ലഹരിപാർട്ടിയിൽ പാമ്പിൻ വിഷം വിളമ്പിയ യൂട്യൂബർ, 3 കോടിയുടെ ആഡംബര എസ്‌യുവി വാങ്ങി ആളെ പിടികിട്ടിയോ
യൂട്യൂബറും ബിഗ് ബോസ് വിജയിയുമായ എൽവിഷ് യാദവിന് അറിയാത്ത സോഷ്യൽ മീഡിയ ഉപഭോക്താക്കൾ കുറവായിരിക്കും. നിശാപാർട്ടികളിൽ പാമ്പിന്റെ വിഷം ഉപയോഗിച്ച സംഭവത്തിൽ കക്ഷിയെ അറസ്റ്റ് ചെയ്‌ത സംഭവമെല്ലാം വലിയ വാർത്തയായിയിരുന്നു. യൂട്യൂബർ എന്ന നിലയിൽ മാത്രമല്ല, ഗായകനായും പുള്ളിക്കാരൻ അറിയപ്പെടുന്ന താരമാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വിജയിയായതോടെയാണ് എൽവിഷ് കൂടുതൽ പ്രശസ്തനാവുന്നത്. കേരള സ്റ്റോറി സിനിമ വിവാദത്തിൽ മലയാളികൾക്കെതിരെ വർഗീയ പ്രചാരണവും നടത്തി എൽവിഷ് യാദവ് ശ്രദ്ധേയനായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തേയും ബിജെപിയേയും പിന്തുണയ്ക്കുന്ന ഇദ്ദേഹം ധ്രൂവ് റാട്ടിക്ക് എതിരെ വരെ വീഡിയോകൾ ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ പുത്തനൊരു അത്യാഡംബര കാർ വാങ്ങിയാണ് എൽവിഷ് യാദവ് വാർത്തകളിൽ നിറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മെർസിഡീസ് ബെൻസിന്റെ ഇലക്ട്രിക് ജി-വാഗൺ എസ്‌യുവിയാണ് യൂട്യൂബറിന്റെ പോർച്ചിലേക്ക് എത്തിയിരിക്കുന്നത്. ഏകദേശം 3 കോടി രൂപ വിലവരുന്ന പുതിയ മെർസിഡീസ് ബെൻസ് G580 EQ വളരെ ചുരുങ്ങിയ യൂണിറ്റുകളിൽ മാത്രമാണ് ഇന്ത്യയിൽ എത്തുന്നത്.

കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മറ്റ് നിരവധി ഇൻഫ്ലുവൻസർമാർക്കും യൂട്യൂബർമാർക്കും ഒപ്പമെത്തിയാണ് എൽവിഷ് യാദവ് പുത്തൻ മെർസിഡീസ് ബെൻസ് ജി-വാഗൺ ഇലക്ട്രിക്കിനെ വീട്ടിലേക്ക് ആനയിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും മറ്റ് വിവരങ്ങളും സൗരഭ് നാംദുങ് റായ് അവരുടെ ചാനലിൽ യൂട്യൂബിൽ പങ്കുവെച്ചിട്ടുമുണ്ട്. ജനപ്രിയ ആഡംബര എസ്‌യുവിയായ ജി-വാഗന്റെ വൈദ്യുതീകരിച്ച പതിപ്പ് G580 EQ എന്നാണ് അറിയപ്പെടുന്നത്.
സൗത്ത് സീസ് ബ്ലൂ മാഗ്നോ എന്ന അതുല്യമായ നിറമാണ് വാഹനത്തിന് സമ്മാനിച്ചിരിക്കുന്നത്. അതായത് മാറ്റ് ബ്ലൂവിലാണ് എൽവിഷ് യാദവിന്റെ പുതിയ മെർസിഡീസ് ബെൻസ് G580 EQ അണിഞ്ഞൊരുങ്ങിയിരിക്കുന്നതെന്ന് സാരം. അതോടൊപ്പം ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും കൂടിയാവുമ്പോൾ സംഗതി ഉഷാറാവുന്നുണ്ട്. ഇവി ആണെങ്കിലും പുതുതായി പുറത്തിറക്കിയ G580 EQ അതിന്റെ ICE എഞ്ചിൻ മോഡലിന് സമാനമായ രീതിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്.

എങ്കിലും വേറിട്ടു നിർത്താനായി സവിശേഷമായ ഗ്രിൽ, പുതിയ അലോയ് വീലുകൾ എന്നിവയെല്ലാം ജർമൻ ആഡംബര വാഹന നിർമാതാക്കൾ തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിക്ക് സമ്മാനിച്ചിട്ടുണ്ട്. കൂടാതെ ICE മോഡലുകളിൽ കാണുന്ന സൈഡ്-എക്സിറ്റ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. ഡ്യുവൽ കണക്റ്റഡ് സ്‌ക്രീനുകളും എല്ലാ സവിശേഷതകളുമുള്ള അതേ ഡാഷ്‌ബോർഡ് ഡിസൈനുമാണ് ഇലക്ട്രിക് ജി-വാഗണിലും നൽകിയിരിക്കുന്നത്.
ഡ്രൈവർ ഡിസ്‌പ്ലേയും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും അടങ്ങുന്ന ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം അകത്തളത്തെ ഗംഭീരമാക്കാനായി കൊടുത്തിട്ടുണ്ട്.ഇതോടൊപ്പം ഹീറ്റിംഗ്, വെന്റിലേഷൻ, എസി എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഫിസിക്കൽ ബട്ടണുകൾ ടച്ച്‌സ്‌ക്രീനിന് താഴെയായി സ്ഥാപിച്ചിട്ടുണ്ട്. സ്റ്റിയറിംഗ് വീൽ ബട്ടണിൽ മെർസിഡീസ് അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളും ബെൻസ് ചേർത്തിട്ടുണ്ട്.

ഇലക്ട്രിക് ജി-വാണിന്റെ ബൂട്ട് കപ്പാസിറ്റി 555 ലിറ്ററാണെന്നും കമ്പനി പറയുന്നു. മെർസിഡീസ് ബെൻസ് G580 EQ എസ്‌യുവിക്ക് കരുത്ത് പകരുന്നത് നാല് ഇലക്ട്രിക് മോട്ടോറുകളാണ്. അത് ഓരോ വീലുകളിലായിട്ടാണ് ജർമൻ ബ്രാൻഡ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ മൊത്തത്തിൽ 587 bhp പവറിൽ പരമാവധി 1,164 Nm ടോർക്ക് വരെ വാഹനത്തിന് ഉത്പാദിപ്പിക്കാനാവും. 116 kWh ബാറ്ററി പായ്ക്കുമായി വരുന്ന എസ്‌യുവി സിംഗിൾ ചാർജിൽ 473 കിലോമീറ്റർ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്.
ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗിന്റെ കാര്യമോർത്ത് ടെൻഷനടിക്കേണ്ട കാര്യവുമില്ല. വെറും 32 മിനിറ്റിനുള്ളിൽ മെർസിഡീസ് ബെൻസ് G580 EQ ഇവിയിലെ ബാറ്ററി പായ്ക്ക് പൂർണമായി ചാർജ് ചെയ്യാൻ കഴിയും. പെർഫോമൻസിലേക്ക് നോക്കിയാൽ 0-100 കിലോമീറ്റർ വേഗത വെറും 5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ വണ്ടി പ്രാപ്‌തമാണ്. അതേസമയം പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








