അയ്യേ ടാറ്റയിൽ നിന്നും അമ്പോ ടാറ്റയാക്കിയ മാജിക്; അതാണ് ഇംപാക്‌ട് 2.0 ഡിസൈൻ
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കിയേക്കാൾ വലിയ സ്വീകാര്യതയാണ് ടാറ്റ മോട്ടോർസിന് ഇന്ന് ഒരു കമ്പനി എന്ന നിലയിൽ നിന്നും ഇന്ത്യയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷയിലൂടെയും കിടിലൻ ഡിസൈനിലൂടെയുമാണ് ടാറ്റ ജനഹൃദയങ്ങൾ കീഴടക്കിയത്.

ഇൻഡിക്കയിലൂടെ തുടങ്ങിയ വിപ്ലവം ഇടയ്ക്കൊന്ന് കെട്ടടങ്ങിയെങ്കിലും കഴിഞ്ഞ 4-5 വർഷമായി ഇന്ത്യൻ ഉപഭോക്താക്കളുടെ ഇടയിൽ നിന്നും ടാറ്റ കാറുകൾക്കുള്ള സ്ഥാനം വളരെ നിർണായകമായി മാറി. മാരുതി കഴിഞ്ഞാൽ പലരും ചിന്തിക്കുന്നതു തന്നെ ടാറ്റയുടെ കാറുകളെ കുറിച്ചാണെന്നു പറയാം.

ഇൻഡിക്കയ്ക്കു ശേഷം 2015 വരെ ഇന്ത്യൻ വാഹന വിപണിയിൽ കാര്യമായ വിഹിതമൊന്നുമില്ലാതെ പെടാപാടുപെടുകയായിരുന്നു ടാറ്റ മോട്ടോർസ്. എന്നാൽ ടാറ്റ ഇംപാക്‌ട് 2.0 ഡിസൈനുകൾ നിലവിൽ വന്നതു മുതൽ കാര്യങ്ങൾ നല്ല രീതിയിൽ മാറി. എന്തുകൊണ്ടാണ് ഇംപാക്റ്റ് 2.0 ഡിസൈൻ ഇന്ത്യൻ ഉപഭോക്താക്കളെ ഇത്രയും ആകർഷിച്ചതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചുട്ടുണ്ടോ?

ടാറ്റ ഇംപാക്‌ട് 2.0 - ഉത്ഭവം
സെസ്റ്റിലും ബോൾട്ടിലും പ്രദർശിപ്പിച്ച യഥാർത്ഥ ഇംപാക്‌ട് ഡിസൈനിന്റെ രണ്ടാം പതിപ്പാണ് ടാറ്റ ഇംപാക്റ്റ് 2.0 എന്ന പേരിൽ അറിയപ്പെടുന്നത്. ബ്രാൻഡിന്റെ മുൻ ഡിസൈൻ ഹെഡ് പ്രതാപ് ബോസ് (ഭാവിയിലെ ടാറ്റ കാറുകളെ "അലങ്കാരരഹിതവും" ഉപയോഗിക്കാൻ എളുപ്പവുമാക്കാൻ ലക്ഷ്യമിട്ടാണ് ഇതിന് തുടക്കം കുറിച്ചത്.

തുടർന്ന് ടാറ്റയുടെ ആൽഫ, ഒമേഗ പ്ലാറ്റ്‌ഫോമുകളിൽ ഇംപാക്‌ട് 2.0 പ്രയോഗിച്ചു. ഡ്രൈവർമാർക്കും യാത്രക്കാർക്കുമായി കാറുകൾ കൂടുതൽ ഹൈടെക് ആക്കുന്നതിനായാണ് പുതിയ ഡിസൈൻ സജ്ജീകരിച്ചിരിക്കുന്നത്. ഇംപാക്റ്റ് 2.0 സുരക്ഷ ഉറപ്പാക്കാൻ ഒരു സോളിഡ് ഘടനയിൽ ഒരുക്കിയ കൊസ്മെറ്റിക് ഡിസൈനുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും.

ഇംപാക്‌ട് 2.0 ഡിസൈൻ എങ്ങനെ പ്രയോജനകരമായി?
ടാറ്റ ബോൾട്ടിന് ശേഷമുള്ള എല്ലാ കാറുകളും ഈ ഡിസൈൻ പാറ്റേണാണ് പിന്തുടരുന്നത്. അത് നെക്സോൺ, ആൾട്രോസ്, ടിയാഗോ, ഹാരിയർ, പഞ്ച്, സഫാരി എന്നിവയെല്ലാം ഈ ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് കമ്പനി നിർമിച്ചെടുത്തത്.

ഈ കാറുകളെല്ലാം നിരവധി ഉപഭോക്താക്കളുടെ ജനപ്രിയ മോഡലുകളായി അതിവേഗമാണ് മാറിയത്. ടാറ്റ ഏത് കാർ അവതരിപ്പിച്ചാലും ഹിറ്റാവാൻ തുടങ്ങിയതിന്റെ കാരണവും ഈ സുരക്ഷയും കാണാനുള്ള അഴകുമാണ്. മികച്ച രൂപത്തിലുള്ള കാറുകൾ ടാറ്റ ഷോറൂമുകളിലേക്ക് വാങ്ങുന്നവരെ ആകർഷിച്ചു.

ശക്തമായ സേഫ്റ്റി റേറ്റിംഗുകൾ ടാറ്റ കാറുകളെ എതിരാളികളേക്കാൾ മൈലുകൾ മുന്നിലാക്കാനും സഹായിച്ചു. രണ്ട് മാസത്തിലേറെയായി ഹ്യുണ്ടായ്, കിയ, മഹീന്ദ്ര എന്നിവയെ അപേക്ഷിച്ച് ടാറ്റ കാറുകൾ കൂടുതൽ വിറ്റഴിക്കപ്പെടുന്നുണ്ട്. തൽഫലമായി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതക്കളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്താനും ടാറ്റയെ സഹായിച്ചു.

ഉയർന്ന വിൽപ്പനയോടെ സർവീസിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ ടാറ്റ ശ്രദ്ധ കേന്ദ്രീകരിച്ചുവരികയാണ് ഇപ്പോൾ. കൂടാതെ നിരവധി ഉപഭോക്താക്കൾക്ക് അതിന് ഉറപ്പുനൽകാനും കഴിയും.

ഇംപാക്‌ട് 2.0 ഡിസൈനും സേഫ്റ്റിയും
ഇംപാക്‌ട് 2.0 ഡിസൈൻ വികസിപ്പിക്കുമ്പോൾ സുരക്ഷ ഒരു വലിയ മുൻഗണനയായിരുന്നു. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് ലഭിച്ച ഇന്ത്യയുടെ ആദ്യത്തെ കാറാണ് ടാറ്റയുടെ നെക്സോൺ കോംപാക്‌ട് എസ്‌യുവി. ടാറ്റയുടെ കാര്യത്തിൽ ആൾട്രോസ് അടുത്തതായി 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി നിരത്തിലെത്തി.

തുടർന്ന് ടിയാഗോ, ടിഗോർ, ടിഗോർ ഇവി എന്നിവയും ടെസ്റ്റ് ചെയ്ത് 4-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി കരുത്തു തെളിയിച്ചു. എന്നിരുന്നാലും ടാറ്റ മോട്ടോർസിന്റെ മുൻനിര എസ്‌യുവി മോഡലുകളായ ഹാരിയറോ സഫാരിയോ ഇതുവരെ ക്രാഷ് ടെസ്റ്റിൽ കമ്പനി പരീക്ഷിച്ചിട്ടില്ല.

എന്നാൽ അതിന്റെ പിന്നിലും ഒരു കാരണമുണ്ട്. ഗ്ലോബൽ NCAP സ്വമേധയാ തെരഞ്ഞെടുത്താണ് ക്രാഷ് ടെസ്റ്റിനായി പരീക്ഷിക്കുന്നത്. അതും വൻതോതിൽ വിൽക്കുന്ന കാറുകൾ മാത്രമായിരിക്കും ഇത്തരത്തിൽ ക്രാഷ് ടെസ്റ്റിനായി വിളിക്കുക. എന്നിരുന്നാലും ഹാരിയറിനോ സഫാരിക്കോ 5-സ്റ്റാർ സേഫ്റ്റി ഫേറ്റിംഗ് ലഭിച്ചേക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ജീപ്പിൽ നിന്നുള്ള 2.0 ലിറ്റർ മൾട്ടിജറ്റ് ഡീസലാണ് ടാറ്റയുടെ ഈ എസ്‌യുവിയിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ പ്രധാനമായും ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാറുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. റൈറ്റ് ഹാൻഡ് ഡ്രൈവ് സജ്ജീകരണത്തിലേക്ക് മാറിയപ്പോൾ, ഓയിൽ ഫിൽട്ടർ അസംബ്ലി എഞ്ചിൻ കാറിന്റെ ആക്സിലറേറ്റർ, ബ്രേക്ക് അസംബ്ലി എന്നിവയുമായി വളരെ അടുത്താണ്.

അതിനാൽ ഒരു ക്രാഷ് നടന്ന സംഭവത്തിൽ, ഈ വിഭാഗത്തിൽ ചില ഭാഗങ്ങൾ ക്യാബിനിലേക്ക് നീണ്ടുനിൽക്കാനും ഡ്രൈവറുടെ കാലുകൾക്ക് പരിക്കേറ്റതാക്കാനും സാധ്യതയുള്ളതിനാലുമാണ് ഈ നിഗമനം.


Click it and Unblock the Notifications








