Zojila Tunnel ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കപാത, 10,000 അടി ഉയരത്തിൽ 13 കി.മീ. യാത്ര
ടണലുകൾ നമുക്ക് പരിചിതമാണെങ്കിലും തുരങ്കപാതകൾ (Tunnel) സുപരിചിതമാവാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടുണ്ടാവില്ല. കുതിരാൻ, അടൽ ടണൽ എന്നിവ വാർത്തകളിൽ നിറഞ്ഞു നിന്നതിനു ശേഷമാണ് കൂടുതലും ഈ വാക്ക് നാം കേൾക്കാൻ തുടങ്ങിയത് തന്നെ. പണ്ട് ട്രെയിനിലൊക്കെ ദീർഘ യാത്രകൾ പോവുമ്പോൾ മാത്രമാണ് തുരങ്ക യാത്രകൾ നാം കണ്ടിട്ടുണ്ടാവുക.
കുതിരാൻ (Kuthiran) വന്നതോടെ ഇങ്ങോട്ട് വരെ ട്രിപ്പടിക്കുന്നവരെ നമുക്ക് കാണാനാവും. പതിനായിരം അടി ഉയരത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരങ്കപാത (Highway Tunnel) എന്ന ലോക റെക്കോർഡാണ് അടൽ ടണലിനുള്ളത്. ഈ റെക്കോർഡ് അധികം വൈകാതെ മറ്റൊരു ടണൽ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. അധികം വൈകാതെ പണിതീർക്കാനിരിക്കുന്ന സോജില തുരങ്കമായിരിക്കും ഇനി ലോകത്തിലെ ഏറ്റവും നീളം കൂടിയ ഹൈവേ തുരുങ്കപാത.

സോജില ചുരത്തിന് പകരം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡായി മാറാൻ ലക്ഷ്യമിടുന്ന 13 കിലോമീറ്റർ നീളമുള്ള തുരങ്കം ഇന്ന് ഏപ്രിൽ 10-ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി (Nitin Gadkari) ഉദ്ഘാടനം ചെയ്തു. 2026-ഓടെ പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന സോജില ടണലിന്റെ ജോലികൾ സമയപരിധിക്ക് മുമ്പേ തയാറായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഗന്ദർബാൽ ജില്ലയിലെ ബൽത്താലിനെ കശ്മീരിലെ ദ്രാസുമായി ബന്ധിപ്പിക്കുന്ന തുരങ്കം യാത്രാ സമയം ഒരു മണിക്കൂറിൽ താഴെയായി കുറയ്ക്കുമെന്നതാണ് പ്രധാന ഹൈലൈറ്റ്.
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് ജമ്മുകശ്മീര്‍. ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ അതിദുര്‍ഘടമാണ് ഈ പ്രദേശത്തെ പല വഴികളും യാത്രകളും. മഞ്ഞ് കാലത്ത് റോഡിലൂടെയുള്ള സഞ്ചാരവും അസാധ്യമാണെന്ന് പറയാം. ഈ പ്രശ്‌നത്തിനാണ് സോജില ടണൽ പരിഹാരം കാണുന്നത്. 40 ശതമാനം ഡ്രില്ലിംഗ് പൂർത്തിയായ സോജില ടണലിന്റെ നിർമ്മാണം ഏതാണ്ട് പാതിവഴിയിലാണ്. ശ്രീനഗർ-കാർഗിൽ-ലേ ദേശീയ പാതയിൽ സമുദ്രനിരപ്പിൽ നിന്ന് 11,578 അടി ഉയരത്തിലുള്ള സോജില ചുരത്തെ മറികടക്കുന്നതാണ് തുരങ്കം.

18 കിലോമീറ്റർ അപ്രോച്ച് റോഡുള്ള സിംഗിൾ ട്യൂബ് ടണലാണ് ഇത്.ഈ തുരങ്കം ആരംഭിക്കുന്നതോടെ ലഡാക്കിലെത്താൻ എടുക്കുന്ന സമയം വളരെ കുറയും. ഇന്ത്യയുടെ പല തന്ത്രപ്രധാന മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ കൂറ്റന്‍ ടണല്‍ എന്നതും ശ്രദ്ധേയമാണ്. മഞ്ഞുകാലത്ത് കനത്ത മഞ്ഞുവീഴ്ച കാരണം കശ്മീരിൽ നിന്ന് ലഡാക്ക് മേഖലയെ ബന്ധിപ്പിക്കുന്ന ശ്രീനഗർ-ലേ ഹൈവേ അടച്ചിടാറാണ് പതിവ്. ലഡാക്കുമായി എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി നൽകാനാണ് തുരങ്കം ലക്ഷ്യമിടുന്നത്.
അതായത് തുരങ്കത്തിലൂടെ ഏത് കാലത്തും സൗകര്യപ്രദമായി ലഡാക്കില്‍ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാനാവും. ശ്രീനഗർ-ലേ ഹൈവേയിലെ ഗതാഗതം സുഗമമാക്കാനും തുരങ്കം സഹായിക്കും. സാധാരണയായി ചുരത്തിലൂടെ ബാൾട്ടാലിനും ഡ്രാസിനും ഇടയിൽ സഞ്ചരിക്കാൻ ഏതാണ്ട് നാല് മണിക്കൂർ വരെ സമയം എടുക്കും. എന്നാൽ സോജില ടണൽ വഴിയിലൂടെ 40 മിനിറ്റിനുള്ളിൽ ഈ ദൂരം താണ്ടാൻ തുരങ്കം സഹായിക്കും. പുതിയ ഓസ്ട്രിയൻ ടണലിംഗ് രീതി ഉപയോഗിച്ചാണ് തുരങ്കം നിർമിക്കുന്നത്.
യൂറോപ്പിലും വടക്കേ അമേരിക്കയിലും തുരങ്കങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അതേ പ്രക്രിയയലൂടെ തുരങ്കത്തിന്റെ സുരക്ഷ, തൊഴിലാളികളുടെ സുരക്ഷ, വേഗത എന്നിവ കൈവരിക്കാനും സഹായകരമായിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനു പുറമേ എമർജൻസി ലൈറ്റിംഗ്, വെന്റിലേഷൻ സിസ്റ്റം, ടണൽ റേഡിയോ സിസ്റ്റം എന്നിവയും ടണലിൽ ഉണ്ടാകും. അടിയന്തര ടെലിഫോണുകളും അഗ്നിശമന കാബിനറ്റുകളുടെയും അധിക സഹായവും പുതിയ തുരങ്കത്തിനുണ്ടാവുമെന്നതാണ് മറ്റൊരു പ്രധാന കാര്യം.

ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 6,800 കോടി രൂപയാണെന്നാണ് കണക്കുകൾ. തുരങ്കം ലഡാക്കിന്‍റെയും കശ്മീരിന്‍റെയും സാമ്പത്തിക ഇടനാഴിയാകുമെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി അവകാശപ്പെടുന്നുണ്ട്. സോഡില തുരങ്കം ലഡാക്കിന്‍റെയും ജമ്മു കശ്മീരിന്‍റെയും ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നതിനാൽ കേന്ദ്ര സർക്കാരിന് പുതിയ തുരങ്കപാത വലിയ ഇമേജ് തന്നെയാവും നേടിക്കൊടുക്കുക.
1948 വിഭജനകാലത്ത് ഓപ്പറേഷൻ ബൈസൺ എന്ന് പേരിട്ട നീക്കത്തിലൂടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യന്‍ സൈന്യം ഏറ്റടുത്തതാണ് സോജി ലാ പാസ്. നിയന്ത്രണരേഖയ്ക്ക് (LOC) അടുത്തായതിനാൽ തന്നെ അതിര്‍ത്തിയിലേക്ക് സൈന്യത്തെ പെട്ടെന്ന് വിന്യസിക്കാന്‍ ഈ തുരങ്കപാത വഴി സാധിക്കുകയും ചെയ്യും. അടൽ ടണലിന്റെ ലോക റെക്കോർഡ് കൂടി സ്വന്തമാക്കുന്നതോടെ സോജില തുരങ്കം രാജ്യത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാവും.


Click it and Unblock the Notifications








