കൈയ്യടിക്കാം... സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപകൽപ്പന ചെയ്ത ആദ്യത്തെ ക്രാഷ് ടെസ്റ്റ് ഡമ്മി റെഡി!
ക്രാഷ് ടെസ്റ്റിൽ പരീക്ഷിക്കപ്പെടുന്ന വാഹനങ്ങളെ കുറിച്ച് നാം പലപ്പോഴും വാചാലരാവാറുണ്ട് അല്ലേ... ഏതാണ്ട് 50 വർഷത്തിലേറെയായി കാറുകളുടെ നിർമാതാക്കളും സുരക്ഷാ വിലയിരുത്തൽ ഏജൻസികളും സുരക്ഷാ റേറ്റിംഗുകൾക്കായി ക്രാഷ് ടെസ്റ്റ് ഡമ്മികൾ ഉപയോഗിക്കുന്നുണ്ട്. ഇവയെ പറ്റി നാം പലപ്പോഴും വേണ്ടത്ര വിലയിരുത്തലുകൾ നടത്താറുമില്ല.
വാഹനത്തിന്റെ ക്രാഷ് സേഫ്റ്റി പരിശോധിക്കാൻ നിരവധി കാറുകൾ പരീക്ഷണത്തിന് വിധേയമാക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ അത്ഭുതപ്പെടുത്തുന്ന കാര്യം സ്വീഡനിൽ നിന്നുള്ള ഗവേഷകർ അടുത്തിടെയാണ് ലോകത്തിലെ ആദ്യത്തെ സ്ത്രീ ക്രാഷ് ടെസ്റ്റ് ഡമ്മി വികസിപ്പിക്കാൻ തുടങ്ങിയത് എന്നതാണ്. അതായത് ഇതുവരെ പരീക്ഷിക്കപ്പെട്ടിരുന്ന ഡമ്മികളെല്ലാം പുരുഷൻമാരെ പ്രതിനിധീകരിക്കുന്നതായിരുന്നു. സ്വീഡൻ നാഷണൽ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (VTI) രണ്ട് പുതിയ പ്രോട്ടോടൈപ്പുകളിൽ പ്രവർത്തിക്കുകയാണെന്നാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

അതിൽ ഒരു പുരുഷനും സ്ത്രീയും ആണ് ഉൾപ്പെടുന്നത്. ഈ ഗവേഷണം സ്ത്രീകൾക്കും പുരുഷന്മാർക്കും പുതിയ സീറ്റ് മാനദണ്ഡങ്ങൾ അവതരിപ്പിക്കുമെന്നാണ് VTI വിശ്വസിക്കുന്നത്. ഇത് വാഹന വിപണിയിൽ വരെ പ്രതിഫലിക്കുന്നൊരു വളരെ പ്രധാനമായൊരു നീക്കമായിരിക്കും. പ്രത്യേകിച്ചും സ്ത്രീ യാത്രക്കാരുടെ സുരക്ഷയ്ക്ക്. ഒരു അപകടത്തിൽ സ്ത്രീകൾക്ക് മാരകമായുള്ള പരിക്കുകൾ സംഭവിക്കാനുള്ള സാധ്യത പുരുഷൻമാരേക്കാൾ രണ്ടിരട്ടി കൂടുതലാണെന്ന് VTI പ്രസ്താവിച്ചിരിക്കുന്നു. സ്വീഡനിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികളിലൊന്നായ ഫോക്‌സാമിന്റെ ഒരു പഠനവും ഈ അപകട സാധ്യത സ്ഥിരീകരിക്കുന്നുണ്ട്.
കാരണം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കഴുത്തിന് പരിക്കുകൾ കൂടുതലാണ്. 1970-കൾ മുതൽ എല്ലാ ക്രാഷ് ടെസ്റ്റ് ഡമ്മികളും ഒരു ശരാശരി പുരുഷന്റെ അളവുകൾ മാതൃകയാക്കി പിന്നീട് പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് 12 വയസുള്ള പെൺകുട്ടിയായി പരിഷ്‌ക്കരിച്ചു. ഒരു പുരുഷ ക്രാഷ് ടെസ്റ്റ് ഡമ്മിയുടെ അളവുകൾ 5 അടി 8 ഇഞ്ച് വലിപ്പവും 78 കിലോ ഭാരമുള്ളതും ആണ്. ഒരു സ്ത്രീയുടെ ശരീരഘടന ഒരു പുരുഷനിൽ നിന്ന് വ്യത്യസ്തമല്ലേ എന്ന ചോദ്യമാണ് ഇപ്പോൾ ക്രാഷ് സേഫ്റ്റി പരിശോധിക്കാൻ സ്ത്രീയുടെ മാതൃക തയാറാക്കാൻ കാരണമായിരിക്കുന്നത്.
അതിനാൽ VTI ഗവേഷകർ 5 അടി 3 ഇഞ്ചും 62 കിലോ ഭാരവുമുള്ള ഒരു സ്ത്രീയുടെ ഡമ്മി സൃഷ്ടിച്ചു. ഇത് ഒരു ശരാശരി സ്ത്രീയെ പ്രതിനിധീകരിക്കുന്ന വലിപ്പമാണെന്നാണ് സ്വീഡൻ നാഷണൽ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് പൊതുവെ ഉയരം കുറവും ഭാരക്കുറവും ഉള്ളതിനാൽ, കഴുത്തിൽ സംഭവിക്കുന്ന ക്ഷതവും തോളിലും ശരീരത്തിലും വയറിലും ഏൽക്കുന്ന ആഘാതവും വളരെ വ്യത്യസ്തമാണ്.
പുതിയ ഫീമെൻ ക്രാഷ് ടെസ്റ്റ് ഡമ്മി റെഗുലേറ്റർമാർ പിന്തുടരുന്ന ടെസ്റ്റിംഗ് രീതികളിൽ മാറ്റം വരുത്തുമെന്ന് സ്വീഡിഷ് നാഷണൽ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രാഫിക് സേഫ്റ്റി പ്രൊഫസർ ആസ്ട്രിഡ് ലിൻഡർ പറഞ്ഞു. തൽഫലമായി പുരുഷന്മാർക്കും സ്ത്രീകൾക്കും മികച്ച വാഹന സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരുമെന്നും പ്രതീക്ഷിക്കാമെന്നും ലിൻഡർ കൂട്ടിച്ചേർത്തു. ലോകത്ത് ഏറ്റവുമധികം റോഡപകട മരണങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2020-ൽ 3.67 ലക്ഷമായിരുന്ന റേഡ് അപകടങ്ങൾ 2021-ൽ 4.23 ലക്ഷമായി ഉയർന്നു.
ട്രാഫിക് അപകടങ്ങളിൽ വാഹനാപകങ്ങൾക്ക് പുറമെ റെയിൽവേ അപകടങ്ങൾ, റെയിൽവേ ക്രോസ് അപകടങ്ങൾ, മറ്റ് കേസുകൾ മൂലമുള്ള അപകട മരണങ്ങൾ എന്നിവ വരെയും ഉൾപ്പെടുന്നുണ്ട്. 2020-ലെ 3.54 കേസുകളിൽ നിന്ന് 2021-ൽ റോഡപകട കേസുകളുടെ എണ്ണം 4.03 ലക്ഷമായി ഉയർന്നു. റോഡപകട മരണങ്ങൾ 2020-ൽ 1.33 ലക്ഷത്തിൽ നിന്ന് 2021-ൽ 1.55 ലക്ഷമായി 16.8 ശതമാനം വർധിച്ചു എന്നതാണ് നാം എല്ലാവരെയും ഞെട്ടിപ്പിക്കുന്ന കാര്യം.
അക്കോ ആക്‌സിഡന്റ് ഇൻഡക്‌സ് 2022 റിപ്പോർട്ട് അനുസരിച്ച് 20 ശതമാനം അപകട നിരക്കുമായി ഡൽഹി എൻസിആർ മുന്നിലാണ്. 18 ശതമാനവുമായി മുംബൈ രണ്ടാം സ്ഥാനത്താണ്. അതിനാൽ സുരക്ഷയുടെ വലിയ ആവശ്യകതയുണ്ടെന്നും ഈ പുതിയ ക്രാഷ് ടെസ്റ്റ് ഡമ്മി മരണങ്ങളുടെ കാര്യത്തിൽ സ്ത്രീകൾ നേരിടുന്ന ഉയർന്ന അപകടസാധ്യത കുറയ്ക്കുമെന്നും കണക്കുകൾ വെളിപ്പെടുത്തുന്നു. എന്തായാലും പുതിയ ഡമ്മിയുടെ വികസനം പതിയെ ഇന്ത്യൻ വിപണിയിലെ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിലും മാറ്റം വരുത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.


Click it and Unblock the Notifications








