ഭാര്യയായാൽ ഇങ്ങനെ വേണം, ഇന്ത്യയിലെ ആദ്യ സൈബർസ്റ്റർ തന്റെ ഭർത്താവിന് വാങ്ങിക്കൊടുത്ത് പ്രിയതമ
എംജിയെന്ന് കേട്ടാൽ തന്നെ ഇപ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് ഇലക്ട്രിക് കാറുകളായിരിക്കും (MG Electric Cars). വിൻഡ്‌സറും കോമെറ്റും നിരത്തുകൾ അടക്കി ഭരിക്കുമ്പോൾ ആഡംബര വിഭാഗത്തെ കൂടി കൈയിലെടുക്കാനായി കമ്പനി അടുത്തിടെ രണ്ട് പുത്തൻ മോഡലുകൾ അവതരിപ്പിച്ചിരുന്നു. M9 ഇവിയും, സൈബർസ്റ്റർ ഇവിയുമായിരുന്നു അവ. രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് സ്പോർട്സ് കാർ എന്ന നിലയിൽ പരിചയപ്പെടുത്തിയിരിക്കുന്ന ടൂ ഡോർ മോഡൽ ശരിക്കും ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. 72.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തിയ വണ്ടിയുടെ ഡെലിവറിയും തുടങ്ങിയിരിക്കുകയാണ് എംജിയിപ്പോൾ.
രാജ്യത്തുടനീളമുള്ള എംജി സെലക്ട് ഡീലർഷിപ്പുകളിലൂടെ മാത്രം വിതരണം ചെയ്യുന്ന ഇലക്ട്രിക് സ്പോർട്സ് കാർ നിരത്തുകൾക്ക് വിസ്‌മയമാവുമെന്നതിൽ സംശയമൊന്നും വേണ്ട. ഇന്ത്യയിലെ ആദ്യത്തെ സൈബർസ്റ്റർ ഇവിയുടെ ഡെലിവറിയെടുക്കുന്ന ഒരു ഫാമിലിയുടെ വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായിരിക്കുന്നത്. ഭാര്യ ഭർത്താവിന് കൊടുക്കുന്നൊരു സർപ്രൈസാണ് ഈ ഇലക്ട്രിക് ടൂ ഡോർ.

തന്റെ ഭാര്യയും കുട്ടികളും ചേർന്നാണ് ഇത്തരത്തിലൊരു സർപ്രൈസ് ഒരുക്കിയിരിക്കുന്നതെന്ന് വീഡിയോ കാണുമ്പോൾ മനസിലാവും. ഏയ്‌സ് മീഡിയഹൗസ് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇന്ത്യയിലെ ആദ്യത്തെ സൈബർസ്റ്റർ ഇവിയുടെ ഡെലിവറി വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്. വിഷു ഗൗഡ എന്ന വ്യക്തിയുടെ ജന്മദിനത്തിൽ കുടുംബം ഒരുക്കിയ ഒരു പാർട്ടിയിൽ വെച്ചാണ് അപ്രതീക്ഷിതമായി വാഹനം കൈമാറിയിരിക്കുന്നത്.
സംഭവം എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അന്താരാഷ്ട്ര തലത്തിൽ ഇതിനകം വലിയ തരംഗമായ സൈബർസ്റ്റർ ഇന്ത്യയിൽ ആദ്യമായി പ്രദർശിപ്പിക്കുന്നത് 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിലായിരുന്നു. വളരെ ശക്തവും സവിശേഷതകളാൽ സമ്പന്നവുമായ ഒരു ഇലക്ട്രിക് സ്‌പോർട്‌സ് കാറായാണ് ഇതിന് കമ്പനി രൂപംകൊടുത്തിരിക്കുന്നത്. ഐക്കണിക് എംജിബി റോഡ്‌സ്റ്റർ മോഡലിന്റെ ആധുനിക പതിപ്പാണിത് എന്നും പറയാം.

ബട്ടർഫ്ലൈ ഡോറുകൾ, നീളമുള്ള ബോണറ്റ്, കൺവേർട്ടിബിൾ റൂഫ്, എൽഇഡി ലൈറ്റുകൾ, 20 ഇഞ്ച് വീലുകൾ തുടങ്ങിയ കിടിലൻ ഫീച്ചറുകളോടെയാണ് ഇലക്ട്രിക് സ്പോർട്സ് കാർ ഒരു്കിയിരിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ ഇതൊരു ഇവി ആണന്നേ പറയില്ല കേട്ടോ. 2,690 mm വീൽബേസുള്ള ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.
ഫുൾ-വിഡ്ത്ത് ലൈറ്റ്ബാറും യൂണിയൻ-ജാക്ക് ഇൻസ്പൈറായ ഡീറ്റെയിലിംഗും ഉൾക്കൊള്ളുന്ന ടെയിൽ ലാമ്പ് സിഗ്നേച്ചറുകളും വശ്യമായ സൌന്ദര്യം നൽകുന്നുണ്ട് താനും. പുതിയ എംജി സൈബർസ്റ്റർ ഇലക്ട്രിക് റോഡ്സ്റ്റർ ഇന്ത്യയിൽ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. അതിൽ ബ്ലാക്ക് റൂഫുള്ള ന്യൂക്ലിയർ യെല്ലോ, ബ്ലാക്ക് റൂഫുള്ള ഫ്ലെയർ റെഡ്, റെഡ് റൂഫുള്ള ആൻഡീസ് ഗ്രേ, റെഡ് റൂഫുള്ള മോഡേൺ ബീജ് എന്നിവയാണവ.

വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. എംജി സൈബർസ്റ്ററിന്റെ ഇന്റീരിയറിൽ രണ്ട് 7 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീനുകളും 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. അപ്ഹോൾസ്റ്ററിയിൽ സ്യൂഡ്, വീഗൻ ലെതർ എന്നിവയാണ് കലർത്തിയിരിക്കുന്നത്.
കൂടാതെ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, PM 2.5 ഫിൽട്ടർ, ബോസ് ഓഡിയോ സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകളും കാറിൽ ഒരുക്കിയിട്ടുണ്ട്. സ്‌പോർട്ടി അപ്പീൽ നൽകുന്ന പെർഫോമൻസ്-സ്റ്റൈൽ സീറ്റിംഗ്, ഇന്റഗ്രേറ്റഡ് ഓഡിയോ, ഡിസ്‌പ്ലേ കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി സമർപ്പിച്ചിരിക്കുന്ന റോട്ടറി സെലക്ടർ, എന്നിവയാണ് എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിന്റെ അകത്തളത്തിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

എംജി സൈബർസ്റ്ററിന് 77 kWh ബാറ്ററി പായ്ക്കും ഡ്യുവൽ-മോട്ടോർ സജ്ജീകരണവുമാണുള്ളത്. ഇവിക്ക് 510 bhp കരുത്തിൽ പരമാവധി 725 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവും. വെറും 3.2 സെക്കൻഡിനുള്ളിൽ ഇതിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സിംഗിൾ ചാർജിൽ 510 കിലോമീറ്റർ വരെ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി മോഡലാണിത്.


Click it and Unblock the Notifications








