ബ്രിട്ടിഷ് സാമ്രാജ്യത്തിന്‍റെ ചാവേര്‍ പോരാളി
സൈഡ് കാറുകള്‍ ഘടിപ്പിച്ച മോട്ടോര്‍സൈക്കിളുകള്‍ യുദ്ധമുഖത്ത് ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഫ്രാന്‍സ് പിടിച്ചടക്കിയ ജര്‍മന്‍ സൈന്യത്തിനെതിരെ നടത്തിയ ഒരു മോട്ടോര്‍സൈക്കിള്‍ ആക്രമണത്തെക്കുറിച്ച് സ്പോക്കോണ്‍ ഡെയ്‍ലി ക്രോണിക്കിള്‍ എന്ന പത്രത്തില്‍ 1941-ല്‍ വന്ന വാര്‍ത്ത വിശദീകരിക്കുന്നു. ഇതൊരു ആത്മഹത്യാ സ്ക്വാഡ് ആയിരുന്നു. മെഷീന്‍ ഗണ്ണുകള്‍ ഘടിപ്പിച്ച അമ്പതോളം സൈഡ് കാര്‍ മോട്ടോര്‍സൈക്കിളുകള്‍ ജര്‍മന്‍ ക്യാമ്പിലേക്ക് ഇരച്ചുകയറുകയായിരുന്നു. അതേസമയം ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമുള്ള യുദ്ധമുഖങ്ങളിലായിരുന്ന ഇന്ത്യന്‍ സൈന്യം ഇത്തരം മോട്ടോര്‍ സൈക്കിളുകള്‍ ഉപയോഗിച്ചിരുന്നതായി അറിവില്ല.
126,000-ത്തിലധികം ബി എസ് എ എം20 മോട്ടോര്‍ ബൈക്കുകളാണ് യുദ്ധകാലത്തിനായി സമര്‍പ്പിക്കപ്പെട്ടത്. ബ്രിട്ടിഷ് ആംഡ് ഫോഴ്സിനു വേണ്ടി രാവും പകലുമില്ലാതെ പണിയെടുത്തു തൊഴിലാളികള്‍. മോട്ടോര്‍ ബൈക്ക് നിര്‍മാണ കേന്ദ്രങ്ങള്‍ക്കു നേരെയും ജര്‍മന്‍ സൈന്യം ആക്രമണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഭീതി നിറഞ്ഞ അന്തരീക്ഷത്തിലും തൊഴിലാളികള്‍ ജോലിയെടുത്തു. ബി എസ് എ മോട്ടോര്‍ബൈക്കുകള്‍ ഇന്ത്യന്‍ സൈന്യം അടരാടിയ യുദ്ധമുഖങ്ങളിലേക്കും ബ്രിട്ടന്‍ അയച്ചു. 1937 മുതല്‍ 1955 വരെയാണ് ഇതിന്‍റെ ഉല്‍പാദന കാലയളവ്.

469 സിസി എന്‍ജിന്‍ ശേഷിയുണ്ടായിരുന്നു ഈ ബൈക്കുകള്‍ക്ക്. ബമിംഗ്‍ഹാമിലായിരുന്നു ബി എസ് എ കമ്പനിയുടെ ആസ്ഥാനം. ബ്രിട്ടിഷ് ആംഡ് ഫോഴ്സിനെ ഏറ്റവുമധികം കാലം സേവിച്ച മോട്ടോര്‍സൈക്കിള്‍ കമ്പനി ബി എസ് എയാണ്. യുദ്ധകാലത്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യ, സ്വീഡന്‍ എന്നിവിടങ്ങളിലേക്ക് ബി എസ് എ മോട്ടോര്‍ബൈക്കുകള്‍ കയറ്റി അയച്ചു.
യുദ്ധമുഖത്തല്ലാത്ത ഒരു പ്രവര്‍ത്തനവും അക്കാലത്തുണ്ടായിരുന്നില്ല. വയലില്‍ പണിയെടുക്കുന്നവരും ബൈക്ക് നിര്‍മിക്കുന്നവരുമെല്ലാം യുദ്ധം ചെയ്യുന്നവരായി കണക്കാക്കപ്പെട്ടു. 1940-ലാണ് ബി എസ് എയുടെ ബമിംഗ്‍ഹാം ഫാക്ടറി ജര്‍മന്‍ സൈന്യം ആക്രമിച്ചത്. രാത്രി ഒന്‍പതര മണിക്ക്. 53 തൊഴിലാളികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ആഹ്ലാദിച്ചവരില്‍ ജര്‍മന്‍ നാസി സേനയ്ക്ക് മോട്ടോര്‍ ബൈക്കുകള്‍ നിര്‍മിച്ചു നല്‍കിയിരുന്ന ബി എം ഡബ്ലിയുവും പെടുന്നു.


Click it and Unblock the Notifications








