ബുള്ളറ്റ്- കരുത്തിന്‍റെ തമ്പുരാന്‍
ബ്രിട്ടിഷ് ഇന്ത്യാ സാമ്രാജ്യത്തിനെതിരെ അണിനിരന്ന ചെറുതെങ്കിലും പ്രബലമായ ഒരു വിഭാഗമായിരുന്നു ഇന്ത്യന്‍ നാഷണല്‍ ആര്‍മി. സുഭാഷ് ചന്ദ്രബോസിന്‍റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് വിപ്ലവം സ്വപ്നം കണ്ട ഇക്കൂട്ടര്‍ക്ക് ജപ്പാന്‍ സഹായം ലഭ്യമായിരുന്നു. ജപ്പാന്‍ സൈന്യം യുദ്ധകാല ആവശ്യത്തിനായി സംഘടിപ്പിച്ച മോട്ടോര്‍ബൈക്ക് തന്നെയാണ് ഇന്ത്യയിലെ വടക്കു-കിഴക്കന്‍ അതിര്‍ത്തിയിലും മലയയിലുമെല്ലാം അടരാടുമ്പോള്‍ ഐ എന്‍ എ ഉപയോഗിച്ചത്.
ഒരു ഗറില്ലാ പോരാളിക്കു ചേര്‍ന്ന പരിണാമഗുപ്തി ബാക്കി വെച്ച് സുഭാഷ് ചന്ദ്ര ബോസ് തിരോധാനം ചെയ്ത പോലെ ടൈപ് 97 ബൈക്കുകളും മറയുകയാണുണ്ടായത്. ഒരു താല്‍ക്കാലിക പ്രതിഭാസമായിരുന്നതിനാല്‍ ആവണം ഈ ബൈക്കിനെക്കുറിച്ച് വളരെയൊന്നും വിവരങ്ങള്‍ ലഭ്യമല്ല. 25 എഛ് പി ശേഷിയാണ് ടൈപ് 97-ന് ഉണ്ടായിരുന്നത്. 1935-ല്‍ തുടങ്ങിയ ടൈപ് 97 നിര്‍മാണം1945-നു ശേഷം അവസാനിപ്പിച്ചു.

ഇന്ത്യന്‍ നിരത്തുകളില്‍ ഇന്ന് യുദ്ധകാലത്തിന്‍റെ ഓര്‍മകള്‍ കൊണ്ടുവരുന്നത് രണ്ട് വാഹനങ്ങളാണ്. ഒന്ന് വില്ലീസ് ജീപ്പ്. രണ്ട്, റോയല്‍ എന്‍ഫീല്‍ഡ്. രണ്ടും വരുന്നത് ഗ്രേറ്റ് ബ്രിട്ടണില്‍ നിന്ന്. അതില്‍ രണ്ടാമത്തേത് (എന്‍ഫീല്‍ഡ്) ഇന്ന് ഇന്ത്യയുടെ സ്വന്തമാണ്.
യുദ്ധം തുടങ്ങിയപ്പോള്‍ എന്‍ഫീല്‍ഡുമായി ബ്രിട്ടിഷ് അധികാരികള്‍ നേരിട്ടുണ്ടാക്കിയ കരാര്‍ പ്രകാരമാണ് മോട്ടോര്‍ബൈക്കുകളുടെ നിര്‍മാണം തുടങ്ങിയത്. യുദ്ധമുഖത്തിനു വേണ്ടിയാണ് 350 സിസി സൈഡ് വാല്‍വ് എന്‍ജിനുള്ള മോട്ടോര്‍സൈക്കിള്‍ ആദ്യമായി നിര്‍മിക്കുന്നത്. പിന്നീട് 250 സിസി മുതല്‍ 570 സിസി വരെ ശേഷിയുള്ള നിരവധി ബൈക്കുകള്‍ നിര്‍മിച്ചു.
യുദ്ധകാല ആവശ്യങ്ങള്‍ക്കായി വാഹന നിര്‍മാണം നടക്കുന്ന ഫാക്ടറികള്‍ക്കുനേരെ ആക്രമണങ്ങള്‍ 1930-കളുടെ ഒടുക്കം മുതല്‍ വന്നു തുടങ്ങി. ഇതിനെ ചെറുക്കാന്‍ എന്‍ഫീല്‍ഡ് ഭൂമിക്കടിയില്‍ ഫാക്ടറി സ്ഥാപിക്കുകയുണ്ടായി.
സ്വാതന്ത്യാനന്തര ഇന്ത്യ അതിന്‍റെ പൊലീസ് സേനയ്ക്കും സൈന്യത്തിനും അനിയോജ്യമായ ബൈക്കിനു വേണ്ടി നടത്തിയ അന്വേഷണം ചെന്നെത്തിയത് റോയല്‍ എന്‍ഫീല്‍ഡിലാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നടക്കുന്ന വിഘടന പ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തുക എന്നതായിരുന്നു എന്‍ഫീല്‍ഡിന് ലഭിച്ച ആദ്യത്തെ ദൗത്യം. കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍ഫീല്‍ അന്നുമുതല്‍ സ്തുത്യര്‍ഹസേവനം അനുഷ്ഠിച്ചു തുടങ്ങി. ഇന്നും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേക പൊലീസ് നിയമത്തിന്‍റെ മറവില്‍ സൈന്യം കാണിച്ചു കൂട്ടുന്ന തെമ്മാടിത്തങ്ങള്‍ക്ക് ബുള്ളറ്റ് നിശ്ശബ്ദ സാക്ഷിയാണ്.
(ഭാവനയുടെ വിശ്രമ സ്ഥലങ്ങള്‍- ചാള്‍സ് ഡാര്‍വിന്‍ പ്രയോഗം)


Click it and Unblock the Notifications








