കേട്ടിട്ടോ കണ്ടിട്ടോ ഉണ്ടോ? ലോകത്തിലെ ഏറ്റവും ചെറിയ എസ്‌യുവി, 65 ലക്ഷം രൂപയുടെ 'മിനി പജേറോ'
സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏറ്റവും ഡിമാന്റുള്ള വാഹനങ്ങളിൽ ഒന്നാണ് മിത്സുബിഷി പജേറോ. ഒരിടയ്ക്ക് അഞ്ചോ, ആറോ ലക്ഷം രൂപ കൊടുത്താൽ കിട്ടുമായിരുന്ന വണ്ടി ഇപ്പോൾ യൂസ്‌ഡ് കാർ വിഭാഗത്തിൽ വലിയ ട്രെൻഡായതോടെ വില കുത്തനെ കൂടിയിട്ടുണ്ട്. ഒരു കാലത്ത് എസ്‌യുവി മോഡലുകളിലെ തമ്പുരാനായിരുന്നു ഇവൻ. ഇന്നും റോഡിൽ കൂടെ കൊണ്ടുപോയാൽ പത്തുപേര് നോക്കുമെന്നതിൽ തർക്കമൊന്നുമില്ല.
2006-ൽ അന്താരാഷ്ട്ര തലത്തിൽ അരങ്ങേറ്റം കുറിച്ച നാലാം തലമുറ മോഡലിലൂടെയാണ് ലോകപ്രശസ്തി നേടാൻ പജേറോയ്ക്ക് സാധിച്ചത്. ആ വലിയ രൂപവും എവിടെയും കയറിച്ചെല്ലാൻ പറ്റുന്ന കരുത്തൻ എഞ്ചിനുമെല്ലാം ആളുകൾക്കിടയിൽ പജേറോയ്ക്ക് പ്രതാപം നേടിക്കൊടുത്തു. പക്ഷേ ഹാച്ച്ബാക്കിനെക്കാൾ ചെറിയ പജേറോ ഉണ്ടെന്ന് പറഞ്ഞാൽ ഈ പറയുന്ന നിങ്ങളാരെങ്കിലും വിശ്വസിക്കുമോ...?

കഷ്ടിച്ച് രണ്ടുപേർക്ക് കയറാവുന്ന മിനി പജേറോയ്ക്ക് ഏതാണ്ട് 65 ലക്ഷം രൂപയോളമാണ് വില വന്നിരുന്നത്. പക്ഷേ സംഭവം ഇന്ത്യയിൽ ഇല്ലായിരുന്നു കേട്ടോ. പക്ഷേ അപൂർവങ്ങളിൽ അപൂർവമായ ഈ മോഡലുകളിൽ ഒന്ന് ഇന്ത്യയിലുമുണ്ടായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോൾ യൂട്യൂബിലെ താരം. വളരെ അതുല്യമായ ഈ മിത്സുബിഷി മിനി പജേറോയുടെ വീഡിയോ മിഹിർ ഗലാത് എന്ന ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
അവതാരകൻ മിനി പജീറോയെയും അതിന്റെ ഉടമയെയും പരിചയപ്പെടുത്തുകയും ഈ എസ്‌യുവിയെക്കുറിച്ചുള്ള വിവരങ്ങൾ ആരായുകയും ചെയ്യുന്നതാണ് വീഡിയോയുടെ കണ്ടന്റ്. ഇത് ഒരു മിനി പജീറോയാണെന്നും ചെറിയ 660 സിസി പെട്രോൾ ടർബോ എഞ്ചിനിലാണ് ഇത് വരുന്നതെന്നും ഉടമ മറുപടി നൽകുന്നു. ഇത്രയും ചെറുതാണെങ്കിലും 4X4 സംവിധാനവും മാനുവൽ ട്രാൻസ്മിഷനുമായാണ് ഇത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

രാജ്യത്ത് വളരെ ചെറിയ റോഡുകളുള്ളതിനാൽ ഈ മിനി പജേറോ ജപ്പാനിൽ കൂടുതൽ ജനപ്രിയമായിരുന്നു. പക്ഷേ ഇന്ത്യയിൽ ഇത് അത്ര പ്രായോഗികമല്ലാത്തതിനാൽ മിത്സുബിഷി മോഡലിനെ പുറത്തിറക്കിയിരുന്നില്ല. യൂട്യൂബിൽ കാണുന്ന മിനി മോഡൽ ഏകദേശം 95,000 കിലോമീറ്ററോളമാണ് ഇതുവരെ ഓടിയിരിക്കുന്നതെന്ന് ഓഡോമീറ്ററിൽ കാണാം. ഇത് വാഹനത്തിന്റെ ജെനുവിൻ കിലോമീറ്റർ ആണെന്നും ഉടമ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
തുടർന്ന് എസ്‌യുവിയുടെ മറ്റ് സവിശേഷതകളാണ് യൂട്യൂബിൽ വിവരിക്കുന്നത്. ഫാബ്രിക് ഫോൾഡബിൾ സൺറൂഫാണ് മിനി പജീറോയുടെ പ്രധാന ഹൈലൈറ്റ്. ഇത് രാജ്യത്ത് മറ്റൊരു പജേറോയിലും ഇല്ലാത്ത ഫീച്ചറാണെന്നതും ശ്രദ്ധേയമായ കാര്യമാണ്. എസ്‌യുവിയെ കുറിച്ച് സംസാരിച്ച ശേഷം, അവതാരകൻ ഉടമയോട് ഈ അതുല്യമായ എസ്‌യുവി എങ്ങനെ സ്വന്തമാക്കി എന്ന് ചോദിക്കുന്നു.

ചെറുപ്പം മുതലേ തനിക്ക് ഈ വാഹനം അറിയാമെന്നും ഇത് മുംബൈയിലെ ബാന്ദ്രയിലുള്ള ഒരു കുടുംബത്തിന്റേതായിരുന്നെന്നുമായിരുന്നു ചോദ്യത്തിനുള്ള ഉടമയുടെ മറുപടി. അവർ ഇത് വിൽക്കാൻ തീരുമാനിച്ചപ്പോൾ താൻ പോയി വിലപേശുകയായിരുന്നുവെന്നും ഒടുവിൽ സ്വന്തമാക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. വിലപേശി ഈ അപൂർവ വാഹനം സ്വന്തമാക്കാൻ മറ്റ് നിരവധി ആളുകളും എത്തിയിരുന്നു.
എന്നാൽ ഈ മിനി പജേറോ സ്വന്തമാക്കാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. ഉയരമുള്ള ഒരാളുമായി താരതമ്യപ്പെടുത്തുമ്പോൾ മിനി പജേറോ എത്ര ചെറുതാണെന്ന കാര്യവും വീഡിയോയിൽ കാണിക്കുന്നുണ്ട്. നുവൽ എയർകണ്ടീഷണറും അനലോഗ് ഡയലുകളും 4X4 ലിവറും ഉള്ള മനോഹരമായ അടിസ്ഥാന ഇന്റീരിയറാണ് ഈ കുഞ്ഞൻ എസ്‌യുവിക്കുള്ളത്. ഇനി ഈ മോഡലിന്റെ ഉടമ തികച്ചുമൊരു വണ്ടിഭ്രാന്തൻ ആണെന്ന കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം.

വലിയ സെലിബ്രിറ്റിയൊന്നും അല്ലെങ്കിലും ഗോഡ്‌സില്ല എന്നറിയപ്പെടുന്ന നിസാൻ R35 GTR പോലുള്ള അപൂർവ കാർ കളക്ഷനാണ് ഈ മിനി പജേറോ ഉടമയുടെ പക്കലുള്ളത്. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ GTR പതിപ്പാണിത്. പൂർണമായും കസ്റ്റമൈസ് ചെയ്‌ത ഈ സ്പോർട്‌സ് കാറിന് ഏകദേശം 1100 bhp പവറോളം ഉത്പാദിപ്പിക്കാനുമാവും. ജാപ്പനീസ് കാറുകൾ തനിക്ക് ഇഷ്ടമാണെന്ന് വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications








