ഒറ്റ ദിവസം വാങ്ങിയത് 2 ബെൻസ്, ഈ പല്ല് ഡോക്‌ടർ ആരെന്ന് തിരഞ്ഞുപിടിച്ച് സോഷ്യൽ മീഡിയ
ആഡംബര കാറുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്ന് വേണം പറയാൻ. പ്രത്യേകിച്ച് യുവാക്കളാണ് ഇത്തരം വില കൂടിയ കാറുകളെ ഇപ്പോൾ ഏറ്റവും കൂടുതൽ പ്രണയിക്കുന്നത്. നിരവധി യുവ സംരംഭകരും പ്രൊഫഷണലുകളും ആഡംബര കാറുകൾ (Luxury Cars) വാങ്ങുന്നത് സ്ഥിരം കാഴ്ച്ചയായിട്ടുണ്ട്. എന്നാൽ ഒന്നിച്ച് രണ്ട് ആഡംബര കാറുകൾ സ്വന്തമാക്കിയിട്ടുള്ള അധികമാരെയും നമുക്ക് പരിചയമുണ്ടാവില്ല അല്ലേ. ഇപ്പോഴിതാ ഒരേ ദിവസം ഒരേ സമയം രണ്ട് ലക്ഷ്വറി എസ്‌യുവികൾ വാങ്ങിയ പല്ല് ഡോക്‌ടറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Social Media) ചർച്ചാവിഷയം.
വണ്ടി ഏതെന്ന് അറിഞ്ഞാൽ പല വണ്ടിഭ്രാന്തൻമാരുടേയും കിളി വരെ പാറാനും സാധ്യതയുണ്ട്. രണ്ട് മെർസിഡീസ് ജി-വാഗൺ എസ്‌യുവികളാണ് യുവ വനിതാ ഡെൻ്റൽ സർജൻ വാങ്ങിയിരിക്കുന്നത്. മേധരഞ്ജൻ എന്ന ഡോക്‌ടർ തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് ഈ അസുലഭ നിമിഷം പങ്കുവെച്ചിരിക്കുന്നത്. മേധയും അവളുടെ അച്ഛനും വേണ്ടിയാണ് കണ്ട് ജി-വാഗണുകൾ ഒരേ ദിവസം തന്നെ വാങ്ങിയിരിക്കുന്നത്.

ദന്ത ഡോക്‌ടർ വാങ്ങിയ രണ്ട് ജി-വാഗണുകളിൽ ഒന്ന് G63 AMG പതിപ്പും മറ്റൊന്ന് G 450d വേരിയൻ്റുമാണ്. രണ്ടിൻ്റേയും നിറത്തിലും വ്യത്യാസമുണ്ട് കേട്ടോ. G63 AMG ഗോൾഡനും G 450d ബ്ലാക്ക് നിറത്തിലുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. വീട്ടിലെ പുതിയ അതിഥികളെ വരവേൽക്കുവാനായി മുഴുവൻ കുടുംബവും ഷോറൂമിൽ എത്തിയിരുന്നു. പക്ഷേ ഇത് വാങ്ങിയത് യുവ വനിതാ ഡോക്‌ടർ അല്ല. മേധരഞ്ജൻ്റെ അച്ഛനാണ് ഇതൊരു സ്നേഹസമ്മാനമായി മകൾക്ക് സമ്മാനിച്ചിരിക്കുന്നത്.
ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ, കായിക താരങ്ങൾ, സമ്പന്നരായ ബിസിനസുകാർ എന്നിവർക്കിടയിൽ വളരെ പ്രചാരമുള്ള ഒരു എസ്‌യുവിയാണ് മെർസിഡീസ് ബെൻസ് G63 എഎംജി. ജി-വാഗൺ സീരീസിലെ ഏറ്റവും ചെലവേറിയതും പവർഫുള്ളുമായ വേരിയൻ്റ് എന്ന വിശേഷമാണ് ഇതിനുള്ളത്. 3.30 കോടി രൂപയോളമാണ് ഈ അത്യാഡംബര സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

എക്സ്റ്റീരിയറിനും ഇന്റീരിയറിനും വേണ്ടി വൈവിധ്യമാർന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഈ എസ്‌യുവിയിൽ ലഭ്യമാണ്. ഇത് ചെയ്യുന്നതനുസരിച്ച് വിലയിലും വലിയ മാറ്റങ്ങളുണ്ടാവും. 4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് മെർസിഡീസ് ബെൻസ് G63 എഎംജി എസ്‌യുവിയുടെ ഹൃദയം. ഇത് 577 bhp കരുത്തിൽ പരമാവധി 850 Nm ടോർക്ക് വരെ വികസിപ്പിക്കാൻ കഴിവുള്ളതാണ്. ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ വാഹനത്തിന് 4.3 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.
അതേസമയം പരമാവധി വേഗം 240 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. G63 എഎംജിയിൽ ആദ്യമായി ലോഞ്ച് കൺട്രോൾ ഫീച്ചറും ബെൻസ് ചേർത്തിട്ടുണ്ട്. കൂടാതെ പുതിയ മോഡലിൽ എഎംജി ആക്റ്റീവ് റൈഡ് കൺട്രോൾ സസ്പെൻഷനും ബെൻസ് ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. ഓഫ്-റോഡിംഗ് സമയത്ത് സുഗമമായ പെർഫോമൻസ് ഉറപ്പാക്കാൻ ആക്റ്റീവ് ഹൈഡ്രോളിക് റോൾ സ്റ്റബിലൈസേഷനും അഡാപ്റ്റീവ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡാമ്പിങ്ങും ഈ സസ്പെൻഷൻ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇനി യുവ ഡോക്‌ടറിൻ്റെ വീട്ടിലേക്ക് എത്തിയിരിക്കുന്ന മെർസിഡീസ് ബെൻസ് ജി-വാഗൺ G 450d വേരിയൻ്റിലേക്ക് നോക്കിയാൽ ഇതൊരു ഡീസൽ എസ്‌യുവിയാണ്. G63 എഎംജിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഡീസൽ പതിപ്പിൻ്റെ എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങളും കാണാം. ചിത്രത്തിൽ കാണുന്നത് പോലെ ഫ്രണ്ട് ഗ്രിൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ മാറ്റമുണ്ട്. 2025 ഒക്ടോബറിലാണ് ഇതിൻ്റെ പുതുമോഡൽ ഇന്ത്യയിലെത്തുന്നത്.
362 bhp പവറി ൽ പരമാവധി 750 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് മെർസിഡീസ് ബെൻസ് ജി-വാഗൺ G 450d എസ്‌യുവിയുടെ ഹൃദയം. കുറഞ്ഞ വേഗതയിൽ പോലും സഹായകരമാകുന്ന 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ എഞ്ചിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നാല് ചക്രങ്ങളിലേക്കും പവർ അയയ്ക്കുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
ഒരു ഹെവി, ബോക്‌സി ഡീസൽ എസ്‌യുവി ആണെങ്കിലും പെർഫോമൻസ് കണക്കുകളിലൊന്നും യാതൊരു വിധ കുറവും മോഡൽ വരുത്തിയിട്ടില്ല. ഇതിന് 5.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ അവകാശപ്പെടുന്നത്. പരമാവധി വേഗത മണിക്കൂറിൽ 210 കിലോമീറ്ററായും ബെൻസ് നിജപ്പെടുത്തിയിട്ടുണ്ട്. 2.90 കോടി രൂപയോളമാണ് ഈ വേരിയൻ്റിന് വരുന്ന എക്സ്ഷോറൂം വില.


Click it and Unblock the Notifications








