ലോകയുദ്ധം തീര്‍ത്ത ക്രൂരസൗന്ദര്യങ്ങള്‍
ഭാവനയുടെ വിശ്രമസ്ഥലങ്ങള്‍
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ ദൈവം വല്ലാതെ പൊറുതി മുട്ടി. ഭാവനാചിത്രങ്ങളുടെ ആധിക്യം മനസ്സിനെ വീര്‍പ്പുമുട്ടിക്കുകയായിരുന്നു. തന്‍റെ ഭാവനകളെ പകര്‍ത്താന്‍ ഭൂമിയുടെ കാന്‍വാസ് ഇനിയും തയ്യാറാവാത്തതില്‍ അദ്ദേഹം കുപിതനായിത്തീര്‍ന്നു. അദ്ദേഹത്തിന്‍റെ ഇരു കണ്ണുകളില്‍ നിന്ന് ജ്വലിച്ചുയര്‍ന്ന കോപാഗ്നി രണ്ട് യുദ്ധങ്ങളായി ഭൂമിയില്‍ വന്നു പതിച്ചു. അവ ദൈവത്തിന്‍റെ ഭാവനകള്‍ക്ക് ഉചിതമായ വിശ്രമസ്ഥലം തീര്‍ത്തു. മോട്ടോര്‍ ബൈക്കുകളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും രൂപത്തിലാണ് ദേവഭാവന പിറവിയെടുത്തത്.

രണ്ട് മഹായുദ്ധങ്ങള്‍ക്കു ശേഷമാണ് നമ്മുടെ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമായത്. രാഷ്ട്രീയമായി ആലോചിച്ചാല്‍ പ്രസ്തുത യുദ്ധങ്ങളുടെ ഫലശ്രുതിയായിരുന്നു നമ്മുടെ സ്വാതന്ത്ര്യം എന്ന് വ്യഖ്യാനിക്കാനാവും. അഹിംസാ മാര്‍ഗത്തിലൂടെ നേടിയ നമ്മുടെ സ്വാതന്ത്ര്യത്തെ ലോകമെമ്പാടും ചോരപ്പുഴയൊഴുക്കിയ ഒരു മഹായുദ്ധത്തിന്‍റെ പരിണിതഫലമായും കാണാം.
ഈ യുദ്ധങ്ങള്‍ സമ്മാനിച്ചത് കെടുതികളാണ് ഏറെയും. എന്നാല്‍ മോട്ടോര്‍ ബൈക്കുകളുടെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ തിരിച്ചായിരുന്നു. ശൈശവാവസ്ഥയിലായിരുന്ന മോട്ടോര്‍ബൈക്ക് വ്യവസായത്തെ വളര്‍ത്തിയത് യുദ്ധങ്ങളാണ്. കരുത്തും സൗന്ദര്യവും തികഞ്ഞ അസാമാന്യ ഡിസൈനുകള്‍ അക്കാലത്ത് ഉരുത്തിരിഞ്ഞു വന്നു. ക്ഷാമവും പട്ടിണിയും ലോകര്‍ക്ക് സമ്മാനിച്ച യുദ്ധങ്ങള്‍ അവശേഷിപ്പിച്ചവയില്‍ ഈ ക്രൗര്യം നിറഞ്ഞ സൗന്ദര്യങ്ങളും പെടുന്നു. യുദ്ധകാലത്തെ അടിയന്തിരാവശ്യങ്ങള്‍ക്കായി നിര്‍മിക്കപ്പെട്ട ആ കരുത്തന്മാര്‍ ഇന്നും ലോകത്തെ ഭരിക്കുന്നു.


Click it and Unblock the Notifications








