കോടീശ്വരി ഒന്നുമല്ല! എന്നിട്ടും അച്ഛനും അമ്മായിയച്ഛനും ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ സമ്മാനിച്ച മകളെ കണ്ടോ
അച്ഛൻ മകൾക്കും മക്കൾ അച്ഛനും സർപ്രൈസായി വിലപിടിപ്പുള്ള വാഹനങ്ങൾ സമ്മാനിക്കുന്ന വാർത്തകൾ അടുത്തിടെ ഇന്റർനെറ്റിൽ ഒരുപാട് കേൾക്കുന്നൊരു കാര്യമാണ്. മകൾക്ക് 3 കോടിയുടെ ആഡംബര സ്പോർട്‌സ് കാർ സമ്മാനിച്ച മലയാളി വ്യവസായിയുടെ വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങി ജയിച്ചാൽ ബൈക്കും സ്‌കൂട്ടറും എല്ലാം സമ്മാനം നൽകാമെന്ന് പല മാതാപിതാക്കളും മക്കൾക്ക് വാക്ക് നൽകാറുള്ള കാര്യമാണ്.
എന്നാൽ ഇതുപോലെ മക്കൾക്ക് ഇത് രക്ഷിതാക്കളോട് പറയാൻ ഒരു അവസരം കിട്ടാറില്ല അല്ലേ. എന്നാൽ പ്രായമായ അച്ഛനും അമ്മക്കും ചിലപ്പോൾ വണ്ടികളൊക്കെ വാങ്ങി നൽകാറുള്ള മക്കൾ ഉണ്ടെന്ന കാര്യം ഒരിക്കലും വിസ്‌മരിക്കാനാവില്ല. എന്നാൽ ദേ ഇതിൽ നിന്നെല്ലാം വ്യത്യസ്‌തമായൊരു വാർത്തയാണ് നെറ്റിസൺസിനിടയിലെ ചർച്ചാവിഷയം. മറ്റൊന്നുമല്ല, തന്റെ അച്ഛനും അമ്മായിഅച്ഛനും ഒരേ ദിവസം കാർ സർപ്രൈസായി സമ്മാനം നൽകിയിരിക്കുകയാണ് ഒരു മകൾ.

ഇതാദ്യമായാവും ഇത്തരത്തിലൊരു രസകരമായ വാർത്ത നമ്മളിൽ പലരും കേൾക്കുന്നത് അല്ലേ. യുവതി തൻ്റെ പിതാവിനും അമ്മായിയച്ഛനും പുതിയ കാറുകൾ സമ്മാനിക്കുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡിംഗായിട്ടുണ്ട്. റിമ്പി വെറോണിക്കയെന്ന യുവതിയുടെ ഇൻസ്റ്റ പേജിലാണ് ഇത്തരത്തിലൊരു സർപ്രൈസ് സമ്മാനത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവം അങ്ങ് ബിഹാറിലാണെന്ന് കാറുകളുടെ നമ്പർപ്ലേറ്റിലൂടെ മനസിലാക്കാൻ സാധിക്കും.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കാറുകളായ ടാറ്റ നെക്സോണും ആൾട്രോസുമാണ് സമ്മാനമായി നൽകാൻ തെരഞ്ഞെടുത്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. യുവതി അച്ഛന് പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആൾട്രോസ് നൽകിയപ്പോൾ അമ്മായിയച്ഛന് നെക്സോൺ കോംപാക്‌ട് എസ്‌യുവിയാണ് സർപ്രൈസായി നൽകിയത്. ഇരുവർക്കുമൊപ്പം മുഴുവൻ കുടുംബത്തേയും കൂട്ടിയാണ് പുത്തൻ കാർ സമ്മാനിക്കാൻ ഷോറൂമിലെത്തിയത്.

എന്നാൽ ആൾട്രോസിന്റെയും നെക്സോണിന്റെയും ഏത് വേരിയിന്റായിരിക്കും സമ്മാനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വ്യക്തമല്ല. നിലവിൽ 6.65 ലക്ഷം രൂപ മുതൽ 10.80 ലക്ഷം രൂപ വരെയാണ് പ്രീമിയം ഹാച്ച്ബാക്കിനായി മുടക്കേണ്ടി വരുന്ന വില. അതേസമയം കോംപാക്‌ട് എസ്‌യുവിയായ നെക്സോണിന് 8.15 ലക്ഷം മുതൽ 15.80 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയായി നൽകേണ്ടി വരും.
എന്തായാലും രണ്ടും ടോപ്പ് എൻഡ് വേരിയന്റുകളല്ലെന്നാണ് ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. മിക്കവാറും പെട്രോൾ എഞ്ചിൻ ഓപ്ഷനുള്ള മിഡ് വേരിയന്റ് മോഡലുകളാവാനാണ് സാധ്യത. നിലവിൽ രാജ്യത്ത് വിപണനത്തിനെത്തുന്ന ഏറ്റവും സുരക്ഷിതമായ രണ്ട് വാഹനങ്ങളാണ് ആൾട്രോസും നെക്സോണും. ഇവ ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റുകളിൽ നിന്ന് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗാണ് സ്വന്തമാക്കിയിട്ടുള്ളത്.

പെട്രോൾ, ഡീസൽ, സിഎൻജി എന്നീ മൂന്ന് ഫ്യുവൽ ഓപ്ഷനുകളിൽ ലഭ്യമാകുമെന്ന ഒരേയൊരു ഹാച്ച്ബാക്കാണ് ആൾട്രോസ്. 1.2 ലിറ്റർ 3-സിലിണ്ടർ NA പെട്രോൾ, 1.2 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നീ മൂന്ന് വൈവിധ്യമാർന്ന എഞ്ചിൻ കോമ്പിനേഷനും വാഹനത്തിന്റെ പ്രത്യേകതയാണ്. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ 86 bhp പവറിൽ 113 Nm torque വരെ ഉത്പാദിപ്പിക്കും.
അതേസമയം ഡീസൽ എഞ്ചിനുള്ള ആൾട്രോസിന് 90 bhp പവറിൽ ഏകദേശം 200 Nm torque വരെ വികസിപ്പിക്കാനാവുകയും ചെയ്യും. ടർബോ പെട്രോൾ മോഡലിലേക്ക് വന്നാൽ 109 bhp കരുത്തിൽ 140 Nm torque വരെ നിർമിക്കാൻ പ്രാപ്‌തമാണിത്. എല്ലാ എഞ്ചിൻ ഓപ്ഷനുകളും 5-സ്പീഡ് മാനുവലുമായി വരുമ്പോൾ NA പെട്രോൾ പതിപ്പിൽ മാത്രം 6 സ്പീഡ് ഡിസിഎ ഓട്ടോമാറ്റിക് ഓപ്ഷണലായി ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എന്തായാലും ഇത്തരത്തിലുള്ള സ്നേഹ സമ്മാനങ്ങൾ ഒരു പബ്ലിക് സ്റ്റണ്ടിനുവേണ്ടിയാണെന്ന് പറയാനാവില്ല. മാതാപിതാക്കളോടുള്ള സ്നേഹ പ്രകടനം ഏത് തരത്തിൽ വേണമെങ്കിലുമാവാം. പ്രായമായാലും ഇഷ്ടമുള്ളടത്തേക്കെല്ലാം സ്വന്തമായി വാഹനം ഓടിച്ചു പോവുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. ഇതാദ്യമായല്ല ഒരാൾ തന്റെ പിതാവിന് പുതിയ വാഹനം സമ്മാനിക്കുന്നത്. കഴിഞ്ഞ മാസം അച്ഛന്റെ ചിരകാല സ്വപ്നങ്ങളിൽ ഒന്നായിരുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 350 വാങ്ങി നൽകി മകൾ ഞെട്ടിച്ചിരുന്നു.
പണ്ടത്തെ കാലത്ത് വാങ്ങാൻ ഏറെ കൊതിച്ചിരുന്നുവെങ്കിലും ഉത്തരവാദിത്തങ്ങൾ കാരണം കുടുംബത്തിനായി തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ത്യജിക്കുന്നവരായിരുന്നു പല മാതാപിതാക്കളും. മാത്രമല്ല, ഇന്നത്തേതു പോലെ ഒരു വാഹനം സ്വന്തമാക്കുക എന്നത് അന്നത്തെ കാലത്ത് അത്ര എളുപ്പവുമായിരുന്നില്ലെന്നതാണ് യാഥാർഥ്യം. ഇത്തരത്തിൽ മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ സാധിച്ചുകൊടുക്കാൻ ഇന്നത്തെ തലമുറ കാണിക്കുന്ന ഉത്സാഹം കൈയടി അർഹിക്കുന്ന കാര്യമാണെന്നതും പറയാതെ വയ്യ.


Click it and Unblock the Notifications








