസ് ടയറുകളാണ് വരുന്നത്. പഞ്ചറായാലും പെട്ടെന്ന് വായു പുറത്തുവിടില്ല. ആയതിനാൽ സ്‌കൂട്ടർ ഓടിക്കുന്നയാൾക്ക് അടുത്തുള്ള ടയർ റിപ്പയർ ഷോപ്പ് കണ്ടെത്താൻ ഇത് സമയം നൽകും. ട്യൂബ് ഇല്ലാത്ത ടയർ പഞ്ചറായാൽ നന്നാക്കാനും എളുപ്പമാണ്. പലരും ഇപ്പോൾ പഞ്ചർ കിറ്റ് കൊണ്ടുനടക്കുന്നതിനാൽ സ്വയം ശരിയാക്കുന്നവരുമുണ്ട്. അതുകൊണ്ട് സ്റ്റെപ്പ്നിയുടെ ആവശ്യം കുറഞ്ഞു.

ഡിസൈനും സ്ഥലത്തിൻ്റെ അഭാവവും: പണ്ടുകാലത്തെ സ്‌കൂട്ടറുകളെ അപേക്ഷിച്ച് ആധുനിക സ്കൂട്ടറുകളുടെ രൂപകൽപ്പന ഒതുക്കമുള്ളതായി മാറിയിട്ടുണ്ട്. ആയതിനാൽ സ്റ്റെപ്പിനി നിലനിർത്താൻ അവയ്ക്ക് അധിക ഇടമില്ല. സ്‌കൂട്ടറുകളിൽ സീറ്റിനടിയിലെ സ്റ്റോറേജിനും മറ്റ് ഫീച്ചറുകൾക്കും ഡിമാൻഡ് വർധിക്കുന്നതിനാൽ നിർമ്മാതാക്കൾ സ്റ്റെപ്‌നി സ്പേസ് കൊടുക്കാറില്ലെന്നതും ഈയൊരു കാര്യത്തിന് മാറ്റംകൊണ്ടുവന്നു.
ഭാരക്കുറവും മൈലേജും: സ്റ്റെപ്പിനി ചേർക്കുന്നതിലൂടെ സ്‌കൂട്ടറിൻ്റെ ഭാരം ഏകദേശം 5-6 കിലോഗ്രാം വരെ വർധിക്കുന്നുണ്ട്. ഇതുമൂലം സ്കൂട്ടറിൻ്റെ മൈലേജ് കുറയാനും കാരണമാവും. ഇന്നത്തെ കാലത്ത് പുതിയ സ്കൂട്ടറുകൾക്ക് ഭാരം കുറവായതിനാൽ കൂടുതൽ മൈലേജ് ലഭിക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം പിന്നിൽ നിന്നും സ്റ്റെപ്പിനി ഒഴിവാക്കി എന്നതാണ്. അയതിനാൽ കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാനുമായി.

പഞ്ചർ നന്നാക്കാനുള്ള എളുപ്പം: ഇപ്പോൾ മിക്ക സ്ഥലങ്ങളിലും സർവീസ് സെൻ്ററുകളും പഞ്ചർ റിപ്പയർ ഷോപ്പുകളും എളുപ്പത്തിൽ കണ്ടെത്താനാവും. വാഹനങ്ങളുടെ എണ്ണം നിരത്തിൽ കൂടിയതിനാൽ ഇത്തരം സംരംഭങ്ങൾക്കെല്ലാം വലിയ സാധ്യതയാണുള്ളത്. അതുകൊണ്ട് തന്നെ സ്റ്റെപ്പിനിയുടെ ആവശ്യം മുമ്പത്തെപ്പോലെയില്ലാതായി. ടയർ മാറ്റുന്നതിനേക്കാൾ എളുപ്പത്തിൽ ആളുകൾക്ക് പഞ്ചറുകൾ ഒട്ടിക്കുന്നതാണ്.
സാങ്കേതിക മെച്ചപ്പെടലുകൾ: ഇന്നത്തെ ടയറുകൾ പഴയ സ്‌കൂട്ടറുകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാലം നിലനിൽക്കുന്നവയാണെന്നതും ഇടയ്‌ക്കിടെ മാറ്റിസ്ഥാപിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യാനോ ഉള്ള ആവശ്യം കുറയ്ക്കുന്നുവെന്നതും സ്കൂട്ടറുകളിൽ നിന്നും സ്റ്റെപ്പിനികൾ ഒഴിവാക്കിനിടയായിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കൂട്ടറുകൾ കൂടുതൽ ഉപയോക്തൃ സൗഹൃദമായി മാറിയിരിക്കുന്നതും സ്റ്റെപ്പിനിയുടെ ആവശ്യത്തെ നിരാകരിക്കുന്നു. ഇതെല്ലാമാണ് മോഡേൺ സ്കൂട്ടറുകളിൽ നിന്നും സ്റ്റെപ്പിന് അപ്രത്യക്ഷമാവാൻ കാരണമായിരിക്കുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications







