സുന്ദരിയായ നർത്തകി, വണ്ടിഭ്രാന്തിയായ അമ്മ! ലംബോർഗിനിയിൽ വന്നിറങ്ങി വാങ്ങിയത് 4.20 ലക്ഷത്തിന്റെ അപ്രീലിയ ബൈക്ക്
ബൈക്ക് ഓടിക്കാൻ പഠിക്കുന്ന കാലം മുതൽക്കേ തന്നെ യുവാക്കളുടെ മനസിൽ കയറിക്കൂടുന്നൊരു സ്വപ്‌നമാണ് എന്നെങ്കിലും ഒരു സൂപ്പർബൈക്ക് (Superbike) വാങ്ങിക്കണമെന്നത്. പിന്നീട് ജോലിയൊക്കെ വാങ്ങി വീടിന്റെ ചുമതലകളെല്ലാം ഏറ്റെടുത്ത് ജീവിത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാനായി നെട്ടോട്ടം ഓടുമ്പോൾ പലരും ഇതൊക്കെയങ്ങ് മറന്നിടാറാണ് പതിവ്. പക്ഷേ ആഗ്രഹിച്ച സ്വപ്‌നങ്ങളൊന്നും അങ്ങനെ വിട്ടുകൊടുക്കരുതെന്ന് തെളിയിക്കുകയാണ് ഒരു വനിത. അതും ആൺപിള്ളേരുടെ ഹരമായ സൂപ്പർബൈക്കുകളിൽ ഒന്ന് വാങ്ങിയാണ് പുള്ളിക്കാരി മാസ് കാട്ടിയിരിക്കുന്നത്. പെൺകുട്ടിയല്ല, സ്ത്രീയാണ് ഇത് ചെയ്‌തതെന്ന് അറിയുമ്പോൾ പലരുടേയും കിളിപാറുകയും ചെയ്യും.
സംഗതി മകന് വാങ്ങിക്കൊടുത്തതൊന്നുമല്ല, സ്വന്തമായി നാട് കറങ്ങാനായാണ് പുള്ളിക്കാരി സൂപ്പർബൈക്ക് വാങ്ങിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിലെ ഏറ്റവും പുതിയ എൻട്രി ലെവൽ സൂപ്പർബൈക്കായ അപ്രീലിയ RS457 മോഡലാണ് നർത്തകിയും യോഗ ഇൻസ്ട്രക്റ്ററുമായ സൗമ്യ ദഷ് എന്ന ഒഡീഷക്കാരി സ്വന്തമാക്കിയിരിക്കുന്നത്. ഇവരുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പുതിയ മോട്ടോർസൈക്കിൾ വാങ്ങുന്നതിന്റെ വീഡിയോയും പങ്കുവെച്ചിരിക്കുന്നത്.

അപ്രീലിയ RS457 ബൈക്കിന്റെ ഡെലിവറിയെടുക്കുന്ന വീഡിയോയും തരംഗമായിട്ടുണ്ട്. വാഹനം വാങ്ങാനായി അപ്രീലിയ ഡീലർഷിപ്പിൽ എത്തുന്നത് ലംബോർഗിനി ഹുറാക്കൻ ടെക്നിക്കയിലാണെന്നത് കൂടിയറിഞ്ഞാൽ വണ്ടിഭ്രാന്തൻമാരുടെ കിളിവരെ പോവും. എന്തായാലും ഒഡീഷയിലെ ഭുവനേശ്വറിലുള്ള ക്ലാസിക് ഡാൻസറായ സൗമ്യ കടുത്തൊരു വാഹനപ്രേമിയാണെന്ന് ഇൻസ്റ്റ നോക്കിയാൽ മനസിലാവുകയും ചെയ്യും.
ആരും മോഹിക്കുന്ന ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ നർത്തകിയുടെ പോർച്ചിലുണ്ട്. അക്കൂട്ടത്തിലേക്കാണ് ദീർഘനാളായുള്ള ഡ്രീം ബൈക്ക് കൂടി എത്തിയിരിക്കുന്നത്. SR160, SR125 സ്‌കൂട്ടറുകളിലൂടെ നമുക്ക് ഏറെ പരിചിതമായ അപ്രീലിയയും ആഗോളതലത്തിൽ നല്ല ഒന്നാന്തരം സൂപ്പർബൈക്കുകൾ നിർമിക്കുന്നവരാണെന്ന കാര്യം പലർക്കും അറിയാത്തൊരു രഹസ്യമാണ്.

2023 ഇന്ത്യ ബൈക്ക് വീക്കിലൂടെയാണ് RS 457 എന്ന എൻട്രി ലെവൽ സൂപ്പർബൈക്കിനെ കമ്പനി രാജ്യത്ത് അവതരിപ്പിക്കുന്നത്. 4.20 ലക്ഷം രൂപ എക്സ്ഷോറൂം വിലയാണ് മോഡൽ സ്വന്തമാക്കാനായി മുടക്കേണ്ടി വരുന്നത്. അപ്രീലിയ റേസിംഗിന്റെ സമ്പന്നമായ പാരമ്പര്യത്തിൽ നിന്ന് പിറന്ന ഈ സൂപ്പർബൈക്ക് ലോകോത്തര നിർമാണ നിലവാരം ഉറപ്പുവരുത്തികൊണ്ടാണ് പണിതിറക്കിയിരിക്കുന്നത്.
കൂടാതെ അപ്രീലിയ RS 457 സ്പോർട്‌സ് ബൈക്കിന്റെ കയറ്റുമതി കേന്ദ്രമായും മഹാരാഷ്ട്രയിലെ ബാരാമതിയിലുള്ള പിയാജിയോ ഇന്ത്യയുടെ നിർമാണശാല പ്രവർത്തിക്കുന്നുണ്ട്. 47 bhp കരുത്തിൽ പരമാവധി 48 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനാവുന്ന 457 സിസി പാരലൽ ട്വിൻ-സിലിണ്ടർ എഞ്ചിനാണ് RS457 മോഡലിന്റെ ഹൃദയം. 6-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നതിന് പുറമെ ഓപ്ഷണലായി ക്വിക്ക്ഷിഫ്റ്ററും ആളുകൾക്ക് വാങ്ങാനാവും.

ഇക്കോ, റെയിൻ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകൾ, ത്രീ ലെവലുകൾ സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, ഡ്യുവൽ-ചാനൽ എബിഎസ് തുടങ്ങിയ മറ്റ് നിരവധി സവിശേഷതകളും അപ്രീലിയയുടെ എൻട്രി ലെവൽ മോട്ടോർസൈക്കിളിന് ലഭിക്കുന്നുണ്ട്. വെറും 175 കിലോഗ്രാം ഭാരമുള്ള RS 457 മികച്ച പവർ-ടു-വെയ്റ്റ് അനുപാതം വാഗ്ദാനം ചെയ്യുന്നതിനാൽ കൈകൊടുത്താൽ ആള് പറപറക്കും.
അലുമിനിയം പെരിമീറ്റർ ഫ്രെയിമിലാണ് അപ്രീലിയ RS 457 നിർമിച്ചിരിക്കുന്നത്. എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പ്, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, 5 ഇഞ്ച് TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, സ്വിച്ചബിൾ ട്രാക്ഷൻ കൺട്രോൾ, മൂന്ന് റൈഡ് മോഡുകൾ, ടു-ഇൻ-വൺ അണ്ടർസ്ലംഗ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം, ആൻ്റി-റോൾ സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുൾപ്പെടെ നിരവധി ആധുനിക ഫീച്ചറുകളും ഇതിലുണ്ട്.
മെക്കാനിക്കൽ വശങ്ങളിലേക്ക് വന്നാൽ സസ്പെൻഷനായി മുൻവശത്ത് അപ്‌സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ മോണോ ഷോക്കുമാണ് കൊടുത്തിരിക്കുന്നത്. വീൽ സ്കിഡ്ഡിംഗ് ഒഴിവാക്കാൻ ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം രണ്ടറ്റത്തും ഡിസ്ക് ബ്രേക്കുകളാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. രാജ്യത്തെ സബ്-500 സിസി സ്പോർട്‌സ് മോട്ടോർസൈക്കിൾ സെഗ്മെന്റിൽ യമഹ R3, കവസാക്കി നിഞ്ച 500, കെടിഎം RC 390, ടിവിഎസ് അപ്പാച്ചെ RR 310 തുടങ്ങിയവയുമാണ് അപ്രീലിയയുടെ മത്സരം.


Click it and Unblock the Notifications








