12.50 ലക്ഷം രൂപയ്ക്ക് ലംബോർഗിനി നിർമിച്ച യൂട്യൂബർ, കമ്പനി കണ്ടാൽ ഇവന് വേറെ ജോലി നോക്കേണ്ട
സ്വന്തമായൊരു വണ്ടി വാങ്ങിയാൽ അതൊന്ന് മോഡിഫൈ ചെയ്‌ത് അടിപൊളിയാക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഏറ്റവും കുറഞ്ഞത് സ്റ്റോക്ക് വീലുകളെങ്കിലും മാറ്റി അലോയ് വീലിട്ട് വണ്ടിയെ കുട്ടപ്പനാക്കാനെങ്കിലും എല്ലാവരും ശ്രമിക്കാറുണ്ട്. കേരളത്തിൽ എംവിഡി സജീവമായി റോഡിൽ ഇറങ്ങി പണിയെടുക്കുന്നതിനാൽ കടുത്ത പരിഷ്ക്കാരങ്ങളൊന്നും ഇപ്പോൾ ആരും അങ്ങനെ ചെയ്യാറില്ല.
ചെറിയ ഏതെങ്കിലും കാറെടുത്താൽ കുറച്ച് കാലം കഴിയുമ്പോൾ മറ്റേതെങ്കിലും വലിയൊരു മോഡലായിരുന്നു ഇതെന്ന് ഓർക്കുന്നരുടെ എണ്ണവും ചെറുതല്ല. എന്നാൽ പൈസയില്ലാത്തതിനാൽ സ്വപ്‌നങ്ങൾ അടക്കിപ്പിടിച്ച് പലരും ആഗ്രഹങ്ങളെല്ലാം ഒതുക്കിവെക്കാറുമുണ്ട്. ലംബോർഗിനി പോലുള്ള സൂപ്പർകാറിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യണം അല്ലെങ്കിൽ വാങ്ങണമെന്നത് സ്വപ്നം കാണാത്ത വണ്ടിഭ്രാന്തൻമാരുണ്ടാവില്ല.

സ്വന്തമായി വാങ്ങാൻ കോടികൾ വേണമെന്നതിനാൽ ആരും ഇതിനൊന്നും മെനക്കെടാറുമില്ല. എന്നാൽ ഇപ്പോഴിതാ ഗുജറാത്തി യൂട്യൂബർ ലംബോർഗിനി സ്വന്തമായി നിർമിച്ചിരിക്കുകയാണ്. ശരിക്കും പറഞ്ഞാൽ ഹോണ്ട സിവിക്കിനെ രൂപം മാറ്റിയതാണെന്ന് പറഞ്ഞാൽ പലരും നെറ്റിയൊന്ന് ചുളുക്കിയേക്കാം. എന്തായാലും സംഭവം ഇന്റർനെറ്റ് ലോകത്ത് വൈറലായിട്ടുണ്ട്. 2008-ലെ സിവിക് സെഡാൻ ഉപയോഗിച്ചാണ് തന്നാ ധവൽ ഈ വമ്പൻ മോഡിഫിക്കേഷൻ നടത്തിയിരിക്കുന്നത്.
ടെർസോ മില്ലേനിയോ ഇലക്ട്രിക് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോണ്ട സിവിക്കിനെ ലംബോർഗിനിയാക്കി മാറ്റുന്നതിൻ്റെ എല്ലാ വിശദാംശങ്ങളും ധവൽ തൻ്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. സിവിക്കിനെ ലംബോർഗിനിയാക്കാൻ ഇദ്ദേഹം ചെലവാക്കിയത് 12.50 ലക്ഷം രൂപയാണ്. ടെർസോ മില്ലേനിയോ ഇലക്ട്രിക് കൺസെപ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഹോണ്ട സിവിക്കിനെ ലംബോർഗിനിയാക്കി മാറ്റിയിരിക്കുന്നതും.

വീൽ ആർച്ചുകൾ, ട്വിൻ ഡോറുകൾ, നീളമുള്ള വിൻഡ്‌സ്‌ക്രീൻ എന്നിവയെല്ലാം അടിമുടി ലംബോർഗിനിയുടെ കൺസെപ്റ്റ് കാറുമായി സാമ്യമുള്ളതാണ്. ഇപ്പോൾ പുതിയ കാലത്തെ ലംബോർഗിനി കാറുകളുടെ ഭാഗമായ സിഗ്നേച്ചർ ട്രൈ-എൽഇഡി ഡിആർഎല്ലുകളും അതേപടി പകർത്തിയിട്ടുണ്ടെന്നതും മനോഹരമായ കാഴ്ച്ചയാണ്. കസ്റ്റമൈസ് ചെയ്‌ത് നിർമിച്ച സൂപ്പർ കാറിന് മറ്റ് നിരവധി പാർട്‌സുകളും വലിയ ഫാബ്രിക്കേഷൻ വർക്കുകളും ആവശ്യമായി വന്നിട്ടുണ്ടെന്നും ധവൽ വീഡിയോയിൽ പറയുന്നുണ്ട്.
പുതിയ ഡിസൈനുമായി പൊരുത്തപ്പെടുന്നതിന് സിവിക്കിന്റെ ഷാസി കട്ട് ചെയ്‌ത് റീഡിസൈണ ചെയ്യേണ്ടതായി വന്നുവെന്നും യൂട്യൂബർ വെളിപ്പെടുത്തുകയുണ്ടായി. കൂടാതെ ഇത് എക്സിക്യൂട്ട് ചെയ്യാൻ ഒരു ലക്ഷത്തിലധികം രൂപ ചെലവായെന്നും പറയുന്നു. സിവിക്കിനെ ലംബോർഗിനിയാക്കാൻ ലേബർ ചാർജിനായി മാത്രം മൂന്ന് ലക്ഷം രൂപ കൂടി ചെലവഴിച്ചതായി ധവൽ പറയുന്നു. കൂടാതെ കാറിന്റെ മിക്ക പാർട്‌സുകളും കസ്റ്റമൈസ് ചെയ്‌ത് നിർമിച്ചതുമാണ്.

അതേസമയം ഗ്ലാസ് പാർട്‌സുകൾ കറുത്ത ഫിലിം ഉപയോഗിച്ച് അക്രിലിക് ഷീറ്റുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. രൂപമാറ്റം വരുത്തിയ കാറിൻ്റെ വിൻഡോകൾ തുറക്കാനാകില്ലെന്നതും പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്. ധവലിൻ്റെ മോഡിഫൈ ചെയ്‌ത ലംബോർഗിനി സൂപ്പർകാറിന്റെ ഡോറുകളിൽ '63' സ്‌റ്റിക്കറും ഇടംപിടിച്ചിട്ടുണ്ട്. ഇത് സ്പോർട്ടിയർ ലുക്ക് കൈവരിക്കാൻ വാഹനത്തെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.
ഇത് ലംബോർഗിൻ്റെ ജന്മവർഷമായ '1963' എന്ന വർഷത്തെയാണ് സൂചിപ്പിക്കുന്നത്. പ്രോജക്‌ട് കാറിലെ ഫൈവ് സ്‌പോക്ക് ആഫ്റ്റർ മാർക്കറ്റ് അലോയ് വീലുകളും രസകരമായ രീതിയിൽ തന്നെ കാറിന്റെ രൂപത്തോട് ഇഴുകിച്ചേരുന്നുണ്ട്. ബോണറ്റിലും വീലുകളിലും ലംബോർഗിനി റാഗിംഗ് ബുൾ ലോഗോയും യൂട്യൂബർ ചേർത്തിട്ടുണ്ട്. ഹോണ്ട സിവിക്കായിരുന്ന ഇതിന്റെ ഇന്റീരിയറിലും കാര്യമായ പരിഷ്ക്കാരങ്ങൾ തന്നെയാണ് കാണാനാവുക.

സ്‌പോർട്‌സ് സീറ്റുകൾ, പുതിയ അപ്‌ഹോൾസ്റ്ററി, ഫ്ലാറ്റ്-ബോട്ടം സ്‌പോർട്ടി സ്റ്റിയറിംഗ് വീൽ, വൈഡ് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളെല്ലാം ക്യാബിനുള്ളിൽ കാണാനാവും. കീ ഫോബും കസ്റ്റമൈസായി നിർമിച്ചതാണ്. കൂടാതെ പുതിയ ബിഎംഡബ്ല്യു മോഡലുകൾക്ക് സമാനമായ ഒരു ചെറിയ സ്‌ക്രീനും അകത്തളത്തെ സമ്പുഷ്ടമാക്കാനായി എത്തിയിട്ടുണ്ട് കേട്ടോ.
പ്രോജക്റ്റ് കാറിൻ്റെ എഞ്ചിനിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്ന് ഗുജറാത്തി യൂട്യൂബറായ തന്നാ ധവൽ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റോക്ക് 2008 ഹോണ്ട സിവിക്കിന് 1.8 ലിറ്റർ i-VTEC നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. കിടിലൻ പെർഫോമൻസും ഡ്രൈവിംഗ് സുഖവും വാഗ്‌ദാനം ചെയ്യുന്ന ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനൊപ്പമാണ് വിപണിയിൽ എത്തിയിരുന്നത്.


Click it and Unblock the Notifications








