യാത്രകൾ കൂടുതൽ സുരക്ഷിതമാക്കാം, ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്ന കാറുകൾ
ഇന്ത്യയിൽ കാറുകളിലെ പിൻസീറ്റ് യാത്രക്കാരിൽ പത്തിൽ ഏഴു പേരും സീറ്റ് ബെൽറ്റ് ധരിക്കാറില്ലെന്ന് പഠന റിപ്പോർട്ട് പുറത്തുവന്നിട്ട് അധികമായില്ലെങ്കിലും ഈ യാഥാർഥ്യം നമുക്ക് പണ്ടേ അറിയാവുന്ന കാര്യമാണ്.

സൈറസ് മിസ്ത്രിയുടെ അപകടമരണത്തിനു പിന്നാലെ ഇത്തരം ചർച്ചകൾ ചൂടുപിടിക്കുമ്പോൾ പിൻസീറ്റ് ബെൽറ്റും സീറ്റ് ബെല്‍റ്റ് അലാറങ്ങളും നിർബന്ധമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. കാറിന്‍റെ പിറകിലെ സീറ്റിലിരുന്ന് യാത്ര ചെയ്യവേ വ്യവസായിയും ടാറ്റ സൺസ് മുൻ ചെയർമാനുമായ സൈറസ് മിസ്ത്രി കാറപകടത്തിൽ മരണപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കങ്ങൾ.

പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്ത കാറുകളുടെ ഡ്രൈവർമാരിൽ നിന്ന് പിഴ ഈടാക്കാൻ ട്രാഫിക് പൊലീസിനെ അനുവദിക്കുന്ന പുതിയ നിയമം നിലവിൽ വരുകയാണെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സ്ഥിരീകരിച്ചിട്ടുണ്ട്.

ആളുകൾ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നതും അധികാരികൾ കണ്ണടയ്ക്കുന്നതും കാരണം ഇത്തരം നിരവധി മരണങ്ങൾ ദിനംപ്രതി സംഭവിക്കുമ്പോൾ അധികാരികളുടെ കണ്ണുതുറക്കാൻ ഒരു പ്രമുഖ വ്യക്തിയുടെ മരണം സംഭവിക്കേണ്ടി വന്നു എന്നതാണ് സങ്കടകരമായ വസ്തുത.

ഇന്ത്യയിൽ വിൽക്കുന്ന കാറുകൾക്ക് പിൻഭാഗത്ത് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ ലഭിക്കുമെങ്കിലും മിക്കവയും പിൻവശത്തെ ഔട്ട്‌ബോർഡ് സീറ്റുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാവുന്നുള്ളൂ. കൂടാതെ പിൻ മിഡിൽ സീറ്റിന് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് കമ്പനികൾ മനപൂർവം ഒഴിവാക്കുമ്പോൾ ചെലവ് കുറഞ്ഞ ലാപ് ബെൽറ്റ് മാത്രമേ ലഭിക്കുന്നുള്ളൂ.

20 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള നിരവധി കാറുകൾക്ക് പോലും ഇന്ന് രാജ്യത്ത് ഈ സുരക്ഷാ ഫീച്ചർ വാഹനങ്ങളിൽ നൽകിയിട്ടില്ലെന്നതാണ് കൗതുകമുണർത്തുന്ന കാര്യം. അതിനാൽ യഥാർഥത്തിൽ ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ ലഭിക്കുന്ന താരതമ്യേന വില കുറഞ്ഞ മോഡലുകളെ നമുക്കൊന്നു പരിചയപ്പെട്ടാലോ?

മഹീന്ദ്ര XUV300
പിൻ സീറ്റിലെ മൂന്നാമത്തെ യാത്രക്കാർക്കായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് ലഭിക്കുന്ന ഏറ്റവും വില കുറവുള്ള മോഡൽ മഹീന്ദ്ര XUV300 ആണ്. 8.41 ലക്ഷം മുതൽ 13.92 ലക്ഷം രൂപ വരെയാണ് ഈ സബ്-4 മീറ്റർ എസ്‌യുവിയുടെ വില വരുന്നത്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡിസ്‌ക് ബ്രേക്കുകൾ, ഐഎസ്ഒഫിക്സ് ആങ്കറേജുകൾ എന്നിവ വാഹനത്തിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നുമുണ്ട്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഒരു മോഡലും മഹീന്ദ്ര XUV300 ആണ്.

ടൊയോട്ട ഹൈറൈഡർ
ടൊയോട്ട ഹൈറൈഡർ ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എല്ലാ ഫോർവേഡിംഗ് സീറ്റിംഗ് പൊസിഷനുകൾക്കും സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. 9.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്ന് പ്രതീക്ഷിക്കുന്ന ഈ മിഡ്-സൈസ് എസ്‌യുവിയുടെ വിൽപ്പന കമ്പനി ഉടൻ ആരംഭിക്കും.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX സീറ്റ് ആങ്കറേജുകൾ, ക്രമീകരിക്കാവുന്ന ഷോൾഡർ ആങ്കർ (ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, ESC (ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ), ഹിൽ ഹോൾഡ് കൺട്രോൾ എന്നിവ ഹൈറൈഡറിന്റെ മറ്റ് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

മാരുതി ഗ്രാൻഡ് വിറ്റാര
പിൻ മിഡിൽ യാത്രക്കാർക്ക് ത്രീ പോയിന്റ് സീറ്റ് ബെൽറ്റ് ലഭിക്കുന്ന ആദ്യ മാരുതി കാറാണിത്. 9.50 ലക്ഷം മുതൽ 18 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വരുമെന്ന് പ്രതീക്ഷിക്കുന്ന സ്പോർട്‌സ് യൂട്ടിലിറ്റി വാഹനത്തിന്റെ വിൽപ്പനയും കമ്പനി ഉടൻ തന്നെ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ESC, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഫ്രണ്ട് സീറ്റ് ബെൽറ്റ് ഉയരം ക്രമീകരിക്കൽ, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നീ സുരക്ഷാ സന്നാഹങ്ങളും മാരുതി ഗ്രാൻഡ് വിറ്റാരയിലുണ്ടാവും. ഗ്രാൻഡ് വിറ്റാരയുടെ വില ഈ മാസം അവസാനത്തോടെ മാരുതി വെളിപ്പെടുത്തും.

എംജി ആസ്റ്റർ
എംജി മോട്ടോർസ് തങ്ങളുടെ ലൈനപ്പിലുടനീളം ത്രീ-പോയിന്റ് സുരക്ഷാ ബെൽറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ADAS (അഡ്വാൻസ്‌ഡ് ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റം) ഫീച്ചർ ചെയ്യുന്ന സെഗ്‌മെന്റിലെ ആദ്യത്തെ കാറുമാണ് ആസ്റ്റർ. 10.22 ലക്ഷം മുതൽ 18.23 ലക്ഷം രൂപ വരെയാണ് എസ്‌യുവിക്കായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

എസ്‌യുവിയിലെ സ്റ്റാൻഡേർഡ് ഫീച്ചറുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ആക്റ്റീവ് കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഇഎസ്‌സി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ്/ഡിസന്റ് കൺട്രോൾ, നാല് ഡിസ്ക് ബ്രേക്കുകൾ, ISOFIX ആങ്കറേജുകൾ എന്നിവ ഉൾപ്പെടുന്നു.

സ്കോഡ സ്ലാവിയ
സ്ലാവിയ സ്റ്റാൻഡേർഡായി പിൻ മിഡിൽ സീറ്റ് യാത്രക്കാർക്കായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 10.99 ലക്ഷം മുതൽ 18.39 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയാണ് സ്കോഡയുടെ പ്രീമിയം സെഡാനായി മുടക്കേണ്ടി വരിക.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ സിസ്റ്റം, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ ഹൈറ്റ് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ISOFIX ആങ്കറേജുകൾ എന്നിവയും സെഡാന് സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ഫോക്‌സ്‌വാഗൺ വെർട്ടിസ്
11.22 ലക്ഷം രൂപ മുതൽ 17.92 ലക്ഷം രൂപ വരെ വിലയുള്ള ഫോക്‌സ്‌വാഗൺ വെർട്ടിസ്, സ്ലാവിയയുടെ സ്കോഡ മോഡലാണ്. പിൻ മിഡിൽ യാത്രക്കാർക്ക് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് നൽകുന്ന സി-,സെഗ്മെന്റ് സെഡാൻ ശ്രേണിയിലെ മറ്റൊരു വാഹനമാണിത്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ സിസ്റ്റം, ഫ്രണ്ട് ആൻഡ് റിയർ ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ISOFIX ആങ്കറേജുകൾ എന്നിവയും വെർട്ടിസിന്റെ പ്രധാന സവിശേഷതകളാണ്.

സ്കോഡ കുഷാഖ്
ബ്രാൻഡിന്റെ മേൽപറഞ്ഞ സെഡാൻ വകഭേദങ്ങളെ പോലെ തന്നെ പിൻ മിഡിൽ യാത്രക്കാർക്ക് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് ഒരുക്കിയിട്ടുള്ള എസ്‍യുവി മോഡലാണ് കുഷാഖ്. 11.29 ലക്ഷം മുതൽ 19.49 ലക്ഷം രൂപ വരെയാണ് മിഡ്-സൈസ് എസ്‌യുവിക്കായി ചെലവു വരിക.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കിംഗ്, റോൾഓവർ പ്രൊട്ടക്ഷൻ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഫ്രണ്ട് ആൻഡ് റിയർ ഹൈറ്റ് അഡ്ജസ്റ്റബിൾ ഹെഡ്‌റെസ്റ്റുകൾ, TPMS, ISOFIX ആങ്കറേജുകൾ എന്നിവ ഇതിന്റെ അടിസ്ഥാന സുരക്ഷാ കിറ്റിൽ ഉൾപ്പെടുന്നുമുണ്ട്.

ഫോക്‌സ്‌വാഗൺ ടൈഗൂൺ
ഡ്യൂവൽ ഫ്രണ്ട് എയർബാഗുകൾ, മുന്നിലും പിന്നിലും ഉയരം ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റുകൾ, പിൻ മിഡിൽ പാസഞ്ചർക്കുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ്, ESC, ട്രാക്ഷൻ കൺട്രോൾ, റോൾഓവർ പ്രൊട്ടക്ഷൻ, ISOFIX ആങ്കറേജുകൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ സുരക്ഷാ ഫീച്ചർ ലിസ്റ്റ് ഫോക്‌സ്‌വാഗൺ ടൈഗൂൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 11.40 ലക്ഷം മുതൽ 18.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത്.

ഹോണ്ട സിറ്റി
റിയർ മിഡിൽ പാസഞ്ചർ സീറ്റിനായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് സ്റ്റാൻഡേർഡായി ലഭിക്കുന്ന ജാപ്പനീസ് ബ്രാൻഡിന്റെ ഏക കാർ സിറ്റിയാണ്. 11.57 ലക്ഷം രൂപ മുതൽ 15.52 ലക്ഷം രൂപ വരെയാണ് വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വല.

ISOFIX ആങ്കറേജുകൾ, പിൻ പാർക്കിംഗ് ക്യാമറ, വെഹിക്കിൾ സ്റ്റെബിലിറ്റി അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ടിപിഎംഎസ് എന്നിവയ്‌ക്കൊപ്പം നാല് എയർബാഗുകളും സ്റ്റാൻഡേർഡായി ഹോണ്ട സിറ്റി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എംജി ഹെക്‌ടർ
ഈ ലിസ്റ്റിലെ ഏറ്റവും വലിയ കാറായ എംജി ഹെക്ടറിനും പിൻ മിഡിൽ യാത്രക്കാർക്ക് ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ESP, ട്രാക്ഷൻ കൺട്രോൾ, ഹിൽ-ഹോൾഡ്, നാല് ഡിസ്ക് ബ്രേക്കുകൾ, ISOFIX ആങ്കറേജുകൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സ്റ്റാൻഡേർഡ് സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നുണ്ട്.

14.43 ലക്ഷം രൂപ മുതൽ 20.36 ലക്ഷം രൂപ വരെയാണ് എംജി ഹെക്‌ടർ എസ്‌യുവിയുടെ എക്സ്ഷോറൂം വില വരുന്നത്. മാരുതി വിറ്റാര ബ്രെസ, ബലേനോ, ഹ്യുണ്ടായി ക്രെറ്റ, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV700, സ്‌കോർപിയോ N/ക്ലാസിക് തുടങ്ങിയ നിരവധി ജനപ്രിയ മോഡലുകൾ ഈ സുരക്ഷാ ഫീച്ചർ ഇല്ലാതെയാണ് ഇപ്പോഴും വിപണിയിൽ എത്തുന്നത്.

ഒരു കാറിൽ പിൻ മിഡിൽ സീറ്റ് യാത്രക്കാർക്കായി ത്രീ-പോയിന്റ് സീറ്റ് ബെൽറ്റ് സ്റ്റാൻഡേർഡായി നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിലേക്ക് ഇപ്പോൾ കേന്ദ്ര സർക്കാർ ശ്രദ്ധ തിരിഞ്ഞിരിക്കുന്നതിനാൽ, ഓരോ ബ്രാൻഡും അവരുടെ ഓരോ മോഡലിലും ഈ സവിശേഷത ഇനി മുതൽ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തേണ്ടിവരുമെന്നത് ഏറെ സ്വീകാര്യമായ നടപടിയാണ്.


Click it and Unblock the Notifications








