Maruti Grand Vitara-യുടെ വിലയിൽ Hyundai Alcazar വാങ്ങാം; അതിനുള്ള കാരണങ്ങൾ ഇതാ
ഇന്ത്യയിലെ എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായിയുടെ ആധിപത്യം തകർക്കാനുള്ള മിടുക്ക് പല കമ്പനികൾക്കുമുണ്ടെങ്കിലും ഇന്നേവരെ ആ കിരീടം വെട്ടിപ്പിടിക്കാൻ എതിരാളികൾക്കായിട്ടില്ല. ക്രെറ്റ മാത്രം പ്രതിമാസം 11,000 മുതൽ 12,000 വരെ വിൽപ്പന നേടുമ്പോൾ ഈ കണക്കുകളുമായി പൊരുത്തപ്പെടാൻ സെഗ്മെന്റിൽ മറ്റാർക്കുമായിട്ടില്ല. കിടിലൻ ഫീച്ചറുകളും ധാരാളം എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളുമാണ് ക്രെറ്റയെ വേറിട്ടുനിർത്തുന്നത്.
ക്രെറ്റയെ വെല്ലുവിളിക്കാൻ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്ന തുറുപ്പുചീട്ടിനെയാണ് പുറത്തിറക്കിയത്. തികച്ചും കഴിവുള്ള ഒരു ഉൽപ്പന്നമാണെങ്കിലും വിൽപ്പനയിൽ ക്രെറ്റയ്ക്കൊപ്പം പിടിക്കാൻ ഇതിനായിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണം ഗ്രാൻഡ് വിറ്റാരയുടെ ഉയർന്ന വില തന്നെയാണ്. ഇതേ വിലയ്ക്ക് ഹ്യുണ്ടായി ക്രെറ്റയുടെ 7 സീറ്റർ മോഡലായ അൽകസാർ വരെ വാങ്ങാനാവും. ഇക്കാര്യം പലർക്കും അറിയില്ലാത്തൊരു കാര്യമാണ്. കൂടുതൽ സീറ്റിംഗ് സൗകര്യങ്ങൾക്കപ്പുറം അധിക പ്രായോഗികത അൽകസാറിലുണ്ട്. ആയതിനാൽ ഗ്രാൻഡ് വിറ്റാരയുമായി ഈ വാഹനത്തെ ഒന്നു മാറ്റുരച്ചു നോക്കിയാലോ?

വലിപ്പം
ഒരേ വിലയ്ക്ക് കൂടുതൽ വലിപ്പമുള്ള വാഹനം ലഭിക്കുന്നു എന്ന കാര്യം അത്ര നിസാരമല്ല. അൽകസാർ ക്രെറ്റയുടെ 7 സീറ്റർ പതിപ്പാണ് എന്നതിനാൽ സ്വാഭാവികമായും ഇത് ഗ്രാൻഡ് വിറ്റാരയേക്കാൾ വലുതായിരിക്കുമെന്ന് ഊഹിക്കാല്ലോ... ഹ്യുണ്ടായിയുടെ മൂന്നു വരി എസ്‌യുവിക്ക് 4500 mm നീളവും 1790 mm വീതിയും 1675 mm ഉയരവും 2760 mm വീൽബേസും 200 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്. താരതമ്യപ്പെടുത്തുമ്പോൾ ഗ്രാൻഡ് വിറ്റാരയ്ക്ക് 4345 mm നീളവും 1795 mm വീതിയും 1645 mm ഉയരവുമുണ്ട്. വീൽബേസ് കണക്കുകൾ 2600 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറൻസ് 210 മില്ലീമീറ്ററുമാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ ഗ്രാൻഡ് വിറ്റാരയേക്കാൾ കൂടുതൽ സ്ഥലം അൽകസാർ വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഹൈലൈറ്റ്.
സവിശേഷതകൾ
പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അൽകസാർ എസ്‌യുവിയെ വിപണിയിൽ എത്തിക്കുന്നത്. അതിൽ 156 bhp പവറിൽ 191 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 113 bhp കരുത്തിൽ 250 Nm torque നൽകുന്ന ശേഷിയുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായാണ് ഇത് വരുന്നത്. രണ്ട് എഞ്ചിനുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിലാണ് വരുന്നത് എന്നതും ശ്രദ്ധേയമാണ്.

താരതമ്യപ്പെടുത്തുമ്പോൾ ഗ്രാൻഡ് വിറ്റാര രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത്. ഒന്ന്, ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്ററുള്ള മൈൽഡ് ഹൈബ്രിഡ് സെറ്റപ്പുള്ള 1.5 ലിറ്റർ ആണ്. ഇത് 103 bhp പവറിൽ 137 Nm torque വികസിപ്പിക്കുന്ന യൂണിറ്റാണ്. അതേസമയം മാരുതി സുസുക്കി എസ്‌യുവിയുടെ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിൻ 113 bhp, 122 Nm torque എന്നിവയാണ് നൽകുന്നത്. ഹൈബ്രിഡ് സജ്ജീകരണം ലിറ്ററിന് 27.97 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഒരു പ്ലസ് പോയിന്റ്. ഗ്രാൻഡ് വിറ്റാരയ്ക്ക് ഓൾ-വീൽ ഡ്രൈവ് സജ്ജീകരണത്തിന്റെ അധിക ബോണസും ലഭിക്കുന്നു.
ഫീച്ചറുകൾ
ഒരു ഹ്യുണ്ടായി മോഡൽ ആയതിനാൽ തന്നെ ഇത് സവിശേഷതകളാൽ സമ്പന്നമാണെന്ന് ഊഹിക്കാമല്ലോ... പനോരമിക് സൺറൂഫ്, ക്യാപ്റ്റൻ സീറ്റുകൾ, വെന്റിലേറ്റഡ് സീറ്റുകൾ, ഡ്രൈവിംഗ് മോഡുകൾ, 360 ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകളോടെയാണ് അൽകസാർ വിപണിയിൽ വരുന്നത്. കൂടാതെ എല്ലാ വീലുകളിലും ഡിസ്‌ക് ബ്രേക്കുകളും ഫ്രണ്ട് പാർക്കിംഗ് സെൻസറുകളും ടിപിഎംഎസ്, ഇഎസ്‌സി തുടങ്ങിയവയും 7 സീറ്റർ എസ്‌യുവിയുടെ സുരക്ഷാ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
മാരുതി കാറുകൾ അവയുടെ ഫീച്ചറുകൾക്ക് അത്ര പേരുകേട്ടതല്ല. എന്നാൽ മാരുതി ആ വശം മാറ്റുകയാണെന്ന് ഗ്രാൻഡ് വിറ്റാരയിലൂടെ തെളിയിച്ചിട്ടുണ്ട്. 9.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്‌സ് അപ് ഡിസ്പ്ലേ (HUD), വയർലെസ് ചാർജിംഗ്, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാണ് ഗ്രാൻഡ് വിറ്റാര എത്തുന്നത്. ആറ് എയർബാഗുകൾ, ഹിൽ ഹോൾഡുള്ള ESP, TPMS എന്നിവ വാഹനത്തിന്റെ സുരക്ഷാ ഫീച്ചറുകളിലും ഉൾപ്പെടുന്നു.
പക്ഷേ എന്തുകൊണ്ട് അൽകസാർ മികച്ചതാവുന്നു?
ഈ ചോദ്യമായിരിക്കാം ഇപ്പോൾ നിങ്ങളുടെ ഏവരുടേയും മനസിലേക്ക് ഓടിയെത്തുന്നത് അല്ലേ. അതിനുള്ള ഉത്തരം ഇനി പറയാം... ഗ്രാൻഡ് വിറ്റാരയുടെ ഏറ്റവും ഉയർന്ന മോഡലിന് ഏകദേശം 23 ലക്ഷം രൂപയാണ് ഓൺ-റോഡ വിലയായി മുടക്കേണ്ടത്. അതേ പണം കൊണ്ട് നിങ്ങൾക്ക് അൽകസാറിന്റെ പ്ലാറ്റിനം അല്ലെങ്കിൽ സിഗ്നേച്ചർ വേരിയന്റുകൾ വാങ്ങാനാവും. ഒരു ഉൽപ്പന്നമെന്ന നിലയിൽ അൽകസാർ 7 സീറ്റുകളോ സീറ്റുകൾ ആവശ്യമില്ലാത്തപ്പോൾ അധിക ബൂട്ട് സ്പേസോ വാഗ്ദാനം ചെയ്യും. കൂടാതെ അൽകസാറിനെ അപേക്ഷിച്ച് ഗ്രാൻഡ് വിറ്റാരയുടെ രണ്ടാം നിര അത്ര സുഖകരമല്ലെന്നും എടുത്തു പറയാം.
ഗ്രാൻഡ് വിറ്റാരയുടെ മൈലേജ് കണക്കുകൾ സിറ്റി സാഹചര്യങ്ങളിൽ മികച്ചതാണ് എന്ന വസ്‌തുത തള്ളിക്കളയാനാവില്ല. എന്നാൽ ഹൈവേകളിൽ ഇത് പറയാൻ കഴിയില്ല. ഇവിടെയാണ് അൽകസാറിന്റെ ഡീസൽ എഞ്ചിൻ തിളങ്ങുന്നത്. ഗ്രാൻഡ് വിറ്റാരയ്ക്ക് സവിശേഷതകളും ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉള്ള പ്ലസ് പോയിന്റുകൾ ഉണ്ട്. എന്നാൽ അൽകസാർ സമാനമായ വിലയിൽ കൂടുതൽ മൂല്യം വാഗ്ദാനം ചെയ്യുന്നതായി തോന്നുന്നു. പിന്നെ മറ്റ് വിൽപ്പനാന്തര സേവനങ്ങളിലും ഹ്യുണ്ടായി മികച്ചതാണെന്ന് പറയേണ്ടതില്ലല്ലോ.


Click it and Unblock the Notifications








