R6 മുതൽ SV650 വരെ, ഇന്ത്യൻ നിരത്തുകൾ കാണാൻ ആഗ്രഹിക്കുന്ന പ്രീമിയം മോട്ടോർസൈക്കിളുകൾ
ഇന്ത്യയിലെ ഇരുചക്ര വാഹന വിപണിയുടെ സ്വഭാവം മാറിയത് അതിവേഗമായിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടിയിൽ രാജ്യത്തെ പ്രീമിയം മോട്ടോർസൈക്കിൾ സെഗ്മെന്റിൽ വന്ന മാറ്റങ്ങളും ഇതിന്റെ ഭാഗമാണ്.

ഇന്ത്യയിൽ വിറ്റഴിക്കുന്ന പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ എണ്ണത്തിൽ ജാപ്പനീസ് നിർമാതാക്കൾ മുതൽ യൂറോപ്യൻ ബ്രാൻഡുകൾ വരെ പണം വാരുന്നതാണ് കാണാനാവുന്നത്. മുമ്പ് അത്യാധുനിക പ്രീമിയം അല്ലെങ്കിൽ ആഢംബര ബൈക്കുകളൊന്നും നമ്മുടെ വിപണിയിൽ അധികം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതിയാകെ മാറിയിരിക്കുകയാണ്.

പണം നൽകിയാൽ ഇന്ത്യയിൽ ഏറ്റവും മികച്ച ലിറ്റർ ക്ലാസ് അല്ലെങ്കിൽ അതിനുമുകളിലുള്ളതുമായ മോട്ടോർസൈക്കിളുകൾ വാങ്ങാനാകും. എന്നാൽ രാജ്യത്ത് ലഭ്യമല്ലാത്ത ചില കിടിലൻ ബൈക്കുകളും നമുക്ക് അന്യമായി ഇന്നും നിലനിൽക്കുന്നുണ്ട്.

മിഡ്-റേഞ്ചിൽ അതിമനോഹരമായി യാത്ര ചെയ്യാനാവുന്നതാണ് ഒരു റൈഡിനെ മികച്ചതാക്കുന്ന ഘടകങ്ങളിൽ ഒന്ന്.അതിനാലാണ് 500 നും 900 സിസിക്കും ഇടയിലുള്ള മോഡലുകൾ ലോകമെമ്പാടും ജനപ്രിയമായതിന്റെ ഒരു കാരണം. നമ്മുടെ നിരത്തുകളിൽ ഇത്തരം നിരവധി ബൈക്കുകളുണ്ടെങ്കിലും ഇതുവരെ ഇന്ത്യ കാണാത്ത നിരവധി മികച്ച മോട്ടോർസൈക്കിളുകളും വിദേശ വിപണികളിൽ ലഭ്യമായിട്ടുണ്ട്.

CBR600R, YZF-R6, GSX-R600 എന്നിങ്ങനെ ഇന്ത്യയിലെ പല 600 സിസി സ്‌പോർട്‌സ് ബൈക്കുകളും ഇന്ത്യയിൽ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ. അവയിൽ മിക്കതും ഗ്രേ മാർക്കറ്റ് ബൈക്കുകളാണ്. ഇന്ത്യയിലെത്തുകയും ന്യായമായ വില നൽകുകയും ചെയ്താൽ ധാരാളം ഉപഭോക്താക്കളെ കണ്ടെത്താനും സാധിക്കുന്ന ചില ഉഗ്രൻ മോഡലുകളെ ഒന്നു പരിചയപ്പെട്ടാലോ?

യമഹ YZF-R6
യമഹ YZF-R6 അല്ലെങ്കിൽ R6 എന്നറിയപ്പെടുന്ന മോഡലിന് പ്രത്യേകിച്ച് ആമുഖം ഒന്നും തന്നെ ആവശ്യമില്ലാത്തതാണ്. 1999 മുതൽ 2020 വരെ ജാപ്പനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളുടെ ശ്രേണിയിലെ പകരംവെക്കാനാവാത്ത സൂപ്പർ സ്പോർട്‌സ് ബൈക്കായിരുന്നുവിത്. 2021 മുതൽ മിക്ക ആഗോള വിപണികളിലും യമഹ R6 ഒരു റേസ്-ഓൺസി പതിപ്പായാണ് ഇപ്പോൾ വിൽപ്പനയ്ക്ക് എത്തുന്നത്.

1999-ൽ അവതരിപ്പിച്ചപ്പോൾ സ്റ്റോക്ക് രൂപത്തിൽ 100 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ആദ്യത്തെ പ്രൊഡക്ഷൻ 600 സിസി മോട്ടോർസൈക്കിളായിരുന്നു യമഹ R6. കാലക്രമേണ ഫ്യുവൽ ഇഞ്ചക്ഷൻ പോലുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് R6 ആധുനിക ഭാവം കൈക്കൊണ്ടു. 2007-2008 മോഡൽ R6 സ്റ്റോക്ക് രൂപത്തിൽ 127 bhp വരെ വികസിപ്പിക്കാനും പ്രാപ്‌തമായിരുന്നു.

കവസാക്കി ZX-25R
കവസാക്കിയിൽ നിന്നും ഇന്ത്യൻ മോട്ടോർസൈക്കിൾ പ്രേമികൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന വാർത്തയായിരിക്കും ZX-25R മോഡലിന്റെ അവതരണത്തെ സംബന്ധിച്ച കാര്യം. ക്വാർട്ടർ ലീറ്റർ വിഭാഗത്തിലെ ഏക നാല് സിലിണ്ടർ മോട്ടോർസൈക്കിളാണ് ഇതെന്നതും ശ്രദ്ധേയമാണ്. ഈ എഞ്ചിൻ 43 bhp വരെ പവർ വികസിപ്പിക്കാനും പ്രാപ്‌തമായ ഒന്നാണ്.

കവസാക്കി ZX-25R അതിന്റെ ലിറ്റർ-ക്ലാസ് വകഭേദമായ ZX-10R സൂപ്പർ ബൈക്കിന് സമാനമായ ഡിസൈനാണ് അവതരിപ്പിക്കുന്നത് എന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. കൂടാതെ ട്രാക്ഷൻ കൺട്രോൾ, ക്രമീകരിക്കാവുന്ന ഷോവ USD ഫോർക്കുകൾ, രണ്ട് പവർ മോഡുകൾ, അണ്ടർ-ബെല്ലി എക്‌സ്‌ഹോസ്റ്റ്, WSBK-യിൽ നിന്നുള്ള ഷാസി, ഒരു സാധാരണ ക്വിക്ക്-ഷിഫ്റ്റർ എന്നീ സവിശേഷതകളും മോട്ടോർസൈക്കിളിന് ലഭിക്കുന്നുമുണ്ട്.

കെടിഎം അഡ്വഞ്ചർ R സീരീസ്
അഡ്വഞ്ചർ മോട്ടോർസൈക്കിൾ സെഗ്‌മെന്റ് ഇന്ത്യയിലും ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ബിഎംഡബ്ല്യു, ഹോണ്ട, ട്രയംഫ് തുടങ്ങിയ പ്രമുഖ പ്രീമിയം ബ്രാൻഡുകളെല്ലാം ഇതിനകം തന്നെ അവരുടെ അഡ്വഞ്ചർ മോഡലുകൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കുണ്ട്. ഈ ലൈനപ്പിൽ നഷ്‌ടമായ ഏറ്റവും വലിയ പേരാണ് കെടിഎമ്മിന്റേത്.

പ്രത്യേകിച്ച് അഡ്വഞ്ചർ R മോഡലുകളായ 890, 1090, 1290 എന്നിവ അന്താരാഷ്ട്ര വിപണിയിൽ തരംഗമായിട്ടും ഇന്ത്യയിൽ ഇവയെ പരിചയപ്പെടുത്താത് തികച്ചും നിരാശാജനകമായ കാര്യമാണ്. കെടിഎം ഇന്ത്യയ്ക്ക് മികച്ച 790 ഡ്യൂക്കിനെ സമ്മാനിച്ചിരുന്നു. അതിനും മികച്ച സ്വീകാര്യത ലഭിച്ചതിനാൽ ഭാവിയിൽ അഡ്വഞ്ചർ R സീരീസ് മോഡലുകളും നമ്മുടെ നിരത്തുകളിൽ ചീറീപായുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഹോണ്ട CRF 300 റാലി
ദൈനംദിന ഉപയോഗക്ഷമതയുള്ള ഒരു അഡ്വഞ്ചർ മോട്ടോർസൈക്കിളാണ് ഹോണ്ട CRF 300 റാലി. 6-സ്പീഡ് ഗിയർബോക്‌സിന്റെ സഹായത്തോടെ 28 ബിഎച്ച്പിയും 26 എൻഎം ടോർക്കും നൽകുന്ന സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് തുടിപ്പേകുന്നത്.

CRF 300 റാലി ഒരു ചെറിയ കപ്പാസിറ്റി എഞ്ചിനും ലോങ് ട്രാവൽ സസ്പെൻഷനും ഉള്ള ഒരു നല്ല ഡ്യുവൽ സ്പോർട് മോട്ടോർസൈക്കിളാണ്. എവിടെയും പോകാനുള്ള കഴിവുള്ള ഈ അഡ്വഞ്ചർ മോട്ടോർസൈക്കിളിന് ഹോണ്ടയ്ക്ക് കൃത്യമായ വില നിശ്ചയിച്ചാൽ ഇന്ത്യയിൽ ക്ലച്ചുപിടിക്കാൻ സാധ്യതയുള്ള മോഡലുകളിൽ ഒന്നാണ്.

സുസുക്കി SV650
സുസുക്കി SV650 എന്ന പേരു കേൾക്കാത്ത മോട്ടോർസൈക്കിൾ പ്രേമികളാരും നമുക്കിടയിൽ കാണില്ല. ലോകത്തെ ടൊയോട്ട കൊറോള പോലെ വിശ്വാസമായ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സുസുക്കി പ്രീമിയം മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഇത്.

എന്നാൽ തെരഞ്ഞെടുത്ത ആഗോള വിപണികളിൽ മാത്രമാണ് SV650 വിൽക്കുന്നത് എന്ന കാര്യം വളരെ നിരാശപ്പെടുത്തുന്ന ഒന്നാണ്. മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഷാസിയിലാണ് ഇത് നിർമിക്കുന്നത്. 645 സിസി, വി-ട്വിൻ എഞ്ചിൻ പരമാവധി 72 bhp കരുത്ത് വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായതാണ്. 6 സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








