വീടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മരുന്നുള്ള ഡോക്‌ടർ, അജയ് ശങ്കറിന് ബിഎംഡബ്ല്യുവിന്റെ ആഡംബര കാർ സ്വന്തം
വീട് എന്നത് പലരുടേയും ചിരകാല സ്വപ്‌നങ്ങളിൽ ഒന്നാവും. വീട് പണിയാനിറങ്ങിയാൽ ആയിരം സംശയങ്ങളും ചോദ്യങ്ങളും ഓരോരുത്തരുടേയും മനസിലുണ്ടാവും. അത്തരക്കാരെ സഹായിക്കാൻ ഒരുപാട് എഞ്ചിനിയർമാരും കോൺട്രാക്ടർമാരും ഇന്നുണ്ട്. പക്ഷേ പലരും ആദ്യം തപ്പുന്നത് ഓൺലൈനിലാവും അല്ലേ. ഇൻഫ്ലുവൻസർമാർ സജീവമായതോടെ എല്ലാക്കാര്യത്തിലും അഭിപ്രായം പറയാൻ ആയിരം പേരുണ്ടാവും. അത്തരത്തിൽ ഹോം കൺസൾട്ടന്റായി ഏവർക്കും പരിചതമായ വ്യക്തിയാണ് ഡോക്‌ടർ ഇന്റീരിയർ എന്ന അജയ് ശങ്കർ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമെല്ലാം വീടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുന്ന അജയ് പലരുടേയും പ്രിയപ്പെട്ട യൂട്യൂബർ കൂടിയാണ് കേട്ടോ.
കൺസൾട്ടന്റും ഇന്റീരിയർ മെറ്റീരിയൽ ടെക്‌നോളജിസ്റ്റുമാണെങ്കിലും വീഡിയോകളിലൂടെയാണ് പലർക്കും ഡോക്‌ടർ ഇന്റീരിയറിനെ പരിചയം. അങ്ങനെ നമ്മുടെ സുഹൃത്തായി മാറിയ അജയ് ശങ്കർ തന്റെ ജീവിതത്തിലെ ഒരു വലിയ സ്വപ്‌നം നേടിയെടുത്തിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇനിയുള്ള യാത്രകൾക്കായി ബിഎംഡബ്ല്യുവിന്റെ ആഡംബര കാർ സ്വന്തമാക്കിയിരിക്കുകയാണ് ഡോക്‌ടർ ഇന്റീരിയർ.

പുതിയത് വാങ്ങി കാശ് കളയാതെ കൃത്യമായി വിനിയോഗിച്ച് അജയ് ശങ്കർ യൂസ്‌ഡ് കാറാണ് തന്റെ വീട്ടിലേക്ക് എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു X1 എസ്‌യുവിയാണ് ഡോക്‌ടർ ഇന്റീരിയർ വാങ്ങിയിരിക്കുന്നത്. പുതിയ അതിഥിയെ വരവേറ്റതിന്റെ സന്തോഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇന്റീരിയർ സ്പെഷ്യലിസ്റ്റ് ഫോളോവേഴ്‌സിലേക്ക് എത്തിച്ചിരിക്കുന്നത്. ബിഎംഡബ്ല്യു ആനന്ദം എന്ന അടിക്കുറിപ്പോടെയാണ് വാഹനത്തിന്റെ ഡെലിവറിയെടുത്തതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നതും.
കൊച്ചിയിലെ യൂസ്‌ഡ് പ്രീമിയം കാർ ഡീലറായ കൊലോസിയ കാർസിൽ നിന്നുമാണ് അജയ് തന്റെ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. പുതിയ സന്തോഷത്തിൽ അണിചേർന്നുകൊണ്ട് ഒരുപാട് ഫോളോവേഴ്‌സ് കമ്റ് ബോക്‌സിലുമെത്തി ഡോക്‌ടർ ഇന്റീരിയറിന് അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്. ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ എസ്‌യുവിയാണ് അജയിയുടെ X1.

2016 മുതൽ ഇന്ത്യൻ വിപണിയിലുണ്ടായിരുന്ന X1 എസ്‌യുവി അതിന്റെ താങ്ങാനാവുന്ന വില, പെർഫോമൻസ്, ഫീച്ചറുകൾ എന്നിവയാൽ ജനപ്രിയനായിരുന്നു. പെട്രോള്‍, ഡീസൽ വകഭേദങ്ങളുള്ള വാഹനത്തിന്റെ ഏതു മോഡലാണ് അജയ് ശങ്കർ വാങ്ങിയിരിക്കുന്നതെന്ന് വ്യക്തമല്ല. രാജ്യത്തെ ഏറ്റവും സ്പോർട്ടി പ്രീമിയം കോംപാക്ട് സ്പോർട്സ് ആക്ടിവിറ്റി വെഹിക്കിൾ (SAV) ആയിട്ടാണ് ബിഎംഡബ്യു X1 വിശേഷിപ്പിച്ചിരുന്നത്.
ഡിസൈനിലേക്ക് നോക്കിയാൽ അക്കാലത്തെ ഏതൊരു ആഡംബര കാറിനുമുള്ള അഴകിലാണ് ഈ ജർമൻ എസ്‌യുവിയും വിപണിയിൽ എത്തിയിരുന്നത്. അലുമിനിയം മാറ്റിലുള്ള സ്ലാറ്റുകളും ക്രോം ഫ്രെയിമും ഉള്ള സിഗ്നേച്ചർ കിഡ്‌നി ഗ്രിൽ, എൽഇഡി ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് X1 എസ്‌യുവിയുടെ മുൻവശത്തെ പ്രധാന ആകർഷണം. വശക്കാഴ്ച്ചയിൽ വൈ സ്‌പോക്ക് സ്‌റ്റൈലിങ്ങോടു കൂടിയ 18 ഇഞ്ച് ലൈറ്റ് അലോയ് വീലുകളിലേക്കാവും ആരുടേയും ശ്രദ്ധപോവുക.

ബിഎംഡബ്ല്യു X1 എസ്‌യുവിയുടെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ 192 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതേസമയം ഡീസൽ എഞ്ചിനാണെങ്കിൽ 190 bhp പവറിൽ 400 Nm torque വരെയും സൃഷ്ടിക്കും. 7 സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോർട് ഓട്ടോമാറ്റിക് ഡബിൾ ക്ലച്ച് ട്രാൻസ്മിഷനുമായി വരുന്ന ലക്ഷ്വറി വാഹനത്തിന് വെറും 7.6 സെക്കന്റിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനുമാവും.
സേഫ്റ്റിയിലും മോശക്കാരനല്ല കേട്ടോ X1. സുരക്ഷയുടെ കാര്യത്തിൽ ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ എസ്‌യുവിക്ക് ഡബിൾ ക്ലച്ച് ട്രാൻസ്മിഷൻ, 6 എയർ ബാഗുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ എന്നീ ഫീച്ചറുകളെല്ലാം ലഭിക്കും. പുതിയ കാറിനെ അപേക്ഷിച്ച് യൂസ്ഡ് കാറിന്റെ മൂല്യത്തകര്‍ച്ച നിരക്ക് വളരെ കുറവാണെന്നതാണ് ഇത്തരം മോഡലുകളിലേക്ക് പലരേയും ആകർഷിക്കുന്നത്.


Click it and Unblock the Notifications








